ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288
Showing posts with label ചിന്ത. Show all posts
Showing posts with label ചിന്ത. Show all posts

Tuesday, October 25, 2011

ആത്മഹത്യാപരം

          തവിട്ടു ബൈന്റിട്ട ഡയറിയിലയാളെഴുതി -

"ഈ രാവ് മരണത്തിന്റെതാണ്; മരണചിന്തകളുടെതാണ്. ഈ ജീവിതം മുഴുവന്‍ ജീവിച്ചു തീര്‍ത്താലും ഒടുവില്‍ ലഭിക്കുന്നത് വെറും മരണം. അതിനു വേണ്ടിയെന്തിനു വര്‍ഷങ്ങള്‍ പലതും പാഴാക്കുന്നു. അനിവാര്യമായ മരണത്തെ നേരത്തെ അംഗീകരിക്കുക വഴി, ഈ ലോകജീവിതനിസ്സാരതകളെ തിരസ്ക്കാരിക്കാനാവുമല്ലോ. ഇതൊന്നുമറിയാതെ ജനങ്ങളത്രയും  മലമുകളിലേക്ക് കല്ലുരുട്ടി കൊണ്ടിരിക്കയാണ്. ചിലര്‍ പാതിയില്‍ കൊഴിയുന്നു. മറ്റു ചിലര്‍ മുകളറ്റമെത്തുമ്പോള്‍ ആ പ്രയത്നങ്ങളെയെല്ലാം നിമിഷാര്‍ദ്ധത്തിന്റെ ക്ഷണികതയില്‍ താഴേക്കു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്നു. രായിരനെല്ലൂരിലെ കിറുക്കന്‍ പറഞ്ഞ നഗ്നസത്യമിതല്ലാതെന്ത്. അര്‍ത്ഥശൂന്യമായൊരു ജീവിതത്തിന്റെ അര്‍ത്ഥങ്ങളും അര്‍ത്ഥഭേദങ്ങളും തിരഞ്ഞെന്തിനലയണം നാം വൃഥാ. മധുരതരമായ ഒരു വാക്യത്തെ അര്‍ദ്ധോക്തിയില്‍ ചൊല്ലിവെയ്ക്കുന്നതത്രേ കാവ്യഭംഗി. നന്ദികെട്ടൊരു ലോകത്തോടു നന്ദിവാക്കുകള്‍ ചൊല്ലാതെയിനിയെനിക്ക് മടങ്ങാം. നേരുന്നു ശുഭരാത്രി."

- നിശ്വാസങ്ങളിലത്രയും വികാരമുറ്റിയ ഗദ്ഗദം നിറച്ചുകൊണ്ടയാള്‍ ഡയറിയടച്ചു മയങ്ങാന്‍ കിടന്നു.

          തൈജസനായ ബോധത്തിലയാളുടെ ഉണര്‍ന്ന ചിന്തകള്‍ ഒരു ആത്മഹത്യാമുനമ്പില്‍ എത്തിനിന്നു. വായിച്ചു തള്ളിയ പുസ്തകകൂനയില്‍ നിന്നും ക്ലിയോപാട്രയും ഒഥല്ലോയും ഇറങ്ങി വന്നു. സില്‍വിയാ പ്ലാത്തും വെര്‍ജീനിയ വുള്‍ഫും ഇടപ്പള്ളിയും വന്നു. ആത്മഘാതകരായ അവരൊക്കെയും ചുറ്റും കൂടി നിന്ന് അയാളുടെ ജീവനു വിലപേശാന്‍ തുടങ്ങി. ഒടുവില്‍ തിരുമാനിച്ചുറച്ച മരണം എങ്ങനെ വേണമെന്നു ചിന്തിച്ചു ചിന്തിച്ചു പ്രജ്ഞയറ്റുറങ്ങിയയാള്‍ , ദീര്‍ഘമൗനം പോലെ.

          പിറ്റേന്ന്, ഭേദ്യലക്ഷ്യങ്ങള്‍ ഒന്നുമില്ലാതെയെങ്കിലും വെയിലിനൊപ്പം അയാള്‍ നടത്തം തുടങ്ങി. കടത്തു കടന്ന്, വാഹനങ്ങള്‍ പലതും കയറിയിറങ്ങി ഒടുവിലാ കടലോരനഗരത്തിലെത്തിയിരിക്കുന്നു. പരിചിതമുഖങ്ങള്‍ ഇല്ലെങ്കിലും അപരിചിതത്വമില്ലാത്ത നഗരം, അയാളെ ആള്‍ക്കൂട്ടത്തില്‍ അലിയിച്ചു ചേര്‍ക്കാന്‍ തിടുക്കം കൊള്ളുന്നതായി തോന്നി. നഗരത്തിന്റെ കറുത്ത പാതകളെ ചവിട്ടി പിന്നിലാക്കി നടത്തം തുടര്‍ന്നു.

          ജനമിരമ്പുന്ന നഗരവീഥികളില്‍ നിന്നും വിജനമായ വഴികളിലൂടൊക്കെയും അയാള്‍ നടന്നു കൊണ്ടിരുന്നു. ഒരു വഴി രണ്ടായി പിരിയുന്നതും പിരിഞ്ഞവ വീണ്ടും ഒന്നാവുന്നതും കണ്ടപ്പോള്‍ അയാള്‍ മനുഷ്യമനസ്സുകളുടെ ഉള്‍പ്രവര്‍ത്തനങ്ങളെ കുറിച്ച് ചിന്തിക്കുകയായിരുന്നു. സ്റ്റേഡിയം വലംവെച്ച് അയാള്‍ അടുത്തുള്ള അമ്പലത്തിന്റെ ആല്‍ത്തറകളിലൊന്നില്‍ അര്‍ദ്ധപത്മാസനത്തില്‍ ഇരിപ്പുറപ്പിച്ചു. ബോധിസത്ത്വനെ മനസ്സില്‍ ധ്യാനിച്ചു കൊണ്ടിരുന്നപ്പോള്‍ അയാള്‍ക്ക്‌ ആത്മഹത്യാരീതിയെ സംബന്ധിച്ചൊരു ബോധോദയമുണ്ടായി.

