കൊടുങ്ങല്ലൂര്‍ നിന്ന് കടത്തു കടന്നു കാല്‍നടയായി, വടക്കു നടവരമ്പിലും ചുട്ടുവട്ടങ്ങളിലും തെക്ക് മാലിപ്പുറം വരെയൊക്കെ പോയി അച്ചാച്ചന്‍ കച്ചവടം ചെയ്തതായി പറഞ്ഞു കേട്ടിട്ടുണ്ട്. ഈ പോകുന്ന പോക്കില്‍ കാണുന്ന കാഴ്ചകള്‍ വീട്ടിലെത്തി മക്കളോടു പൊടിപ്പും തൊങ്ങലും വെച്ച് വിവരിച്ചു കൊടുക്കുമായിരുന്നൂയെന്ന്, കറന്റ് പോയി മറ്റൊന്നും ചെയ്യാനില്ലാത്ത ദിവസങ്ങളില്‍ ഇരുട്ടില്‍ നോക്കി കിടന്നു അച്ഛന്‍ ഞങ്ങളോടു വിചാരപ്പെടാറുണ്ട്. അതു കേള്‍ക്കാന്‍ മാത്രമായി കച്ചവടം കഴിഞ്ഞു പാതിരാവില്‍ കേറി വരുന്ന അച്ചാച്ചനെ നോക്കി അച്ഛന്‍, കുട്ടിക്കാലത്തു ചിമ്മിനി വെട്ടത്തിന്റെ കീഴിലെ നിഴല്‍ പോലെ ഉറക്കമൊഴിഞ്ഞിരുന്നു. അങ്ങനെ കിട്ടിയ അച്ചാച്ചന്റെ കുറെ നുറുങ്ങ് കഥകള്‍ അച്ഛന്‍ പൈതൃകസ്വത്തായി ഞങ്ങള്‍ക്കു പകര്‍ന്നു തന്നിട്ടുണ്ട്. ആ കഥകളിലൂടൊക്കെയും ഞാനാ നര്‍മ്മബോധമുള്ള മനുഷ്യനെ അറിയുകയായിരുന്നു, ഓര്‍മ്മ വെച്ച നാള്‍ മുതല്‍ .
വാക്കുകള്‍ ചേര്‍ത്തു പറയാന്‍ തുടങ്ങിയ കാലത്ത് ഞാന്‍ അച്ചാച്ചനെ 'അജീജന്‍' എന്നു വിളിച്ചിരുന്നത്രേ.. ആ വിളി തെളിച്ചു വിളിക്കാന്‍ എനിക്കോ അതു കേള്‍ക്കാനുള്ള ഭാഗ്യം അച്ചാച്ചനോ ഉണ്ടായില്ലാ... അതിനു മുന്‍പേ പ്രായത്തിന്റെതായ അരിഷ്ടതകളില്‍ ജീര്‍ണിച്ചു അച്ചാച്ചന്‍ മരിച്ചു പോയി.
കിടപ്പിലാവും മുന്നേ അച്ചാച്ചനെന്നെ തോളത്തിരുത്തി അടുത്ത പീടികയില്‍ നിന്നും നിറയെ മുട്ടായിയൊക്കെ വാങ്ങിത്തരുമായിരുന്നു. പല്ലില്ലാത്ത മോണ കൊണ്ട് കടിച്ചു ഞാനെന്റെ സ്നേഹം കാണിച്ചിട്ടുണ്ടാവും അപ്പോളാ കവിളില്‍ ...
ഗുരുവായൂര് കൊണ്ടോയി കുന്നിക്കുരു വാരിച്ചതിന്റെ ദുരന്തഫലമായി കുറുമ്പനായി തീരേണ്ടി വന്ന പാവം ഞാന്‍ എന്തെങ്കിലും വിക്രിയ കാട്ടി കൂട്ടിയതിനു അച്ഛന്‍ വടിയെടുത്താല്‍ മുറ്റത്തെ കയ്യാണി, ഏന്തി വലിഞ്ഞു കടന്നു തറവാട്ടിലേക്ക് ഓടി കേറും. നേരെ അച്ചാച്ചന്റെ അടുത്തു ചെന്ന് പരാതി പറച്ചിലായി പിന്നെ... അടിച്ചില്ലെങ്കിലും അടിച്ചെന്നു വലിയ വായില്‍ അച്ഛനെതിരെ മൊഴി കൊടുക്കും. എല്ലാ പരാതികള്‍ക്കും തീര്‍പ്പു ആ കോടതിയില്‍ ഉണ്ടാവുമെന്നായിരുന്നു ആ കുഞ്ഞിന്റെ മനസ്സിലെ ഒരു വിശ്വാസം.
