23/02/2020
പ്രിയപ്പെട്ടവളെ... ന്റെ കൂട്ടുകാരി...
"നിനക്കു സുഖാണോ..??" യെന്ന മട്ടിലുള്ള അഭ്യന്തര ബോറന്‍ ചോദ്യങ്ങളെറിഞ്ഞു നിന്നെ മടുപ്പിക്കുന്നില്ല... എങ്കിലും, അല്‍പ്പം മേച്ചുളുക്കോടെ ഒരു എക്സ്ക്യൂസ് പറഞ്ഞില്ലെങ്കില്‍ ന്റെ മനസ്സു പിടയ്ക്കും. കഴിഞ്ഞ മാസം നീ കൊറിയറില്‍ അയച്ചു തന്ന ഒവിഡിന്റെ കാവ്യപുസ്തകം അന്നു കൈപ്പറ്റിയതിന്റെ കുറ്റബോധത്തിലാണ് ഞാനിതു പറഞ്ഞത്. സത്യം പറയാമെടീ, താളുകള്‍ വെറുതെ മറഞ്ഞതല്ലാതെ ഞാനൊരക്ഷരം വായിച്ചില്ലന്നേ. നിന്നോടുള്ള സ്നേഹം കൊണ്ടും, പുസ്തകത്തിന്റെ മഞ്ഞ പുറംചട്ടയിലെ പുറംതിരിഞ്ഞിരിക്കുന്ന ലാറ്റിന്‍ സുന്ദരിയുടെ അര്‍ദ്ധനഗ്നരൂപത്തിന്റെ ശില്‍പ്പഭംഗിയില്‍ കൗതുകം കൂറിയതു കൊണ്ടും, ഞാനതെന്റെ കിടക്കയുടെ തലഭാഗത്തായി പ്രതിഷ്ഠിച്ചിരിക്കുകയാണ്. മറ്റൊന്നും ചെയ്യാനില്ലാത്ത വിരസമായ രാത്രികളില്‍ ഞാനതു വായിക്കാന്‍ ശ്രമം നടത്തുകയും പരാജിതനായി പാതിയില്‍ ഉറങ്ങിപ്പോവുകയും ചെയ്തിരുന്നു. നിനക്കറിയാലോ, ഞാനൊരു ഭൂലോകമടിയനെന്ന്. എങ്കിലും ഇടയ്ക്കിടെ ഞാനതെടുത്തു നോക്കാറുണ്ട്.. ഇനിയും വിട്ടൊഴിയാത്ത അച്ചടിയുടെ പുതുഗന്ധം നുകരാനല്ല; നീ കുളി കഴിഞ്ഞീറനോടെ തലയില്‍ പൊത്താറുള്ള രാസ്നാദിയുടെ ഗന്ധം എന്നെ ഉന്മാദിയാക്കുന്നുണ്ട് ടീ... അപ്പോഴൊക്കെയും ഞാന്‍ മനസ്സില്‍ കാണുന്നത്, വായിച്ചു വായിച്ചു എപ്പോഴോ പുസ്തകത്തില്‍ തലവെച്ചു ഉച്ചയുറക്കത്തിലേക്കൂറി വീഴുന്ന നിന്റെ ചിത്രമാണ്. അങ്ങനെ നിന്റെ നെറുകില്‍ നിന്നും തട്ടി തൂവിയ രാസ്നാദിയാവാം മദഗന്ധമായി എന്നില്‍ നിറയുന്നത്.. ചുവന്ന രോമാഞ്ചങ്ങളെ, നിങ്ങള്‍ക്കു സ്വസ്തി...!!!
ഹാ... അതൊക്കെ വിടൂ....
