ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

കൂട്ടരേ.. ഒന്ന് ലൈക്കീട്ടു പോകൂ...

Monday, June 6, 2011

പൊട്ടന്‍ തെയ്യം

          പണ്ടൊരിക്കല്‍ മലനാടിലുള്ളൊരു പുലയചെറുക്കനോട് വഴിമാറാന്‍ കല്‍പ്പിച്ച തമ്പ്രാനെ ചോദ്യം ചെയ്തതിനു, ആ പാവത്തിനെ തമ്പ്രാന്‍റെ ശിങ്കിടികള്‍ ചേര്‍ന്ന് തീയിലിട്ടു ചുട്ടു കൊന്നുവെന്നൊരു തെയ്യം കഥയുണ്ട്. പക്ഷെ അതിനേക്കാള്‍ ശ്രദ്ധേയമായ കഥ മറ്റൊന്നാണ്.


          ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠത്തിലേക്കുള്ള യാത്രാമദ്ധ്യേ ഒരു പുലയനും, അവന്‍റെ പെണ്ണും, നായയും എതിരെ വരുന്നത് കണ്ടു. കീഴാളര്‍ സവര്‍ണര്‍ക്ക് വഴിമാറണമെന്ന അന്നത്തെ നാട്ടുനടപ്പനുസരിച്ച് ശങ്കരാചാര്യര്‍ അയിത്ത ഭയത്താല്‍ പുലയനോട് വഴിമാറാന്‍ ആവശ്യപ്പെട്ടു. അതിന്‍റെ മറുപടിയായി പുലയന്‍ ചെന്തമിഴ് കലര്‍പ്പില്‍ മൊഴിഞ്ഞു -
"നിങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ,
നാങ്കള കൊത്ത്യാലും ചോരേല്ലെ ചൊവ്വറെ,
പിന്നെന്ത് ചൊവ്വറു പിശക്ന്ന്,
തീണ്ടിക്കൊണ്ടല്ലേ കുലം പിശ്ക്ന്ന്..." 

എല്ലാവരും ഒന്നാണെന്ന അദ്വൈതസന്ദേശം പുലയന്‍റെ വാക്കുകളില്‍ നിന്നും ഗ്രഹിച്ച ശങ്കരാചാര്യര്‍ പുലയനോട് മാപ്പുപറഞ്ഞെന്നും, അടുത്ത നിമിഷത്തില്‍ പുലയകുടുംബമായി എതിരെ വന്നവര്‍ സാക്ഷാല്‍ ശിവപാര്‍വതിനന്ദികേശന്മാരായി  മാറി, ശങ്കരനു ദര്‍ശനം നല്‍കി അനുഗ്രഹിച്ചുവെന്നുമാണ് കഥ.


          ഈ രണ്ടു കഥകളാണ് ഇന്ന് മലബാറിലെ കാവുകളില്‍ കെട്ടിയാടുന്ന പൊട്ടന്‍ തെയ്യത്തിന്‍റെ ആധാരം. ഒരു കാലത്തിന്‍റെ ജാതിവ്യവസ്ഥയെയും അയിത്താചാരങ്ങളെയും പരിഹാസമുനകളാല്‍ എതിരിടാനാവും പൊട്ടന്‍ തെയ്യം രൂപപ്പെട്ടത്. അക്കാലത്തെ ജീര്‍ണിച്ച വ്യവസ്ഥിതിയെ ചോദ്യം ചെയ്യാന്‍ ഒരു പൊട്ടന്‍റെ മുഖംമൂടിയണിയുന്നതാകും നല്ലതെന്നു തോന്നിയിരിക്കണം. ഇന്നും നമ്മുടെ മനസ്സുകളില്‍ പതിയിരിക്കുന്ന വര്‍ണ്ണവിവേചനങ്ങളെ കുറിച്ചോര്‍മ്മപ്പെടുത്താന്‍ ഈ പൊട്ടന്‍കളിയില്‍ വെളിപ്പെടുന്ന സത്യങ്ങള്‍ക്കാവുന്നുണ്ട്.