          വെയില്‍ കനത്തിരിക്കുന്നു. മനുഷ്യസഹജമായ വിശപ്പും. വിശപ്പിന്റെ കൂക്കിവിളികള്‍ക്ക് മറുവിളി കൊടുത്ത് കൊണ്ട് കായിക്കാന്റെ ഹോട്ടലില്‍ നിന്നും ഇറങ്ങിയപ്പോഴേക്കും വിനാഴികകള്‍ മാത്രം ആയുസ്സുള്ളവന്റെ അന്ത്യോത്സാഹം അയാളുടെ മനസ്സിനെ ഗ്രസിച്ചിരുന്നു. സമയം പോക്കുവാനൊരു സിനിമ കണ്ടേക്കാമെന്ന തോന്നലോടെ അയാള്‍ തൊട്ടടുത്തുള്ള തീയറ്ററില്‍ കയറി. മൃതി പോലെ പ്രാകൃതമായ ഇരുട്ടില്‍ കൊട്ടകയാകെ കനം വെച്ചു കിടക്കുകയാണ്. സിനിമ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയപ്പോഴേക്കും അയാളുടെ മനസ്സ് പ്രക്ഷുബ്ധമായി കൊണ്ടിരുന്നു. ചെണ്ടമേളത്തിന്റെ ഉയര്‍ന്ന ലഹരിയില്‍ വെള്ളിത്തിരയിലെ വെളിച്ചപ്പാട് തലവെട്ടിപ്പൊളിച്ചലറുമ്പോള്‍ , അഭ്രപാളിയില്‍ നിന്നും അയാളുടെ മുഖത്തേക്ക് തെറിച്ചു വീണു; പലതുള്ളി നിറമറ്റചോര. വെപ്രാളം കൊണ്ട് വെളിയിലേക്കിറങ്ങിയ അയാളുടെ കണ്ണുകളെ പടിഞ്ഞാറു നിന്നും ചാഞ്ഞു വീണ മഞ്ഞവെയില്‍ പുളിപ്പിച്ചു. ഉപ്പുകാറ്റിന്റെ സാന്ത്വനമേറ്റയാള്‍ കായലോരത്തൂടെ ഒട്ടുദൂരം നടന്നു. മനസ്സു തണുത്തിരിക്കുന്നു. അകലെ നങ്കൂരമിട്ട കപ്പല്‍ ചരക്കുകയറ്റുന്നതിനൊപ്പം ജലനിരപ്പില്‍ നിന്നും താണു കൊണ്ടിരുന്നു. അതിനുമപ്പുറം, പടിഞ്ഞാറെ ചക്രവാളത്തിന്റെ അതിരിലേക്ക് സൂര്യനും മുങ്ങികൊണ്ടിരുന്നു.


          തെരുവിളക്കുകള്‍ കാട്ടിയ വഴികളിലൂടെ അയാള്‍ നടന്നു നീങ്ങി. ഓടമണമുള്ള ഇടുങ്ങിയ ഗലികളില്‍ നിന്നും ചാവാലി നായ്ക്കള്‍ കുരച്ചു കയര്‍ക്കുന്നതും ഇണ ചേരുന്നതും കണ്ടു. ഉള്ളിലെ തൃഷ്ണകള്‍ ചുരമാന്തിയുണര്‍ന്നപ്പോള്‍ പെണ്‍ദേഹത്തിനായ്‌ അയാള്‍ ഇരുളിന്റെ അറ്റത്തെ വേശ്യാഗൃഹത്തിലേക്കു നടന്നു കയറി. അല്‍പ്പം മുന്‍പാരോ ചവച്ചു തുപ്പിയ താംബൂലം കണക്കെ ചുവന്നു തുടുത്തൊരുവള്‍ കട്ടിലില്‍ കിടപ്പുണ്ടായിരുന്നു. ചുംബനവേളയില്‍ നാവില്‍ വാസനചുണ്ണാമ്പിന്റെ നീറ്ററിഞ്ഞു, സുരതത്തിലേക്കയാള്‍ വഴുതി വീണു. അടുത്ത ഊഴക്കാരന്‍ വാതിലില്‍ മുട്ടിയപ്പോള്‍ ചെയ്തു കൊണ്ടിരുന്നതൊക്കെയും പാതിയില്‍ ഉപേക്ഷിച്ചു നാഴികയൊന്നിനു പറഞ്ഞുറപ്പിച്ച പണം കൊടുത്ത് ധൃതിയില്‍ ഷര്‍ട്ടെടുത്തിട്ടയാള്‍ പുറത്തേക്കു കടന്നു. മൂന്നാംവേദക്കാരുടെ പുസ്തകത്തില്‍ നിന്നും പറിച്ചെറിയപ്പെട്ടൊരു മഗ്ദലനക്കാരി മറിയത്തില്‍ നിന്നും നടന്നകലുമ്പോള്‍ അയാളുടെ മനസ്സ് ത്രസിച്ചു. -

"അടക്കിവെച്ച വികാരങ്ങളുടെ ആകെതുകയാണത്രേ സംസ്കാരം."

"നിങ്ങളില്‍ പാപം ചെയ്യാത്തവരെന്നെ കല്ലെറിയൂ..."

"തൂഫ്‌... " കഫം കുറുകിയ തൊണ്ട മുരടനക്കിയയാള്‍ വഴിയോരത്തേക്ക് നീട്ടിത്തുപ്പി.

      
കടയടയ്ക്കും മുന്‍പേ ഗോതമ്പിട്ടു വാറ്റിയ ചാരായം ക്വാട്ടറും ഒരു കൂടു പുകയും പിന്നെ അന്ത്യനിദ്രയ്ക്കായ്‌ മരണദ്രാവകം നിറച്ച കൊച്ചു ചില്ലളുക്കും സംഘടിപ്പിച്ച്‌ അയാള്‍ നഗരത്തിലെ മുന്തിയ ഹോട്ടലില്‍ മുറിയെടുത്തു. ജാലകം തുറന്നപ്പോള്‍ ദൂരെ നിന്നും കടല്‍ക്കാറ്റ്‌ കൊണ്ടുവന്ന ചരക്കുകപ്പലിന്റെ ആര്‍ത്തനാദം കാതുകളെ തുളച്ചു. ജനാലയടച്ചു; ശരീരത്തില്‍ നിന്നും പെണ്‍വിയര്‍പ്പിന്റെ നാഫ്തലീന്‍ ഗന്ധം കഴുകികളഞ്ഞു ദേഹശുദ്ധി വരുത്തി അയാള്‍ തിരികെ വന്നിരുന്നു. ജീവിതത്തിന്റെ അവസാനനിമിഷങ്ങളെ മനസ്സില്‍ നിറച്ചു. ഒപ്പം ഒരു ഗ്ലാസ്സില്‍ മരണതീര്‍ത്ഥം ചാരായവുമായി നേര്‍പ്പിച്ചെടുത്തു. ചുണ്ടറ്റത്തെ സിഗരറ്റ് ആത്മാവു പോലെ എരിഞ്ഞുകൊണ്ടിരുന്നു. പുകവളയങ്ങള്‍ മുറിയിലൂതി നിറച്ചു രസിച്ചു. പുകകണ്ണടയുണ്ടാക്കി മുഖത്തു വെച്ച് ശാന്തനായ്‌ സൗമ്യനായ്‌ അയാള്‍ ആത്മഹത്യാക്കുറിപ്പിലെഴുതി. -