പൊതുവേ അലസനായ ഞാന്‍ കഷ്ടപ്പെട്ടു നിനക്കീ മെയില്‍ എഴുതാന്‍ മാത്രമൊരു സംഗതിയുണ്ടായി ഇന്നലെയെന്റെയുറക്കത്തില്‍ . അതു ഫോണില്‍ പറഞ്ഞാല്‍ ഒരു പക്ഷെ നീയെന്നെ പൈങ്കിളിയെന്നു ആക്ഷേപിച്ചാലോ, അതിന്റെ പേരില്‍ ഞാന്‍ നിന്നെ തെറി വിളിച്ചാലോ, അങ്ങനെ പതിവു പോലെ നമ്മള്‍ വഴക്കിട്ടാലോ, വഴക്കു മാറ്റാന്‍ അത്രടം വരെ ഞാന്‍ വരേണ്ടി വന്നാലോ, എന്നിങ്ങനെയുള്ള വേവലാതിയില്‍ സ്വല്‍പ്പം ബുദ്ധിമുട്ടിയേക്കാമെന്നു നിരീച്ചു.
(പിന്നൊരു കാര്യം... നീയിതു ആരോടും പറഞ്ഞേക്കരുത്. പ്രത്യേകിച്ചും ഹരിയോട്... അവനെന്നെ സ്വപ്നജീവിയെന്നു വിളിക്കും.. എനിക്കു നാണക്കേടാ....)
നിന്റെ മുന്നിലിങ്ങനെ സുതാര്യനായി നില്‍ക്കുന്നത് ഒരു സുഖമാണ്. അതോണ്ട്, അതോണ്ട് മാത്രം പറയുവാ... ചിലപ്പോള്‍ ഈ സംഭവം ഞാന്‍ ആസന്നഭാവിയില്‍ ഒരു കഥയായി എഴുതിയേക്കാം. അന്നു, നിന്റെ സൗഹൃദത്തെ ഏതാനും വെള്ളിക്കാശിനു മാസികമുതലാളിക്ക് വിറ്റുവെന്നു നീ ചിണുങ്ങരുത്. പെണ്ണിന്റെ പതിവു പായാരം പറച്ചിലില്‍ നീയും മിടുക്കിയാ...
ഞാന്‍ അച്ചടക്കമില്ലാത്തൊരു കഥ പറച്ചിലുകാരനായതു കൊണ്ടു ആദ്യമേ സസ്പെന്‍സ് പൊളിച്ചു നിന്റെ കയ്യില്‍ തന്നേക്കാം. പതിവിനു വിരുദ്ധമായി ഇന്നലെ രാത്രി സൈബര്‍ തെരുവിലെ തെണ്ടിത്തിരിയലും മറ്റു ലഹരിദായക കലാപരിപാടികളുമില്ലാതെ ഞാന്‍ വേഗം ഉറങ്ങിപ്പോയി. ശുനകനിദ്ര, ജന്മശാപമായി കിട്ടിയവനെങ്കിലും തലേ ദിവസത്തെ ഉറക്കമൊഴിച്ച ട്രെയിന്‍ യാത്രയും , വടക്കേ മലബാറിലെ രണ്ടു ദിവസം നീണ്ട സാഹിത്യക്യാമ്പിന്റെ ക്ഷീണവും കൊണ്ടാവണം ഞാന്‍ നിദ്രാഭംഗമില്ലാതെ രാത്രി നീളെയുറങ്ങി. അങ്ങനെ ഉറക്കത്തിന്റെ അര്‍ദ്ധബോധത്തില്‍ നീയൊരു സ്വപ്നമായി ഇടയ്ക്കെപ്പോഴോ ചുവന്ന ജയ്പ്പൂര്‍ പട്ടില്‍ പൊതിഞ്ഞു എന്റെ ഫ്ലാറ്റില്‍ വന്നു കേറി. പലപ്പോഴായി നീയെന്റെ ഫ്ലാറ്റില്‍ വന്നു പോയ വകയില്‍ നിനക്കു സദാചാരപ്പോലീസന്‍മാരുടെ ശ്രമഫലമായി കിട്ടിയ ഇച്ചിരി ചീത്തപ്പേരും എനിക്കു നഷ്ടമായ കുറെ ഒഴിവു പകലുകളും ഓര്‍ത്തു ഞാന്‍ നെടുവീര്‍പ്പു കൊള്ളാറുണ്ട്. നിന്റെ സ്ഥാനത്തു, കഴിഞ്ഞ വര്‍ഷത്തെ IFFKയില്‍ വെച്ചു നമ്മള്‍ പരിചയപ്പെട്ട ആ വംഗസുന്ദരിയായിരുന്നുവെങ്കില്‍ എന്റെ ശാരീരികതൃഷ്ണകളെങ്കിലും അവളില്‍ പെയ്തൊഴിയാമായിരുന്നു. :-(
[എന്തു ചെയ്യാം.. നിന്നെ പോലെ, സ്വപ്നത്തിനും പണ്ടേ ഔചിത്യബോധമില്ലല്ലോ. വിളിക്കാതെ കൂടി വലിഞ്ഞു കയറിക്കോളും രണ്ടും.