"അച്ഛനെ വെളിച്ചത്തു ചോറ് കൊടുത്ത് ഇരുട്ടത്ത് കിടത്താ...." ന്നൊക്കെ പറഞ്ഞു മുറ്റത്തെടുത്തു നടന്നും ഓര്‍മ്മകളില്‍ നിന്നു പോലും തിരികെ പിടിക്കാനാവാത്ത നാടന്‍ ശീലില്‍ തെയ്യന്നം പാടിയും അമ്പിളിയുടെ നിലാവെട്ടത്തില്‍ തോളിലിട്ടുറക്കിയും അച്ചാച്ചന്‍ പരാതിക്കാരനെ ഒതുക്കിയിരുന്നു. പ്രതിയായ സ്വന്തം മകനെ രക്ഷിക്കാനുള്ള അച്ചാച്ചന്‍ കോടതിയുടെ കുതന്ത്രങ്ങള്‍ ... ഞാന്‍ പാവം കുഞ്ഞ് !! ഇതുവല്ലതും അറിവതുണ്ടോ അന്ന്.... ഹും..
എനിക്ക് ഓര്‍മ്മ വെയ്ക്കുമ്പോള്‍ അച്ചാച്ചന്‍ അവശേഷിപ്പിച്ചു പോയ, സദാ ടൈഗര്‍ ബാം മണക്കുന്ന ഒരു വലിയ കറുത്ത ബാഗ് തറവാട്ടില്‍ ഉണ്ടായിരുന്നു. ഇടയ്ക്കൊക്കെ ബാല്യത്തിന്റെ കൗതുകത്തില്‍ അതിലുള്ള വസ്തുക്കള്‍ എടുത്തു പരിശോധിക്കുക പതിവായിരുന്നു. അതിന്റെ പേരില്‍ അമ്മൂമ്മയില്‍ നിന്നും വയറു നിറയെ വഴക്കും കേട്ടിരുന്നു.
എങ്കിലും ജനിതകരേഖകളില്‍ നിന്നും നീളുന്ന ഒരു ബന്ധനം എന്നെ ആ പുരാതനദ്രവ്യങ്ങളിലേക്ക് ചേര്‍ത്തു നിര്‍ത്തി. സോവിയറ്റ് റഷ്യയില്‍ നിന്നുമുള്ള ഇംഗ്ലീഷ് ജേണലുകളും ആ നാടിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളും ബാഗിന്റെ ഒരു കള്ളിയില്‍ കിടപ്പുണ്ടായിരുന്നു. അതു അച്ചാച്ചന്‍ എന്തിനു സൂക്ഷിച്ചു വെച്ചുവെന്നോ അതെവിടെ നിന്നു കിട്ടിയെന്നോ അറിവില്ലാ.. പണ്ടെപ്പോഴോ ബര്‍മ്മയിലോ സിലോണിലോ പോയിട്ടുണ്ടെന്നു തോന്നുന്നു. അങ്ങനെ വല്ല വഴിയ്ക്കും കിട്ടിയതാവും.
അതില്‍ ഉണ്ടായിരുന്ന മറ്റു സ്ഥാവരവസ്തുക്കള്‍ ...... കീ കൊടുത്താല്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പഴയ HMT വാച്ചും എന്റെ അശ്രദ്ധ കൊണ്ടെപ്പോഴോ താഴെ വീണുടഞ്ഞ ചില്ലോടു കൂടിയ കറുത്ത ഫ്രെയിം കണ്ണടയും.. പിന്നെ തുകല്‍ ബാഗിന്റെ മറ്റൊരു അറയില്‍ ഒരു പിച്ചള വെറ്റിലചെല്ലത്തില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന നൂറു ഒറ്റരൂപാ നോട്ടുകള്‍ ... അത് അങ്ങനെ ഇളം വയലറ്റ് നിറത്തില്‍ ഒരു കെട്ടായി കാണുന്നതും അതില്‍ എണ്ണം പഠിക്കുന്നതും ബാല്യത്തിലെ ഏകാന്തവിനോദമായിരുന്നു. പഴകിയ മഷിമണം, നോട്ടില്‍ പറ്റിപ്പിടിച്ച പൊടിയോടു കൂടി മണത്തെടുത്തു തുമ്മി തുടങ്ങും ഞാന്‍ .. ഹാ....