          അല്‍പ്പം വിമര്‍ശനബുദ്ധിയോടെ ശങ്കരാചാര്യരുടെ കഥയെ കീറി മുറിച്ചപ്പോള്‍ എന്നില്‍ വന്ന സന്ദേഹം, ഒരു പുലയനെ ശങ്കരാചാര്യര്‍ വണങ്ങിയെന്ന സത്യത്തെ അംഗീകരിക്കാന്‍ കഴിയാത്ത വരേണ്യവര്‍ഗ്ഗത്തിന്‍റെ കുത്സിത ബുദ്ധിയില്‍ മാറി മറിഞ്ഞ കഥയില്‍ ശിവപാര്‍വതിമാര്‍ കഥാപാത്രമായി രംഗപ്രവേശം ചെയ്തതുമാകാമെന്നതാണ്. മറ്റൊരു നിഗമനം പുലയചെറുക്കനെ ചുട്ടെരിച്ച കഥ പൊട്ടന്‍ തെയ്യത്തോടൊപ്പം പ്രചരിക്കാതിരിക്കാന്‍ വേണ്ടി ശങ്കരാചാര്യരുടെ താരത്തിളക്കം കടംകൊണ്ട് ഒരു കഥ മെനഞ്ഞതുമാകാം. ഇങ്ങനെ വിചാരപ്പെടാന്‍ വഴിയായത് ശങ്കരാചാര്യനുമായി ബന്ധപ്പെട്ട ഈ കഥ ഉത്തരേന്ത്യയില്‍ മറ്റൊരു രീതിയിലാണ് പ്രചരിക്കുന്നതെന്നറിഞ്ഞപ്പോഴാണ്. എല്ലാ സന്ദേഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമപ്പുറമാണ് കലയുടെ തലമെന്നു ഞാനും മനസ്സിലാക്കുന്നു. അതു കൊണ്ടു എല്ലാം മറന്നു ഞാന്‍ തെയ്യത്തില്‍ ലയിക്കുന്നു.


          കാവധികാരിയുടെ പക്കല്‍ നിന്നും അടയാളം വാങ്ങി തെയ്യത്തിന്‍റെ തിയ്യതി കുറിക്കുന്നതോടെ തുടങ്ങുന്ന വൃതാചാരങ്ങള്‍, കാവില്‍ കൊടിയിറങ്ങും നാള്‍ വരെ നിഷ്കര്‍ഷയോടെ ഭക്തിപൂര്‍വം പാലിക്കപ്പെടുന്നു. തോറ്റംപാട്ടില്‍ ചുരുളഴിയുന്ന തെയ്യത്തിന്‍റെ ചരിത്രവസ്തുതകളില്‍ അന്നത്തെ സാമൂഹികവൈകല്യങ്ങളെ താളത്തില്‍ സമന്യയിപ്പിച്ചിരിക്കുന്നു.


          പാളയില്‍ വരച്ചു ചേര്‍ത്ത മുഖംമൂടിയിലും കുരുത്തോലച്ചമയങ്ങളിലും ദൈവസങ്കല്‍പ്പം പകര്‍ന്നാടുമ്പോള്‍ ഭക്തിപാരവശ്യത്താല്‍ സര്‍വ്വരും അഞ്ജലിബദ്ധരാവുന്നു. കൈയ്യില്‍ കരുതുന്ന പച്ചോലകീറുകള്‍ ചേര്‍ത്തു കെട്ടിയ മുളന്തണ്ടു കൊണ്ടു ചുറ്റിലും തെളിയുന്ന അഗ്നിഗോളങ്ങളെ തട്ടിത്തെറിപ്പിച്ചും, ആകാശത്തോളം ഉയരുന്ന തീപൊരികള്‍ക്ക് നടുവില്‍ ചുവടു വെച്ചും തെയ്യകോലം രൗദ്രഭാവത്തിലെത്തുന്നു.


