ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Friday, May 11, 2012

അജീജന്‍.....



               നിക്ക് നേരിയ ഓര്‍മ്മയുള്ളപ്പോഴാണ് അച്ചാച്ചന്‍ മരിച്ചത്.. പിന്നീട് മറ്റുള്ളവര്‍ പറഞ്ഞു കേട്ടത് വെച്ചു മെനഞ്ഞെടുത്ത രൂപമാണ് എനിക്കെന്റെ അച്ചാച്ചന്‍... തഴപ്പായ കച്ചവടമായിരുന്നു അച്ചാച്ചന്. തഴപ്പായ നെയ്ത്ത് ഇന്നാട്ടില്‍ ഒരു കുടില്‍ വ്യവസായമായിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് നെയ്ത്തറിയുന്നവര്‍ പാടേ ചത്തു കെട്ടുപോയിരിക്കുന്നു.

കൊടുങ്ങല്ലൂര്‍ നിന്ന് കടത്തു കടന്നു കാല്‍നടയായി, വടക്കു നടവരമ്പിലും ചുട്ടുവട്ടങ്ങളിലും തെക്ക് മാലിപ്പുറം വരെയൊക്കെ പോയി അച്ചാച്ചന്‍ കച്ചവടം ചെയ്തതായി പറഞ്ഞു കേട്ടിട്ടുണ്ട്. ഈ പോകുന്ന പോക്കില്‍ കാണുന്ന കാഴ്ചകള്‍ വീട്ടിലെത്തി മക്കളോടു പൊടിപ്പും തൊങ്ങലും വെച്ച് വിവരിച്ചു കൊടുക്കുമായിരുന്നൂയെന്ന്, കറന്റ്‌ പോയി മറ്റൊന്നും ചെയ്യാനില്ലാത്ത ദിവസങ്ങളില്‍ ഇരുട്ടില്‍ നോക്കി കിടന്നു അച്ഛന്‍ ഞങ്ങളോടു വിചാരപ്പെടാറുണ്ട്. അതു കേള്‍ക്കാന്‍ മാത്രമായി കച്ചവടം കഴിഞ്ഞു പാതിരാവില്‍ കേറി വരുന്ന അച്ചാച്ചനെ നോക്കി അച്ഛന്‍, കുട്ടിക്കാലത്തു ചിമ്മിനി വെട്ടത്തിന്റെ കീഴിലെ നിഴല്‍ പോലെ  ഉറക്കമൊഴിഞ്ഞിരുന്നു. അങ്ങനെ കിട്ടിയ അച്ചാച്ചന്റെ കുറെ നുറുങ്ങ് കഥകള്‍ അച്ഛന്‍ പൈതൃകസ്വത്തായി ഞങ്ങള്‍ക്കു പകര്‍ന്നു തന്നിട്ടുണ്ട്. ആ കഥകളിലൂടൊക്കെയും ഞാനാ നര്‍മ്മബോധമുള്ള മനുഷ്യനെ അറിയുകയായിരുന്നു, ഓര്‍മ്മ വെച്ച നാള്‍ മുതല്‍ .

വാക്കുകള്‍ ചേര്‍ത്തു പറയാന്‍ തുടങ്ങിയ കാലത്ത് ഞാന്‍ അച്ചാച്ചനെ 'അജീജന്‍' എന്നു വിളിച്ചിരുന്നത്രേ.. ആ വിളി തെളിച്ചു വിളിക്കാന്‍ എനിക്കോ അതു കേള്‍ക്കാനുള്ള ഭാഗ്യം അച്ചാച്ചനോ ഉണ്ടായില്ലാ... അതിനു മുന്‍പേ പ്രായത്തിന്റെതായ അരിഷ്ടതകളില്‍ ജീര്‍ണിച്ചു അച്ചാച്ചന്‍ മരിച്ചു പോയി.

കിടപ്പിലാവും മുന്നേ അച്ചാച്ചനെന്നെ തോളത്തിരുത്തി അടുത്ത പീടികയില്‍ നിന്നും നിറയെ മുട്ടായിയൊക്കെ വാങ്ങിത്തരുമായിരുന്നു. പല്ലില്ലാത്ത മോണ കൊണ്ട് കടിച്ചു ഞാനെന്റെ സ്നേഹം കാണിച്ചിട്ടുണ്ടാവും അപ്പോളാ കവിളില്‍ ...

ഗുരുവായൂര് കൊണ്ടോയി കുന്നിക്കുരു വാരിച്ചതിന്റെ ദുരന്തഫലമായി കുറുമ്പനായി തീരേണ്ടി വന്ന പാവം ഞാന്‍ എന്തെങ്കിലും വിക്രിയ കാട്ടി കൂട്ടിയതിനു അച്ഛന്‍ വടിയെടുത്താല്‍ മുറ്റത്തെ കയ്യാണി, ഏന്തി വലിഞ്ഞു കടന്നു തറവാട്ടിലേക്ക് ഓടി കേറും. നേരെ അച്ചാച്ചന്റെ അടുത്തു ചെന്ന് പരാതി പറച്ചിലായി പിന്നെ... അടിച്ചില്ലെങ്കിലും അടിച്ചെന്നു വലിയ വായില്‍ അച്ഛനെതിരെ മൊഴി കൊടുക്കും. എല്ലാ പരാതികള്‍ക്കും തീര്‍പ്പു ആ കോടതിയില്‍ ഉണ്ടാവുമെന്നായിരുന്നു ആ കുഞ്ഞിന്റെ മനസ്സിലെ ഒരു വിശ്വാസം.