വയ്യാതാവും മുന്‍പേ, പായക്കച്ചോടം നിര്‍ത്തും മുന്‍പേ, അച്ചാച്ചന്‍ ഏതോ ദിവസം പകലലച്ചില്‍ കഴിഞ്ഞു വീട്ടിലേക്കു മുഷിഞ്ഞു കേറി വന്നപ്പോള്‍ അമ്മൂമ്മയെ ഏല്‍പ്പിച്ചതായിരുന്നു ആ ഒരു കെട്ടു പുത്തന്‍ നോട്ടുകള്‍ . അതില്‍ അച്ചാച്ചന്റെ വിയപ്പിന്റെ ഉപ്പു പുരണ്ടിരുന്നു. അപ്പോഴേക്കും മക്കളൊക്കെ ഒരു നിലയില്‍ എത്തിയതു കൊണ്ട് വീട്ടാവശ്യങ്ങള്‍ക്കായി ഈ രൂപ എടുക്കേണ്ടതില്ലായിരുന്നു. മരണമെന്ന സത്യത്തെ മുന്നില്‍ കാണും പോലെ അന്നച്ചാച്ചന്‍ അമ്മൂമ്മയോടു പറഞ്ഞത്രേ..
"ഈ കാശ് സൂക്ഷിച്ചു വെച്ചോ... ന്റെ ചാവിന്റെ ആവശ്യങ്ങള്‍ക്ക് എടുക്കാ..."
അച്ചാച്ചന്‍ ഏറെ നാള്‍ കിടന്നു നരകിച്ചു മരിച്ച നേരത്തു ആരും ഈ വാക്കു ഓര്‍ത്തില്ലാ... അതിനുള്ള മനസ്സൊതുക്കം മക്കളില്‍ ആര്‍ക്കും ഉണ്ടായില്ലായിരിക്കും.. നെഞ്ചുരുകി കരഞ്ഞു കലങ്ങിയ അമ്മൂമ്മയ്ക്കും...
വര്‍ഷങ്ങള്‍ക്കപ്പുറം, തറവാടു പാര്‍ട്ടീഷന്‍ സമയത്ത് അച്ചാച്ചന്റെ ശേഷിപ്പായ ഈ പണം എന്തു ചെയ്യണം എന്നൊരു ആലോചന വന്നു. തല മുതിര്‍ന്നവര്‍ തമ്മില്‍ പറഞ്ഞു -
" അത് അച്ചാച്ചന്റെ ഒന്‍പതു മക്കള്‍ക്കായ് വീതിച്ചു കൊടുക്കണമെന്ന് ".
അന്നു ഏതോ വിചാരത്തില്‍ ഞാനാ സദസ്സിലെന്റെ അഭിപ്രായം കേറി പറഞ്ഞു....
"ആ നോട്ടിന് വെറും നൂറു രൂപയുടെ വിലയല്ല. അതില്‍ അച്ചാച്ചനുണ്ട്. ഒന്‍പതു മക്കളെ ചേര്‍ത്തു നിര്‍ത്തുന്ന അച്ചാച്ചന്റെ ഓര്‍മ്മച്ചെപ്പാണതു വീതം വെച്ചു കൊടുക്കാതെ ഒരുമിച്ചു സൂക്ഷിക്കണം.. ".
പ്രായം നന്നേ കുറയുമെങ്കിലും എന്റെ ഉറച്ച അഭിപ്രായത്തെ അന്ന് അച്ഛനും കുഞ്ഞച്ചനും ശരി വെച്ചു. ഞാന്‍ ആ പറഞ്ഞത്, അച്ചാച്ചന്റെ ഹിതമായിരുന്നുവെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു.....