          ആള്‍പൊക്കത്തില്‍ ഉയരുന്ന മേലെരി തീയിലേക്കെടുത്തു ചാടിയും അവയ്ക്കു മീതെ കിടന്നും, പിടിച്ചു മാറ്റാന്‍ വരുന്നവരോട് എരിതീയില്‍ കുളിരുന്നുവെന്നു പറഞ്ഞും പൊട്ടന്‍ തെയ്യം ആര്‍ത്തു ചിരിക്കുന്നു. ആ ചിരികളില്‍ മുഴങ്ങുന്ന പ്രാക് രൂപ ശകലങ്ങളെ ചേര്‍ത്തു വായിക്കാനാകാതെ കുഴങ്ങി നിന്നവര്‍ ഈ ദൈവത്തെ പൊട്ടനെന്നു വിളിച്ചു.


രാവഴിഞ്ഞേതോ ഭൂതാവേശത്തിന്‍റെ ലഹരികള്‍ വിട്ടോഴിയുമ്പോള്‍ തളര്‍ന്നു വീണു തീരുന്നു ഈ പൊട്ടനും. മറ്റൊരു കാവില്‍ വീണ്ടും ദൈവത്തിന്‍റെ രൂപമായ്‌ ആടിത്തിമിര്‍ക്കാനുള്ള കാത്തിരിപ്പുമായി തെയ്യംകലാകാരന്‍ അരങ്ങൊഴിയുമ്പോഴും കാണികളുടെ മനസ്സില്‍ തെളിയുന്നത് ഇരുട്ടിന്‍റെ ഓരങ്ങളില്‍ പാറുന്ന തീത്തുമ്പികളും കനല്‍കണ്ണെരിയുന്ന മേലേരിയുമാകും.

12/04/2011

28 comments:

 1. നന്നായിട്ടുണ്ട്.. ഒരുപാട് പുതിയ അറിവുകൾ നൽകുന്ന പോസ്റ്റ്

  ReplyDelete
 2. വളരെ വിജ്ഞാനം വിളമ്പുന്ന പോസ്റ്റ്‌. തെയ്യം അനുഷ്ട്ടാനതിനെപ്പറ്റി കുറച്ചെങ്കിലും അറിയാന്‍ ആയി. ആശംസകള്‍.

  ReplyDelete
 3. നല്ല വിവരണം..പുതിയ വിജ്ഞാനവും..ആശംസകള്‍..

  ReplyDelete
 4. ക്ലാസ്സില്‍ പഠിപ്പിച്ച പാഠമാണ് എനിക്കൊര്‍മവന്നത്
  നന്നായിട്ടുണ്ട് സന്ദീപ്‌ചേട്ടാ
  ഇനിയുമെഴുതു ആശംസകള്‍
  - മഞ്ഞുതുള്ളി

  ReplyDelete
 5. തെയ്യത്തെ കുറിച്ച് ഒന്നും തന്നെ അറിയില്ലായിരുന്നു. ഇപ്പൊ കുറച്ചൊക്കെ അറിയാം. പോസ്റ്റിലൂടെ പകര്‍ന്നു തന്ന അറിവുകള്‍ക്ക് വളരെയധികം നന്ദി...
  എഴുത്ത് തുടരട്ടെ :)

  ആശംസകളോടെ
  http://jenithakavisheshangal.blogspot.com/

  ReplyDelete
 6. തെയ്യം എന്ന് കേട്ടിട്ടുണ്ടായിരുന്നു. ഇപ്പോൾ ചിലതെല്ലാം മനസ്സിലായി.

  ReplyDelete
 7. കുറച്ചു വര്ഷം മുന്‍പ് പയ്യന്നൂരില്‍ വെച്ച് കുറെ തെയ്യം കണ്ടിട്ടുണ്ട്... ഓര്‍മ്മിപ്പിച്ചതിനു നന്ദി.

  ReplyDelete
 8. അറിവുനല്കുന്ന പോസ്റ്റിനു ആശംസകള്‍...