"അച്ഛനെ വെളിച്ചത്തു ചോറ് കൊടുത്ത് ഇരുട്ടത്ത് കിടത്താ...." ന്നൊക്കെ പറഞ്ഞു മുറ്റത്തെടുത്തു നടന്നും ഓര്‍മ്മകളില്‍ നിന്നു പോലും തിരികെ പിടിക്കാനാവാത്ത നാടന്‍ ശീലില്‍ തെയ്യന്നം പാടിയും അമ്പിളിയുടെ നിലാവെട്ടത്തില്‍ തോളിലിട്ടുറക്കിയും അച്ചാച്ചന്‍ പരാതിക്കാരനെ ഒതുക്കിയിരുന്നു. പ്രതിയായ സ്വന്തം മകനെ രക്ഷിക്കാനുള്ള അച്ചാച്ചന്‍ കോടതിയുടെ കുതന്ത്രങ്ങള്‍ ... ഞാന്‍ പാവം കുഞ്ഞ് !! ഇതുവല്ലതും അറിവതുണ്ടോ അന്ന്.... ഹും..

എനിക്ക് ഓര്‍മ്മ വെയ്ക്കുമ്പോള്‍ അച്ചാച്ചന്‍ അവശേഷിപ്പിച്ചു പോയ, സദാ ടൈഗര്‍ ബാം മണക്കുന്ന ഒരു വലിയ കറുത്ത ബാഗ്‌ തറവാട്ടില്‍ ഉണ്ടായിരുന്നു. ഇടയ്ക്കൊക്കെ ബാല്യത്തിന്റെ കൗതുകത്തില്‍ അതിലുള്ള വസ്തുക്കള്‍ എടുത്തു പരിശോധിക്കുക പതിവായിരുന്നു. അതിന്റെ പേരില്‍ അമ്മൂമ്മയില്‍ നിന്നും വയറു നിറയെ വഴക്കും കേട്ടിരുന്നു.

എങ്കിലും ജനിതകരേഖകളില്‍ നിന്നും നീളുന്ന ഒരു ബന്ധനം എന്നെ ആ പുരാതനദ്രവ്യങ്ങളിലേക്ക് ചേര്‍ത്തു നിര്‍ത്തി. സോവിയറ്റ്‌ റഷ്യയില്‍ നിന്നുമുള്ള ഇംഗ്ലീഷ് ജേണലുകളും ആ നാടിന്റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളും ബാഗിന്റെ ഒരു കള്ളിയില്‍ കിടപ്പുണ്ടായിരുന്നു. അതു അച്ചാച്ചന്‍ എന്തിനു സൂക്ഷിച്ചു വെച്ചുവെന്നോ അതെവിടെ നിന്നു കിട്ടിയെന്നോ അറിവില്ലാ.. പണ്ടെപ്പോഴോ ബര്‍മ്മയിലോ സിലോണിലോ പോയിട്ടുണ്ടെന്നു തോന്നുന്നു. അങ്ങനെ വല്ല വഴിയ്ക്കും കിട്ടിയതാവും.

അതില്‍ ഉണ്ടായിരുന്ന മറ്റു സ്ഥാവരവസ്തുക്കള്‍ ...... കീ കൊടുത്താല്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പഴയ HMT വാച്ചും എന്റെ അശ്രദ്ധ കൊണ്ടെപ്പോഴോ താഴെ വീണുടഞ്ഞ ചില്ലോടു കൂടിയ കറുത്ത ഫ്രെയിം കണ്ണടയും.. പിന്നെ തുകല്‍ ബാഗിന്റെ മറ്റൊരു അറയില്‍ ഒരു പിച്ചള വെറ്റിലചെല്ലത്തില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന നൂറു ഒറ്റരൂപാ നോട്ടുകള്‍ ... അത് അങ്ങനെ ഇളം വയലറ്റ് നിറത്തില്‍ ഒരു കെട്ടായി കാണുന്നതും അതില്‍ എണ്ണം പഠിക്കുന്നതും ബാല്യത്തിലെ ഏകാന്തവിനോദമായിരുന്നു. പഴകിയ മഷിമണം, നോട്ടില്‍ പറ്റിപ്പിടിച്ച പൊടിയോടു കൂടി മണത്തെടുത്തു തുമ്മി തുടങ്ങും ഞാന്‍ .. ഹാ....