"ജീവിതം വ്യര്‍ത്ഥമെന്ന തിരിച്ചറിവില്‍ ഞാനിത് അവസാനിപ്പിക്കുന്നു. ഈ മരണമെനിക്കൊരാഘോഷമാണ്. ഈ കാണുന്ന സ്ഥൂലപ്രപഞ്ചത്തിനുമപ്പുറം ഇനിയും കാണാത്ത കാഴ്ചകളുടെ കൗതുകങ്ങള്‍ക്കായ്‌ ഞാന്‍ യാത്രയാവുന്നു. "

          അന്നനാളത്തെ നീളത്തില്‍ നനച്ചു കൊണ്ട് മരണത്തെയയാള്‍ കുടിച്ചിറക്കി. ബോധത്തിന്റെ മലക്കംമറിച്ചിലിനിടയില്‍ , നേര്‍ത്ത പിടച്ചിലില്‍ തട്ടിമറഞ്ഞ ഗ്ലാസ്സില്‍ മിച്ചമിരുന്ന മരണത്തിന്റെ പാടലവര്‍ണ്ണം യാത്രാമൊഴി കുറിച്ച കടലാസ്സിലേക്ക് പടര്‍ന്നു കയറി. ആ പിങ്ക് നിറം അയാളുടെ മേല്‍ സ്വാതന്ത്രത്തിന്റെ താമ്രപത്രങ്ങള്‍ എഴുതികൊണ്ടിരുന്നു. പുറത്തേക്കു തികട്ടി വന്ന വെള്ളപ്പത പണ്ടു കുടിച്ച മുലപ്പാലിന്റെ കയ്പ്പെന്ന്‍ അയാളുടെ രസന, തലച്ചോറിനോടു കള്ളം പറഞ്ഞു. ചലനമറ്റൊരു തുറമുഖത്തില്‍ നിന്നും അയാളുടെ ലോഹനൗക നങ്കൂരമുയര്‍ത്തി യാത്ര തുടങ്ങിയിരിക്കുന്നു, ചിന്തകളുടെ ചക്രവാളങ്ങളെ മുറിച്ചു കടന്ന്, അനാദിയാമൊരു കാലത്തിനറ്റത്തേയ്ക്ക്.



15/10/2011




Friday, July 29, 2011

ഒരു സൈബര്‍ നാടോടികഥ

          പണ്ട് പണ്ട് INTERNET ദേശത്ത് FACEBOOK എന്നൊരു കുളമുണ്ടായിരുന്നു. അവിടത്തെ മീനുകള്‍ പരസ്പരം സ്നേഹിച്ചും തമ്മിലടിച്ചും അന്യോന്യം വാളുവെച്ചും പലരുടെയും കഴുത്തറുത്ത്‌ രസിച്ച് മദിച്ചു.

          കുളത്തിന്റെ ഉടമയായ ചെറുപ്പക്കാരന്‍ ഉദാരവാനും രസികനും തന്ത്രശാലിയുമായിരുന്നതിനാല്‍  ഈ കുളത്തില്‍ പുളയ്ക്കുന്ന മീനുകളോടും തവളകളോടും പാമ്പുകളോടും കൂത്താടികളോടും പുച്ഛം കലര്‍ന്ന സഹതാപസമീപനം നിലനിര്‍ത്തി പോന്നു. സര്‍വ്വസ്വാതന്ത്രവും കൊടുക്കാമെന്ന് പറയുമ്പോഴും കുളത്തില്‍ അതിരുകടക്കുക, വെള്ളം കലക്കുക, കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് ഈ യുവാവ് ഹെഡ്മാഷിന്റെ ജാഗരത്തോടെ ശ്രദ്ധിച്ചു പോന്നു. അങ്ങനെയുള്ള വികൃതികളെ ക്ലാസ്സിനു വെളിയില്‍ മുട്ടുകുത്തി നിര്‍ത്തുകയോ വീട്ടില്‍ നിന്ന് രക്ഷകര്‍ത്താവിന്റെ ഒപ്പോടു കൂടിയ വിശദീകരണം കൊണ്ടുവരാന്‍ പറയുകയോ ചെയ്തു.

          ഈ നടപടികള്‍ ചില കൊച്ചുമീനുകള്‍ക്ക്‌ അലോസരമുണ്ടാക്കുക വഴി, അവരുടെ ആത്മാഭിമാനത്തിനും ജന്മാവകാശമായ സ്വാതന്ത്രങ്ങള്‍ക്കും നേരെയുള്ള കുത്തകമുതലാളിമാരുടെ കടന്നുകയറ്റമാണെന്നും പല ചുമരുകളിലുമവര്‍ എഴുതിവെച്ചു. അക്കരെ തുടലില്‍ കിടക്കുന്ന പട്ടി കുരച്ചാല്‍ പേടിച്ചരളുന്നവനായിരുന്നില്ല ആ കൊച്ചുമുതലാളി. അയാളാ കോക്കിരികളെ നിസ്സാരമായി അവഗണിച്ചു തള്ളി.

          അങ്ങനെയൊരുനാള്‍ ആ കുളത്തില്‍ ചിക്കി ചികയാന്‍ പടിഞ്ഞാറുദേശത്ത് നിന്നൊരു കൊറ്റി പറന്നുവന്നു. FACEBOOK കുളത്തിലെ താന്‍പോരിമ കാണിച്ചു നടക്കുന്ന ആ മീനുകളോടു കൊറ്റി ദൂരെ GOOGLE എന്നൊരിടത്ത് വലിയൊരു കുളമുണ്ടെന്നും അവിടത്തെ വെള്ളത്തിനു നല്ല മധുരമാണെന്നും പറഞ്ഞു പരത്തി. കേള്‍പ്പവര്‍ കേള്‍ക്കാത്തവരുടെ ചെവികളിലേക്ക് വാര്‍ത്ത പകര്‍ത്തി. വര്‍ണനകള്‍ വാനോളമുയര്‍ന്നു. അങ്ങനെ FACEBOOK കുളത്തിലതൊരു സംസാരവിഷയമായി.

          സംഗതിയുടെ രസം പറഞ്ഞു കേട്ട്‌ മോഹിതരായി പലരും കൊറ്റിയോടിങ്ങനെ കെഞ്ചി. - "എന്നെയുമാ വലിയ കുളത്തിലെക്കൊന്നു കൊണ്ട് പോകുമോ..?"
ഇടംകണ്ണിറുക്കി കള്ളച്ചിരിയുമായ് മീനുകളോരോന്നിനെയായി കൊക്കിലൊതുക്കി കൊറ്റി GOOGLE കുളം ലാക്കാക്കി ശാന്തനായി പറന്നുയര്‍ന്നു


          .....................................................................................................

