ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Saturday, April 16, 2011

കതിവനൂര്‍ വീരന്‍
          തിവനൂര്‍ വീരനായ മന്ദപ്പന്‍ ജനിച്ചത്‌ കണ്ണൂര്‍ ജില്ലയിലെ മങ്ങാട്ടുള്ള മണിഗ്രാമത്തിലായിരുന്നു. ഗ്രാമത്തിലെ ഒരു ഉത്സവകാലത്തില്‍ കുമാരപ്പനും ചക്കിയമ്മയ്ക്കും പിറന്ന മന്ദപ്പന്‍ വളര്‍ന്നപ്പോള്‍ തികഞ്ഞ ഒരു കായികഭ്യസിയായി തീര്‍ന്നു. കളരിപ്പയറ്റിലും നായാട്ടിലും കേമനായ മന്ദപ്പന്‍റെ ജീവിതം ലക്ഷ്യമില്ലാതെ അലഞ്ഞു തിരിയുന്നതായിരുന്നു. കൂട്ടുകാരോടൊത്തു നായാടിയും റാക്ക് കുടിച്ചും ജീവിതം ആസ്വദിച്ചു. മകന്‍റെ ദുര്‍നടപ്പ് കണ്ടു മനംനൊന്ത കുമാരപ്പന്‍ ഗുണദോഷിച്ചു നോക്കി. എന്നിട്ടും പഴയപടി അലസനായി നടക്കുന്ന മകനെ, സഹികെട്ടു കുമാരപ്പന്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടു.

          നിസ്കാസിതനായ മന്ദപ്പന്‍ കൂട്ടുകാരുമൊത്തു കുടക് മല കയറാന്‍ തീരുമാനിച്ചു. പോകുംവഴി ഒരു പെരുംകാഞ്ഞിരമരത്തിന്‍റെ ചുവട്ടില്‍ അവര്‍ രാത്രി കഴിച്ചു കൂട്ടി. കൈയില്‍ കരുതിയ റാക്ക് കുടിച്ചും ആടിപാടിയും അവര്‍ യാത്ര ആഘോഷിച്ചു. ലഹരി തലയ്ക്കു പിടിച്ചു ഉറങ്ങിപ്പോയ മന്ദപ്പനെ വഴിയില്‍ തനിച്ചാക്കി കൂട്ടുകാര്‍ മലയിറങ്ങി.

          ഉറക്കമുണര്‍ന്നപ്പോള്‍ ചങ്ങാതിമാരുടെ ചതി മനസിലാക്കിയ മന്ദപ്പന്‍ തിരിച്ചുപോകാന്‍ മനസ്സ് വരാതെ കുടക് ലക്ഷ്യമാക്കി നടന്നു. വഴിയില്‍ കണ്ടുമുട്ടിയ കള്ളമ്മന്‍ എന്ന കുടകന്‍റെ സഹായത്തോടെ കതിവനൂരുള്ള തന്‍റെ അമ്മാവന്‍റെ വീട് കണ്ടു പിടിച്ചു. മങ്ങാട്ട് നിന്നും ഇത്ര ദൂരം താണ്ടി വന്ന മന്ദപ്പനെ അമ്മാവനും കുടുംബവും സ്വന്തം മകനെ പോലെ സ്വീകരിച്ചു. അവിടെ അമ്മാവനെ കൃഷിയില്‍ സഹായിച്ചും ചക്കില്‍ എണ്ണയാട്ടിയും കുടകിലെ നാളുകള്‍ മന്ദപ്പന്‍ അദ്ധ്വാനിച്ചു ജീവിച്ചു.

