ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Tuesday, April 12, 2011

കുചേലവൃത്തം

          ന്ന് ഗുരുവായൂരിലേക്ക് ഒരു യാത്രയുണ്ടായിരുന്നു; ഒരു ബന്ധുവിന്‍റെ വിവാഹത്തോടനുബന്ധിച്ച്. വിവാഹചടങ്ങുകള്‍ കഴിഞ്ഞ ശേഷം കിട്ടിയ ഇടവേളയില്‍ ഞാനും സുഹൃത്തും കൂടി വെളിയിലെ കാഴ്ചയിലേക്കിറങ്ങി. പല കാഴ്ചകള്‍ കണ്ട കൂട്ടത്തില്‍ കൌതുകം തോന്നിയ കാഴ്ചകളായിരുന്നു ഗുരുവായൂര്‍ കേശവന്‍റെ പൂര്‍ണകായ പ്രതിമ, പത്മനാഭോ f മരപ്രഭോ പത്മനാഭോമരപ്രഭോ ശില്പാവിഷ്ക്കാരം, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ ചുമര്‍ചിത്ര ചാരുത. അതിനു മുന്‍പിലെ CANNON BALL TREE എന്നു ഇംഗ്ലീഷുകാര്‍ വിശേഷിപ്പിക്കുന്ന നാഗപൂമരം. പിന്നെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തിന്‍റെ ഓര്‍മ്മക്കായ് നിലകൊള്ളുന്ന സ്മൃതി സ്തൂപം.


          സമയപരിമിതി മൂലം ഞങ്ങള്‍ക്ക് കൂടുതല്‍ ക്ഷേത്രനഗരി കാഴ്ചകള്‍ക്ക് സാധ്യമല്ലായിരുന്നു. പുന്നത്തൂരുള്ള ആനകോട്ടയും ചുമര്‍ചിത്ര കലാപഠന കേന്ദ്രവുമെല്ലാം ഞങ്ങളുടെ അടുത്ത വരവിലേക്കുള്ള ലക്ഷ്യങ്ങളായി മാറ്റി വെച്ചു. കണ്ട കാഴ്ചകളത്രയും ക്യാമറയില്‍ പകര്‍ത്തി ഞങ്ങള്‍ കല്യാണസദ്യയുണ്ട് തിരികെ യാത്രയായ്. ആ ചിത്രങ്ങളില്‍ ചിലത് ഇവിടെ പോസ്റ്റാം. ഒപ്പം അവയ്ക്ക് പിന്നിലെ വിശേഷങ്ങളും പറയാമിനി.

ഗുരുവായൂര്‍ സത്യാഗ്രഹ സ്മൃതിസ്തൂപം

          1931ല്‍ തൃശ്ശൂര്‍ ജില്ലയിലെ (അന്നു മലബാറിന്‍റെ കീഴിലുള്ള പൊന്നാനി താലൂക്കില്‍ പെട്ടതായിരുന്നു ഈ സ്ഥലം) ഗുരുവായൂരില്‍ വെച്ച് കെ. കേളപ്പന്‍റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യഗ്രഹം നടന്നു. അവര്‍ണര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുമതി ലഭിക്കണമെന്ന ആവശ്യവുമായി ആരംഭിച്ച സമരം 12 ദിവസം പിന്നിട്ടപ്പോള്‍ മഹാത്മ ഗാന്ധിയുടെ അഭ്യര്‍ത്ഥന മാനിച്ചു അവസാനിപ്പിക്കുകയുണ്ടായി. പിന്നീട് 12/11/1936ല്‍ തിരുവിതാങ്കൂറില്‍ വെച്ച് നടന്ന പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിനു വഴിമരുന്നിട്ടത് ഈ ഗുരുവായൂര്‍ സത്യഗ്രഹമായിരുന്നു എന്ന് കണക്കാക്കാം. ഇതിനു തുല്യമായ പ്രക്ഷോഭങ്ങള്‍ തെക്കന്‍ മേഖലകളിലും നടന്നിരുന്നതായി കേരളചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. 1936ലെ വിളംബരത്തിനു പിന്നാലെ 1946ല്‍ ബ്രിട്ടീഷ്‌ മലബാറിലും 1947ല്‍ കൊച്ചിയിലും അവര്‍ണര്‍ക്ക് ക്ഷേത്ര പ്രവേശനത്തിനായുള്ള അനുമതി ലഭിച്ചുകൊണ്ടുള്ള ഉത്തരവുണ്ടായി. ചരിത്രപ്രാധാന്യമമേറിയ ഈ സംഭവത്തിന്‍റെ ഓര്‍മയ്ക്കായി നിര്‍മ്മിച്ചതാണീ സ്തൂപം.