          കഥയിവിടെ അവസാനിക്കുന്നില്ല. ഈ കഥയുടെ ശേഷം ഭാഗത്തിന് ദേശാന്തരങ്ങളില്‍ പല പാഠഭേദങ്ങള്‍ കണ്ടുവരുന്നുണ്ട്. ചിലയിടങ്ങളില്‍ ഇതിന്റെ അവസാനത്തില്‍ ചതിയനായ കൊറ്റി മീനുകളെ ദൂരെ ഒരു പാറപ്പുറത്തേക്ക് കൊണ്ടുപോയി കൊന്നു തിന്നുവെന്നു എഴുതി ചേര്‍ക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ കൊറ്റി പക്ഷക്കാരുടെ സുവിശേഷത്തില്‍
12 :4ല്‍ ഈ കഥ അവസാനിക്കുന്നതിങ്ങനെയാണ്...

"കൊറ്റി മിഷിഹായോളം മഹത്ത്വമുള്ളവനാകുന്നു...
GOOGLE കുളത്തിലെ ജീവികളോടവന്‍ കരുണയുള്ളവനും അവരുടെ വഴികാട്ടിയും ഗുരുവുമാകുന്നു...
അവനവര്‍ക്ക് ജീവിപ്പാന്‍ വലിയ GOOGLE കുളം കാണിച്ചു കൊടുക്കുകയും അവിടത്തെ ജലം വീഞ്ഞാക്കി മാറ്റുകയും ചെയ്തു...
അവനവര്‍ക്ക് ജീവന്റെ അപ്പം പങ്കിട്ടു കൊടുത്തയ്യായിരങ്ങളെയൂട്ടി...
അവന്റെ നാമം സ്വര്‍ഗത്തിലെന്ന പോലെ FACEBOOK കുളത്തിലുമാകേണമേ. അവിടത്തെ രാജ്യം വരേണമേ..
ആമേന്‍...!!! "

22/07/2011

Saturday, July 23, 2011

നേര്‍ച്ചക്കോഴികള്‍

ഞായറാഴ്ച്ച.. !!!

          ഒരു പകല്‍ മയക്കത്തിന്റെ ആലസ്യത്തില്‍ എവിടെയോ ഒരു കോഴിയെ അറക്കപ്പെട്ടു. മുറിപ്പെട്ട രക്തകുഴലിലൂടെ പുറത്തേക്കൊഴുകിയ ചോരയ്ക്ക് ചെങ്കൊടിയുടെ ചുവപ്പായിരുന്നു. സഖാക്കള്‍ ആ സാധു ജീവനെ രക്തസാക്ഷിയെന്നു വിളിച്ചു, വിപ്ലവാഭിവാദ്യങ്ങള്‍ മുഴക്കി.

          കുറിതൊട്ട ഭക്തര്‍ അപ്പോള്‍ കുരുതിയെന്നു പറഞ്ഞു ഭക്ത്യാദരങ്ങളോടെ ബലിക്കളത്തിനു ചുറ്റും കൈകൂപ്പിനിന്നു.

          വടക്കൊരിടത്തു അരപ്പട്ടക്കെട്ടിയൊരു വിശ്വാസി മൂന്നുവട്ടം കലിമ ചൊല്ലി പച്ചിരുമ്പിന്റെ തിളക്കം കോഴി കഴുത്തില്‍ വീഴ്ത്തി.

          തൊണ്ടക്കുഴിയില്‍ തങ്ങിയൊരു ആര്‍ത്തനാദത്തില്‍ പാതിയറക്കപ്പെട്ടൊരു ശിരസ്സോടെ മനുഷ്യസംസ്ക്കാരത്തിന്റെ ആദിമസ്ഥലികളില്‍ മുഴങ്ങിയൊരു വിരാടതാളത്തിനൊപ്പിച്ചു കോഴി ചുവടുവെച്ചു;
ചിറകിട്ടടിച്ചു മേലോട്ടുയര്‍ന്നു;
ചലനമറ്റു നിപതിച്ചു.
മഞ്ഞുപോലെ വെളുത്ത തൂവല്‍കെട്ട് ചോരയില്‍ കുതിര്‍ന്നു നനഞ്ഞൊട്ടി.
തൂവലുടുപ്പുകള്‍ വലിച്ചു കീറപ്പെട്ടു. മാംസളദേഹത്തില്‍ രക്തചന്ദനലേപനം പോല്‍ വറവുകൂട്ടുകള്‍ തേച്ചു പിടിപ്പിച്ചു. തിളയ്ക്കുന്ന എണ്ണയ്ക്കുള്ളില്‍ നീറിയൊടുങ്ങി. ആരുടെയോ വീടിന്റെ പിന്നാമ്പുറങ്ങളില്‍ നിന്നും മസാല മണമുയര്‍ന്നു.


          ലഹരിയുടെ വട്ടമേശയ്ക്ക് ചുറ്റും കസേരകള്‍ ചേര്‍ത്തിടപ്പെട്ടു. അബോധത്തിന്റെ നടുത്തളത്തില്‍ പ്രതിധ്വനിക്കുന്ന അട്ടഹാസത്തിന്റെ പല്ലിടകളില്‍ കുരുങ്ങി നിന്നു, വെന്ത മാംസത്തിന്റെ നേര്‍ത്തഞാരുകള്‍ .

          അപ്പോള്‍ , ബലിത്തറയില്‍ ഉറഞ്ഞു കൂടിയ രക്തക്കറയില്‍ നിന്നും മനുഷ്യ ഉടലാര്‍ന്നൊരു കുക്കുടന്‍ രൂപം വെച്ചു വന്നു. അതെന്റെ മനസ്സിന്റെ വെളിമ്പുറങ്ങളില്‍ ഉണക്കാനിട്ട അജ്ഞതയെ കൊത്തിതിന്നു തുടങ്ങി. അവിടെ എനിക്ക് വെളിപ്പെട്ടു വന്നത് അറുക്കപ്പെട്ട കോഴിയുടെ അനേകം വരുന്ന പൂര്‍വ്വജന്മപരമ്പരയുടെ നീണ്ട നാള്‍വഴി രേഖകളായിരുന്നു.