അങ്ങനെ അതിപ്പോഴും തറവാട്ടില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഓര്‍മ്മകള്‍ തുന്നി ചേര്‍ത്ത സ്റ്റാപ്ലര്‍ , കാലത്തോടു പ്രതിപ്രവര്‍ത്തിച്ച് തുരുമ്പു പടര്‍ന്നു കേറി മുകള്‍വശത്തെ ഏതാനും നോട്ടുകള്‍ നിറംമങ്ങി മുഷിഞ്ഞു തുടങ്ങിയിട്ടുണ്ടതില്‍ . മക്കളൊക്കെ ഇന്ന് വിലമതിക്കാനാവാത്ത ആ നോട്ടുകള്‍ മറന്നു കഴിഞ്ഞു... അച്ചാച്ചനെയവര്‍ മറന്നതു പോലെ മറന്നു കഴിഞ്ഞു.......
"ജനിതകരേഖകളില്‍ നിന്നും നീളുന്ന ഒരു ബന്ധനം എന്നെ ആ പുരാതനദ്രവ്യങ്ങളിലേക്ക് ചേര്‍ത്തു നിര്‍ത്തി. സോവിയറ്റ് റഷ്യയില്‍ നിന്നുമുള്ള ഇംഗ്ലീഷ് ജേണലുകളും ആ നാടിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളും ബാഗിന്റെ ഒരു കള്ളിയില്‍ കിടപ്പുണ്ടായിരുന്നു. അതു അച്ചാച്ചന്‍ എന്തിനു സൂക്ഷിച്ചു വെച്ചുവെന്നോ അതെവിടെ നിന്നു കിട്ടിയെന്നോ അറിവില്ലാ.. പണ്ടെപ്പോഴോ ബര്‍മ്മയിലോ സിലോണിലോ പോയിട്ടുണ്ടെന്നു തോന്നുന്നു. അങ്ങനെ വല്ല വഴിയ്ക്കും കിട്ടിയതാവും."
ReplyDelete"അജീജന്‍....."
അതിജീവനപുസ്തകത്തില്‍ മുന്‍പേ എഴുതപ്പെട്ട ചില ഏടുകള്‍ ....
നീയച്ഛച്ചനെ കുറിച്ച് പറഞ്ഞതൊക്കെയും എനിക്ക് മുത്തച്ചനേക്കുറിച്ചുള്ള ഓർമ്മകളാണ്. അച്ഛച്ചനെ കുറിച്ച് എനിക്ക് ചെറിയൊരു ഓർമ്മ പോലുമില്ല. പക്ഷെ മുത്തച്ഛൻ, ആ ഓർമ്മകൾ ഒരു മഹാസംഭവമാ. കുറുക്കന്റേയും കുറുനരിയുടേയും കഥയും,കുറുക്കൻ സിംഹക്കൂട്ടിൽ പോയൊളിച്ച കഥയും അങ്ങനെ കഥകളൊരുപാട് എന്നിലേക്ക് നിറച്ചിരുന്നു എന്റെ മുത്തച്ഛൻ. അമ്പലക്കുളത്തിൽ എന്നെ അരയിൽ തോർത്ത് കെട്ടി നീന്തൽ പഠിപ്പിച്ചതും, കഥകളോരോന്ന് പറഞ്ഞ് തന്ന് അമ്പലക്കുളത്തിലേക്കുള്ള യാത്രയും എല്ലാം എന്നിൽ വീണ്ടും ഓർമ്മകളുടെ സാഗരം അലയടിപ്പിക്കുന്നു. ആശംസകൾ സന്ദീപ്.
ReplyDeleteഅങ്ങിനെ സന്ദീപും അനുഭവങ്ങള്‍ കുറിക്കാന്‍ തുടങ്ങിയിരിക്കുന്നു !!!
ReplyDeleteഅത് എന്നെ പോലുള്ളവര്‍ക്ക് വായിച്ചാല്‍ മനസ്സിലാകുന്ന വളരെ ലളിതമായ ഭാഷയില്‍.
മനസ്സില്‍ വാക്കുകളാല്‍ വരച്ചിട്ട ആ മുത്തശ്ശന്റെയും കൊച്ചു മോന്റെയും ചിത്രങ്ങള്‍ ... അതിന്റെ തെളിമ ഏറെയാണ്.
ആ വലിയ മനുഷ്യന്റെ ഓര്‍മ്മയുടെ ശേഷിപ്പെന്നോണം ഇന്നും കാത്തു സൂക്ഷിക്കുന്ന ആ തുക. അത് വീതം വെച്ച് ചെലവഴിക്കുന്നതില്‍ നിന്നും കാരണവന്മാരെ തടഞ്ഞ ആ നടപടി തന്നെയാണ് ആ സ്മരണക്ക് മുന്നില്‍ എഴുത്തുകാരന്റെ ഏറ്റവും വലിയ സമര്‍പ്പണം.
