ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Saturday, September 3, 2011

ഭീമന്‍ അവിയല്‍ ഉണ്ടാക്കിയ കഥ

(2011 സെപ്റ്റംബര്‍ ലക്കം "ബഫല്ലോ സോൾജ്യര്‍ "ൽ ഈ കഥ ചേർത്തിട്ടുണ്ട്)

          വീണ്ടുമൊരോണക്കാലം വരവായി. എന്റെ ഓണസ്മൃതികളില്‍ ആദ്യമെത്തുന്നത്  ഓണസദ്യയാകും. തളിര്‍നാക്കിലയില്‍ നിറയുന്ന കറിക്കൂട്ടങ്ങളും പുത്തരി ചോറും പ്രഥമനുമൊക്കെ ചേര്‍ന്ന് ഓര്‍മ്മയിലെ ഓണസദ്യ എന്നിലൊരു അനുഭവമായി നിറയുന്നു.. വിഭവങ്ങളുടെ കൂട്ടത്തില്‍ അവിയലിനെ അതിന്റെ രുചിയും നിര്‍മ്മാണവിദ്യയിലെ വ്യത്യസ്തതയും കൊണ്ട് എനിക്കേറ്റം പ്രിയമുള്ളതാക്കുന്നു.. അവിയലിന്റെ ഉത്ഭവത്തെ കുറിച്ച് രസകരമായൊരു ഐതിഹ്യമുണ്ട്. താവഴിയില്‍ വാമൊഴിയായ്‌ പകര്‍ന്നു കിട്ടിയൊരു മുത്തശ്ശി കഥയാണിത്. അതില്‍ പൊടിപ്പും തൊങ്ങലും ആവശ്യാനാവശ്യവര്‍ണ്ണനകള്‍ സമം ചേര്‍ത്ത് മനോഗതം പോലെ ഞാന്‍ വിളമ്പുന്നു. കഥ നടക്കുന്നത് ഒരു യുഗം മുന്‍പ് മഹാഭാരതകഥ കാലഘട്ടത്തിലാണ്. കൃഷണദ്വൈപായനന്‍ ഇതിഹാസപുസ്തകത്തില്‍ അക്കാലത്തെ മനോഹരമായി വര്‍ണിച്ചിട്ടുമുണ്ട്. അതിലൊരു സന്ദര്‍ഭവുമായി ബന്ധപ്പെട്ടാണ് അവിയലിന്റെ സൃഷ്ടികഥ നിലനില്‍ക്കുന്നത്. ഭീമന്‍ അവിയല്‍ ഉണ്ടാക്കിയ കഥ ലളിതമായിങ്ങനെ വിവരിക്കാം.

          ഹരിയാനയ്ക്കടുത്തൊരു ഗ്രാമത്തില്‍ ചേട്ടാനുജന്‍ മക്കളായ രണ്ടു കുടുംബമുണ്ടായിരുന്നു; കൗരവരും പാണ്ഡവരും. സ്വത്തു തര്‍ക്കത്തിന്റെയും ഭാഗംവെയ്പ്പിന്റെയും പേരില്‍ ഇവര്‍ സദാതല്ലുകൂട്ടമായിരുന്നു. കാരണവന്മാരുടെ സന്ദര്‍ഭവശാലുള്ള ഇടപെടലുകള്‍ക്കൊണ്ട് മുട്ടുശാന്തിയുടെ മുട്ടാപോക്കുമായി മുറുമുറുപ്പോടെയവര്‍ ഹസ്തിനപുരിയിലും ഇന്ദ്രപ്രസ്ഥത്തിലുമായി താമസിച്ചു പോന്നു. അങ്ങനെയിരിക്കെ കൗരവന്മാരില്‍ മുതിര്‍ന്നവനായ ദുര്യോധനന്‍ അമ്മാവനായ ശകുനിയെയും കൂട്ടി ഒരു ചൂതാട്ടമത്സരം നടത്തി. പാണ്ഡവന്മാരതില്‍ പങ്കെടുക്കുകയും അമ്പേ പരാജയപ്പെടുകയും ചെയ്തു. നാടും വീടുമെല്ലാം പണയപ്പെടുത്തി കളിച്ചു തുലഞ്ഞു. ഒടുവില്‍ കയ്യില്‍ ഒന്നുമില്ലാതെ വന്നപ്പോള്‍ പാണ്ഡവന്മാരോടു നാടുവിട്ടോളാന്‍ കല്‍പ്പിച്ചൂ; കൗരവയുവരാജാവ്. പന്ത്രണ്ടു വര്‍ഷം വനവാസവും പിന്നൊരു വര്‍ഷത്തെ അജ്ഞാതതവാസവും വിധിച്ചു. അജ്ഞാതവാസത്തില്‍ കണ്ടുപിടിക്കപ്പെട്ടാല്‍ വ്യവസ്ഥകള്‍ പിന്നെയും ആവര്‍ത്തിക്കുമെന്നൊരു താക്കീതും ഉണ്ടായിരുന്നു.

          വ്യവസ്ഥയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം അജ്ഞാതവാസത്തിനായി പാണ്ഡവര്‍ അഞ്ചു പേരും അവരുടെ പത്നി ദ്രൗപദിയും വിരാടരാജ്യത്ത് അഭയം തേടി. വേഷപ്രശ്ചന്നരായി വ്യാജപ്പേരിലായിരുന്നു പാണ്ഡവരവിടെ താമസിച്ചത്. കുങ്കനായി യുധിഷ്ഠിരന്‍, വല്ലവനായി ഭീമന്‍, ശാപത്തിന്റെ മേലാപ്പ് എടുത്തണിഞ്ഞു അര്‍ജ്ജുനന്‍ ബ്രഹന്നളയെന്ന പെണ്‍വേഷം കെട്ടി. നകുലനും സഹദേവനും യഥാക്രമം ഗ്രന്ഥികനും, അരിഷ്ടനേമിയുമായി. ദ്രൗപദി മാലിനിയുമായി. ഓരോരുത്തരും വിരാടരാജകൊട്ടാരത്തില്‍ വിവിധജോലിക്കള്‍ക്കായി നിയോഗിക്കപ്പെട്ടു. അങ്ങനെ വല്ലവനെന്ന ഭീമന്‍ അവിടത്തെ കലവറക്കാരനായി. ഗദായുദ്ധവും ഗുസ്തിയുമല്ലാതെ ഭീമനുണ്ടോ പാചകം വല്ലതുമറിയുന്നു. അങ്ങനെ വിഷണ്ണനായി ഭീമനിരിക്കെ പോംവഴിക്കായി അക്കാലത്തെ അതിനായകനും അമ്മാവന്റെ മകനുമായ സാക്ഷാല്‍ ശ്രീകൃഷ്ണനെ വിളിച്ചു നോക്കി. അദ്ദേഹം ദ്വാരകാപുരിയില്‍ രാജ്യകാര്യങ്ങളുമായി തിരക്കിലായിരുന്നതിനാല്‍ തക്ക സമയത്തെത്താന്‍ കഴിഞ്ഞില്ല.