പുണ്യപാപങ്ങള്‍ വിചാരണ ചെയ്യപ്പെടാതെ
ആവര്‍ത്തനങ്ങളും അനിവാര്യവുമായ കുരിശുമരണങ്ങള്‍ ഏറ്റുവാങ്ങി
ഒരു ബലിമൃഗത്തിന്റെ നിസ്സഹായതയില്‍
ഒരു ദേഹി സ്വദേഹം വെടിഞ്ഞു
മറ്റൊരു ദേഹത്തില്‍ ചെന്നു ചേരുകയായിരുന്നു ഇതുവരെ.
ജനിമൃതികളുടെ മിന്നലാട്ടങ്ങളില്‍ അവരുടെ വ്യര്‍ത്ഥദേഹങ്ങള്‍ ആരുടെയോ രസനകളെ ഉദ്ദീപിപ്പിക്കുകയും ജഠരാന്തര്‍ഭാഗങ്ങളെ നിറയ്ക്കുകയും ചെയ്തു പോന്നു.

          മായികലോകത്തിന്റെ ഭ്രമണവേഗങ്ങളില്‍ നിന്നും ബോധമണ്ഡലത്തിലേക്ക് കശക്കിയെറിയപ്പെട്ട ഞാന്‍ സ്വപ്നഭംഗത്തിന്റെ അങ്കലാപ്പോടെ ഞെട്ടിയുണര്‍ന്നു. ഉള്‍ക്കാഴ്ചയുടെ കാണാകയങ്ങളില്‍ തെളിയപ്പെട്ട നീര്‍കുമിളകാഴ്ചകള്‍ സ്മൃതിപഥത്തില്‍  നിന്നും മായുംമുന്‍പേ അവയെ ഞാന്‍ അക്ഷരങ്ങളില്‍ പകര്‍ത്താന്‍ തുടങ്ങി. അപ്പോഴും നെറ്റിയില്‍ ഉരുണ്ടുകൂടിയ സ്വേദകണങ്ങളും ഉയര്‍ന്ന ശ്വാസഗതിയും അടങ്ങിയിരുന്നില്ല.

10/07/2011

Monday, June 20, 2011

ചരിത്രങ്ങള്‍ക്ക് മേലൊരു ഞണ്ടിറുക്കം

          അയാളുടെ തലയ്ക്കകത്തു ഒരു യുദ്ധം തുടങ്ങുകയായിരുന്നു. ചരിത്രങ്ങളെ അനുകരിച്ചു കൊണ്ടൊരു വര്‍ണ്ണവിവേചന വിപ്ലവം. മോക്ഷപ്രാപ്തിക്കായ് താളംതെറ്റിയ മനസ്സുകള്‍ നടത്തിയ അവകാശപ്രഖ്യാപനസമരം.


          ചരിത്രസത്യങ്ങളില്‍ നമ്മളറിയും പോലെ എല്ലാ യുദ്ധങ്ങള്‍ക്കും ഒരു മൂലകാരണം അത്യാവശ്യമാണല്ലോ. ഇവിടെയും അങ്ങനെയൊന്ന് നമ്മള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. കാരണങ്ങള്‍ ഇങ്ങനെ പറഞ്ഞു വെയ്ക്കാം. വെളുത്തവര്‍ കറുത്തവരേക്കാള്‍ ശക്തരായിരുന്നു. അവര്‍ കറുത്തവരെ അടിമകളാക്കി നിത്യവും ജോലിയെടുപ്പിച്ചു; ആജ്ഞാപിച്ചു. വര്‍ഷങ്ങളോളം ഈ സ്ഥിതി തുടര്‍ന്ന് പോന്നൂ. അങ്ങനെയൊരുനാള്‍ ഇരുണ്ടവര്‍ക്കൊരു നേതാവുണ്ടായി. അയാളുടെ പേര് മാര്‍ട്ടിന്‍ എന്ന് തുടങ്ങുന്നു. അയാള്‍ ആ മര്‍ദ്ദിത വര്‍ഗ്ഗത്തോട് അയാളുടെ സ്വപ്നങ്ങളെ പറ്റി പറഞ്ഞു. അങ്ങനെയവര്‍ പുതുലോകത്തിന്‍റെ പ്രതീക്ഷകള്‍ സ്വപ്നം കാണാന്‍ തുടങ്ങി, ചൂഷണങ്ങള്‍ക്കെതിരെ കൂട്ടമായി പ്രതിരോധിച്ചു തുടങ്ങി. നഗരചത്വരങ്ങള്‍ സംഘര്‍ഷഭരിതമായി, തെരുവുകള്‍ രക്തപങ്കിലമായി. എന്നിട്ടും കറുപ്പിയന്നവര്‍ പൊരുതി നിന്നു. മണ്ണില്‍ വീണുറഞ്ഞ രക്തത്തില്‍ നിന്നും ആയിരങ്ങള്‍ പിറന്നു. അവര്‍ വസന്തഗീതികള്‍ പാടി.


          ഇത്രയുമായപ്പോഴേക്കും സംഗതിയുടെ പോക്ക് അപകടത്തിലേക്കാണെന്ന് മനസ്സിലാക്കി അയാള്‍ ഉന്നതസംഘങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേകദൗത്യസംഘങ്ങള്‍ ക്യാമ്പ് ചെയ്തു രംഗം നിരീക്ഷിച്ചു, പുതിയ യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞു. പ്രതിരോധവും പ്രത്യാക്രമണവുമവര്‍ ആയുധമാക്കി.
          ............................................................

          തീയുതിര്‍ക്കാന്‍ സന്നദ്ധരായി ആയിരം പട്ടാളക്കാര്‍ അണിനിരന്നു. ആ പൂന്തോട്ടമൈതാനിയില്‍ സമാധാനപരമായി തടിച്ചു കൂടിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ജനറല്‍ ഡയര്‍ ഉത്തരവിട്ടു. പലയാവര്‍ത്തി തിരകള്‍ ഒഴിഞ്ഞും നിറച്ചും ആ ലേസര്‍ ഖഡ്ഗം അവര്‍ക്ക് നേരേ വീശിയടുത്തു. ചുറ്റും മതില്‍കെട്ടി മറച്ചിരുന്ന ആ ഉദ്യാനത്തില്‍ നിന്നും ആര്‍ക്കും ഓടി മാറുവാന്‍ കഴിഞ്ഞതില്ല. ജീവരക്ഷാര്‍ത്ഥം പലരും അവിടെയുണ്ടായിരുന പൊതുകിണറ്റിലേക്കെടുത്തു ചാടി. മുങ്ങി മരിച്ചവരുടെ ദേഹത്തു ചവിട്ടി നിന്നും, ജീവിതത്തിന്‍റെ വക്കില്‍ അള്ളി പിടിച്ചു നിന്നും ചിലര്‍ പ്രാണന്‍ നിലനിര്‍ത്തി.