ഹും.. ;-) ]
വ്യക്തിപരമായ സംഭാഷണങ്ങളുടെ സെന്റിമെന്‍റല്‍ വഴികളൊക്കെ നമ്മള്‍ നേരത്തെ കടന്നു കഴിഞ്ഞതു കൊണ്ടാവാം ഈയിടെയായി നമ്മുടെ വര്‍ത്തമാനങ്ങളില്‍ പുസ്തകചര്‍ച്ചകളും എഴുത്തുകാര്‍ക്കിടയിലെ വര്‍ദ്ധിതപ്രചാരമുള്ള ഗോസിപ്പുകളും, യന്ത്രത്തിന്റെ വിരക്തിയോടെ വന്നടിയുന്നത്. സ്വതവേ സെന്റിമെന്റല്‍ ഇഡിയറ്റുകളായ നമ്മള്‍ പരസ്പരം സങ്കടം പറയാനിരുന്നാല്‍ , ഏതു പകലും പെട്ടെന്നെരിഞ്ഞ് സായാഹ്നദുഃഖത്തിന്റെ ചതുപ്പില്‍ ആണ്ടു പോയേക്കാം. അതിനേക്കാള്‍ എത്രയോ ഭേദമാണ് നമ്മേ തെല്ലും സ്പര്‍ശിക്കാതെ കടന്നു പോകുന്ന ആകാശത്തിലെ കൊള്ളിമീനുകളുടെ അര്‍ത്ഥശൂന്യമായ പരക്കംപാച്ചിലുകളെ പറ്റി ദയാരഹിതമായി, അശ്ലീലച്ചുവയുള്ള തമാശകള്‍ പറഞ്ഞു സാഗരലഹരി പോലെ പതഞ്ഞ് ചിരിച്ചലയടിക്കാന്‍ ... അല്ലെ ടാ..
നീയിപ്പോള്‍ മനസ്സില്‍ പറയുന്നുണ്ടാവും...
"എടാ സൂര്യാ... മുഖവുരകളില്ലാതെ നിനക്കതൊന്ന് പറഞ്ഞു തുലയ്ക്കരുതോ... "
"മ്മ്മ്... ശരി, ഞാന്‍ പറയാം.."
--------------------------------------------------------------------------------------
സ്വപ്നമിങ്ങനെ...
ആറാം നിലയിലെ എന്റെ (നിന്റേയും...) ഫ്ലാറ്റിലെ കുടുസ്സു ബാല്‍ക്കണിയിലിരുന്നു അകലെ പരന്നു കിടക്കുന്ന കടല്‍ ഉച്ചവെയിലില്‍ തളര്‍ന്നു, തിരയടങ്ങിയൊരു നീല മൈതാനമാവുന്നതും നോക്കി നമ്മള്‍ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്നു. നിന്റെ കാശു കൊടുത്ത് നമ്മള്‍ വാങ്ങിയ ആ ആപ്പിള്‍ റെഡ് ലെതര്‍ കുഷ്യനോടു കൂടിയ ഇമ്പോര്‍ട്ടഡ് സോഫാ സെറ്റിയില്‍ അര്‍ദ്ധപത്മാസനത്തില്‍ നിന്നും വജ്രാസനത്തിലേക്കും, കാലുകള്‍ മടക്കി പുറകോട്ടാഞ്ഞു മത്സ്യാസനത്തിലും, പിന്നെ നിന്റെ മടിയില്‍ തല വെച്ചൊരു ശവാസനത്തിലേക്കും, അങ്ങനെയങ്ങനെ നമ്മള്‍ രൂപപരിണാമം പ്രാപിച്ചു കൊണ്ടിരുന്നു . തൊട്ടും തലോടിയും മുടിയിഴകളിലൂടെ വാത്സല്യം വിരലോടിച്ചും നീയെനിക്കു സ്വാന്തനമാവുകയായിരുന്നു. ഞാനോ, നിനക്കു ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത നിന്റെ വലിയ സ്വപ്നമായ മാതൃത്വത്തിന്റെ ശൂന്യനിലം നിറയ്ക്കാന്‍ മടിയിലേക്ക് ഒരു കുഞ്ഞിനോളം ചെറുതായി കൊണ്ടിരുന്നു. പാതിവ്രത്യത്തിന്റെ ശക്തിയാല്‍ ത്രിമൂര്‍ത്തികളെ കുഞ്ഞുങ്ങളാക്കി മുലയൂട്ടിയ അനസൂയയെ പോലെ, വല്ലാത്ത ജാലവിദ്യക്കാരിയുടെ കയ്യടക്കമുണ്ടായിരുന്നു നിനക്കതിന്. നീയെന്റെ ചെവിയില്‍ മൂളി...