  ReplyDelete
 9. നാട്ടില്‍ ഉത്സവം നടക്കുമ്പോള്‍ തെയ്യം കണ്ടിട്ടുണ്ടെങ്കിലും ഒന്നും അറിയില്ലായിരുന്നു. ഇപ്പോഴും കാര്യമായി ഒന്നും അറിയില്ല. ഈ പോസ്റ്റ്‌ വായിച്ചപ്പോ കുറെ ഒക്കെ മനസ്സിലായി

  ReplyDelete
 10. ബ്രാഹ്മണമേധാവിത്വത്തിനെതിരെ ശബ്ദമുയര്‍ത്തിയ അടിമയാണ്` അലങ്കാരന്‍. കാണരുതാത്തത് കാണുകയും കേള്ക്ക്രുതാത്തത് കേള്‍ക്കുകയും ചെയ്തകുറ്റത്തിന് അലങ്കാരന്റെ കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെടുകയും ചെവി മുറിച്ച്നീക്കപ്പെടുകയും ചെയ്തു. അറിവ് നേടിയതിനും കണ്ടതും കേട്ടതുമായ സത്യങ്ങള്‍ ഉറക്കെ വിളിച്ചു പറഞ്ഞതിനും വരേണ്യ വര്‍ഗ്ഗം അലങ്കാരനു സമ്മാനിച്ച പരിഹാസനാമമാണ് ‘പൊട്ടന്‍‘. ത്രികാലജ്ജ്നാനിയായ പൊട്ടന്റെ മന്ത്രസിദ്ധികള്‍ അവനെ മാനായും നരിയായും രുപാന്തരം ചെയ്യിച്ചു.

  ReplyDelete
 11. ശങ്കരാചാര്യരുടെ കഥ ഞാന്‍ കേട്ടിട്ടുള്ളത് വേറൊരു രീതിയിലാണ്...
  വഴി മാറാന്‍ പറഞ്ഞപ്പോള്‍ ശങ്കരാചാര്യരോട് പുലയന്‍ ചോദിക്കുകയാണ്...
  "ഞാന്‍ ആണോ അതോ എന്റെ ആത്മാവ് ആണോ വഴി മാരിതരേണ്ടത് ?"
  ഈ ചോദ്യം മൂപ്പരുടെ കണ്ണ് തുറപ്പിച്ചുവത്രേ...

  തെയ്യം കണ്ടിട്ടില്ല; പലതും. പോസ്റ്റ്‌ നന്നായി സന്ദീപ്‌...

  ReplyDelete
 12. വളരെ ലളിതമായി ചരിത്രപരമായ ഒരു അറിവിനെ പകര്‍ന്നു തന്നു നന്ദി അയ്യര്‍

  ReplyDelete
 13. അയ്യോ ഇവിടെ എത്താൻ താമസിച്ചുട്ടോ..ഒരസ്സലു തെയ്യക്കാഴ്ച ഒരുക്കി വച്ചിട്ടുണ്ടെന്നറിഞ്ഞില്യാ...ഇനി വന്നോളാം..നന്നായി ട്ടോ..ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നു...ശങ്കരാചാര്യരോട് ബന്ധപ്പെടുത്തിയുള്ളത് പുതിയ അറിവാണ്

  ReplyDelete
 14. തെയ്യം കണ്ടിട്ടില്ല...ഞങ്ങളുടെ നാട്ടില്‍ ഒന്നും അതില്ലാത്തത് കൊണ്ട് തന്നെ..വായിച്ചുള്ള അറിവേ ഉള്ളു.. . ആ കൂട്ടത്തില്‍ പുതിയ ചില അറിവുകള്‍ കൂടി...

  പോസ്റ്റ്‌ നന്നായി.