സന്ദീപിന്റെ പതിവില്‍ നിന്ന് വ്യത്യസ്തമായ ഈ എഴുത്ത് ഏറെ ഇഷ്ട്ടായി ... ആശംസകള്‍
പ്രായം കുഞ്ഞവന്റെ വാക്കുകള്‍ അംഗീകരിക്കാന്‍ തയ്യാറാവാത്തതാണ് ഇന്നത്തെ പല പ്രശ്നങ്ങള്‍ക്കും കാരണം എന്ന് തോന്നിയിട്ടുണ്ട്. മനസ്സില്‍ തട്ടുന്ന എഴുത്തായി. ഇന്നത്തെ മുതിര്‍ന്ന തലമുറക്ക് ഇത്തരം ഒരച്ചാച്ഛനെയോ അമ്മൂമ്മയെയോ അറിയാതിരിക്കില്ല. അവരുടെ സ്നേഹവും ആത്മാര്‍ത്ഥതയും അനുഭവിക്കുകയും ചെയ്തിട്ടുണ്ടാകും. എന്റെ അച്ചാച്ചന്‍ കുമ്പളങ്ങയും മത്തനും എല്ലാം കൃഷി ചെയ്ത് അത് പറിച്ചെടുത്ത് നേരം വെളുക്കുമ്പോള്‍ ഒരു വലിയ കുട്ട നിറച്ച് തലയില്‍ വെച്ച് പത്ത് കിലോമീറ്ററില്‍ അധികം ഇര്ങ്ങാലക്കുട ചന്തയിലേക്ക് കാല്‍നടയായി പോയി വിറ്റ് വന്നിരുന്നത് ഞാനിപ്പോഴും കാണുന്നുണ്ട്.
ReplyDeleteഒരു നിധി പോലെ എല്ലായിടത്തും സൂക്ഷിച്ചിരുന്നതാണ് റഷ്യയിലെ കൊച്ചു പുസ്തകങ്ങള്‍ എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. അതിന്റെ പ്രധാന കാരണം പുസ്തകത്തിന്റെ ഭംഗിയും ചിത്രത്തിന്റെ സൌന്ദര്യവും എന്നതിലുപരി അതിലെ അക്ഷരങ്ങളുടെ തെളിമയും പേജുകളുടെ മിനുസവും ആണെന്ന് തോന്നുന്നു. അത് പക്ഷെ ഇവിടെ ഈ പോസ്റ്റില്‍ സൂചിപ്പിച്ചതിനു പിന്നില്‍ രാഷ്ട്രീയമായി സാധാരണ ജനങ്ങള്‍ സൂക്ഷിക്കുന്ന നിഷ്ക്കളങ്കതയെക്കുറിച്ചാണോ എന്ന് ഞാന്‍ സംശയിക്കുന്നു.
അജീജനറെ ഓര്‍മ്മകള്‍ വല്ലപ്പോഴും ഒന്ന്
ReplyDeleteപൊടി തട്ടി എടുക്കാന് ഈ മുഷിഞ്ഞ നോട്ടുകള്‍
കാരണം ആവും അല്ലെ..വീതിച്ചു കൊടുക്കാത്തത്
കൊണ്ടു അത്രയും എങ്കിലും ആയി...ഓര്‍മ്മകള്‍ നന്നായി എഴുതി സന്ദീപ്..ആശംസകള്‍...
വളരെ നന്നായിരിക്കുന്നു സന്ദീപ്
ReplyDeleteThis comment has been removed by the author.
ReplyDeleteആദ്യം പുരസ്കാരം കിട്ടിയതിന് അഭിനന്ദനങ്ങൾ..
ReplyDeleteപിന്നെ ഈ ആലേഖനം വളരെ നന്നായിരിക്കുന്നു കേട്ടൊ സന്ദീപ്
ഒരു മൂന്നാം പക്കം ഓര്‍മ വന്നു...അത് കഥയെങ്കില്‍ ഇതിലെ ചില ഏടുകള്‍ ജീവിതം...പിന്‍പേ കയിക്കുന്ന നെല്ലിക്ക പോലെ മധുരമൂര്‍ന്നത്......കാലത്തിന്‍റെ വികൃതിയില്‍ അലിഞ്ഞു പോയത്...നന്നായിട്ടുണ്ട്....അജീജന്‍..... മനസ്സിന്‍റെ അജീര്‍ണത്തെ അതി ജീവിച്ചവന്‍......