വയ്യാതാവും മുന്‍പേ, പായക്കച്ചോടം നിര്‍ത്തും മുന്‍പേ, അച്ചാച്ചന്‍ ഏതോ ദിവസം പകലലച്ചില്‍ കഴിഞ്ഞു വീട്ടിലേക്കു മുഷിഞ്ഞു കേറി വന്നപ്പോള്‍ അമ്മൂമ്മയെ ഏല്‍പ്പിച്ചതായിരുന്നു ആ ഒരു കെട്ടു പുത്തന്‍ നോട്ടുകള്‍ . അതില്‍ അച്ചാച്ചന്റെ വിയപ്പിന്റെ ഉപ്പു പുരണ്ടിരുന്നു. അപ്പോഴേക്കും മക്കളൊക്കെ ഒരു നിലയില്‍ എത്തിയതു കൊണ്ട് വീട്ടാവശ്യങ്ങള്‍ക്കായി ഈ രൂപ എടുക്കേണ്ടതില്ലായിരുന്നു. മരണമെന്ന സത്യത്തെ മുന്നില്‍ കാണും പോലെ അന്നച്ചാച്ചന്‍ അമ്മൂമ്മയോടു പറഞ്ഞത്രേ..
"ഈ കാശ് സൂക്ഷിച്ചു വെച്ചോ... ന്റെ ചാവിന്റെ ആവശ്യങ്ങള്‍ക്ക് എടുക്കാ..."
അച്ചാച്ചന്‍ ഏറെ നാള്‍ കിടന്നു നരകിച്ചു മരിച്ച നേരത്തു ആരും ഈ വാക്കു ഓര്‍ത്തില്ലാ... അതിനുള്ള മനസ്സൊതുക്കം മക്കളില്‍ ആര്‍ക്കും ഉണ്ടായില്ലായിരിക്കും.. നെഞ്ചുരുകി കരഞ്ഞു കലങ്ങിയ അമ്മൂമ്മയ്ക്കും...

വര്‍ഷങ്ങള്‍ക്കപ്പുറം, തറവാടു പാര്‍ട്ടീഷന്‍ സമയത്ത് അച്ചാച്ചന്റെ ശേഷിപ്പായ ഈ പണം എന്തു ചെയ്യണം എന്നൊരു ആലോചന വന്നു. തല മുതിര്‍ന്നവര്‍ തമ്മില്‍ പറഞ്ഞു -
" അത് അച്ചാച്ചന്റെ ഒന്‍പതു മക്കള്‍ക്കായ്‌ വീതിച്ചു കൊടുക്കണമെന്ന് ".

അന്നു ഏതോ വിചാരത്തില്‍ ഞാനാ സദസ്സിലെന്റെ അഭിപ്രായം കേറി പറഞ്ഞു....
"ആ നോട്ടിന് വെറും നൂറു രൂപയുടെ വിലയല്ല. അതില്‍ അച്ചാച്ചനുണ്ട്. ഒന്‍പതു മക്കളെ ചേര്‍ത്തു നിര്‍ത്തുന്ന അച്ചാച്ചന്റെ ഓര്‍മ്മച്ചെപ്പാണതു വീതം വെച്ചു കൊടുക്കാതെ ഒരുമിച്ചു സൂക്ഷിക്കണം.. ".

പ്രായം നന്നേ കുറയുമെങ്കിലും എന്റെ ഉറച്ച അഭിപ്രായത്തെ അന്ന് അച്ഛനും കുഞ്ഞച്ചനും ശരി വെച്ചു. ഞാന്‍ ആ പറഞ്ഞത്, അച്ചാച്ചന്റെ ഹിതമായിരുന്നുവെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു.....

അങ്ങനെ അതിപ്പോഴും തറവാട്ടില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഓര്‍മ്മകള്‍ തുന്നി ചേര്‍ത്ത സ്റ്റാപ്ലര്‍ , കാലത്തോടു പ്രതിപ്രവര്‍ത്തിച്ച് തുരുമ്പു പടര്‍ന്നു കേറി മുകള്‍വശത്തെ ഏതാനും നോട്ടുകള്‍ നിറംമങ്ങി മുഷിഞ്ഞു തുടങ്ങിയിട്ടുണ്ടതില്‍ . മക്കളൊക്കെ ഇന്ന് വിലമതിക്കാനാവാത്ത ആ നോട്ടുകള്‍ മറന്നു കഴിഞ്ഞു... അച്ചാച്ചനെയവര്‍ മറന്നതു പോലെ മറന്നു കഴിഞ്ഞു.......





Wednesday, February 29, 2012

വിലാസം തെറ്റിയൊരെഴുത്ത്





കൊച്ചി
23/02/2020

പ്രിയപ്പെട്ടവളെ... ന്റെ കൂട്ടുകാരി...