"ഗസല്‍ ... "
അകത്ത്, ജഗ്ജീത് ഏതോ ശോകാന്തരാഗത്തില്‍ പാടുന്നുണ്ടായിരുന്നു അപ്പോഴും ....
"ഘടികാരസൂചി തൻ പിടിയിൽ നിൽക്കുന്നീല കാലം" എന്നെഴുതിയ കവിയുടെ വാക്കുകളോടു കൂറു കാട്ടി കൊണ്ട് സൂര്യന്‍ പടിഞ്ഞാറു ചായുകയും അങ്ങനെ നമ്മളിരുന്നിടം ചൂടു പിടിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ നഗരത്തിരക്കിലേക്കിറങ്ങാമെന്ന് നീ പറഞ്ഞു. ബാല്‍ക്കണിയുടെ പടുതകള്‍ താഴ്ത്തി, ഫ്ലാറ്റ് പൂട്ടിയിറങ്ങും വഴി ആളൊഴിഞ്ഞ ലിഫ്റ്റില്‍ ഏതോ വിചാരഗതിയുടെ പ്രേരണയാലെ ഞാന്‍ നിന്റെ അരയില്‍ കൈച്ചുറ്റിയെന്റെ ദേഹത്തോടടുപ്പിച്ചപ്പോഴേക്കും നമ്മള്‍ ഗ്രൗണ്ട് ഫ്ലോര്‍ എത്തിയിരുന്നു. എന്റെ കവിള്‍ കടിച്ചു വേദനിപ്പിച്ചു നീ കുസൃതിച്ചിരിയില്‍ ലിഫ്റ്റ് തുറന്നു പുറത്തേക്ക് കടന്ന് പട്ടുചേലയുലഞ്ഞോയെന്നു പരിശോധിക്കുന്നതും നോക്കി താടി തടവി ഞാന്‍ ശൂന്യബോധത്തില്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്കു നടന്നു.
[" ഹോ... ഹെന്തൊരു കടിയാടിയിത്.. ഹരിയെങ്ങനെ സഹിക്കുന്നു നിന്നെ..??"]
(ഈ സീനിനെ കുറിച്ച് ബൈബിളിലെ 'സ്വപ്നവ്യാഖ്യാനങ്ങളുടെ രാജകുമാര'നായ ജോസപ്പിനോടു ചോദിച്ചാല്‍ എനിക്കു കിട്ടിയേക്കാവുന്ന ഉത്തരം ഇങ്ങനെയാവും...
"ആറാം നിലയിലെ ഫ്ലാറ്റില്‍ നിന്നും താഴേക്കു വരുന്ന ലിഫ്റ്റ്...,... അപ്പോള്‍ ആറു വര്‍ഷത്തിനുള്ളില്‍ വരാനിരിക്കുന്ന ഒരു നിഷ്കളങ്കപ്രണയവും അതെ തുടര്‍ന്നുള്ള വിരഹവേദനയുമാവാമിത് സൂചിപ്പിക്കുന്നത് " യെന്ന്...
ഇതു തന്നെ 'സ്വപ്നവ്യാഖ്യാനങ്ങളുടെ ബൈബിള്‍ ' എഴുതിയ ഫ്രോയിഡിനോടു ചോദിച്ചാല്‍ അയാള്‍ പറഞ്ഞേക്കും...