ഗുരുവായൂര്‍ കേശവന്‍റെ പൂര്‍ണകായ പ്രതിമ

          ഗുരുവായൂര്‍ കേശവനെ അറിയാത്തവര്‍ ചുരുക്കമാകും കേരളത്തില്‍. 1904 ഒക്ടോബര്‍ 24നു ജനിച്ച ഈ ഗജവീരന്‍ നിലമ്പൂര്‍ രാജകുടുംബം 1916ലാണ് ഗുരുവായൂര്‍ ക്ഷേത്രത്തിനു വഴിപാടായി നല്‍കിയത്. തലയെടുപ്പിലും ആകാരസൗന്ദര്യത്തിലും കേമനായ കേശവന്‍ പൊതുവേ ശാന്തശീലനായിരുന്നു. കേശവനെ കുറിച്ചുള്ള ധാരാളം കഥകള്‍ ഇന്നും ഇവിടത്തുകാര്‍ക്ക്‌ പറയാനുണ്ട്. ജനങ്ങളുടെ സ്നേഹാദരങ്ങള്‍ ഇത്രകണ്ട് ലഭിച്ച മറ്റൊരാന ഉണ്ടെന്നു തോന്നുന്നില്ല കേരളത്തില്‍. കേശവന്‍റെ ബഹുമാനാര്‍ത്ഥം ഗുരുവായൂര്‍ ദേവസ്വം ഗജരാജ പട്ടം കൊടുത്ത് ആദരിക്കുക വരെയുണ്ടായി ഈ കരിവീരനെ. 1976 ഡിസംബര്‍ 21നു ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ കേശവന്‍ ചെരിഞ്ഞത്‌. ഗുരുവായൂരപ്പന്‍റെ ഏറ്റവും പ്രിയപ്പെട്ട ആനയായി കേശവന്‍ അറിയപെടുന്നു. ഗുരുവായൂര്‍ കേശവന്‍റെ ജീവിതകഥ പ്രമേയമാക്കി കഥകളും, സിനിമകളും, ടെലിസീരിയലുകളും വന്നതുപോലും ഈ ഗജരാജന്‍റെ മഹത്വം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

പത്മനാഭോ f മരപ്രഭോ പത്മനാഭോമരപ്രഭോ ശില്പാവിഷ്ക്കാരം

          ലയാളത്തിന്‍റെ ഭക്തകവികളായി അറിയപെടുന്ന പൂന്താനവും, മേല്‍പത്തൂരും കഥാപാത്രങ്ങളാകുന്ന കഥയുടെ ശില്പാവിഷ്കാരമാണിത്. ആ ഐതിഹ്യം ഇങ്ങനെയാണ് - ഒരു നാള്‍ വിഷ്ണു സഹ്രസ്രനാമം ജപിച്ചുകൊണ്ടിരുന്ന പൂന്താനം "പത്മനാഭോ അമരപ്രഭോ" എന്നതിന്, "പത്മനാഭോ മരപ്രഭോ" എന്ന് തെറ്റായി ഉച്ചരിച്ചു. പണ്ഡിതനായ ഭട്ടതിരി പൂന്താനത്തിന്റെ അജ്ഞതയെ കളിയാക്കി. പൂന്താനം വിഷമിച്ചു നില്‍ക്കുമ്പോള്‍ മരപ്രഭുവും അമരപ്രഭുവും എല്ലാം ഞാന്‍ തന്നെയാണെന്ന് ഭഗവാന്‍റെ അരുളപ്പാടുണ്ടായി.