          "നിനക്കു സുഖാണോ..??" യെന്ന മട്ടിലുള്ള അഭ്യന്തര ബോറന്‍ ചോദ്യങ്ങളെറിഞ്ഞു നിന്നെ മടുപ്പിക്കുന്നില്ല... എങ്കിലും, അല്‍പ്പം മേച്ചുളുക്കോടെ ഒരു എക്സ്ക്യൂസ് പറഞ്ഞില്ലെങ്കില്‍ ന്റെ മനസ്സു പിടയ്ക്കും. കഴിഞ്ഞ മാസം നീ കൊറിയറില്‍ അയച്ചു തന്ന ഒവിഡിന്റെ കാവ്യപുസ്തകം അന്നു കൈപ്പറ്റിയതിന്റെ കുറ്റബോധത്തിലാണ് ഞാനിതു പറഞ്ഞത്. സത്യം പറയാമെടീ, താളുകള്‍ വെറുതെ മറഞ്ഞതല്ലാതെ ഞാനൊരക്ഷരം വായിച്ചില്ലന്നേ. നിന്നോടുള്ള സ്നേഹം കൊണ്ടും, പുസ്തകത്തിന്റെ മഞ്ഞ പുറംചട്ടയിലെ പുറംതിരിഞ്ഞിരിക്കുന്ന ലാറ്റിന്‍ സുന്ദരിയുടെ അര്‍ദ്ധനഗ്നരൂപത്തിന്റെ ശില്‍പ്പഭംഗിയില്‍ കൗതുകം കൂറിയതു കൊണ്ടും, ഞാനതെന്റെ കിടക്കയുടെ തലഭാഗത്തായി പ്രതിഷ്ഠിച്ചിരിക്കുകയാണ്. മറ്റൊന്നും ചെയ്യാനില്ലാത്ത വിരസമായ രാത്രികളില്‍ ഞാനതു വായിക്കാന്‍ ശ്രമം നടത്തുകയും പരാജിതനായി പാതിയില്‍ ഉറങ്ങിപ്പോവുകയും ചെയ്തിരുന്നു. നിനക്കറിയാലോ, ഞാനൊരു ഭൂലോകമടിയനെന്ന്. എങ്കിലും ഇടയ്ക്കിടെ ഞാനതെടുത്തു നോക്കാറുണ്ട്.. ഇനിയും വിട്ടൊഴിയാത്ത അച്ചടിയുടെ പുതുഗന്ധം നുകരാനല്ല; നീ കുളി കഴിഞ്ഞീറനോടെ തലയില്‍ പൊത്താറുള്ള രാസ്നാദിയുടെ ഗന്ധം എന്നെ ഉന്മാദിയാക്കുന്നുണ്ട് ടീ... അപ്പോഴൊക്കെയും ഞാന്‍ മനസ്സില്‍ കാണുന്നത്, വായിച്ചു വായിച്ചു എപ്പോഴോ പുസ്തകത്തില്‍ തലവെച്ചു ഉച്ചയുറക്കത്തിലേക്കൂറി വീഴുന്ന നിന്റെ ചിത്രമാണ്. അങ്ങനെ നിന്റെ നെറുകില്‍ നിന്നും തട്ടി തൂവിയ രാസ്നാദിയാവാം മദഗന്ധമായി എന്നില്‍ നിറയുന്നത്.. ചുവന്ന രോമാഞ്ചങ്ങളെ, നിങ്ങള്‍ക്കു സ്വസ്തി...!!!

ഹാ... അതൊക്കെ വിടൂ....

          പൊതുവേ അലസനായ ഞാന്‍ കഷ്ടപ്പെട്ടു നിനക്കീ മെയില്‍ എഴുതാന്‍ മാത്രമൊരു സംഗതിയുണ്ടായി ഇന്നലെയെന്റെയുറക്കത്തില്‍ . അതു ഫോണില്‍ പറഞ്ഞാല്‍ ഒരു പക്ഷെ നീയെന്നെ പൈങ്കിളിയെന്നു ആക്ഷേപിച്ചാലോ, അതിന്റെ പേരില്‍ ഞാന്‍ നിന്നെ തെറി വിളിച്ചാലോ, അങ്ങനെ പതിവു പോലെ നമ്മള്‍ വഴക്കിട്ടാലോ, വഴക്കു മാറ്റാന്‍ അത്രടം വരെ ഞാന്‍ വരേണ്ടി വന്നാലോ, എന്നിങ്ങനെയുള്ള വേവലാതിയില്‍ സ്വല്‍പ്പം ബുദ്ധിമുട്ടിയേക്കാമെന്നു നിരീച്ചു.

(പിന്നൊരു കാര്യം... നീയിതു ആരോടും പറഞ്ഞേക്കരുത്. പ്രത്യേകിച്ചും ഹരിയോട്... അവനെന്നെ സ്വപ്നജീവിയെന്നു വിളിക്കും.. എനിക്കു നാണക്കേടാ....)