  ReplyDelete
 15. കേരളത്തിലെ അടിസ്ഥാന വര്‍ഗ സമൂഹത്തിന്റെ വേദനകളാണ് തെയ്യം ,കണ്ണ്യാര്‍ കളി(ദേശത്തു കളി ) ,കാക്കാരിശ്ശി നാടകം ,പടയണി ,മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങളുടെ ഉല്‍പ്പത്തി ചരിത്രം വിളിച്ചു പറയുന്നത് ..പണ്ട് നിലനിന്നിരുന്ന വരേണ്യ വര്‍ഗ്ഗാധിഷ്ടിതമായ സാമൂഹിക വ്യവസ്ഥ യുടെ ഉല്‍പ്പന്നങ്ങളായ കലകളും ചരിത്രവും മറ്റും അവസ്ഥകള്‍ അനുസരിച്ച് വളച്ചൊടി ക്കപ്പെടുകയോ മാര്‍ഗ ഭ്രംശത്തിന് വിധേയമാവുകയോ ചെയ്തിട്ടുണ്ട് .ഒരു വേള രാമായണം ..രാമാ രാവണ യുദ്ധം ,പത്തു തലയുള്ള രാവണന്‍ (ദ്രാവിഡ രാജാവായിരുന്നു രാവണന്‍ എന്നും ആര്യ വംശ കുലോത്തമന്‍ ആയിരുന്നു രാമന്‍ എന്നതും ഓര്‍മിക്കുക ) തുടങ്ങിയ സൃഷ്ടികളും അന്നത്തെ സമൂഹം മെനഞ്ഞ കഥകള്‍ അല്ലെന്നു തീര്‍ത്ത്‌ പറഞ്ഞു കൂടാ .
  പൊട്ടന്‍ തെയ്യത്തിന്റെ ഉല്‍പ്പത്തിയും ശങ്കരാചാര്യ കഥയും തമ്മില്‍ ഇങ്ങനെ ഒരു വച്ച് മാറലിന് സാധ്യതയുണ്ട് ..എന്തായാലും ഇത്തരം വിഷയങ്ങള്‍ കൂടുതല്‍ അറിയാന്‍ ഇതുപോലുള്ള ബ്ലോഗുകള്‍ ഉപകരിക്കും .മുന്‍പ് കതിരനൂര്‍ വീരനെ കുറിച്ച് സന്ദീപ്‌ എഴുതിയതായി ഓര്‍ക്കുന്നു .

  ReplyDelete
 16. തെയ്യത്തെ കുറിച്ച് വായിച്ചുള്ള അറിവുകള്‍ മാത്രം , അതും കുറച്ച്... ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല.... നല്ല പോസ്റ്റ്‌ സന്ദീപ്‌...

  ReplyDelete
 17. @ കിങ്ങിണിക്കുട്ടി.. നന്ദി അഞ്ജു.. ഈ പ്രഥമസന്ദര്‍ശനത്തിന്..

  @ SHANAVAS.. തെയ്യത്തോടുള്ള എന്‍റെ താല്പര്യം കൊണ്ട് ഞാന്‍ അന്വേഷിച്ചറിഞ്ഞ വസ്തുതകള്‍ ഇവിടെ പറഞ്ഞുവെന്നേയുള്ളൂ.. എന്‍റെ അറിവ് പരിമിതമാണ്..

  @ Jefu Jailaf.. നന്ദി ജെഫു..

  @ ponmalakkaran | പൊന്മളക്കാരന്‍.. ഈ തെയ്യത്തിന്റെ പേര് കേട്ടിട്ടേയുള്ളൂ.. കൂടുതലായി ഒന്നും അറിയില്ലാ.. ഞാന്‍ അന്വേഷിക്കുന്നു..

  @ അഞ്ജലി അനില്‍കുമാര്‍.. സ്കൂളില്‍ ഞാനൊരു outstanding student (അതായത് എന്നും പഠിക്കാതെ ക്ലാസില്‍നിന്ന്‌ പുറത്തു നില്‍ക്കേണ്ടി വരുന്ന കുട്ടി) ആയിരുന്നത് കൊണ്ട് മുന്‍പ് പഠിച്ചതായി ഓര്‍ക്കുന്നില്ല അഞ്ജലികുട്ടി.. :)

  @ Jenith Kachappilly.. നന്ദി ജെനിത്‌.. ഇവിടെ പൊട്ടന്‍ തെയ്യം പൂര്‍ണമല്ല.. ഞാനതിന്റെ ഒരു outline മാത്രം കൊടുക്കാന്‍ ശ്രമിച്ചിട്ടുള്ളൂ..