ReplyDeleteThis comment has been removed by the author.
ReplyDeleteനല്ല ഓര്‍മ്മകള്‍ .. ആ "വെളിച്ചത്തു ചോറ് കൊടുത്ത് ഇരുട്ടത്ത് കിടത്താ...." ഞാനും കുറെ കേട്ടിട്ടുണ്ട്.. ഈ തരം കുസൃതി പ്രയോഗങ്ങളൊന്നും ഇന്ന് കേള്‍ക്കാനേ കിട്ടുന്നില്ലല്ലോ ല്ലേ..
ReplyDelete! വെറുമെഴുത്ത് !
നിർമലമായ ബന്ധത്തെക്കുറിച്ച് ലളിതമായ ഭാഷയിൽ ഓർത്തതിൽ സന്തോഷം...
ReplyDeleteമധുര നൊമ്പരം
ReplyDeleteസന്ദീപ് ഓര്‍മ്മകള്‍ ഉണരുന്ന അക്ഷരങ്ങളില്‍ ഞാന്‍ സഞ്ചരിച്ചു . വളരെ നന്ദി . വര്‍ത്തമാനകാലത്തിന്റെ ഒരു പരിഭവമാണ് ഈ സ്മൃതികള്‍ . എന്തെന്നാല്‍ സ്നേഹമുള്ളവര്‍ ആരും വര്‍ത്തമാനത്തില്‍ ജീവിയ്ക്കുന്നില്ല. സ്നേഹമില്ലാത്തവരും. അവരുടെ ജീവിതം ഭാവിയിലാണ് . ഓര്‍മ്മകളുടെ വാതായനങ്ങള്‍ തുറക്കാന്‍ ഇനിയുമുണ്ടെങ്കില്‍ തുറന്നിടുക... ഒന്ന് കയറിക്കോട്ടേ.... :)
ReplyDeleteമധുരനോമ്പരങ്ങളുടെ നനുനനുത്ത ലോകത്തിലൂടെ വീണ്ടും ഒരു കുഞ്ഞുയാത്ര നാന്നായിരിക്കുന്നു സന്ദീപ്.
ReplyDeleteനല്ല എഴുത്ത്. സ്നേഹസ്മരണകള്‍ എപ്പോഴും നവോന്മേഷം തരുന്നവ തന്നെ. ഇനിയും ഓര്‍മ്മിക്കൂ, ഇതുപോലെ സരളമായ് എഴുതൂ.
ReplyDeleteവളരെ ഭംഗിയായി എഴുതി....അജീജൻ വായിച്ചവരുടെയെല്ലാം അജീജനായി.
ReplyDeleteഅഭിനന്ദനങ്ങൾ.
അച്ചാച്ചനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഭംഗിയായി പറഞ്ഞു. ഞാന്‍ അച്ചാച്ചനെ കണ്ടിട്ടില്ല. അദ്ദേഹം അച്ചന്റെ കുഞ്ഞിലേ മരിച്ചു. അച്ചാച്ചന്റെ അച്ഛനേയും അമ്മയേയും കണ്ടിട്ടുണ്ട്. ആ മുത്തശ്ശി ഇപ്പഴും ഉണ്ട്. അച്ചാച്ചന്റെ അച്ഛന്‍[മുത്തശ്ശന്‍] മരിക്കും മുന്നെ ഓര്‍മ്മകളൊക്കെ പോയിരുന്നു..തനിയെ വീട്ടില്‍ നിന്ന് ഇറങ്ങി നടക്കും.ഞങ്ങള്‍ കളിക്കുമ്പോഴെങ്ങാനും ഒറ്റക്ക് വരുന്നത് കണ്ടാല്‍ ഞങ്ങളെന്തൊരു ഓട്ടമായിരുന്നെന്നൊ..! പക്ഷെ, ഒരിക്കലും ആരേയും അദ്ദേഹം ഉപദ്രവിച്ചിരുന്നില്ല. എന്നിട്ടും അദ്ദേഹം മരിച്ചപ്പോള്‍ മുതിര്‍ന്നവരിലാരോ പറയുന്നത് കേട്ടു.." ഓര്‍മ്മകളില്ലാത്ത സ്ഥിതിക്ക് മരിച്ചത് തന്നെ ഭാഗ്യമെന്ന്..." എന്തോ അന്ന് അത് കേട്ടപ്പൊ വല്ലാത്ത സങ്കടം വന്നു..നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാവാം അങ്ങിനെ പറഞ്ഞത്..ന്നാലും നാളെ നമ്മളും ആറ്ക്കൊക്കെയോ ഭാരമാകുമല്ലൊ എന്ന് ഓര്‍ത്തു പോയി..