          ഒടുവില്‍ , വരുന്നത് വരട്ടേയെന്നും മനസ്സിലുറച്ചു ഭീമന്‍ കയ്യില്‍ കിട്ടിയ ചേന, കായ, പടവലങ്ങാതി പച്ചക്കറികള്‍ പലകമേല്‍ നിരത്തിവെച്ച് കരവാളെടുത്തു വര്‍ദ്ധിതവീര്യത്തോടെ അച്ചാലും മുച്ചാലും വെട്ടിനുറുക്കി, അവയത്രയും വലിയോരു ചെമ്പുവാര്‍പ്പിലിട്ടു അല്പം വെള്ളവുമൊഴിച്ചു വേവിക്കാന്‍ തുടങ്ങി. മൂടിയിട്ട വാര്‍പ്പിനു ചുറ്റും ആധിയോടെ ഭീമന്‍ മണ്ടി നടന്നു. ഇടയ്ക്ക് ഉത്കണ്ഠാപൂര്‍വം മൂടി തുറന്നു നോക്കി; കായബലം പരീക്ഷിക്കുംപോല്‍ കായ്‌ക്കറികള്‍ വലിയ ചട്ടുകത്താല്‍ ഇളക്കിയിട്ടു. വെന്തു പാകമായപ്പോള്‍ രുചിക്കായി ഉപ്പും അല്പം തേങ്ങയും പിന്നെ കയ്യില്‍ കിട്ടിയതൊക്കെയും വാരിവലിച്ചിട്ട് പാചകകര്‍മ്മം പൂര്‍ത്തിയാക്കി, വിഭവത്തിനു അവിയല്‍ എന്നു നാമകരണവും ചെയ്തു.


          ഉച്ചയൂണില്‍ പുതുവിഭവം രുചിച്ചിഷ്ടപ്പെട്ട വിരാടമഹാരാജാവും പരിവാരങ്ങളും വല്ലവന്റെ പാചകനൈപുണ്യത്തെ പ്രകീര്‍ത്തിച്ചു, പാരിതോഷികമായി നൂറു വരാഹന്‍ പ്രഖ്യാപിച്ചു. ഇങ്ങനെയത്രേ അവിയലിന്റെ ജനനകഥ. കാലങ്ങള്‍ കടക്കവേ പല പാചകവിദഗ്ദ്ധരിലൂടെ കൈമറഞ്ഞു അവിയല്‍ ഇന്നു കാണുന്ന രുചിയിലും നിറത്തിലും ചേരുവകളുടെ ക്ലിപ്തയിലുമായി രൂപമാറ്റം സംഭവിച്ചു വന്നു. പിന്നീട് ദക്ഷിണേന്ത്യയിലേക്കുള്ള ആര്യന്മാരുടെ കടന്നു വരവോടെ അവിയല്‍ കേരളത്തിന്റെ തനതു വിഭവമായി മാറുകയും ചെയ്തുവെന്നു പറയപ്പെടുന്നു.

27/08/2011
===============================================================


എല്ലാവര്‍ക്കും ഐശ്വര്യസമൃദ്ധമായ ഓണാശംസകള്‍ നേര്‍ന്നു കൊണ്ട്

സ്നേഹപൂര്‍വ്വം


39 comments:

  1. കുറച്ചുനാള്‍ മുന്‍പ് ലിപിചേച്ചി (ചെറിയ ലിപികള്‍ ) ചോദിക്കുകയുണ്ടായി, ഞാനൊരു chef ആയിരിക്കെ നല്ല പാചകകുറിപ്പുകള്‍ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തു കൂടെയെന്നു. പിന്നീടൊരിക്കല്‍ സാബുവും (നീഹാരബിന്ദുക്കള്‍ ) ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. 'പാചകകല'യ്ക്ക് തത്കാലം വിട പറഞ്ഞു 'വാചകകല'യിലേക്ക് ചുവടുമാറിയതു കൊണ്ടും, ഇപ്പോഴത്തെ എന്റെ ഡിഗ്രി പഠനത്തിന്റെ തിരക്കുകള്‍ കൊണ്ടും വിശദമായ പാചകസംബന്ധികളായ കുറിപ്പുകള്‍ പോസ്റ്റുവാന്‍ മുതിരുന്നില്ല. തത്കാലം അവയോടു ബന്ധപ്പെട്ടൊരു ഐതിഹ്യകഥ ഇവിടെ പറയുന്നു. ഐതിഹ്യത്തെ കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ എന്നെ സഹായിച്ച പ്രദീപ്‌ മാഷിനോടുള്ള (നിഴലുകള്‍ ) സ്നേഹസമ്മിശ്രമായ കടപ്പാട് രേഖപ്പെടുത്തുന്നു.

    ReplyDelete
  2. ഹ ഹ ഈ അര്‍ജുനന്‍ അറിയാതെ ഭീമന്‍ അവിയലും വെച്ചല്ലേ..കഥ ഇഷ്ട്ടപെട്ടു. പിന്നെ ഓണാശംസകള്‍ നേരുന്നു.

    ReplyDelete
  3. ആഹാ.. സൂപ്പർ... അവിയൽ എന്റെ ഇഷ്ട വിഭവമാ.. അതുണ്ടായതിനു പിന്നിലെ ഐതീഹ്യം രസകരമായി വർണ്ണിച്ചിരിക്കുന്നു... ഇഷ്ടായി..

    ReplyDelete
  4. അവിയല്‍ എനിക്കും ഇഷ്ടമാണ് അതില്‍ വെള്ളം കുറച്ച് തേങ്ങാ കൂട്ടി വെച്ചാല്‍.. വെള്ളം കൂടിയാല്‍ ഇഷ്ടം ഇത്തിരി കുറയും.. പിന്നെ അക്ഷയപാത്രത്തില്‍ കൃഷണന് താമസിച്ച് വന്നപ്പോള്‍ കിട്ടിയെന്ന് പറയുന്നതും അവിയലിന്‍റെ അംശമായിരുന്നില്ലേ??

    ReplyDelete
  5. അവിയല്‍ ഇല്ലാതെ എന്ത് ഓണസ്സദ്യ !

    ReplyDelete
  6. അവിയലിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി കഥകള്‍ പ്രചരിച്ചിട്ടുണ്ട് .ഇവിടെ പറഞ്ഞ പലകാര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായതാണ് പലതും .
    അജ്ഞാത വാസക്കാലത്ത് വിരാട രാജ്യത്ത് വേദ പണ്ഡിതന്‍ ആയ കങ്കന്‍ ആയി വേഷം മാറി എത്തിയ യുധിഷ്ഠിരന്റെ പാചകക്കാരന്‍ ആയിരുന്നു എന്ന വ്യാജേനയാണ് ആഹാര പ്രിയനും പാചക വിദഗ്ദ്ധനും ആയ ഭീമന്‍ വലലന്‍ എന്ന പേരില്‍ കയറിപ്പറ്റിയത്.പേരുകളിലും വ്യത്യാസം കാണുന്നു .
    വല്ലഭന്‍ എന്ന പേരിനേക്കാള്‍ കൂടുതലായി കേട്ട് വരുന്നത് വലലന്‍ എന്നാണ്. ഓരോരുത്തരുടെ പ്രാവീണ്യം അനുസരിച്ചുള്ള ജോലികള്‍ക്കാ ണ് അവര്‍ അവിടെ നിയമിക്കപ്പെട്ടത് .പാചകം അറിയില്ലായിരുന്നു എന്ന
    പ്രസ്താവന തെറ്റാണ് .
    സദ്യ ഉണ്ടാക്കി ബാക്കി വന്ന പച്ചക്കറികള്‍ എല്ലാം കൂടി ഒരുമിച്ചിട്ടു ഭീമന്‍ പരീക്ഷണാര്‍ത്ഥം പാചകം ചെയ്തെടുത്ത വിഭവമാണ് അവിയല്‍
    എന്ന് പറയുന്നു.
    മറ്റൊരു കഥ: ഭീമനെ കൌരവര്‍ വിഷം കൊടുത്തു മയക്കി ബന്ധിച്ചു നദിയില്‍ എറിഞ്ഞതിന് ശേഷം അദ്ദേഹം പുഴയില്‍ മുങ്ങി മരിച്ചതായി കൌരവര്‍ കഥയുണ്ടാക്കി പാണ്ഡവരെയും ജനങ്ങളെയും വിശ്വസിപ്പിച്ചു .അദ്ദേഹത്തിന്റെ മരണാനന്തര കര്‍മങ്ങളോട് അനുബന്ധിച്ച് പാണ്ഡവര്‍ ഒരുക്കിയ സദ്യയില്‍ ഉണ്ടാക്കിയ വിഭവമാണ് അവിയല്‍ എന്നും പറയുന്നു. നാഗങ്ങളുടെ സഹായത്തോടെ മരണത്തില്‍ നിന്ന് രക്ഷപ്പെട്ട ഭീമന്‍ തിരിച്ചു വരുന്നത് കണ്ടപ്പോള്‍ സന്തോഷം പൂണ്ട പാണ്ഡവര്‍ സദ്യ യും കര്‍മ്മങ്ങളും ഉപേക്ഷിച്ചു .ആഹാര പ്രിയനായ ഭീമന്‍ ഇത് കണ്ടു വിഷമിച്ചു കിട്ടിയ വിഭവങ്ങള്‍ ചേര്‍ത്തു അവിയല്‍ ഉണ്ടാക്കി കഴിച്ചു എന്നുമാണ് ആ കഥ.
    പഞ്ച പാണ്ഡവര്‍ അഞ്ചു പേരും എന്നെഴുതി കാണുന്നു ,അത് തെറ്റാണ് പഞ്ചം എന്നാല്‍ അഞ്ച് എന്നാണ് അര്‍ഥം .അപ്പോള്‍ രണ്ടു അഞ്ച് വേണോ ? എണ്ണം തെറ്റും . പച്ചക്കറിക്ക് വിലക്കൂടിയത് കൊണ്ടാണോ അവിയല്‍ കഷണങ്ങള്‍ ഫോട്ടോ ഷോപ്പില്‍ ഇട്ടു പെരുപ്പിച്ചു കാണിക്കുന്നത് :)