          നിന്റെ മുന്നിലിങ്ങനെ സുതാര്യനായി നില്‍ക്കുന്നത് ഒരു സുഖമാണ്. അതോണ്ട്, അതോണ്ട് മാത്രം പറയുവാ... ചിലപ്പോള്‍ ഈ സംഭവം ഞാന്‍ ആസന്നഭാവിയില്‍ ഒരു കഥയായി എഴുതിയേക്കാം. അന്നു, നിന്റെ സൗഹൃദത്തെ ഏതാനും വെള്ളിക്കാശിനു മാസികമുതലാളിക്ക് വിറ്റുവെന്നു നീ ചിണുങ്ങരുത്. പെണ്ണിന്റെ പതിവു പായാരം പറച്ചിലില്‍ നീയും മിടുക്കിയാ...

          ഞാന്‍ അച്ചടക്കമില്ലാത്തൊരു കഥ പറച്ചിലുകാരനായതു കൊണ്ടു ആദ്യമേ സസ്പെന്‍സ് പൊളിച്ചു നിന്റെ കയ്യില്‍ തന്നേക്കാം. പതിവിനു വിരുദ്ധമായി ഇന്നലെ രാത്രി സൈബര്‍ തെരുവിലെ തെണ്ടിത്തിരിയലും മറ്റു ലഹരിദായക കലാപരിപാടികളുമില്ലാതെ ഞാന്‍ വേഗം ഉറങ്ങിപ്പോയി. ശുനകനിദ്ര, ജന്മശാപമായി കിട്ടിയവനെങ്കിലും തലേ ദിവസത്തെ ഉറക്കമൊഴിച്ച ട്രെയിന്‍ യാത്രയും , വടക്കേ മലബാറിലെ രണ്ടു ദിവസം നീണ്ട സാഹിത്യക്യാമ്പിന്റെ ക്ഷീണവും കൊണ്ടാവണം ഞാന്‍ നിദ്രാഭംഗമില്ലാതെ രാത്രി നീളെയുറങ്ങി. അങ്ങനെ ഉറക്കത്തിന്റെ അര്‍ദ്ധബോധത്തില്‍ നീയൊരു സ്വപ്നമായി ഇടയ്ക്കെപ്പോഴോ ചുവന്ന ജയ്പ്പൂര്‍ പട്ടില്‍ പൊതിഞ്ഞു എന്റെ ഫ്ലാറ്റില്‍ വന്നു കേറി. പലപ്പോഴായി നീയെന്റെ ഫ്ലാറ്റില്‍ വന്നു പോയ വകയില്‍ നിനക്കു സദാചാരപ്പോലീസന്‍മാരുടെ ശ്രമഫലമായി കിട്ടിയ  ഇച്ചിരി ചീത്തപ്പേരും എനിക്കു നഷ്ടമായ കുറെ ഒഴിവു പകലുകളും ഓര്‍ത്തു ഞാന്‍ നെടുവീര്‍പ്പു കൊള്ളാറുണ്ട്. നിന്റെ സ്ഥാനത്തു, കഴിഞ്ഞ വര്‍ഷത്തെ IFFKയില്‍ വെച്ചു നമ്മള്‍ പരിചയപ്പെട്ട ആ വംഗസുന്ദരിയായിരുന്നുവെങ്കില്‍ എന്റെ ശാരീരികതൃഷ്ണകളെങ്കിലും അവളില്‍ പെയ്തൊഴിയാമായിരുന്നു. :-(
[എന്തു ചെയ്യാം.. നിന്നെ പോലെ, സ്വപ്നത്തിനും പണ്ടേ ഔചിത്യബോധമില്ലല്ലോ. വിളിക്കാതെ കൂടി വലിഞ്ഞു കയറിക്കോളും രണ്ടും.
ഹും.. ;-) ]

          വ്യക്തിപരമായ സംഭാഷണങ്ങളുടെ സെന്റിമെന്‍റല്‍ വഴികളൊക്കെ നമ്മള്‍ നേരത്തെ കടന്നു കഴിഞ്ഞതു കൊണ്ടാവാം ഈയിടെയായി നമ്മുടെ വര്‍ത്തമാനങ്ങളില്‍ പുസ്തകചര്‍ച്ചകളും എഴുത്തുകാര്‍ക്കിടയിലെ വര്‍ദ്ധിതപ്രചാരമുള്ള ഗോസിപ്പുകളും, യന്ത്രത്തിന്റെ വിരക്തിയോടെ വന്നടിയുന്നത്. സ്വതവേ സെന്റിമെന്റല്‍ ഇഡിയറ്റുകളായ നമ്മള്‍ പരസ്പരം സങ്കടം പറയാനിരുന്നാല്‍ , ഏതു പകലും പെട്ടെന്നെരിഞ്ഞ് സായാഹ്നദുഃഖത്തിന്റെ ചതുപ്പില്‍ ആണ്ടു പോയേക്കാം. അതിനേക്കാള്‍ എത്രയോ ഭേദമാണ് നമ്മേ തെല്ലും സ്പര്‍ശിക്കാതെ കടന്നു പോകുന്ന ആകാശത്തിലെ കൊള്ളിമീനുകളുടെ അര്‍ത്ഥശൂന്യമായ പരക്കംപാച്ചിലുകളെ പറ്റി ദയാരഹിതമായി, അശ്ലീലച്ചുവയുള്ള തമാശകള്‍ പറഞ്ഞു സാഗരലഹരി പോലെ പതഞ്ഞ് ചിരിച്ചലയടിക്കാന്‍ ... അല്ലെ ടാ..
നീയിപ്പോള്‍ മനസ്സില്‍ പറയുന്നുണ്ടാവും...