          കുറെയേറെ സങ്കടങ്ങളുണര്‍ത്തിക്കണമെന്നു കരുതിയാണ് ഗുരുവായൂര്‍ നടയിലെത്തിയതെങ്കിലും കണ്ണന്‍റെ പ്രതാപം കണ്ട് മിഴുങ്ങസ്യാന്നു നിന്ന കുചേലനെ പോലെ ഒന്നും പറയാനാകാതെയാണ് ഞാനും മടങ്ങിയത്. തോളില്‍ തട്ടികൊണ്ട് ഇനിയും വരണമെന്നു പറഞ്ഞാണ് ആ കൂട്ടുകാരന്‍ എന്നെ യാത്രയാക്കിയത്. അതെ.. ഇനിയുമിനിയും എനിക്കാ ക്ഷേത്രനഗരിയില്‍ ചെല്ലണം. ചരിത്രമുറങ്ങുന്ന ആ മണ്ണ് എനിക്കിനിയും ഒരായിരം കഥകള്‍ പറഞ്ഞു തരും..

18/03/2011

('യാത്രകള്‍ ' എന്ന സൈറ്റില്‍ ഈ വിവരണം ചേര്‍ത്തിട്ടുണ്ട്. അവിടെ വായിക്കാന്‍ ഈ ലിങ്ക് വഴിയെ... കുചേലവൃത്തം - യാത്രകള്‍ )

10 comments:

 1. ഒരുപാടു തവണ പോയിട്ടുണ്ടെങ്കിലും
  ഇനിയും ഒരുപാടു വട്ടം പോവാന്‍
  ആഗ്രഹിക്കുന്ന സ്ഥലം..... നന്ദി സന്ദീപ്‌...
  ഈ പോസ്റ്റിനും, ചിത്രങ്ങള്‍ക്കും...

  ReplyDelete
 2. ഒരുനേരം തൊഴുതു മടങ്ങുമ്പോൾ തോന്നും
  ഒരുവട്ടം കൂടി തൊഴേണമെന്ന്
  ഒരുവട്ടം കൂടി തൊഴുമ്പോഴും തോന്നും
  ഇതുവരെ തൊഴുതത് പോരെന്ന്
  .......
  ഒരു ഭക്തിഗാനത്തിലെ വരികളാണ്‌
  ഇത് സത്യമാണെന്ന് ഒരിക്കൽ പോയവർക്കൊക്കെ മനസ്സിലാകും

  ReplyDelete
 3. സ്കൂളില്‍ നിന്ന് ടൂര്‍ പോയപ്പോ ഞാന്‍ അമ്പലത്തില്‍ കയറിയിട്ടുണ്ട്.
  വിഭക്തിയേക്കള്‍ ഭക്തി ഇഷ്ടപ്പെട്ട കൃഷ്ണന്റെ കഥകള്‍ എനിക്കും ഇഷ്ടമാണ്‌.

  ReplyDelete
 4. ഗുരുവായൂര്‍ ക്ഷേത്രം മിക്കവരും സന്ദര്‍ശിച്ചിട്ടുണ്ടാവും-പലരും പലതവണ!സന്ദീപ് എടുത്തുകാണിച്ച ശില്‍പ്പ-സ്മാരകങ്ങളും
  കണ്ടിട്ടുണ്ടാവും.പക്ഷേ ചിലരെങ്കിലും അതിനു പിന്നിലുള്ള
  കാര്യങ്ങള്‍ ഈ പോസ്റ്റിലൂടെയാവും അറിയുന്നത്.തികച്ചും
  informative!congrats!

  ReplyDelete
 5. അറിയാത്ത ചരിത്രം അറിഞ്ഞപ്പോൾ സന്തോഷം തോന്നി .
  ആശംസകൾ………….

  ReplyDelete
 6. സന്ദീപ് ക്ഷമിക്കണം.എനിക്ക് പ്രസക്തമായത് എന്നു തോന്നിയത് ഗുരുവായൂര്‍ സത്യാഗ്രഹ സ്മൃതിസ്തൂപം ചിത്രം മാത്രമാണ്.അത് ഒരു കാലഘട്ടത്തിന്റെ മുന്നേറ്റത്തെ പ്രതിഫലിപ്പിക്കുന്നു. പലതവണ ഗുരുവായൂരില്‍ പോയിട്ടുണ്ടെങ്കിലും മനസിനെ ആര്‍ദ്രമാക്കുന്ന ഭക്തിയുടെ അനുഭവം എനിക്കണ്ടായിട്ടില്ല.ശ്രീവത്സം ഗസ്റ്റ് ഹൌസ് കോമ്പൌണ്ടിലെ ഈ പ്രതിമകള്‍ നല്ല രണ്ടു ശില്‍പ്പങ്ങളാണ്.അതിനപ്പുറമുള്ള പ്രസക്തിയൊന്നും അവയ്കില്ല.സന്ദീപിന്റെ വര്‍ക് നന്നായിട്ടുണ്ട്.ആശയത്തെ കുറിച്ചാണ് പറഞ്ഞത്.