"നിന്റെ ഉപബോധമനസ്സ് അവളില്‍ നിന്നും പ്രതീക്ഷിക്കുന്ന കാമമാണ് ഈ കടിയില്‍ നിന്നും വ്യക്തമാവുന്നത് " യെന്ന്... )
നിന്റെ മറുപടിയെനിക്കൂഹിക്കാവുന്നതേയുള്ളൂ...
"ശാസ്ത്രമോ മനുഷ്യനോ വിശ്വാസമോ ജയിക്കുന്നതെന്നു നമുക്ക് നോക്കിയിരിക്കാം ടാ സൂര്യാ... എന്നിട്ട് ജയിച്ച പക്ഷത്തു നിന്ന് തോറ്റ വ്യാഖ്യാനത്തെ നോക്കി നമുക്ക് ആര്‍ത്തു ചിരിക്കാം.. എന്തു തന്നെയായാലും നമ്മള്‍ തോല്‍ക്കാന്‍ മനസ്സില്ലാത്തവരല്ലേ ടാ... നമുക്ക് ഒരുമിച്ചു ജയിക്കണം എന്തിനേയും.."
--------------------------------------------------------------------------------------
ഷാരോണിലെ കോലാട്ടിന്‍ പറ്റങ്ങളെ പോലെ തെരുവിലൂടെ മേഞ്ഞു നീങ്ങിയ വെള്ളയും പച്ചയും യൂണിഫോമുകള്‍ക്കിടയില്‍ നിന്നും പച്ച റിബണ്‍ കൊണ്ട് തൈത്തെങ്ങിന്റെ മാതിരി മുടിയുയര്‍ത്തി കെട്ടിയ, തുടുത്ത മുഖമുള്ള കുഞ്ഞുപാവാടക്കാരിയെ ചൂണ്ടി നീ മെല്ലെ പറഞ്ഞു.
"ഇവളെ പോലാണെന്റെ ദയ, എന്റെ മാനസപുത്രി."
അനന്തരം നീ തോളില്‍ തലചായ്ച്ചു തേങ്ങിയെന്റെ കോട്ടന്‍കുപ്പായം നനച്ചു..
["ദുഷ്ടപാപി.. എന്റെ വാന്‍ഹ്യൂസന്‍ പൊറുക്കില്ല നിന്നോട് ..." :-) ]
നമ്മുടെ സ്വന്തം തീന്‍ മേശയായ "നൗഷാദ് ഭായിയുടെ മാസ്റ്റര്‍ ഷെഫില്‍ " പോയി നിന്റെ ഫേവറൈറ്റ് സ്പഗട്ടി നെപ്പോളിറ്റനും എന്റെ സ്ഥിരം ബ്രാന്‍ഡ് എക്ക്സ്പ്രസോയും കഴിച്ചു കൊണ്ടിരിക്കേ, അതു കഴിഞ്ഞു നിന്നെ തീവണ്ടിയാപ്പീസില്‍ ഇറക്കി വിടുന്നതിനും മുന്‍പേ, ഞാന്‍ ഉറക്കമുണര്‍ന്നിരുന്നു. സ്വപ്നത്തിന്റെ ദയാരാഹിത്യത്തെ കുറിച്ച് ഞാന്‍ എപ്പോഴും പറയാറുള്ളത് നീയോര്‍ക്കുന്നില്ലേ ടീ...
--------------------------------------------------------------------------------------
എടീ.. ഞാനിതൊക്കെ ഇത്രയും വിസ്തരിച്ചതെന്തിനെന്നോ..?? ഇനിയാണ് എനിക്കു നിന്റെ ഉപദേശം വേണ്ടത്... ഇതൊരു കഥയുടെ ഫോര്‍മാറ്റിലേക്കു കൊള്ളിക്കുമ്പോള്‍ വായനക്കാരനെ രസിപ്പിക്കാന്‍ കഥയെ ഏതു രീതിയില്‍ മുന്നോട്ടു കൊണ്ടു പോണം നമുക്ക്...??
ഞാന്‍ ചില സാധ്യതകളങ്ങ് പറയാം...