"എടാ സൂര്യാ... മുഖവുരകളില്ലാതെ നിനക്കതൊന്ന് പറഞ്ഞു തുലയ്ക്കരുതോ... "

"മ്മ്മ്... ശരി, ഞാന്‍ പറയാം.."

--------------------------------------------------------------------------------------

സ്വപ്നമിങ്ങനെ...
ആറാം നിലയിലെ എന്റെ (നിന്റേയും...) ഫ്ലാറ്റിലെ കുടുസ്സു ബാല്‍ക്കണിയിലിരുന്നു അകലെ പരന്നു കിടക്കുന്ന കടല്‍ ഉച്ചവെയിലില്‍ തളര്‍ന്നു, തിരയടങ്ങിയൊരു നീല മൈതാനമാവുന്നതും നോക്കി നമ്മള്‍ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്നു. നിന്റെ കാശു കൊടുത്ത് നമ്മള്‍ വാങ്ങിയ ആ ആപ്പിള്‍ റെഡ്‌ ലെതര്‍ കുഷ്യനോടു കൂടിയ ഇമ്പോര്‍ട്ടഡ് സോഫാ സെറ്റിയില്‍ അര്‍ദ്ധപത്മാസനത്തില്‍ നിന്നും വജ്രാസനത്തിലേക്കും, കാലുകള്‍ മടക്കി പുറകോട്ടാഞ്ഞു മത്സ്യാസനത്തിലും, പിന്നെ നിന്റെ മടിയില്‍ തല വെച്ചൊരു ശവാസനത്തിലേക്കും, അങ്ങനെയങ്ങനെ നമ്മള്‍ രൂപപരിണാമം പ്രാപിച്ചു കൊണ്ടിരുന്നു . തൊട്ടും തലോടിയും മുടിയിഴകളിലൂടെ വാത്സല്യം വിരലോടിച്ചും നീയെനിക്കു സ്വാന്തനമാവുകയായിരുന്നു. ഞാനോ, നിനക്കു ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത നിന്റെ വലിയ സ്വപ്നമായ മാതൃത്വത്തിന്റെ ശൂന്യനിലം നിറയ്ക്കാന്‍ മടിയിലേക്ക് ഒരു കുഞ്ഞിനോളം ചെറുതായി കൊണ്ടിരുന്നു. പാതിവ്രത്യത്തിന്റെ ശക്തിയാല്‍ ത്രിമൂര്‍ത്തികളെ കുഞ്ഞുങ്ങളാക്കി മുലയൂട്ടിയ അനസൂയയെ പോലെ, വല്ലാത്ത ജാലവിദ്യക്കാരിയുടെ കയ്യടക്കമുണ്ടായിരുന്നു നിനക്കതിന്. നീയെന്റെ ചെവിയില്‍ മൂളി...
"ഗസല്‍ ... "
അകത്ത്, ജഗ്ജീത്‌ ഏതോ ശോകാന്തരാഗത്തില്‍ പാടുന്നുണ്ടായിരുന്നു അപ്പോഴും ....

          "ഘടികാരസൂചി തൻ പിടിയിൽ നിൽക്കുന്നീല കാലം" എന്നെഴുതിയ കവിയുടെ വാക്കുകളോടു കൂറു കാട്ടി കൊണ്ട് സൂര്യന്‍ പടിഞ്ഞാറു ചായുകയും അങ്ങനെ നമ്മളിരുന്നിടം ചൂടു പിടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ നഗരത്തിരക്കിലേക്കിറങ്ങാമെന്ന് നീ പറഞ്ഞു. ബാല്‍ക്കണിയുടെ പടുതകള്‍ താഴ്ത്തി, ഫ്ലാറ്റ് പൂട്ടിയിറങ്ങും വഴി ആളൊഴിഞ്ഞ ലിഫ്റ്റില്‍ ഏതോ വിചാരഗതിയുടെ പ്രേരണയാലെ ഞാന്‍ നിന്റെ അരയില്‍ കൈച്ചുറ്റിയെന്റെ ദേഹത്തോടടുപ്പിച്ചപ്പോഴേക്കും നമ്മള്‍ ഗ്രൗണ്ട് ഫ്ലോര്‍ എത്തിയിരുന്നു. എന്റെ കവിള്‍ കടിച്ചു വേദനിപ്പിച്ചു നീ കുസൃതിച്ചിരിയില്‍ ലിഫ്റ്റ്‌ തുറന്നു പുറത്തേക്ക് കടന്ന് പട്ടുചേലയുലഞ്ഞോയെന്നു പരിശോധിക്കുന്നതും നോക്കി താടി തടവി ഞാന്‍ ശൂന്യബോധത്തില്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്കു നടന്നു.