  @ വാല്യക്കാരന്‍.. :)

  @ sm sadique.. നന്ദി ഇക്കാ.. ഇവിടെ വന്നതും വായിച്ചു അഭിപ്രായം പറഞ്ഞതും സന്തോഷം... ഇക്കയ്ക്ക് സുഖം തന്നെയോ..

  @ ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur.. ഡോക്ടറോട് എനിക്ക് പെരുത്ത്‌ അസൂയയാണ്.. ഞാനിനിയും തെയ്യം നേരില്‍ കണ്ടിട്ടില്ലാ.. വ്യസനപൂര്‍വം പറയട്ടെ..

  @ ഷമീര്‍ തളിക്കുളം.. നന്ദി ഷമീര്‍.. സന്തോഷം..

  @ hafeez.. നിങ്ങള്‍ നാട്ടില്‍ തെയ്യം നേരില്‍ കണ്ടിട്ടുണ്ടല്ലോ.. മലബാറില്‍ ജനിക്കാതെ പോയതില്‍ തെല്ല് നിരാശ..

  @ Reji Puthenpurackal.. റെജിചേട്ടാ.. അലങ്കാരന്റെ കഥ ഞാനും കേട്ടിട്ടുണ്ട്.. അത് ചേട്ടന്‍ ഇവിടെ പറഞ്ഞതില്‍ സന്തോഷം... വിസ്താരഭയം കൊണ്ട് ഞാന്‍ കുറഞ്ഞ വാക്കുകളില്‍ പറഞ്ഞോതുക്കിയതാണ്.. നന്ദി..

  @ മഹേഷ്‌ വിജയന്‍.. ഇതൊക്കെയും നാടോടികഥകള്‍ അല്ലെ മഹേഷ്‌.. ഞാനും ഈ കഥയുടെ വകഭേദങ്ങള്‍ ദേശാന്തരങ്ങളില്‍ വ്യത്യസ്തമായി കണ്ടിട്ടിണ്ട്.. ഇവിടെ കുറിച്ചിരിക്കുന്നത് തോറ്റം പാട്ടില്‍ പറഞ്ഞിരിക്കുന്ന തെയ്യം കഥയാണ്‌.. നന്ദി

  @ കൊമ്പന്‍.. നന്ദി സുഹൃത്തേ..

  @ സീത*.. ഇവിടെ വന്നതിനും വായിച്ചതിനും ചേച്ചിയോട് നന്ദി പറയട്ടെ.. എന്നും വ്യത്യസ്തമായ കഥകള്‍ കൊണ്ട് വായനക്കാരനെ വിസ്മയിപ്പിക്കുന്ന ചേച്ചിക്ക്‌ ഈ അനിയന്‍റെ സ്നേഹപ്രണാമം..

  @ Villagemaan.. വായിച്ചറിവും വീഡിയോ കണ്ടിട്ടുമുള്ള അറിവേയുള്ളൂ എനിക്കും.. അതിവിടെ നിങ്ങള്ക്ക് പകരാന്‍ കഴിഞ്ഞതില്‍ സന്തോഷമുള്ളൂ..

  @ രമേശ്‌ അരൂര്‍.. രമേശേട്ടന്‍ എന്‍റെ സന്ദേഹങ്ങള്‍ക്ക് ഉത്തരമേകി.. എഴുതപെട്ട ചരിത്രങ്ങള്‍ പോലും വിശ്വാസയോഗ്യമല്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. എവിടെയും പുനര്‍വായനയും പൊളിച്ചെഴുത്തും കാലാനുസരണം ആവശ്യമാണ് എന്നാണു എന്‍റെ അഭിപ്രായം.. നന്ദി ഈ വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്..