    ReplyDelete
  7. എന്തായാലും വേണ്ടില്ല , അവിയല്‍ ഇല്ലാതെ എന്ത് ഓണം???കഥയില്‍ അല്പം കാര്യം ഉണ്ടെന്നു തോന്നുന്നു...കാരണം, അവിയലില്‍ ഇടാത്ത പച്ചക്കറികള്‍ കുറവാ..എന്നാലും അന്ന് ഹരിയാനയില്‍ തേങ്ങാ കിട്ടിയിരുന്നോ...കഥയില്‍ ചോദ്യം ഇല്ല...അല്ലെ...അവിയല്‍ ഇവിടെ എത്തിയപ്പോള്‍ തേങ്ങാ ഓടി കയറിയത് ആകാന്‍ ആണ് വഴി...

    ReplyDelete
  8. ഈ ഒരു അവിയല്‍ കഥ അറിയില്ലായിരുന്നു . നന്ദി

    ReplyDelete
  9. ഈ കഥ ഞാൻ മുൻപ്‌ കേട്ടിട്ടുള്ളതായിരുന്നില്ല. രസകരമായ കഥ.

    പേര്‌ വലലൻ എന്നാണ്‌ ഞാനും വായിച്ചിടുള്ളത്‌ (ശ്രീ രമേശ്‌ അരൂർ പറഞ്ഞത്‌ പോലെ). ശരിയാണോ എന്നു നോക്കുന്നത്‌ നന്നായിരിക്കും.

    അവിയലിൽ തന്നെ പലതരങ്ങൾ ഉണ്ടെന്ന് പിന്നീട്‌ മനസ്സിലാക്കിയിട്ടുണ്ട്‌. വടക്ക്‌ അവിയലുണ്ടക്കിയ ശേഷം കുറച്ച്‌ വെളിച്ചെണ്ണ മുകളിൽ ഒഴിക്കാറുണ്ട്‌ (ഇത്‌ മുഴുവൻ എഴുതി കഴിയുമ്പോൾ ഞാൻ കൊതി പിടിച്ച്‌ മരിക്കും). വെളിച്ചെണ്ണയുടെ മണം അടിക്കുമ്പോൾ തന്നെ വിശപ്പ്‌ കൂടും!. മറ്റൊന്ന് എരിവിനു പചമുളക്‌ നെടുകെ കീറി വിതറുകയാണ്‌ (എരിവിന്റെ ആശാന്മാർക്ക്‌ മാത്രമായി സ്പേഷ്യൽ).

    മുട്ട അവിയലാണ്‌ മറ്റൊന്ന് (ഇതു ഞാൻ ആദ്യം കാണുന്നതും വടക്കൻ കേരളത്തിൽ). അവിയലു പോലും നോൺ-വെജ്‌ ആക്കി മാറ്റിയ ആശാന്മാരാണ്‌ അവിടെ. പുഴുങ്ങിയ മുട്ടകൾ രണ്ടായി മുറിച്ച്‌ അവിയലിൽ ഇട്ടു വെച്ചിരിക്കുന്നു!. മുട്ടയും അവിയലും - അതൊരു പ്രത്യേക രുചിയാണ്‌.

    അവിയലിൽ ചേർത്ത മുരിങ്ങക്കായുടെ രുചി ഒന്നു വേറെ തന്നെയാണ്‌. അതു ഞാൻ തിരഞ്ഞു പിടിച്ച്‌ കഴിക്കുമായിരുന്നു :)
    ഞാൻ മരിച്ചു!

    ഓണാശംസകൾ!

    ReplyDelete
  10. @mad|മാഡ്-അക്ഷരക്കോളനി.കോം.. എല്ലാം അര്‍ജുനന്‍ സാക്ഷി.. :) നന്ദി ഈ ആദ്യ വായനയ്ക്ക്..

    @കണ്ണന്‍ | Kannan.. അവിയല്‍ എനിക്കും പ്രിയം.. നന്ദി കണ്ണാ..

    @സ്വന്തം സുഹൃത്ത് അതെയതെ.. വെള്ളം കുറച്ചുള്ള അവിയല്‍ തന്നെ രുചി.. അല്‍പം പച്ചവെളിച്ചെണ്ണ കൂടി മേലെ തൂവിയാല്‍ ബഹുവിശേഷായി.. പിന്നെ അക്ഷയപാത്രത്തിന്റെ കഥ വനവാസക്കാലത്താണ്.. അതിനു ശേഷമാണ് അജ്ഞാതവാസം വരുന്നത്.. ആ സമയത്താണ് ഭീമന്‍ തന്റെ ലാബില്‍ വെച്ച് ഒട്ടേറെ പരീക്ഷണനിരീക്ഷണങ്ങള്‍ക്കു ശേഷം അവിയല്‍ കണ്ടെത്തുന്നത്.. :) അക്ഷയപാത്രത്തില്‍ നിന്നും കൃഷ്ണന്‍ കഴിക്കുന്നത്‌ ചീരയുടെ ഇലയാണ് എന്നതാണ് എന്റെ ഓര്‍മ്മ.. നന്ദി