ReplyDeleteനന്നായി സന്ദീപ്. ഓര്‍മ്മകള്‍ക്ക് രൂപങ്ങളുണ്ട്.
ReplyDeleteഓർമ്മത്താളുകൾ മറിക്കുന്നത് ബാല്യത്തിന്റെ മധുരം വീണ്ടെടുക്കലാണ്. സന്ദീപ് ആ മധുരം വായനക്കാർക്കും പകർന്നു.
ReplyDeleteനല്ല കുറിപ്പ്. തഴപ്പാ വിറ്റു നടന്ന അജീജൻ മനസ്സിൽ നിറഞ്ഞു. ആ നൂറു രൂപാ കെട്ട് സന്ദീപിന്റെ മനസ്സിൽ നിന്ന് പോകുന്നില്ലല്ലോ, അത് പുണ്യം.
ReplyDeleteസന്ദീപ്, കണ്ണ് നനയിച്ച നല്ലൊരു ഓര്‍മ കുറിപ്പ്....
ReplyDeleteനല്ല അനുഭവ കഥ ....നന്നായി അവതരിപ്പിച്ചിരിക്കുന്നൂ...എല്ലാ ഭാവുകങ്ങളും...
ReplyDeleteആശംസകൾ
ReplyDeleteThis comment has been removed by the author.
ReplyDeleteഅച്ചാച്ചന്റെ സ്മരണകൾ ഹൃദയത്തോട് ചേർത്തുവെച്ച മനസ്സിനെ ആദ്യമായി അഭിനന്ദിക്കുന്നു സന്ദീപ്. എഴുത്തും ഇഷ്ടപ്പെട്ടു. ഒരഭിപ്രായം. നാട്ടുവഴികൾ സാക്ഷിയായ ഈ പച്ച ജീവിതത്തെ വിവരിച്ചപ്പോൾ ഒരു ഹൈടെക് ടെച് കൊടുക്കുന്ന വരികൾ ഉപയോഗിചിട്ടുണ്ടൊ എന്നൊരു സംശയം. ആശംസകൾ..
ReplyDeleteഓര്‍മയിലെ അജീജനെ വായിനയിലൂടെ പരിചയപ്പെട്ടു ..:)
ReplyDeleteആ വലിയ മനുഷ്യന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ എന്റെ പ്രണാമം...
ReplyDeleteസ്വജീവിതം കൊണ്ട് പിന്‍തലമുറയ്ക്ക് വെളിച്ചമേകിയ പൂര്‍വികരെ അനുസ്മരിക്കുന്ന ലേഖനങ്ങള്‍ ബ്ലോഗ് എഴുത്തില്‍ ഒരു പുതുമയാണ്. സന്ദീപിന്റെത് നല്ല ഒരു മാതൃക.....
മൂന്നു തലമുറകളെ ഞാന്‍ ഇവിടെ വായിക്കുന്നു. ഓരോ തലമുറയുടെയും പ്രതീകങ്ങള്‍ തങ്ങളുടെ കാലത്തോട് വളരെ കൃത്യമായതും, മാതൃകാപരവുമായ 'ശരി' തന്നെയാണ് ചെയ്യുന്നത്.
ഓര്‍മ്മകള്‍ തുന്നി ചേര്‍ത്ത സ്റ്റാപ്ലര്‍ , കാലത്തോടു പ്രതിപ്രവര്‍ത്തിച്ച് തുരുമ്പു പടര്‍ന്നു കേറി മുകള്‍വശത്തെ ഏതാനും നോട്ടുകള്‍ നിറംമങ്ങി മുഷിഞ്ഞു തുടങ്ങിയിട്ടുണ്ടതില്‍ - എന്ന വരികളിലേക്ക് ഈ ഓര്‍മ്മക്കുറിപ്പ് സ്വാംശീകരിക്കുമ്പോള്‍ മികച്ചൊരു വായനാനുഭാവതിന്റെ ചാരിതാര്‍ത്ഥ്യവും ലഭിക്കുന്നു.....