[" ഹോ... ഹെന്തൊരു കടിയാടിയിത്.. ഹരിയെങ്ങനെ സഹിക്കുന്നു നിന്നെ..??"]

(ഈ സീനിനെ കുറിച്ച് ബൈബിളിലെ 'സ്വപ്നവ്യാഖ്യാനങ്ങളുടെ രാജകുമാര'നായ ജോസപ്പിനോടു ചോദിച്ചാല്‍ എനിക്കു കിട്ടിയേക്കാവുന്ന ഉത്തരം ഇങ്ങനെയാവും...

"ആറാം നിലയിലെ ഫ്ലാറ്റില്‍ നിന്നും താഴേക്കു വരുന്ന ലിഫ്റ്റ്‌...,... അപ്പോള്‍ ആറു വര്‍ഷത്തിനുള്ളില്‍ വരാനിരിക്കുന്ന ഒരു നിഷ്കളങ്കപ്രണയവും അതെ തുടര്‍ന്നുള്ള വിരഹവേദനയുമാവാമിത് സൂചിപ്പിക്കുന്നത് " യെന്ന്...

ഇതു തന്നെ 'സ്വപ്നവ്യാഖ്യാനങ്ങളുടെ ബൈബിള്‍ ' എഴുതിയ ഫ്രോയിഡിനോടു ചോദിച്ചാല്‍ അയാള്‍ പറഞ്ഞേക്കും...
"നിന്റെ ഉപബോധമനസ്സ് അവളില്‍ നിന്നും പ്രതീക്ഷിക്കുന്ന കാമമാണ് ഈ കടിയില്‍ നിന്നും വ്യക്തമാവുന്നത് " യെന്ന്... )

നിന്റെ മറുപടിയെനിക്കൂഹിക്കാവുന്നതേയുള്ളൂ...

"ശാസ്ത്രമോ മനുഷ്യനോ വിശ്വാസമോ ജയിക്കുന്നതെന്നു നമുക്ക് നോക്കിയിരിക്കാം ടാ സൂര്യാ... എന്നിട്ട് ജയിച്ച പക്ഷത്തു നിന്ന് തോറ്റ വ്യാഖ്യാനത്തെ നോക്കി നമുക്ക് ആര്‍ത്തു ചിരിക്കാം.. എന്തു തന്നെയായാലും നമ്മള്‍ തോല്‍ക്കാന്‍ മനസ്സില്ലാത്തവരല്ലേ ടാ... നമുക്ക് ഒരുമിച്ചു ജയിക്കണം എന്തിനേയും.."

--------------------------------------------------------------------------------------

          ഷാരോണിലെ കോലാട്ടിന്‍ പറ്റങ്ങളെ പോലെ തെരുവിലൂടെ മേഞ്ഞു നീങ്ങിയ വെള്ളയും പച്ചയും യൂണിഫോമുകള്‍ക്കിടയില്‍ നിന്നും പച്ച റിബണ്‍ കൊണ്ട് തൈത്തെങ്ങിന്റെ മാതിരി മുടിയുയര്‍ത്തി കെട്ടിയ, തുടുത്ത മുഖമുള്ള കുഞ്ഞുപാവാടക്കാരിയെ ചൂണ്ടി നീ മെല്ലെ പറഞ്ഞു.
"ഇവളെ പോലാണെന്റെ ദയ, എന്റെ മാനസപുത്രി."

അനന്തരം നീ തോളില്‍ തലചായ്ച്ചു തേങ്ങിയെന്റെ കോട്ടന്‍കുപ്പായം നനച്ചു..
["ദുഷ്ടപാപി.. എന്റെ വാന്‍ഹ്യൂസന്‍ പൊറുക്കില്ല നിന്നോട് ..."  :-) ]

          നമ്മുടെ സ്വന്തം തീന്‍ മേശയായ "നൗഷാദ് ഭായിയുടെ മാസ്റ്റര്‍ ഷെഫില്‍ " പോയി നിന്റെ ഫേവറൈറ്റ് സ്പഗട്ടി നെപ്പോളിറ്റനും എന്റെ സ്ഥിരം ബ്രാന്‍ഡ്‌ എക്ക്സ്പ്രസോയും കഴിച്ചു കൊണ്ടിരിക്കേ, അതു കഴിഞ്ഞു നിന്നെ തീവണ്ടിയാപ്പീസില്‍ ഇറക്കി വിടുന്നതിനും മുന്‍പേ, ഞാന്‍ ഉറക്കമുണര്‍ന്നിരുന്നു. സ്വപ്നത്തിന്റെ ദയാരാഹിത്യത്തെ കുറിച്ച് ഞാന്‍ എപ്പോഴും പറയാറുള്ളത് നീയോര്‍ക്കുന്നില്ലേ ടീ...