    @Villagemaan/വില്ലേജ്മാന്‍.. അവിയല്‍ ഇല്ലാതെ നമ്മുക്കെന്താഘോഷം അല്ലെ.. :) നന്ദി

    @രമേശ്‌ അരൂര്‍.. രേമെശേട്ടാ.. ഈ വായനയ്ക്ക് വിശദമായ അഭിപ്രായത്തിനും ആദ്യമേ നന്ദി പറയട്ടെ.. ഞാന്‍ കഥ പറയും മുന്‍പേ പറഞ്ഞിരുന്നു..
    "താവഴിയില്‍ വാമൊഴിയായ്‌ പകര്‍ന്നു കിട്ടിയൊരു മുത്തശ്ശി കഥയാണിത്. അതില്‍ പൊടിപ്പും തൊങ്ങലും ആവശ്യാനാവശ്യവര്‍ണ്ണനകള്‍ സമം ചേര്‍ത്ത് മനോഗതം പോലെ ഞാന്‍ വിളമ്പുന്നു. "
    അത് കൊണ്ട് തന്നെ ഈ വാദങ്ങള്‍ അപ്രസക്തം..
    എങ്കിലും പറയട്ടെ.. അജ്ഞാതവാസക്കാലത്ത് ഭീമന്റെ പേരില്‍ പലയിടത്തും പ്രചരിക്കുന്ന കഥകളിലും വ്യത്യസ്ഥത കണ്ടു വരുന്നുണ്ട്.. വല്ലന്‍, വലലന്‍, വല്ലവന്‍, വല്ലഭന്‍, പിന്നെ ദേവനാഗരിയില്‍ ഭല്ലവ്‌ എന്നും കാണുന്നു.. ഇതില്‍ ഏതു ശരിയെന്നു ഉറപ്പിച്ചു പറയാന്‍ സാധ്യമല്ല.. (M.T.യുടെ രണ്ടാമൂഴത്തില്‍ വല്ലവന്‍ എന്ന് വായിച്ചത് ഓര്‍ക്കുന്നു..) ഇത്തരം നാടോടി കഥകളില്‍ പേരുകള്‍ , സംഭവങ്ങള്‍ ഒക്കെ ദേശവ്യത്യാസങ്ങളില്‍ അന്തരം കാണുന്നത് സ്വാഭാവികമാണ് എന്നത് ഓര്‍മ്മിക്കുക..
    അവിയലുമായി ബന്ധപ്പെട്ട മറ്റു കഥകള്‍ ഇവിടെ ചേര്‍ത്തതില്‍ നന്ദി.. (പഞ്ച പാണ്ഡവര്‍ അഞ്ചു പേരും - ഈ പ്രയോഗം എന്റെ അശ്രദ്ധമൂലം വന്നതാണ്.. ചൂണ്ടി കാണിച്ചതിനാല്‍ തിരുത്താന്‍ സാധിച്ചു.. സന്തോഷം) ഇനിയും വരിക.. ഓണാശംസകള്‍ നേരുന്നു..

    @SHANAVAS കേട്ടറിവുകള്‍ മാത്രമല്ലേ ഈ കഥകള്‍ .. ചിലപ്പോള്‍ അങ്ങനെയുമാകാം.. പക്ഷെ ഹരിയാനയില്‍ തെങ്ങും തേങ്ങയും ഉണ്ട് എന്ന് തന്നെ എന്റെ അറിവ് ട്ടോ.. ഇവിടത്തെ പോലെ സുലഭമല്ല എന്ന് മാത്രം..

    @Raveena Raveendran.. നന്ദി.. ഈ വരവില്‍ സന്തോഷം..

    @Sabu M H.. പേരിന്റെ പേരിലുള്ള സന്ദേഹത്തിന് ഞാന്‍ രമേശേട്ടനുള്ള മറുപടിയില്‍ വിശദീകരണം കൊടുത്തിട്ടുണ്ട്..
    പിന്നെ സാബൂന്റെ .. അവിയലിന്റെ വിവരണങ്ങള്‍ കേട്ട് എനിക്കും നാവില്‍ വെള്ളം ഊറി തുടങ്ങി.. :) അവിയലിനു പിന്നെയും വകഭേദങ്ങള്‍ ഉണ്ട്.. അതില്‍ എനിക്കേറ്റം ഇഷ്ടം മീന്‍ അവിയല്‍ ആണ് .. ചെറു ഇനം മീനുകള്‍ പീര ചേര്‍ത്തു ഉണ്ടാക്കുന്നതാണ് മീന്‍ അവിയല്‍ .. ഓണാശംസകള്‍ ..

    ReplyDelete
  11. പാവം ഭീമന്‍ ...
    ഇതു വല്ലതും അറിയുന്നുണ്ടോ ആവോ ...?
    അറിഞ്ഞാല്‍ ....
    എന്തായിരിക്കും കഥയുടെ അവസാനം ....

    ReplyDelete
  12. മനുഷ്യനെ കൊതിപ്പിച്ച് പണ്ടാറടക്കി..!
    “മൂടിയിട്ട വാര്‍പ്പിനു ചുറ്റും ആധിയോടെ ഭീമന്‍ മണ്ടി നടന്നു. ഇടയ്ക്ക് ഉത്കണ്ഠാപൂര്‍വം മൂടി തുറന്നു നോക്കി..!“
    വെള്ളം കൂടിപ്പോയിരുന്നെങ്കില്‍..സാമ്പാറായേനെ..വെള്ളം കുറവായത് നമ്മുടെ ഭാഗ്യം..!അതുകൊണ്ട് അവിയിയലുണ്ടായി..!
    കഥ എന്തൊക്കെയായാലും അവിയലു തരുന്ന സുഖം..!ആഹാ..!
    @ സാബൂ, മുരിങ്ങക്കാ മാത്രം അവിയലിന്റെ ചേരുവ ചേത്ത് ഉണ്ടാക്കി നോക്കൂ‍...കഴിച്ച് ആക്രാന്തം തീര്‍ക്കൂ..!

    “വല്ലന്‍, വലലന്‍, വല്ലവന്‍, വല്ലഭന്‍, പിന്നെ ദേവനാഗരിയില്‍ ഭല്ലവ്‌ എന്നും കാണുന്നു..“-ഒരേ പേരുതന്നെ ദേശ വ്യത്യാസങ്ങള്‍ക്കനുസ്യതമായി ഉണ്ടായ മാറ്റമാകാനേ വഴിയുള്ളു.
    എന്തായാലും അവിയലു പുരാണം നന്നായിട്ടുണ്ട്.
    ഹ്യദ്യമായ ഓണാശംസകള്‍ നേരുന്നു..!

    ReplyDelete
  13. ഓണാശംസകള്‍.
    അവിയലാശംസകളും കൂടെ നേരുന്നു.

    ReplyDelete
  14. ഈ കഥ ആദ്യമായി കേള്‍ക്കുന്നു.. ഭീമന്റെ പേര് അഞ്ജാതവാസക്കാലത്ത് വല്ലവന്‍ എന്ന് തന്നെ ഞാന്‍ കേട്ടിരിക്കുന്നത്. പാചകമറിയില്ല എന്നത് ശരിയാണെന്ന് തോന്നുന്നില്ല. രമേശ് പറഞ്ഞപോലെ കുങ്കന്റെ പാചകകാരനായിട്ടാണ് ഭീമന്‍ അവിടെ കയറിപറ്റുന്നത് തന്നെ.

    ReplyDelete
  15. അവിയലിനെ പറ്റിയും സദ്യയെ പറ്റിയും ഒക്കെ വായിച്ചു നിര്‍വൃതി അടയുന്നു(അതുമാത്രം )
    .. ആരും ഉണ്ണാനൊന്നും വിളിക്കുന്നില്ലേ ..

    ഉമ്മയോട് വാശി പിടിച്ചു കഴിഞ്ഞ ഓണത്തിന് ഉണ്ടാക്കിയ സദ്യയുടെ കഥ ഞാന്‍ പറയുന്നില്ല ..
    (അതിനു സദ്യ എന്ന് വിളിക്കുമോ എന്തോ )..