          ഒരു ദിവസം ചന്തപിരിഞ്ഞു വരും വഴി മന്ദപ്പന്‍ ചെമ്പരത്തിയെന്ന പെണ്‍കുട്ടിയെ കണ്ടു അനുരുക്തനായി. അമ്മാവനോടു കാര്യം അറിയിച്ചപ്പോള്‍, പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ആലോചിച്ചു വിവാഹം നടത്തികൊടുക്കുകയും ചെയ്തു. വിവാഹത്തിന്‍റെ ആദ്യനാളുകള്‍ ഏറെ സന്തോഷപൂര്‍ണമായിരുന്നു. നാളുകള്‍ കഴിഞ്ഞപ്പോള്‍ അവരുടെ കുടുംബജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ കണ്ടു തുടങ്ങി. സന്ധ്യ കഴിഞ്ഞു വൈകി വരുന്ന മന്ദപ്പനെ ചെമ്പരത്തി സംശയദ്രിഷ്ടിയോടെ കണ്ടു, അതെ ചൊല്ലി വഴക്കുകളും പതിവായി.

          ഒരു നാള്‍ ഇത്തരത്തില്‍ വഴക്ക് മൂത്തു നില്‍ക്കും നേരമാണ് കുടകപട തങ്ങളെ ആക്രമിക്കുന്നു എന്ന വാര്‍ത്ത‍ മന്ദപ്പന്‍ അറിയുന്നത്. അറയില്‍ നിന്നും ആയുധങ്ങള്‍ എടുത്തു ഇറങ്ങി വരവെ കാല്‍ത്തട്ടി മന്ദപ്പന്‍ വീണു ചുമരില്‍ തലയിടിച്ചു. ചോര വാര്‍ന്നൊഴുകി നില്‍ക്കുന്ന മന്ദപ്പനെ നോക്കി ചെമ്പരത്തി മൊഴിഞ്ഞു- സ്വന്തം ചോര കണ്ടു യുദ്ധത്തിനിരങ്ങിയാല്‍ ശത്രു സൈന്യത്താല്‍ വധിക്കപെടുമെന്നു. അതിനു മറുപടിയായി- നിന്‍റെ വാക്കുകള്‍ സത്യമാകട്ടെ എന്നു പറഞ്ഞുംകൊണ്ട് മന്ദപ്പന്‍ പടയ്ക്കു പുറപ്പെട്ടു.

          പോര്‍ക്കളത്തില്‍ കൊടുങ്കാറ്റു പോലെ മന്ദപ്പന്‍ ആഞ്ഞടിച്ചു. കുടകപടയെ തലങ്ങും വിലങ്ങും അരിഞ്ഞു വീഴ്ത്തി. പിടിച്ചു നില്‍ക്കാനാവാതെ കുടക പട പിന്‍വാങ്ങി. വിജയശ്രീലാളിതനായി മന്ദപ്പന്‍ വീട്ടിലേക്കു മടങ്ങുമ്പോഴാണ് തന്‍റെ മോതിരവിരല്‍ നഷ്ടമായ വിവരം മനസ്സിലാക്കിയത്. ചെമ്പരത്തി അണിയിച്ച വിവാഹമോതിരം വീണ്ടെടുക്കാനായി പടക്കളത്തിലേക്ക് മടങ്ങിയ മന്ദപ്പനെ മറഞ്ഞിരുന്ന കുടകപടയാളികള്‍ ചതിച്ചു വെട്ടി വീഴ്ത്തി.

          കാര്യമറിഞ്ഞു കുടക്മലയുടെ കിഴക്കന്‍ ചെരിവിലേക്ക് വന്നണഞ്ഞ ദുഃഖര്‍ത്തരായ ബന്ധുമിത്രാദികള്‍ ചേര്‍ന്ന് മന്ദപ്പന്‍റെ വീരദേഹം ദഹിപ്പിച്ചു. തന്‍റെ വാക്കുകള്‍ അറംപറ്റിയല്ലോ എന്ന വ്യസനത്താല്‍ ചെമ്പരത്തി ഭര്‍ത്താവിന്‍റെ ചിതയിലെ ചാടി സ്വയം ബലിയര്‍പ്പിച്ചു. സൂര്യന്‍ അസ്തമിച്ച ആ സന്ധ്യയില്‍ ഒരു പകല്‍ പോലെ മന്ദപ്പനും എരിഞ്ഞടങ്ങി.