  @ Lipi Ranju.. ലിപി ചേച്ചീ.. സന്തോഷം, ഈ വരവിനും അഭിപ്രായങ്ങള്‍ക്കും..

  ഈ ദൈവത്തിന്‍റെ കഥ വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും പറയാതെ പോയവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നു..

  എന്ന് സ്വന്തം..

  ReplyDelete
 18. തെയ്യങ്ങൾ ഞങ്ങളുടെ നാട്ടിൽ(തൃശ്ശൂരിൽ)ഇല്ല.ഇന്ന് മിക്ക പൂരങ്ങളിൽ ഒരു അരങ്ങിനായി ഉണ്ടെങ്കിലും,അതിന്റെ രീതിയിൽ അവതരിക്ക പ്പെടുന്നില്ല.വടക്കൻ കേരളത്തിന്റെ മണ്ണിനോട് അലിഞ്ഞ് ചേർന്ന കലയായത് കൊണ്ട് ഞങ്ങൾ മദ്ധ്യകേരളക്കാർക്ക് തെയ്യവും ചരിത്രവും എന്നും കൌതുകമാണ്.
  താംകളൂടെ ഈ സൃഷ്ടിയിൽ എനിക്ക് അളവറ്റ ആഹ്ലാദം തോന്നുന്നു.

  ReplyDelete
 19. ജാതിയുടെ വേരുകള്‍ ഒരിക്കലും പിഴുതെറിയാന്‍ പറ്റാത്തവിധം ഇന്ത്യന്‍ സമൂഹത്തില്‍ പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു.

  ReplyDelete
 20. സന്ദീപ്‌ ഏട്ടാ, എന്റെ ഇല്ലം അതിയടം പരിപ്പായി ഇല്ലം ആണ്(പഴയങ്ങാടി),

  എന്റെ ഇല്ലത്തിന്റെ കുല ദൈവം ആണ് പൊട്ടന്‍ തെയ്യം. . ഇനി കാണുമ്പോള്‍ ശ്രദ്ധിചു നോക്കു. . പരിപ്പായി ചോറെ ഏന് നീട്ടി വിളിക്കുന്നത്‌ കേള്‍ക്കാം. . . . .
  നല്ല ഒരു പോസ്റ്റ്‌ ആയി. . .

  ReplyDelete
  Replies
  1. എഴോക്കാരന്‍ ഹാജര്‍

   Delete
 21. സന്ദീപ്‌ വളരെനല്ല ഒരുപോസ്റ്റ് .ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നെടുതതാണോ ?

  ReplyDelete
  Replies
  1. അതെ...ഗൂഗിളില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും എടുത്തത്... :)

   Delete
 22. This comment has been removed by the author.

  ReplyDelete
 23. നന്നായിരിക്കുന്നു .... പക്ഷെ മുകളില്‍ നിന്നും മൂനാമത്തെ ചിത്രം പൊട്ടന്‍ തെയ്യം അല്ല അത് കണ്ടകര്‍ണന്‍ തെയ്യം ആണ് ...

  ReplyDelete
  Replies
  1. അതേയോ... എന്നെ ഗൂഗിള്‍ പറ്റിച്ചതാണ്.... :(
   ഞാനിതുവരെ ഒരു തെയ്യം നേരില്‍ കണ്ടിട്ടില്ല എന്ന് പറയട്ടെ..
   തെയ്യത്തോടുള്ള താത്പര്യങ്ങള്‍ കൊണ്ട് പലയിടങ്ങളില്‍ അന്വേഷിച്ചു കണ്ടെത്തുന്ന വിവരങ്ങളാണ് ഇങ്ങനെ എഴുതുന്നത്‌..,.. മറ്റുള്ളവര്‍ക്ക് ഉപകാരമാവുമെങ്കിലോ എന്നും കരുതി...

   Delete