          പുറത്തു, വെടിയേറ്റു വീണവര്‍ പൊലിയും മുന്‍പ് വീറോടെ പാടി - "സര്‍ഫ്‌റോഷ് കീ തമന്ന അബ് ഹമാരെ ദില്‍മേ ഹേ". ജനറല്‍ ഡയറിന്‍റെ സൈന്യം പിന്‍വാങ്ങിയപ്പോഴേക്കും അവിടം ശ്മശാനതുല്യവും അതിലുമേറെ ഭീതിദമായിരുന്നു. പശ്ചാത്തലത്തില്‍ ശോകാന്തരാഗംപോല്‍ പരേതാക്കളില്‍ നിന്നും ഒടുവിലടര്‍ന്ന വിപ്ലവഗാനം, വീര്യമോതുക്കി എങ്ങലടിയുടെ പരിക്ഷീണ താളത്തില്‍ എങ്ങും അലയടിച്ചു കൊണ്ടിരുന്നു.
          .............................................................

          അപ്പോഴുമയാള്‍ ബാഹ്യലോകത്തില്‍ , അധിനിവേശങ്ങളിലും പിടിച്ചടക്കലിലുമായിരുന്നു. പാപങ്ങള്‍ക്ക് മറുപാപങ്ങള്‍ കൊണ്ടയാള്‍  പ്രായശ്ചിത്തം ചെയ്തു കൊണ്ടിരുന്നു. അയാളിലെ കാളിമ ആ കറുത്ത വര്‍ഗ്ഗത്തിന് സദാശക്തിയേകി വന്നു. മിച്ചം വന്നവര്‍ പിന്നെയും സംഘടിതരായി, പത്തു നൂറായി, നൂറു ആയിരമായി, ആയിരം പതിനായിരമായി മാറാന്‍ കറുത്തവര്‍ക്ക് അങ്ങനെ ആര്‍ജ്ജവമുണ്ടായി.


          കാലക്രമേണ അയാളിലെ നന്മയുടെ കോശങ്ങള്‍ ദ്രവിച്ചു ശക്തിശോഷണം സംഭവിക്കുകയും, താളം തെറ്റിയവര്‍ മേല്‍കോയ്മ നേടുകയും ചെയ്തു. പുണ്യപാപങ്ങള്‍ തുലനം ചെയ്തപ്പോള്‍ കര്‍മ്മവഴികളിലയാള്‍ പാപിയെന്നു കണ്ടെത്തി. കറുത്തവര്‍ഗ്ഗക്കാര്‍ക്ക്‌ മുന്നില്‍ വര്‍ണ്ണവിവേചനരഹിതമായ അവരുടെ വാഗ്ദത്ത ഭൂമി തെളിഞ്ഞു വന്നു. നിയതിയുടെ പുസ്തകത്തിലെ അവസാനവരികള്‍ എഴുതി മുഴുമിപ്പിക്കാനാവാതെ അയാള്‍ തോറ്റൊടുങ്ങി.
അപ്പോള്‍ ഭൂമിദേവി മൊഴിഞ്ഞു -  "ഹേ മനുഷ്യാ, നീയെന്നിലെ അര്‍ബുദമാണ്"


19/06/2011

Monday, June 6, 2011

പൊട്ടന്‍ തെയ്യം

          പണ്ടൊരിക്കല്‍ മലനാടിലുള്ളൊരു പുലയചെറുക്കനോട് വഴിമാറാന്‍ കല്‍പ്പിച്ച തമ്പ്രാനെ ചോദ്യം ചെയ്തതിനു, ആ പാവത്തിനെ തമ്പ്രാന്‍റെ ശിങ്കിടികള്‍ ചേര്‍ന്ന് തീയിലിട്ടു ചുട്ടു കൊന്നുവെന്നൊരു തെയ്യം കഥയുണ്ട്. പക്ഷെ അതിനേക്കാള്‍ ശ്രദ്ധേയമായ കഥ മറ്റൊന്നാണ്.


          ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠത്തിലേക്കുള്ള യാത്രാമദ്ധ്യേ ഒരു പുലയനും, അവന്‍റെ പെണ്ണും, നായയും എതിരെ വരുന്നത് കണ്ടു. കീഴാളര്‍ സവര്‍ണര്‍ക്ക് വഴിമാറണമെന്ന അന്നത്തെ നാട്ടുനടപ്പനുസരിച്ച് ശങ്കരാചാര്യര്‍ അയിത്ത ഭയത്താല്‍ പുലയനോട് വഴിമാറാന്‍ ആവശ്യപ്പെട്ടു. അതിന്‍റെ മറുപടിയായി പുലയന്‍ ചെന്തമിഴ് കലര്‍പ്പില്‍ മൊഴിഞ്ഞു -
‎"നിങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ,
നാങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ,
പിന്നെന്ത് ചൊവ്വറു പിശക്ന്ന്,
തീണ്ടിക്കൊണ്ടല്ലേ കുലം പിശ്ക്ന്ന്..." 

എല്ലാവരും ഒന്നാണെന്ന അദ്വൈതസന്ദേശം പുലയന്‍റെ വാക്കുകളില്‍ നിന്നും ഗ്രഹിച്ച ശങ്കരാചാര്യര്‍ പുലയനോട് മാപ്പുപറഞ്ഞെന്നും, അടുത്ത നിമിഷത്തില്‍ പുലയകുടുംബമായി എതിരെ വന്നവര്‍ സാക്ഷാല്‍ ശിവപാര്‍വതിനന്ദികേശന്മാരായി  മാറി, ശങ്കരനു ദര്‍ശനം നല്‍കി അനുഗ്രഹിച്ചുവെന്നുമാണ് കഥ.


          ഈ രണ്ടു കഥകളാണ് ഇന്ന് മലബാറിലെ കാവുകളില്‍ കെട്ടിയാടുന്ന പൊട്ടന്‍ തെയ്യത്തിന്‍റെ ആധാരം. ഒരു കാലത്തിന്‍റെ ജാതിവ്യവസ്ഥയെയും അയിത്താചാരങ്ങളെയും പരിഹാസമുനകളാല്‍ എതിരിടാനാവും പൊട്ടന്‍ തെയ്യം രൂപപ്പെട്ടത്. അക്കാലത്തെ ജീര്‍ണിച്ച വ്യവസ്ഥിതിയെ ചോദ്യം ചെയ്യാന്‍ ഒരു പൊട്ടന്‍റെ മുഖംമൂടിയണിയുന്നതാകും നല്ലതെന്നു തോന്നിയിരിക്കണം. ഇന്നും നമ്മുടെ മനസ്സുകളില്‍ പതിയിരിക്കുന്ന വര്‍ണ്ണവിവേചനങ്ങളെ കുറിച്ചോര്‍മ്മപ്പെടുത്താന്‍ ഈ പൊട്ടന്‍കളിയില്‍ വെളിപ്പെടുന്ന സത്യങ്ങള്‍ക്കാവുന്നുണ്ട്.