          ആ വീരയോദ്ധാവിന്‍റെ ഓര്‍മ്മക്കായ് നാട്ടുകാര്‍ പിന്നീട് കതിവന്നൂര്‍ വീരന്‍ തെയ്യം കെട്ടി ആടാന്‍ തുടങ്ങി. കതിവനൂര്‍ വീരന്‍ തെയ്യം കാഴ്ചയില്‍ പകിട്ടേറുന്നു. കളരിപ്പയറ്റിന്‍റെ ചുവടിലും മെയ്യഭ്യാസത്തിലും ചെമ്പരത്തി തറയ്ക്ക് ചുറ്റും കതിവനൂര്‍ വീരന്‍ ആടി തിമിര്‍ക്കുന്നു. 32 തിരികള്‍ കത്തിച്ചു വെച്ച ചെമ്പരത്തി തറ ചെമ്പരത്തിയുടെ വീടെന്നാണ് സങ്കല്പം. നാടന്‍ ശീലുകളിലും വടക്കന്‍ പാട്ടുകളിലും പാടിപതിഞ്ഞ കതിവനൂര്‍ വീരന്‍റെ ചരിത്രം ഇന്നും വടക്കന്‍ മലബാറുകാരുടെ മനസ്സില്‍ ആവേശമായ് നിറഞ്ഞു നില്‍ക്കുന്നു.


08/03/2011

15 comments:

 1. കതിവന്നൂര്‍ വീരന്റെ തെയ്യം ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്.Meet the Lion in it's den എന്നൊക്കെ പറയാറില്ലെ.അതു പോലെയാണ്.ടൂറിസം മേളകളില്‍ കെട്ടി എഴുന്നള്ളിക്കുന്ന തെയ്യമല്ല യഥാര്‍ത്ഥ തെയ്യം.അത് ഒരു അനുഭവം തന്നെയാണ്.അത് അനുഭവിക്കാനും ആസ്വദിക്കുവാനും തൃക്കരിപ്പൂര്‍,പയ്യന്നൂര്‍ ഭാഗത്തെ കാവുകളില്‍ തന്നെ പോവണം.ഇപ്പോള്‍ അതിന്റെ സമയമാണ്.

  ReplyDelete
 2. അതിനു പിന്നില്‍ ഇങ്ങനെ ഒരു കഥ ഉണ്ടല്ലേ!
  കഥ പറഞ്ഞതിന് നന്ദിയുണ്ടേ...

  ReplyDelete
 3. നന്നായിരിക്കുന്നു

  ReplyDelete
 4. സന്ദീപ്‌,

  കതിവനൂര്‍ വീരന്‍ എവിടെയോ കേട്ട ഒരു നാമം മാത്രമായിരുന്നു എനിക്ക് ഇതുവരെ...
  ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍, കതിവനൂര്‍ വീരന്‍ ഒരു നിമിഷം ഒരു നൊമ്പരമായി എന്നില്‍ ചേക്കേറി..
  ഇത് പോലെ പലര്‍ക്കും അറിയില്ലാത്ത എത്രയോ കഥാപാത്രങ്ങള്‍ ചരിത്രത്തില്‍ ഉറങ്ങിക്കിടക്കുന്നു...
  ഞാനൊക്കെ അജ്ഞരാണ് .

  പോസ്റ്റ് നന്നായി ആശംസകള്‍...

  ReplyDelete
 5. തെയ്യത്തെക്കുറിച്ചു കേട്ടിട്ടുണ്ട് ഇപ്പോള്‍ കൂടുതല്‍ അറിഞ്ഞു..ഇനിയുമുണ്ടല്ലോ ഒരുപാട് പോരട്ടെ എല്ലാം...നല്ല അവതരണം ..ഇഷ്ടപ്പെട്ടു...