  ReplyDelete
 7. ഈ ഭൂമിയില്‍ ഞാനേറ്റവും ഇഷ്ടപ്പെടുന്ന സ്ഥലമാണ് ഗുരുവായൂര്‍ അമ്പലനട..വെണ്ണ പോലെ മനസ്സുരുക്കുന്ന ഭക്തിനിര്‍ഭരമായ നിമിഷങ്ങള്‍..മനസ്സു നിറയുമ്പോള്‍ തിരിച്ചു വരാന്‍ തോന്നാറില്ല..സന്ദീപ്‌ വളരെ നല്ല പോസ്റ്റ്‌...അഭിനന്ദനങ്ങള്‍...

  ReplyDelete
 8. നന്ദി കൂട്ടരേ.. ഈ അഭിപ്രായങ്ങള്‍ക്ക്.. ഒപ്പം എന്റെ ഈ വിവരണം നിങ്ങള്‍ക്കിഷ്ടമായി എന്നറിഞ്ഞതിലും..

  @ Pradeep Kumar.. ഇത്തരം തുറന്ന അഭിപ്രായങ്ങള്‍ ഇനിയും ഇനിയും സ്വാഗതം ചെയ്യുന്നു.. എന്റെ എഴുത്തിലെ തെറ്റുകള്‍ കൂടി ചൂണ്ടി കാട്ടണം എന്ന് അഭ്യര്‍ത്ഥന.. എഴുത്തില്‍ ഒരു കൊച്ചു കുട്ടി മാത്രമാണ് ഞാന്‍.. അത്തരം ചൂണ്ടിക്കാട്ടലുകളില്‍ കൂടി മാത്രമേ ഇനിയും വളരാനാകൂ...

  ഭക്തിയുടെ കാര്യത്തില്‍ ഞാനും ചേട്ടനോട് യോജിക്കുന്നു.. ഗുരുവായൂരിലെ തിരക്ക് എന്നെ ശ്വാസം മുട്ടിക്കാറാണ് പതിവ്.. കേരളത്തിലെ ക്ഷേത്രങ്ങളെ ഒരു ശില്പ സൃഷ്ടി ആയി കാണാനാണ് എനിക്കിഷ്ടം.. ചുമര്‍ചിത്രങ്ങള്‍ സൂക്ഷിക്കുന്ന ഒരു ആര്‍ട്ട്‌ ഗാലറി.. ഭക്തര്‍ എന്നെ വിമര്‍ശിച്ചേക്കാം.. പക്ഷെ ഞാന്‍ എന്‍റെ അഭിപ്രായം തുറന്നു പറയുക തന്നെ ചെയ്യും.. അവയിലെ വാസ്തു ഭംഗിയാകും എന്നെ എന്നും ആകര്‍ഷിക്കുന്നത്..

  ReplyDelete
 9. വളരെ വിജ്ഞാനപ്രദമായ ലേഖനം കേട്ടൊ സന്ദീപ്

  ReplyDelete
 10. രണ്ട് വയസ്സുള്ളപ്പോള്‍ ഗുരുവായൂരില്‍ തൊഴാന്‍ പോയപ്പോള്‍ രണ്ട് കൈയിലും കുന്നിക്കുരുവും വാരിക്കൊണ്ട് പോന്നൂ ഞാന്‍ . അതിപ്പിന്നെ ആ തിരുനടയില്‍ പോയിട്ടില്ലാ.
  കള്ളം കണ്ടു പിടിച്ചു കാണുമോ എന്റെ ഗുരുവായൂരപ്പാ

  ReplyDelete