    ReplyDelete
  16. ഇന്നലെയും കൂടി കഴിച്ചെങ്കിലും ആ പടം കണ്ടപ്പോള്‍ വായില്‍ വെള്ളമൂറി , ഇഷ്ട വിഭവങ്ങളില്‍ ഒന്നാണ് അവിയല്‍ എന്നും..
    സാമ്പാര്‍ ഒഴിക്കാതെ കൂട്ടുകറികള്‍ മാത്രം കൂട്ടിയാണ് ഞാന്‍ സദ്യയുന്നാറുള്ളത് .എന്തായാലും അവിയലിന്റെ വരവിനെക്കുറിച്ച് ഇപ്പോഴാണ് ശെരിക്കും അറിഞ്ഞത്.

    ReplyDelete
  17. പാഞ്ചാലി വേഷം മാറി അവിടെയുണ്ടായിട്ടും കെട്ട്യോനെക്കൊണ്ട് ഈ അടുക്കളപ്പണി ചെയ്യിച്ചതിലാ എനിക്ക് പ്രതിഷേധം..!
    അവിയൽ ഇഷ്ടമില്ലാത്തവർ ആരാ ഉണ്ടാവുക.
    സദ്യക്ക് കൂടുതൽ പ്രാവശ്യം വിളിച്ച് വിളമ്പിക്കുന്നത് അവിയലിനായിട്ടായിരിക്കും.

    ആശംസകൾ..

    ReplyDelete
  18. നന്നായി...ഈ കഥ ഇപ്പോഴാണ്‌ കേൾക്കുന്നത്..പിന്നെ കൃഷനു കിട്ടിയത് അവിലായിരുന്നൊ അവിയലായിരുന്നൊ ?

    ReplyDelete
  19. @nandini.. ഭീമന്‍ ചേട്ടനോട് പറയരുത് ട്ടോ.. പുള്ളിയറിഞ്ഞാല്‍ എന്റെ കഥ തന്നെ അവസാനിപ്പിക്കും.. :) നന്ദിയുണ്ട്

    @പ്രഭന്‍ ക്യഷ്ണന്‍.. അളിയന്‍ ഉണ്ടാക്കിയ കറിയോളം വരോ ഭീമന്‍ ഉണ്ടാക്കിയ അവിയല്‍ .. :) ചേട്ടന്റെ ബ്ലോഗിലെ ആ പോസ്റ്റ്‌ ഉഗ്രനായി ട്ടോ.. വരവിനും അഭിപ്രായത്തിനും നന്ദി.. ഓണാശംസകള്‍

    @മുകിൽ.. ഒരു അവിയല്‍ നന്ദി പറയട്ടെ.. വീണ്ടും വരണം ട്ടോ..

    @Manoraj.. എന്റെ അറിവിലുള്ള കഥ പറയാം.. അജ്ഞാതവാസകാലത്ത് പാണ്ഡവരും പാഞ്ചാലിയും കൂടി പലപ്പോഴായാണ് വിരാടരാജധാനിയില്‍ ചെന്നെത്തുന്നത്.. അതും കൃഷ്ണന്റെ നിര്‍ദേശപ്രകാരം.. അവര്‍ പറയുന്നത് തങ്ങള്‍ ഇന്ദ്രപ്രസ്ഥത്തിലെ അന്തേവാസികള്‍ ആയിരുന്നു എന്നും അവിടത്തെ രാജസഭ പിരിച്ചു വിടുകയും പണിയൊന്നും ഇല്ലാതെ വന്നപ്പോള്‍ ജോലി അന്വേഷിച്ചു വിരാട രാജ്യത്തു എത്തിയതാണ് എന്നും.. അതിനു മുന്‍പ് തന്നെ കൃഷ്ണന്‍ , സുഹൃത്തായ വിരാട രാജാവിനോട് അറിയിക്കുന്നുണ്ട്.. ഇന്ദ്രപ്രസ്ഥത്തിലെ ആരെങ്കിലും പണി ചോദിച്ചു വന്നാല്‍ അവരെ മടക്കി അയക്കരുതെന്ന്.. അങ്ങനെ നിങ്ങള്‍ക്ക് കഴിയുന്ന ജോലികള്‍ എന്തൊക്കെ എന്ന് ഓരോരുത്തരോടും രാജാവ് ചോദിക്കുകയും അവര്‍ ഇഷ്ടമുള്ള, മുന്നേ പറഞ്ഞു നിശ്ചയിക്കപ്പെട്ട ജോലികള്‍ ചോദിച്ചു വാങ്ങുകയുമായിരുന്നു..
    *കുങ്കനായി വന്ന യുധിഷ്ഠിരന്‍ രാജാവിന്റെ ഉപദേശകനായി കൊട്ടാരത്തില്‍ കയറി കൂടുകയും രാജാവിന്റെ പ്രീതി എളുപ്പം നേടിയെടുക്കുകയും ചെയ്തു.. ചൂതാട്ടത്തില്‍ തത്പരനായിരുന്ന വിരാടരാജാവുമായി കളിയില്‍ കൂടുകയായിരുന്നു കുങ്കന്റെ പ്രധാന പണി..
    *ഭീമന്‍ തടി മിടുക്കുള്ളത് കൊണ്ട് പാചകം തിരഞ്ഞെടുത്തു.. അല്ലാതെ വലിയ പാചകനിപുണന്‍ ആയിരുന്നു എന്ന് എവിടെയും പറയുന്നില്ല..
    *ബ്രഹന്നളയായി പെണ്‍രൂപത്തില്‍ എത്തുന്ന അര്‍ജുനന്‍ കൊട്ടാരത്തിലെ സ്ത്രീകള്‍ക്ക് നൃത്തം അഭ്യസിപ്പിക്കാനുള്ള ചുമതല ഏല്‍ക്കുന്നു..
    *അശ്വഹൃദയം അറിയുന്ന നകുലന്‍ കൊട്ടാരത്തിലെ കുതിരകളെ പരിപാലിക്കുന്നവനായി..
    *പറയത്തക്ക അതിവിദ്യകള്‍ ഒന്നും അറിയാത്ത സഹദേവന്‍ കൊട്ടാരത്തിലെ ഗോക്കളെ മേയ്ക്കുന്നവനായി ജോലി ഏറ്റു.
    *മാലിനിയായി എത്തിയ ദ്രൗപതി വിരാടരാജ്ഞിയുടെ തോഴിയായി മാറി.
    ഇവിടെ ഭീമന്‍ കുങ്കന്റെ പാചകക്കാരന്‍ എന്ന പേരില്‍ അല്ല മറിച്ചു യുധിഷ്ഠിരന്റെ കൊട്ടാരത്തിലെ (ഇന്ദ്രപ്രസ്ഥത്തിലെ) പാചകക്കാരന്‍ ആയിരുന്നു എന്ന് പറഞ്ഞിട്ടാണ് വിരാട കൊട്ടാരത്തില്‍ കയറുന്നത്. ഇപ്പോള്‍ ഇവിടെ പറയുന്ന ആ അവ്യക്ത മാറി എന്ന് വിശ്വസിക്കുന്നു.. പോസ്റ്റിന്റെ വിസ്താരഭയം കൊണ്ടും ഈ കഥകള്‍ കുറെ പേര്‍ക്കെങ്കിലും വിശദീകരിക്കാതെ മനസ്സിലാകും എന്ന് കരുതി എഴുതാതെ പോയതാണ്.. നന്ദി ഈ വരവിനും അഭിപ്രായങ്ങള്‍ക്കും..