  ReplyDelete
 6. ഇവിടെ വന്നു വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.. ഓരോ തെയ്യത്തിനു പിന്നിലും ഓരോ കഥകള്‍ ഉണ്ട്.. എനിക്ക് തെയ്യത്തോടുള്ള താല്പര്യം കൊണ്ട് ഞാന്‍ അത് കണ്ടെത്താനുള്ള അന്വേഷണങ്ങളില്‍ ആണ്.. എനിക്ക് കിട്ടിയ അറിവുകള്‍ എല്ലാവര്‍ക്കും പറഞ്ഞു കൊടുക്കുന്നു എന്ന് മാത്രം.. നമ്മുടെ നാടോടി കഥകള്‍ അറിയാത്ത ഒരു പുതു തലമുറയാണ് ഞാന്‍ അടക്കമുള്ള യുവത്വം.. നമ്മുടെ മുത്തശ്ശിമാര്‍ ടി.വി. സീരിയലുകളില്‍ മുഴുകുമ്പോള്‍ കഥ കേട്ടുറങ്ങുന്ന ബാല്യം നമ്മുടെ കുട്ടികള്‍ക്കും നഷ്ടമാവുന്നു.. മണ്ണിന്‍റെ മണമുള്ള ഈ കഥകള്‍ മിത്തുകള്‍ മറവിയുടെ ആഴങ്ങളില്‍ വീണു പൊലിയരുതെന്ന എളിയ പ്രാര്‍ത്ഥനയെ എനിക്കുള്ളു..

  @ Pradeep Kumar.. നാളുകള്‍ നോമ്പ് നോറ്റ് തെയ്യം കെട്ടുന്ന പെരുവണ്ണാന്മാരുടെ രൂപം എന്നും എന്നില്‍ ഹരമാണ്.. ദൈവത്തിന്‍റെ സ്വന്തം പകര്‍ന്നാട്ടമായി പലപ്പോഴും തോന്നിയിട്ടുണ്ട് തെയ്യം.. കുറെ വര്‍ഷങ്ങളായി മലബാറില്‍ പോയി തെയ്യം കാണണമെന്ന് ആലോചിക്കുന്നു.. ഇനിയും സാധിച്ചില്ല.. ഈ വര്ഷം ചില സുഹൃത്തുകളെ അതിനായി ചട്ടം കേട്ടിയതുമാണ്.. അന്വഷിച്ചപ്പോള്‍ അറിഞ്ഞത് ഏപ്രില്‍ മാസത്തില്‍ ഒരു കാവിലും കതിവനൂര്‍ വീരന്‍ കേട്ടുന്നില്ലാ എന്നാണ്.. മറ്റു തെയ്യങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും ഈ കഥാപാത്രത്തോടുള്ള ആദരവ് കൊണ്ട് ഞാന്‍ ഇനിയോരവസരത്തിനായി കാത്തിരിക്കുന്നു.. അടുത്ത വര്‍ഷം ഏതെന്കിലും കാവില്‍ കണ്ടുമുട്ടാം എന്ന് മന്ദപ്പനോട് വാക്ക് പറഞ്ഞു ഞാന്‍..

  ReplyDelete
 7. അറിയാത്ത ചില അറിവുകള്‍ കിട്ടി
  നന്ദി

  ReplyDelete
 8. തെയ്യം കാണാറുണ്ട് ..തീയ്യില്‍ തുല്ലുന്നവര്‍ ..അതിനു പിന്നിലെ കഥ പറഞ്ഞതിന് നന്ദി

  ReplyDelete
 9. valare manoharamayi ee avatharanam.... aashamsakal.... pls come to my blog, avide gauravamulla oru vishayam charcha cheyyappedunnundu......

  ReplyDelete
 10. ആ വീരയോദ്ധാവിന്‍റെ ഓര്‍മ്മക്കായ് നാട്ടുകാര്‍ പിന്നീട് കതിവന്നൂര്‍ വീരന്‍ തെയ്യം കെട്ടി ആടാന്‍ തുടങ്ങി. കതിവനൂര്‍ വീരന്‍ തെയ്യം കാഴ്ചയില്‍ പകിട്ടേറുന്നു. കളരിപ്പയറ്റിന്‍റെ ചുവടിലും മെയ്യഭ്യാസത്തിലും ചെമ്പരത്തി തറയ്ക്ക് ചുറ്റും കതിവനൂര്‍ വീരന്‍ ആടി തിമിര്‍ക്കുന്നു. 32 തിരികള്‍ കത്തിച്ചു വെച്ച ചെമ്പരത്തി തറ ചെമ്പരത്തിയുടെ വീടെന്നാണ് സങ്കല്പം....