--------------------------------------------------------------------------------------

          എടീ.. ഞാനിതൊക്കെ ഇത്രയും വിസ്തരിച്ചതെന്തിനെന്നോ..?? ഇനിയാണ് എനിക്കു നിന്റെ ഉപദേശം വേണ്ടത്... ഇതൊരു കഥയുടെ ഫോര്‍മാറ്റിലേക്കു കൊള്ളിക്കുമ്പോള്‍ വായനക്കാരനെ രസിപ്പിക്കാന്‍ കഥയെ ഏതു രീതിയില്‍ മുന്നോട്ടു കൊണ്ടു പോണം നമുക്ക്...??

ഞാന്‍ ചില സാധ്യതകളങ്ങ് പറയാം...
ഒന്നുകില്‍ കഥയിലെ നായകന്‍ നായികയെ യാത്രയയച്ചു ഫ്ലാറ്റില്‍ മടങ്ങിയെത്തും നേരം ടി.വിയിലൊരു ഫ്ലാഷ് ന്യൂസ് കാണുന്നു.. അവള്‍ കയറിയിരുന്ന തീവണ്ടി പാളം തെറ്റിയേതെങ്കിലും കായലിലേക്ക് മറിഞ്ഞെന്നു. ഒരുപാടുപയോഗിച്ചു ക്ലീഷേയായതെങ്കിലും അങ്ങനെയൊരു ക്ലൈമാക്സ്‌ കൊണ്ട് നമുക്ക് വായനക്കാരന്റെ മൃദുലഹൃദയത്തെ കുത്തി നോവിച്ചു രസിക്കാം ..

മറ്റൊന്ന്...
അവര്‍ കാറില്‍ പോകുംവഴിയോരപകടം.. ടമാര്‍ പടാര്‍ !!!
അവള്‍ മരിക്കുകയും അവന്‍ നാടകീയമായി രക്ഷപ്പെടുകയും മരിച്ചവളുടെ ശവകുടീരത്തില്‍ ഏതെങ്കിലും ഓര്‍മ്മദിവസം പൂക്കളര്‍പ്പിക്കാന്‍ ഊന്നുവടിയില്‍ ഞൊണ്ടി ഞൊണ്ടി നായകന്‍ പോകുമ്പോള്‍ ഫ്ലാഷ്ബാക്ക് സങ്കേതത്തിലൂടെ നമുക്ക് കഥ പറയാം.

അതല്ലെങ്കില്‍ ...
വീടെത്താന്‍ വൈകിയ നായികയെ ഇരുട്ടിന്റെ മറവില്‍ ആരൊക്കെയോ ചേര്‍ന്നു ബലാത്സംഗം ചെയ്തുവെന്നു എഴുതി വെയ്ക്കാം.. അവിടെ സ്ത്രീമനസ്സ് ഇളക്കി മറയ്ക്കാം നമുക്ക്...

ഇനിയുള്ള സാധ്യത...
കഥയിലെ ഇത്തരം അതിസങ്കീര്‍ണതകള്‍ ഒഴിവാക്കി നമുക്ക് അവരു തമ്മിലൊരു അവിഹിതബന്ധം അങ്ങട്ട് ചാര്‍ത്തി കൊടുക്കാം. ഫ്ലാറ്റില്‍ വെച്ചുള്ള സെക്സ് സീക്വന്‍സുകള്‍ കൂടി ചേര്‍ത്ത് വായനക്കാരനെ ഇക്കിളിപ്പെടുത്താം.. സദാചാരക്കാരെ വിറളി പിടിപ്പിക്കാം... ഹോ.. ഹെന്തൊരു ഉള്‍പ്പുളകം....

എത്രയും പെട്ടെന്നു നീ മറുപടിയയയ്ക്കണം. വാര്‍ഷികപ്പതിപ്പിലേക്ക് എന്തെങ്കിലും വേണമത്രേ നമ്മട എഡിറ്റര്‍ക്ക്... അയാളിന്നലേം മെയില്‍ ചെയ്തിരുന്നു. നീ നമ്മുടെ കഥയ്ക്ക് നല്ലൊരു ക്ലൈമാക്സും കണ്ടെത്തി അയയ്ക്കൂ ട്ടോ ...
[ ഇവിടെ സ്വാഭാവികമായും വരേണ്ട സോപ്പിംഗ് ഡയലോഗ്സ് നീ ഭാവനയില്‍ പൂരിപ്പിക്കൂ.. അര്‍ത്ഥശൂന്യമായ പഞ്ചാര വാക്കുകള്‍ പറയാന്‍ തത്കാലം എനിക്കു ത്രാണിയില്ല... ] നിര്‍ത്തുവാടീ.... നൂറ് ഉമ്മാസ്‌.....,....


സ്നേഹപൂര്‍വ്വം

നിന്റെ മാത്രം സൂര്യന്‍


23/02/2012

[പോസ്റ്റര്‍ ഡിസൈന്‍ : സുജിത്ത് പുത്തലത്ത് ]