    @മഖ്‌ബൂല്‍ മാറഞ്ചേരി.. ഇപ്പോള്‍ ഇവിടെ അവിയല്‍ മാത്രമല്ലേ ഉണ്ടാക്കിയുള്ളൂ.. നമുക്കെല്ലാര്‍ക്കും കൂടി ഒന്ന് ഉത്സാഹിച്ചാല്‍ സദ്യ ഗംഭീരമായി ഉണ്ടാക്കാം.. അപ്പൊ കൂടുകയല്ലേ.. ബാക്ക്ഗ്രൗണ്ടില്‍ "ഒന്നാം മല കേറി പോവണ്ടേ " എന്ന പാട്ടും ഇടാം.. എന്തെ... :)

    @സിദ്ധീക്ക.... സിദ്ധീക്ക.. സ്നേഹം നിറഞ്ഞ ഓണാശംസകള്‍ ..

    @വീ കെ.. നന്ദി.. പാഞ്ചാലി അവിടെ ഉണ്ടായിരുന്നുവെങ്കിലും മുന്‍പരിചയം അവര്‍ പരസ്പരം കാണിക്കുന്നില്ല.. വിരാടരാജ്ഞിയുടെ തോഴി മാലിനിയായിരുന്നു പാഞ്ചാലി... അത് കൊണ്ട് തന്നെ നേരിട്ട് വന്നു സഹായിക്കാന്‍ ആവില്ല.. പോരാത്തതിന് അന്തപുരത്തില്‍ വേറെയും ജോലികള്‍ ഉണ്ടാവുമല്ലോ..
    ഒരു അവിയല്‍ നന്ദി നേരുന്നു..

    @പഥികൻ.. ആ കഥ മറ്റൊന്നാണ്.. കൃഷ്ണന്റെ ബാല്യ കാല സുഹൃത്തായ കുചേലന്‍ വര്‍ഷങ്ങള്‍ക്കു ശേഷം കൂട്ടുകാരനെ കാണാന്‍ ദ്വാരകാപുരിയില്‍ പോകുമ്പോള്‍ കൂടെ കരുതുന്നത് നെല്ല് കുത്തി ഉണ്ടാക്കിയ അവില്‍ ആയിരുന്നു.. അവിയല്‍ അല്ല.. :) നന്ദി ഈ വായനയ്ക്കും അഭിപ്രായത്തിനും..

    ReplyDelete
  20. @രമേശ്‌ അരൂര്‍.. രെമേശേട്ടനും ഇപ്പോള്‍ ഈ കഥയിലെ വൈരുദ്ധ്യം വ്യക്തമായി കാണും എന്ന് കരുതുന്നു.. പിന്നെ പച്ചകറിയുടെ വില വര്‍ദ്ധനവിനെ കുറിച്ച് ഞാന്‍ അത്ര ബോധവാനല്ല.. പിന്നെ ഫോട്ടോഷോപ്പിലെ കളികള്‍ എനിക്കിഷ്ടമാണ്... ഗൂഗിളില്‍ നിന്നും പലപ്പോഴും കിട്ടുന്ന ചിത്രങ്ങള്‍ എന്റെ ആവശ്യത്തിനിണങ്ങാതെ വരുമ്പോള്‍ കുറച്ചു ചിത്രപണികള്‍ കാണിക്കാറുണ്ട്.. അത് കൊണ്ട് മാത്രം അല്ല.. എന്റെ ബ്ലോഗിലെ ചിത്രങ്ങള്‍ നെറ്റിലെ മറ്റു ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാവണം എന്നുള്ള സ്വകാര്യതാല്പര്യവും.. അത് കൊണ്ട് തന്നെയാണ് ബ്ലോഗിലെ ചിത്രങ്ങളില്‍ ഞാനെന്റെ വാട്ടര്‍മാര്‍ക്ക്‌ കൂടി ചേര്‍ക്കുന്നത്.. :)

    ReplyDelete
  21. അത് ശരി. അങ്ങനെയാണല്ലേ അവിയല്‍ ഉണ്ടായത്. ഇഷ്ടപ്പെട്ടു.

    ReplyDelete
  22. പോസ്റ്റും നല്ല രുചിയുള്ള അവിയല്‍ തന്നെ...:)

    ReplyDelete
  23. നല്ല പോസ്റ്റ്..അനിയങ്കുട്ട്യേ ഈ അവിയലിൽ അല്പം വാളൻ‌പുളി പിഴിഞ്ഞതോ പച്ചമാങ്ങാക്കഷ്ണങ്ങളോ ചേർക്കുന്ന പതിവു കൂടിയുണ്ട് ട്ടോ തെക്കോട്ട് പോയാൽ...അല്പം വെളിച്ചെണ്ണ മേമ്പൊടിയായ് തൂകി കരിവേപ്പിലയും ഇടും.. :)
    ഇനി കഥയിലേക്ക്...ഭീമൻ പാചകക്കാരനായിരുന്നുവെന്ന് എങ്ങും പറഞ്ഞു കേൾക്കുന്നില്യാ..യുധിഷ്ഠിരന്റെ പാചകക്കാരനായിരുന്നുവെന്നു പരിചയപ്പെടുത്തി വിരാടരാജകൊട്ടാരത്തിൽ പണി തരപ്പെടുത്തുന്നു എന്നു തന്നെയാണു ഞാനും കേട്ടിട്ടുള്ളത്..പിന്നെ കേൾവിക്കഥകളല്ലേ എല്ലാം...:)
    നന്നായി..മനസു നിറഞ്ഞ ഓണാശംസകൾ...

    ReplyDelete
  24. ആദ്യം പ്രഭന്‍ ക്യഷ്ണന്റെ 'അളിയന്‍ കറി' കണ്ടു, ഇവിടെ അവിയലും... ഓരോരുത്തരായി മറ്റു കറികള്‍ കൂടി വിളമ്പിയാല്‍ ഓണം കേമാവും.. :)
    ഈ കഥ ഞാനും ആദ്യം കേള്‍ക്കുകയാണ്. അവിയലിനെ കുറിച്ച് ഞാന്‍ കേട്ടിട്ടുള്ള ഐതിഹ്യകഥ രമേശേട്ടന്‍ പറഞ്ഞ കഥയാണ്‌- സദ്യ ഉണ്ടാക്കി ബാക്കി വന്ന പച്ചക്കറികള്‍ എല്ലാം കൂടി ഒരുമിച്ചിട്ടു ഭീമന്‍ പരീക്ഷണാര്‍ത്ഥം പാചകം ചെയ്തെടുത്ത വിഭവമാണ് അവിയല്‍ - എന്നത്. ഇവിടെ വന്നപ്പോ കുറെ കഥകള്‍ കേട്ടു... ഐതീഹ്യം എന്തായാലും നമുക്ക് അവിയല്‍ പോലെ നല്ലൊരു കറി കിട്ടിയല്ലോ അതുമതി :)

    (നല്ല പാചകകുറിപ്പുകള്‍ പോസ്റ്റാന്‍ പറഞ്ഞിട്ട് ഐതിഹ്യകഥ പറഞ്ഞു പറ്റിക്കുന്നോ ! പഠനത്തിന്റെ തിരക്കുകള്‍ എന്ന് ജ്യാമ്യം എടുത്തതുകൊണ്ട് തല്‍ക്കാലം വെറുതെ വിടുന്നു :))

    ReplyDelete
  25. സന്ദീപ്, അവിയല്‍ പുരാണം അടിപൊളി!!അപ്പോ പേറ്റന്‍റ് ഭീമന്!

    ReplyDelete
  26. വനവാസവും അജ്ഞാതവാസവും പാണ്ഡവര്‍ക്ക് ബുദ്ധിമുട്ടായെങ്കിലും തത്‌ഫലമായി മലയാളിക്ക് നല്ല ഒരു കറി കിട്ടി.