          അല്‍പ്പം വിമര്‍ശനബുദ്ധിയോടെ ശങ്കരാചാര്യരുടെ കഥയെ കീറി മുറിച്ചപ്പോള്‍ എന്നില്‍ വന്ന സന്ദേഹം, ഒരു പുലയനെ ശങ്കരാചാര്യര്‍ വണങ്ങിയെന്ന സത്യത്തെ അംഗീകരിക്കാന്‍ കഴിയാത്ത വരേണ്യവര്‍ഗ്ഗത്തിന്‍റെ കുത്സിത ബുദ്ധിയില്‍ മാറി മറിഞ്ഞ കഥയില്‍ ശിവപാര്‍വതിമാര്‍ കഥാപാത്രമായി രംഗപ്രവേശം ചെയ്തതുമാകാമെന്നതാണ്. മറ്റൊരു നിഗമനം പുലയചെറുക്കനെ ചുട്ടെരിച്ച കഥ പൊട്ടന്‍ തെയ്യത്തോടൊപ്പം പ്രചരിക്കാതിരിക്കാന്‍ വേണ്ടി ശങ്കരാചാര്യരുടെ താരത്തിളക്കം കടംകൊണ്ട് ഒരു കഥ മെനഞ്ഞതുമാകാം. ഇങ്ങനെ വിചാരപ്പെടാന്‍ വഴിയായത് ശങ്കരാചാര്യനുമായി ബന്ധപ്പെട്ട ഈ കഥ ഉത്തരേന്ത്യയില്‍ മറ്റൊരു രീതിയിലാണ് പ്രചരിക്കുന്നതെന്നറിഞ്ഞപ്പോഴാണ്. എല്ലാ സന്ദേഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമപ്പുറമാണ് കലയുടെ തലമെന്നു ഞാനും മനസ്സിലാക്കുന്നു. അതു കൊണ്ടു എല്ലാം മറന്നു ഞാന്‍ തെയ്യത്തില്‍ ലയിക്കുന്നു.


          കാവധികാരിയുടെ പക്കല്‍ നിന്നും അടയാളം വാങ്ങി തെയ്യത്തിന്‍റെ തിയ്യതി കുറിക്കുന്നതോടെ തുടങ്ങുന്ന വൃതാചാരങ്ങള്‍, കാവില്‍ കൊടിയിറങ്ങും നാള്‍ വരെ നിഷ്കര്‍ഷയോടെ ഭക്തിപൂര്‍വം പാലിക്കപ്പെടുന്നു. തോറ്റംപാട്ടില്‍ ചുരുളഴിയുന്ന തെയ്യത്തിന്‍റെ ചരിത്രവസ്തുതകളില്‍ അന്നത്തെ സാമൂഹികവൈകല്യങ്ങളെ താളത്തില്‍ സമന്യയിപ്പിച്ചിരിക്കുന്നു.


          പാളയില്‍ വരച്ചു ചേര്‍ത്ത മുഖംമൂടിയിലും കുരുത്തോലച്ചമയങ്ങളിലും ദൈവസങ്കല്‍പ്പം പകര്‍ന്നാടുമ്പോള്‍ ഭക്തിപാരവശ്യത്താല്‍ സര്‍വ്വരും അഞ്ജലിബദ്ധരാവുന്നു. കൈയ്യില്‍ കരുതുന്ന പച്ചോലകീറുകള്‍ ചേര്‍ത്തു കെട്ടിയ മുളന്തണ്ടു കൊണ്ടു ചുറ്റിലും തെളിയുന്ന അഗ്നിഗോളങ്ങളെ തട്ടിത്തെറിപ്പിച്ചും, ആകാശത്തോളം ഉയരുന്ന തീപൊരികള്‍ക്ക് നടുവില്‍ ചുവടു വെച്ചും തെയ്യകോലം രൗദ്രഭാവത്തിലെത്തുന്നു.






          ആള്‍പൊക്കത്തില്‍ ഉയരുന്ന മേലെരി തീയിലേക്കെടുത്തു ചാടിയും അവയ്ക്കു മീതെ കിടന്നും, പിടിച്ചു മാറ്റാന്‍ വരുന്നവരോട് എരിതീയില്‍ കുളിരുന്നുവെന്നു പറഞ്ഞും പൊട്ടന്‍ തെയ്യം ആര്‍ത്തു ചിരിക്കുന്നു. ആ ചിരികളില്‍ മുഴങ്ങുന്ന പ്രാക് രൂപ ശകലങ്ങളെ ചേര്‍ത്തു വായിക്കാനാകാതെ കുഴങ്ങി നിന്നവര്‍ ഈ ദൈവത്തെ പൊട്ടനെന്നു വിളിച്ചു.


രാവഴിഞ്ഞേതോ ഭൂതാവേശത്തിന്‍റെ ലഹരികള്‍ വിട്ടോഴിയുമ്പോള്‍ തളര്‍ന്നു വീണു തീരുന്നു ഈ പൊട്ടനും. മറ്റൊരു കാവില്‍ വീണ്ടും ദൈവത്തിന്‍റെ രൂപമായ്‌ ആടിത്തിമിര്‍ക്കാനുള്ള കാത്തിരിപ്പുമായി തെയ്യംകലാകാരന്‍ അരങ്ങൊഴിയുമ്പോഴും കാണികളുടെ മനസ്സില്‍ തെളിയുന്നത് ഇരുട്ടിന്‍റെ ഓരങ്ങളില്‍ പാറുന്ന തീത്തുമ്പികളും കനല്‍കണ്ണെരിയുന്ന മേലേരിയുമാകും.

12/04/2011

Monday, February 28, 2011

ഒരു നിസ്സഹായന്‍റെ പ്രതികരണം

" സഹതാപമെന്നലെന്താണ്..? വാസ്തവത്തില്‍ തനിക്ക് ഈ ഗതി വന്നിലെന്നു സ്വയം ആശ്വസിച്ചു കൊണ്ട് വേദന അനുഭവിക്കുന്നവരുടെ മുന്‍പില്‍ ദുഃഖമഭിനയിക്കുന്നതോ...?"   


     ഏതോ പുസ്തകവായനയില്‍ മനസ്സിലുടക്കിയ വരികളാണിത്. ഇന്നിതു വീണ്ടുമോര്‍ക്കാന്‍ ഇടയായിരിക്കുന്നു. നാട് മുഴുവന്‍ ഒരു പെണ്‍കുട്ടിയുടെ മരണത്തില്‍ കണ്ണീര്‍ വാര്‍ക്കുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ കണ്ടു. ചിലര്‍ ഏറെ വൈകാരിക തീക്ഷണതയോടെ ഈ വാര്‍ത്തയോട് പ്രതികരിച്ചു. ചിലര്‍ അധികൃതരെ കയ്യേറ്റം ചെയ്യുക വരെയുണ്ടായി.