  നാടന്‍ ശീലുകളിലും വടക്കന്‍ പാട്ടുകളിലും പാടിപതിഞ്ഞ കതിവനൂര്‍ വീരന്‍റെ ചരിത്രം

  ReplyDelete
 11. ചെമ്പരത്തി എന്നതായിരിക്കാം നാമം എങ്കിലും ചെമ്മരത്തി എന്നാണു വിളിച്ചു പോന്നിട്ടൂള്ളത് .. അരിവെച്ചാലൊരു കറിവെക്കെണ്ടെ എന്റെ ചെമ്മരത്തീ... എന്നാണു തോറ്റം പാട്ടീൽ പോലും . ... ഒരു പക്ഷെ പണ്ടത്തെ നാമങ്ങൾ എല്ലാം ഷോട്ടായിരുന്നല്ലോ കൃഷ്ണനെ കിട്ടാന്നും. ഒക്കെ വിളിക്കുന്നപോലെ ചെമ്പരത്തി ചെമ്മരത്തി ആയതായിരിക്കാം അല്ലെങ്കിൽ .ചെമ്മരൻ , ചെമ്മരത്തി എന്ന പേരുതന്നെ ഉള്ളതായിരിക്കാം .. കതിവനൂർ വീരൻ തെയ്യം കെട്ടിയാടുന്നതിൽ കണ്ണൂർ ജില്ലയിലെ പ്രസിദ്ധമായ ഒരു തറവാടാണ് എന്റെ നാട്ടിലെ കൊട്ടില മാച്ചാത്തീൽ തറവാട് . അവിടെ എല്ലാ വർഷത്തിലും കെട്ടിയാടാറുണ്ട് .

  ReplyDelete
 12. @ BIJU KOTTILA.. അക്കാലത്തു പേരുകളില്‍ അങ്ങനെയൊരു വ്യത്യാസം കാണുന്നുണ്ട്.. ഞാന്‍ ഈ കഥ കേള്‍ക്കുന്നത് പ്രാദേശികമായ ശൈലിയില്‍ ആയിരുന്നു.. ആ കഥ പറച്ചില്‍ രീതി എന്‍റെ ആഖ്യാനത്തില്‍ ഉണ്ടാവരുതെന്നു എനിക്ക് നിര്‍ബന്ധവുമുണ്ടായിരുന്നു.. മന്ദപ്പനെ മന്നപ്പന്‍ എന്നും കണ്ണൂര്‍ ഭാഗത്തുള്ളവര്‍ വിളിക്കുന്നുണ്ട്.. അത് പോലെ ചെമ്മരത്തി എന്നതാകും ശരി.. ബിജു പറഞ്ഞത് സത്യമാണ്.. തോറ്റംപാട്ടില്‍ ഞാനുമത് കേട്ടിട്ടുണ്ട്.. തോറ്റംപാട്ട് പാതി ചെന്തമിഴ് ആയത് കൊണ്ട് അതിനെ ആ രീതിയില്‍ മലയാളത്തിലേക്ക് വരുതിയില്ലെന്നെയുള്ളൂ.. അടുത്ത വര്‍ഷം നിങ്ങളുടെ തറവാട്ടില്‍ കതിവനൂര്‍ വീരന്‍ കെട്ടിയാടുമ്പോള്‍ അറിയിക്കണമെന്ന് അപേക്ഷ.. നേരില്‍ കാണണമെന്ന് കുറെ നാളായി കരുതുന്നു തെയ്യം..

  ismail chemmad, ഫെമിന ഫറൂഖ്, ആചാര്യന്‍, jayarajmurukkumpuzha, മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM., BIJU KOTTILA.. നന്ദി..

  ReplyDelete
 13. ഇത്തവണ കണ്ടു ..നല്ല പോസ്റ്റ്‌ .. ..കൂടുതല്‍ ഇപ്പോള്‍ അറിഞ്ഞു ......

  ReplyDelete