അച്ഛാച്ചനെ കുറിച്ചുള്ള ഈ ഒാര്‍മ്മക്കുറിപ്പ് നന്നായി, പഴയതിനെ ഗൃഹാതുര സ്മരണയോടെ ഒാര്‍ക്കുന്ന തലമുറക്ക് മുമ്പില്‍ ഇത്തരം എഴുത്തുകള്‍ക്ക് പ്രസക്തിയുണ്‌ട്. പ്രത്യേകിച്ചും അവ നമ്മോട് ചേര്‍ന്ന് നില്‍ക്കുന്നെങ്കില്‍...
ReplyDeleteഒരച്ഛന്‌റെ വേദനകളറിയാന്‍ എന്‌റെ പുതിയ പോസ്റ്റ് നോക്കുക...
എനിക്കുമുണ്ട് എന്റെ മുത്തഛന്റെ അവശേഷിക്കുന്ന കുഞ്ഞ് കുഞ്ഞ് ഓർമകൾ.. നന്നായി ഇഷ്ടപ്പെട്ടു സന്ദീപ്..
ReplyDeleteസ്നേഹം നിറഞ്ഞ, നൊമ്പരമുള്ള ഓർമ്മകളാണ് ഓരോ അച്ചാച്ചൻമാരും.
ReplyDeleteനന്നായി ഇഷ്ടപ്പെട്ടു
ReplyDeleteഓർമ്മകൾ ആദരവു കൂടിയാണ്
ReplyDeleteഓര്‍മ്മകളിലൂടെ അച്ഛാച്ഛനെ കാണിച്ചുതന്ന എഴുത്തിഷ്ടപ്പെട്ടു.
ReplyDeleteമനോഹരവും സുന്ദരവുമായ കുറിപ്പ്..ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ...
ReplyDeleteഅച്ഛാച്ചന്‍ മരിച്ചു പോയീന്ന് ആരാ പറഞ്ഞത്...ആദരവും സ്നേഹവും ഒക്കെ യായി ഈ കൊച്ചുമകന്‍ കൂടെയുള്ളപ്പോള്‍...ഈ വരികളില്‍ കൂടി കണ്ണോടിച്ച വായനക്കാരുള്ളപ്പോള്‍ അച്ചാച്ചനു മരണമില്ല.....
ReplyDeleteലളിതമായ രീതിയിലുള്ള അവതറാണ ശൈലി ഏറേ ഇഷ്ടായി....
ഓര്‍മ്മകളില്‍ അച്ഛന്‍ ഇപ്പോഴും ജീവിക്കുകയല്ലേ നമ്മോടൊപ്പം ഭാവുകങ്ങള്‍
ReplyDeleteസന്ദീപിന്റെ ആത്മവിചാരങ്ങളിൽനിന്ന് ഉയിർക്കൊണ്ട അച്ചാച്ഛന്റെ തെളിമയാർന്ന ചിത്രം മനസ്സിൽ ആദരങ്ങളുണർത്തി. സംസ്ക്ര്‌ത ചിത്തനായ ആ അച്ചാച്ഛന്റെ പൈത്ര്‌കം പകർന്നു കിട്ടിയതിന്റെ ഗരിമ കഴിഞ്ഞ ദിവസം ഏതാനും സമയം സന്ദീപുമൊത്ത് ചിലവഴിച്ചപ്പോൾ എനിയ്ക്ക് അനുഭവവേദ്യമാകുകയും ചെയ്തു. ഗുരുത്വത്തിന്റെ വൈശിഷ്ട്യം സന്ദീപിന്റെ ചിന്തകളിലും രചനകളിലും ജീവിതത്തിലും തുടർന്നും പ്രശോഭിതമാകട്ടെയെന്ന് ആശംസിക്കുന്നു.
ReplyDeleteഈ സ്നേഹ-സ്മരണക്കുറിപ്പ് ഹൃദ്യമായി. തിളങ്ങി നിൽക്കുന്ന ഓർമ്മയായി.ഭാവുകങ്ങൾ.
ReplyDelete