          കൂട്ടത്തില്‍ ദുര്‍ബലരും എന്നാല്‍ ആര്‍ദ്ര ഹൃദയരുമായ എന്‍റെ സാഹിത്യ സുഹൃത്തുകള്‍ കഥകളും കവിതകളും അവയ്ക്കുമേല്‍ പോര്‍വിളികളുമുയര്‍ത്തി, തൂലിക പടവാളാക്കുക എന്ന പഴകി ദ്രവിച്ച ശൈലിയെ അന്വര്‍ത്ഥമാക്കി. പള്ളിക്കൂടമുറ്റത്തു വലതുകൈ നീട്ടി ചൊല്ലി പതിഞ്ഞ പ്രതിജ്ഞാവാചകങ്ങള്‍ കടമെടുത്തു ചിലര്‍ അവളെ സ്വന്തം സോദരിയാക്കി, ഓര്‍ക്കുട്ടിലെ സെന്‍സേഷണല്‍ കമ്യൂണിറ്റിയാക്കി.

          ഈ അടിതടവുകള്‍ കണ്ടു മനസ്സുമടുത്ത ഞാന്‍ നിശബ്ദനായിരുന്നു. പ്രതികരണശേഷി എന്നില്‍ നിന്നും എന്നെ നഷ്ടമായിരിക്കുന്നു എന്ന സത്യം തിരിച്ചറിയുന്നു.

          ഇന്നു ഞാന്‍ നോക്കുമ്പോള്‍ സ്ക്രീനില്‍ ആ പേടിച്ച പേടമാന്‍മിഴികള്‍ കാണുന്നതേയില്ല.  ദുഖാര്‍ത്തരായ നാട്ടുകാരില്ല. വാര്‍ത്തകള്‍ ചൂടാറാതെ നമ്മിലേക്കെത്തിക്കുന്ന മാധ്യമ ഉത്സുകികളില്ല. നഷ്ടങ്ങള്‍ എന്നും നഷ്ടപെടുന്നവര്‍ക്ക് മാത്രം സ്വന്തമെന്നു ഓര്‍മ്മപെടുത്തി കൊണ്ട് ഈ വാര്‍ത്തയും പത്രത്താളുകളുടെ പിന്നമ്പുറങ്ങളിലേക്കും പിന്നീട് വിസ്മൃതിയിലേക്കും തള്ളപ്പെടും. ഈ നിമിഷത്തില്‍ ഒരിക്കല്‍ കൂടി ഞാനാ വരികള്‍ ഓര്‍ത്തു പോകുന്നു.

17/02/2011

Tuesday, February 22, 2011

തീയില്‍ കുരുത്തവര്‍

( കപ്പലണ്ടി കൊറിച്ചും കൊണ്ട് ബസ്സ്‌ കാത്തു നില്‍ക്കുമ്പോള്‍ മനസ്സില്‍ വന്നത്, കപ്പലണ്ടി പൊതിഞ്ഞ ഉത്തരകടലാസ്സിന്‍റെ മഷി പുരളാത്ത, ഒഴിഞ്ഞ കോണില്‍ കുറിക്കുന്നു..... )

          കപ്പലണ്ടിക്കാരന്‍റെ വറവുച്ചട്ടിയില്‍ നിന്നും അയാളുടെ അശ്രദ്ധമൂലം രണ്ടു കപ്പലണ്ടിക്കുരു പുറത്തേക്കു തെറിച്ചു വീണു. സാമാന്യ പരിണാമഗുപ്തിയില്‍ നിന്നും മോക്ഷം ലഭിച്ചവരെന്നവര്‍ സ്വയമേവ വിശ്വസിച്ചു, തമ്മില്‍ വിശ്വസിപ്പിച്ചു. നാളെയുടെ പ്രതീക്ഷകള്‍ പുതുനാമ്പുകളായ്, തങ്ങളിലൂടെ മുളപ്പൊട്ടുമെന്നു  പരസ്പരം പുലമ്പി. തീയില്‍ കുരുത്തവരെന്നു സ്വയം ഊററം കൊണ്ടു.

          നനഞ്ഞ മണ്ണിന്‍റെ ആര്‍ദ്രതയില്‍ , സൂര്യന്റെ കാരുണ്യത്തില്‍ , കാറ്റിന്റെ ലാളനയില്‍ അവര്‍ വളര്‍ന്നു. പടര്‍ന്നു കയറാന്‍ ആകാശം മുട്ടുന്ന മരങ്ങള്‍ തിരഞ്ഞെങ്കിലും ലഭ്യമല്ലായ്കയാല്‍ തത്ക്കാലം ചെമ്മണ്ണില്‍ പടര്‍ന്നു കയറി. വെയിലത്തു വാടില്ലെന്ന പഴയ നിയമം ഉരുവിട്ട് മനസ്സില്‍ ശക്തി പകര്‍ന്നു. തങ്ങളില്‍ വിരിഞ്ഞ മഞ്ഞപ്പൂവുകള്‍ കണ്ടു ആഹ്ലാദം കൊണ്ടു. പിന്നീട് വേരിടത്തില്‍ കായ്കള്‍ പൊട്ടി വളര്‍ന്നപ്പോള്‍ നാളെകളെ കുറിച്ച് സ്വപ്നം കണ്ടു.

          ഏതോ സന്ധ്യയില്‍ മേനോത്തെ ഇന്ദു വളര്‍ത്തിയ ലെസ്ബിയന്‍ ഛായയുള്ള പുള്ളിപ്പശു കയറഴിഞ്ഞു വന്നു വള്ളിപടര്‍പ്പുകളില്‍ മേഞ്ഞപ്പോള്‍ അവര്‍ക്കൊപ്പം കപ്പലണ്ടിക്കുരുവോളം പോന്ന അവരുടെ സ്വപ്നങ്ങളും കരിഞ്ഞു പോയി.

(എഴുതി നിറച്ച കടലാസ്, ഞാന്‍ വൃത്തിയില്‍ മടക്കി വഞ്ചിയുണ്ടാക്കി ഫേസ്ബുക്കിന്‍റെ നീര്‍ച്ചാലില്‍ ഒഴുക്കി വിട്ടപ്പോള്‍ ബാലനായ എന്‍റെ  കണ്ണുകളില്‍ കൗതുകം തിളങ്ങി. ഓളങ്ങളില്‍ തട്ടി മറിയാതെ ബഹുദൂരം പോകട്ടെയെന്‍റെ കടലാസുവഞ്ചി..)

12/02/2011