    ReplyDelete
  27. 'യദിഹാസ്തി തദന്യത്ര
    യന്നേഹാസ്തി ന തത്ക്വചിത് '

    'ഇവിടെയുള്ളത് മറ്റു പലയിടത്തും കണ്ടെന്നു വരാം; ഇവിടെയില്ലാത്തത് മറ്റൊരിടത്തും ഉണ്ടാവില്ല ' എന്ന് മഹാഭാരതത്തെക്കുറിച്ചു പറയാറുണ്ട്. കമ്പ്യൂട്ടര്‍ഭാഷകളും, കാല്‍ക്കുലസും, സെറ്റ് തിയറിയും മഹാഭാരതത്തില്‍ ഉണ്ട് എന്നല്ലല്ലോ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വാമൊഴിവഴക്കങ്ങളിലൂടെ ഘട്ടംഘട്ടമായി വികസിതരൂപം കൈക്കൊണ്ട് 'ധര്‍മാര്‍ത്ഥകാമമോക്ഷാദി' പുരുഷാര്‍ത്ഥങ്ങളുടെ പുരാവൃത്തമായി വളര്‍ന്ന് ഒരു മഹാസംസ്കൃതിയുടെ ഇതിഹാസമായി മാറി മഹാഭാരതം. കാക്കസസ് പര്‍വതസാനുക്കളില്‍ നിന്ന് ഉദയം കൊണ്ട് മധ്യേഷ്യ കടന്ന് ഭാരതഖണ്ഡത്തിലെത്തിയ ഒരു ജനതയും അതിന്റെ പിന്തുടര്‍ച്ചക്കാരും അന്നോളം സമ്പാദിച്ചിരുന്ന വിജ്ഞാനമേഖലകളുടെയും, നാടോടിക്കഥകളുടെയും,ചിന്തകളുടെയും, കാഴ്ചപ്പാടുകളുടെയും ജീവിതശൈലികളുടെയുമെല്ലാം പ്രതിഫലനമാണ് ഇതിന്റെ ഉള്ളടക്കം. ഒരു ജനതക്കിടയില്‍ നടന്ന ആഭ്യന്തര സംഘര്‍ഷങ്ങളെക്കുറിച്ചാണ് (Ingroup conflict) മഹാഭാരതം പറയുന്നതെങ്കില്‍., രണ്ടു ജനവിഭാഗങ്ങള്‍ക്കിടയില്‍ നടന്ന സംഘര്‍ഷമാണ് (Outgroup conflict) രാമായണത്തിന്റെ ഇതിവൃത്തമാവുന്നത്.

    സവിശേഷമായ ജീവിതശൈലികളുടെയും, ചിന്തകളുടെയും ഭാഷയുടെയുമൊക്കെ അമൂല്യമായ നിധിശേഖരങ്ങളാവുന്നു നമ്മുടെ ഇതിഹാസങ്ങളും, ഭാരതീയ സംസ്കാരവും. മറ്റെങ്ങും കാണാനാവാത്തത്ര വൈവിധ്യപൂര്‍ണവും മഹത്തരവുമായ ഈ സംസ്കൃതിയുടെ സ്പന്ദനങ്ങളില്‍ നിന്ന് തന്റെ എഴുത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ ചികഞ്ഞെടുക്കുന്ന സന്ദീപിന്റെ ഉദ്യമം ഏറ്റവും അഭിനന്ദനീയമാവുന്നത് ഈ പാശ്ചാത്തലത്തിലാണ്.

    ഇതിഹാസങ്ങളെയും, ആചാരാനുഷ്ടാനങ്ങളെയും, ആഘോഷങ്ങളെയും, ജീവിതചര്യകളെയുമൊക്കെ കോര്‍ത്തിണക്കി ഇനിയും എഴുതുക.

    ReplyDelete
  28. എന്‍റെ sis varna ya നമ്മളില്‍ നിന്ന് ഈ പോസ്റ്റ്‌ കാണിച്ചു തന്നത്.എനിക്ക് f.b ഇല്ല. [ലവള്‍ക്ക് ഒരെണ്ണം ഒള്ളത് തന്നെ അധികം ] അവിയല്‍ എനിക്ക് പണ്ടേ ഇഷ്ടവാ.. വെറുതെ കൊതിപിച്ചു. ഇനി ഇപ്പൊ ഹോസ്റ്റലില്‍ എവിടുന്നു കിട്ടാനാ വായില്‍ വെക്കാന്‍ കൊള്ളുന്ന അവിയല്.??!! അവിയലിന്റെ കണ്ടുപിടുതത്തെ പറ്റി രമേശേട്ടന്‍ പറഞ്ഞ കഥയാ ഞാനും കേട്ടിരിക്കുന്നെ. ബാകി വന്ന പച്ചക്കറികള്‍ ഒക്കെ ഇട്ടു ചെയ്തതാണ് എന്ന്. ഇനി ഇപ്പൊ അത് ചിലപ്പോ ആലപ്പുഴ വേര്‍ഷന്‍ ആരിക്കും..?!! പിന്നെ പാചക കുറിപ്പുകള്‍ [ വെജ്] പോസ്റ്റ്‌ ചെയ്തോളു ട്ടോ [ ഫീഷണി തന്നാ..ഹും! അങ്ങനിപ്പോ ഇരുപത്തി നാല് മണിക്കൂറും പഠിച്ചു വല്യ പത്രോസ് ഒന്നും ആകണ്ട ട്ടോ..സന്ദീപ്‌ തന്നെ ധാരാളം]
    അപ്പോഴേ ദേ ഞങ്ങടെ വക ഒരു ടെയ്സ്റ്റി ഓണം ആശംസിക്കുന്നു.
    drishya n varna

    ReplyDelete
  29. അവിയൽ, കഥയെന്നതായാലും കിട്ടിയാൽ നാഴിയരിയുടേ ചോറു കൂടുതൽ വേണ്ടിവരും.
    അപ്പോ അവിയൽ സൂപ്പർ.
    നമ്മുടെ ഡോക്ടർ “അവിയൽ ബ്ലോഗ്” കണ്ടില്ലെന്ന് തോന്നുന്നു.
    ഓണാശംസകൾ

    ReplyDelete
  30. ഓണാശംസകൾ.....
    ഒരു സ്പെഷല്‍ ആശംസ ഈ അവിയലിനും...

    ReplyDelete
  31. അളിയന്‍ കറി ആയി(പുലരി പ്രഭന്‍)
    അവിയല്‍ ആയി..ഇനി ഇപ്പൊ ഓണം ഉണ്ടാല്‍ മതിയല്ലോ..നന്ദിനിയുടെ കമന്റ്‌ ചിരിപ്പിച്ചു...ഭീമനോട് ഇനി ചോദിയ്ക്കാന്‍ പറ്റില്ലല്ലോ..
    അപ്പൊ പിന്നെ വായിച്ചും കേട്ടും അങ്ങ് അറിയുക..കുറേശ്ശെ...
    എല്ലാവര്ക്കും ഓണ ആശംസകള്‍...