ഒന്നുകില്‍ കഥയിലെ നായകന്‍ നായികയെ യാത്രയയച്ചു ഫ്ലാറ്റില്‍ മടങ്ങിയെത്തും നേരം ടി.വിയിലൊരു ഫ്ലാഷ് ന്യൂസ് കാണുന്നു.. അവള്‍ കയറിയിരുന്ന തീവണ്ടി പാളം തെറ്റിയേതെങ്കിലും കായലിലേക്ക് മറിഞ്ഞെന്നു. ഒരുപാടുപയോഗിച്ചു ക്ലീഷേയായതെങ്കിലും അങ്ങനെയൊരു ക്ലൈമാക്സ് കൊണ്ട് നമുക്ക് വായനക്കാരന്റെ മൃദുലഹൃദയത്തെ കുത്തി നോവിച്ചു രസിക്കാം ..
മറ്റൊന്ന്...
അവര്‍ കാറില്‍ പോകുംവഴിയോരപകടം.. ടമാര്‍ പടാര്‍ !!!
അവള്‍ മരിക്കുകയും അവന്‍ നാടകീയമായി രക്ഷപ്പെടുകയും മരിച്ചവളുടെ ശവകുടീരത്തില്‍ ഏതെങ്കിലും ഓര്‍മ്മദിവസം പൂക്കളര്‍പ്പിക്കാന്‍ ഊന്നുവടിയില്‍ ഞൊണ്ടി ഞൊണ്ടി നായകന്‍ പോകുമ്പോള്‍ ഫ്ലാഷ്ബാക്ക് സങ്കേതത്തിലൂടെ നമുക്ക് കഥ പറയാം.
അതല്ലെങ്കില്‍ ...
വീടെത്താന്‍ വൈകിയ നായികയെ ഇരുട്ടിന്റെ മറവില്‍ ആരൊക്കെയോ ചേര്‍ന്നു ബലാത്സംഗം ചെയ്തുവെന്നു എഴുതി വെയ്ക്കാം.. അവിടെ സ്ത്രീമനസ്സ് ഇളക്കി മറയ്ക്കാം നമുക്ക്...
ഇനിയുള്ള സാധ്യത...
കഥയിലെ ഇത്തരം അതിസങ്കീര്‍ണതകള്‍ ഒഴിവാക്കി നമുക്ക് അവരു തമ്മിലൊരു അവിഹിതബന്ധം അങ്ങട്ട് ചാര്‍ത്തി കൊടുക്കാം. ഫ്ലാറ്റില്‍ വെച്ചുള്ള സെക്സ് സീക്വന്‍സുകള്‍ കൂടി ചേര്‍ത്ത് വായനക്കാരനെ ഇക്കിളിപ്പെടുത്താം.. സദാചാരക്കാരെ വിറളി പിടിപ്പിക്കാം... ഹോ.. ഹെന്തൊരു ഉള്‍പ്പുളകം....
എത്രയും പെട്ടെന്നു നീ മറുപടിയയയ്ക്കണം. വാര്‍ഷികപ്പതിപ്പിലേക്ക് എന്തെങ്കിലും വേണമത്രേ നമ്മട എഡിറ്റര്‍ക്ക്... അയാളിന്നലേം മെയില്‍ ചെയ്തിരുന്നു. നീ നമ്മുടെ കഥയ്ക്ക് നല്ലൊരു ക്ലൈമാക്സും കണ്ടെത്തി അയയ്ക്കൂ ട്ടോ ...
[ ഇവിടെ സ്വാഭാവികമായും വരേണ്ട സോപ്പിംഗ് ഡയലോഗ്സ് നീ ഭാവനയില്‍ പൂരിപ്പിക്കൂ.. അര്‍ത്ഥശൂന്യമായ പഞ്ചാര വാക്കുകള്‍ പറയാന്‍ തത്കാലം എനിക്കു ത്രാണിയില്ല... ] നിര്‍ത്തുവാടീ.... നൂറ് ഉമ്മാസ്.....,....
സ്നേഹപൂര്‍വ്വം
നിന്റെ മാത്രം സൂര്യന്‍
[പോസ്റ്റര്‍ ഡിസൈന്‍ : സുജിത്ത് പുത്തലത്ത് ]