    ReplyDelete
  32. ഈ അവിയല്‍ ഐതിഹ്യ പോസ്റ്റ്‌ ഇഷ്ടായി..ഏവര്‍ക്കും ഓണാശംസകള്‍

    ReplyDelete
  33. അവയില്‍ കഥ നന്നായി ഇഷ്ട്ടപെട്ടു.. കഥയിലെ കണ്ട ചില വിത്യാസങ്ങളെ കുറിച്ച് രമേഷ്ജി പറഞ്ഞല്ലോ.. പല ഐതീഹ്യങ്ങളും വാമൊഴിയായി പ്രചരിക്കുമ്പോള്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരും.. അത് തല്‍ക്കാലം ശമിക്കവുന്നത്തെ ഉള്ളൂ.. ആശംസകള്‍

    ReplyDelete
  34. ഹോ, അവിയലിന്‍‌റെ പിന്നില് ഇങ്ങനേം ഒരു സംഭവം ഉണ്ടാരുന്നാ. അവിയലെന്ന് കേക്കുമ്പൊ ആദ്യം നാവില് വെള്ളം വരും, പിന്നെ ജയന്‍ഡോക്ടറെ ഓര്‍മ്മവരും, പിന്നെ അയ്യപ്പന്‍ കുയ്യപ്പന്‍ അവിയല്‍ ബാന്‍ഡിനേം. അതല്ലാതെ ആരെങ്കിലും ഓര്‍ക്കണുണ്ടാ ആ പാവം ഭീമേട്ടനെ. ശ്ശോ!

    കൊള്ളാം മാഷെ. ഇതൊക്കെ കൌതുകകരമായ പുതിയ അറിവുകളാണ്. ആശംസകള്‍!

    ReplyDelete
  35. @Shukoor.. നന്ദി.. ഈ വരവിനു..

    @Jefu Jailaf.. അവിയല്‍ പോലെ കൂടി കുഴഞ്ഞത്.. എന്നര്‍ത്ഥമുണ്ടോ...?? :) നന്ദി..

    @സീത*.. പച്ചമാങ്ങാക്കഷ്ണങ്ങള്‍ ഇവിടെയും ചേര്‍ത്തു കാണുന്നുണ്ട്.. അത് ചെറുതായൊരു പുളിക്ക് ചേര്‍ക്കുന്നതാണ്.. ഞങ്ങളുടെ നാട്ടില്‍ നല്ല കട്ട തൈര് ചേര്‍ക്കും.. അതും ഒരു രുചിയാണ്.. :) അതെ.. എല്ലാം കേട്ടറിവുകള്‍ മാത്രം.. ഞാന്‍ അന്ന് ജനിച്ചിട്ട് കൂടിയില്ല.. ഹ ഹ ഹ.. ഓണാശംസകള്‍ ഉണ്ട് എന്റെ വക ഒപ്പോള്‍ക്ക് മനസ് നിറയെ സ്നേഹവും..

    @Lipi Ranju.. ലിപി ചേച്ചി.. പാചകകുറിപ്പുകള്‍ പുറകെ വരുന്നതായിരിക്കും.. അതിന്റെ കലവറയില്‍ ആണ് ഞാന്‍.. :) സന്തോഷം ഈ അഭിപ്രായത്തിനും സ്നേഹത്തിനും..

    @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു... ഭീമന്‍ പേറ്റന്റിനായി അപേക്ഷിച്ചിരുന്നു അന്ന്.. കിട്ടി കാണും.. :) നന്ദി

    @ ഹാഷിക്ക്.. അതെയതെ.. നമുക്ക് രുചിയുള്ളൊരു കറിക്കൂട്ട് കിട്ടി.. :)

    @ ചന്തു നായർ.. ഈ സന്ദര്‍ശനത്തിനു നന്ദി..

    @ Pradeep Kumar.. ഏറെ വിജ്ഞാനപ്രദമായിരിക്കുന്നു ഈ കമന്റ്‌.. നന്ദി.. ആര്യ- ദ്രാവിഡ സംസ്കാരങ്ങളുടെ സമന്വയമാണ് ഇന്ന് നാം കാണുന്ന ഭാരത സംസ്കാരം എന്ന് ഞാന്‍ വിശ്വസിക്കുന്നു.. ആ സംസ്കൃതികള്‍ നമുക്ക് പകര്‍ന്നു നല്‍കിയ വലിയ സമ്മാനമാണ് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും.. (വേദങ്ങളുടെയും ഉപനിഷത്തുകളുടെയും കാര്യത്തില്‍ പിടിവലികള്‍ നടക്കുന്നുണ്ടല്ലോ..) അവയെ മറന്നു കൊണ്ട് നമുക്ക് ജീവിക്കാന്‍ എളുപ്പമല്ലിവിടെ എന്ന് എനിക്ക് തോന്നുന്നു.. ചെറുപ്പത്തിലെ വായിച്ചു മനസ്സില്‍ പതിഞ്ഞ രൂപങ്ങളും കേട്ട ഉറച്ചു പോയ കഥകളും തന്നെ എന്റെ കഥ പറച്ചിലിന് എന്നും കരുത്ത് പകരുന്നത്.. ഒരിക്കല്‍ കൂടി സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു..

    @INTIMATE STRANGER.. ദൃശ്യയ്ക്കും വര്‍ണ്ണകുട്ടിക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍ .. ഇവിടെ വന്നതിനും വായിച്ചു അഭിപ്രായം പറഞ്ഞതിനും നന്ദി പറയട്ടെ.. പാചകകുറിപ്പുകള്‍ ഇട്ടോളാമേ.. പഠിച്ചു പത്രോസ് ആവണ്ട എനിക്ക്.. ചുരുങ്ങിയ പക്ഷം സന്ദീപ്‌ തന്നെയായിരിക്കാന്‍ ആണ് ആഗ്രഹം.. :)

    @Kalavallabhan.. ഡോക്ടര്‍ ഈ വഴി വന്നതേയില്ലല്ലോ.. ഓണത്തിന്റെ തിരക്കില്‍ ആയിക്കാണും.. നന്ദി ഈ വായനയ്ക്ക്..

    @ റോസാപൂക്കള്‍ ... വളരെ നന്ദി..

    @ ente lokam.. അപ്പൊ ഓണം ഉണ്ണുക തന്നെ.. ഇലയിട്ടു വിളംബിയിരിക്കുന്നു.. കൈ കഴുകി വന്നിരിക്കുക :) ഓണാശംസകള്‍ ..

    @ ഒരു ദുബായിക്കാരന്‍ .. നന്ദി സുഹൃത്തേ.. ഓണാശംസകള്‍ നേരുന്നു..

    @ ആസാദ്‌.. അതന്നെ.. :) ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി..

    @ചെറുത്*.. ഇതൊക്കെ തന്നെ എല്ലാവരുടെയും മനസ്സില്‍ തെളിയുന്നത്.. ഭീമേട്ടന്‍ പാവം.. ആരോര്‍ക്കുന്നു.. പുള്ളി എന്നും രണ്ടാമൂഴക്കാരനല്ലേ.. :) സന്തോഷം ഈ വരവിനും ആഹിപ്രായത്തിനും..

    ReplyDelete
  36. പുതിയ അറിവ്...നന്ദി സന്ദീപ്

    ReplyDelete
  37. അതു ശരി. അപ്പോള്‍ വിരാട രാജധാനിയില്‍ ഉണ്ടായിരുന്നതു മ്മടെ സ്വന്തം കസിന്‍സ്‌ ആയിരുന്നു അല്ലേ..? അതുകൊണ്ടാണ്‌ തേങ്ങയും വെളിച്ചെണ്ണയും പിന്നെ ഈ തനി മലയാളം പേരും അവിയലിനു കിട്ടിയത്. ഏതായാലും വെറുതെയല്ല,ആ അവിയല്‍ എരിശ്ശേരി പോലെ ആയിപ്പോയത്.

    ReplyDelete
  38. Nalla post!! aviyalinu purakil inganeyoru kadhayundaayirunnu ennullathu ippozhaa ariyunnathu... :)

    Aashamsakalode
    http://jenithakavisheshangal.blogspot.com/

    ReplyDelete