ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Monday, May 30, 2011

നിളയൊഴുകും നാള്‍വഴിയെ..

          ദി തടങ്ങളില്‍ സംസ്കാരങ്ങളുറങ്ങുന്നുവെന്നതെത്ര സത്യം.മലയാളനാടിന്‍റെ സംസ്ക്കാരവും അതിന്‍റെ അടിയൊഴുക്കുകളും ഇവിടെ നിന്നും തുടങ്ങുന്നു.. എഴുത്തുകാരന്‍റെ നെടുവീര്‍പ്പു പോല്‍ വായനകാരന്‍റെ വരണ്ട മണ്ണിലേക്ക് നഷ്ടബോധങ്ങളെ നനച്ചൊരു നിളയൊഴുകുകയാണ്. വാക്കുകളില്‍ ഉയിര്‍ക്കൊണ്ട ഗദ്ഗദങ്ങളും സ്വപ്നകബന്ധങ്ങളും നിറഞ്ഞൊരു ശ്മശാനഭൂമിക. സ്മരണകളില്‍ ഈ പുഴവഴിയെ നീന്തുമ്പോള്‍ കുറെ കാഴ്ചകള്‍ കാണാവും.


          കണ്ണാന്തളികള്‍ വാച്ചുനില്‍ക്കുന്ന പുഴയോരമാണ് കൌമാരങ്ങളില്‍ ഞാന്‍ കണ്ട നിള. സ്നേഹപുല്ലുകള്‍ പടര്‍ന്നു വളരുന്ന നിളയുടെ ഓരത്തൂടെ പഞ്ചവര്‍ണക്കിളികള്‍ പാറി നടന്നതും മനസ്സില്‍ നിറമുള്ള ഭൂതകാലമായ്‌ തെളിയുന്നു.


          പിന്നീടെന്‍റെ മുന്നില്‍ തിളങ്ങിയ വെള്ളിവെളിച്ചത്തില്‍ ഞാന്‍ കണ്ടതു നിളയോരത്തെ രൗദ്രതാണ്ഡവമാടുന്ന പുരുഷബിംബങ്ങളെയായിരുന്നു. തിന്മകള്‍ക്കെതിരെയുള്ള പോര്‍വിളികളില്‍ കലുഷിതമായ നിളാതീരം ഊര്‍ദ്ധന്‍ വലിക്കുന്നുണ്ടായിരുന്നു. കല്‍മണ്ഡപങ്ങളുടെ തൂണുപിളര്‍ത്തു വന്ന അമൂര്‍ത്തസങ്കല്‍പ്പങ്ങള്‍ ഹിരണ്യകശിപുമാരുടെ മാറുകീറുന്ന ബീഭത്സകാഴ്ചകളില്‍ മനസ്സു  തിളച്ചു മറിഞ്ഞു.


          ചരിത്രം ഞാനറിഞ്ഞപ്പോഴേക്കും മാമാങ്കം, വീര്യം ചോര്‍ന്നൊരുത്സവമായ്‌ മാറിയിരുന്നു. എന്നോ അരിഞ്ഞു വീഴ്ത്തപ്പെട്ടൊരു ചാവേറിന്‍റെ ആത്മാവ് എന്നില്‍ ആവേശിക്കുമ്പോള്‍, നിലപാടുതറയിലിരിക്കുന്ന സാമൂതിരി തമ്പുരാന്‍റെ കഴുത്തിനു നേരെ വെള്ളിവാള്‍ വീഴ്ത്തുന്നത് പകല്‍ സ്വപ്നങ്ങളില്‍ കണ്ടുകോരിത്തരിച്ചിട്ടുണ്ട്. അപ്പോഴൊക്കെയും മനസ്സു ചോരയില്‍ കുതിര്‍ന്നൊരു മണല്‍ത്തിട്ടയാകുന്നത് ഞാനറിഞ്ഞു.


          ജോലിയുടെ ഭാഗമായും അല്ലാതെയും പലകുറി നിളമുറിച്ച് കടന്ന എനിക്ക് തീവണ്ടിബോഗിക്കുള്ളില്‍ നിന്നു ഇരുമ്പഴികള്‍ കുറുകെ വരയുന്ന അല്പനേര ജനല്‍വഴി കാഴ്ചയായിരുന്നു നിള. പലപ്പോഴുമാകാഴ്ചകള്‍ എന്‍റെ വിചാരഗതികളെ കുടുസ്സുബോഗിക്കുമപ്പുറം വിശാലലോകത്തില്‍ കൊണ്ടെത്തിക്കുമായിരുന്നു.


(അലസഗമനയായ ഇന്റര്‍സിറ്റിയില്‍ നിന്നൊരു മിഴി നിളയെ തിരഞ്ഞപ്പോള്‍)


          മെയ്‌മാസത്തിലെ മദ്ധ്യാഹ്നങ്ങളിലൊന്നില്‍ വടകര നിന്നൊരു മടക്കയാത്രയില്‍ മുന്‍പെങ്ങും എനിക്ക് കിട്ടാത്തൊരു കാഴ്ചാനുഭാവമായിരുന്നു നിള. പടിഞ്ഞാറു ചാഞ്ഞൊരു പകലിന്‍റെ മഞ്ഞ വിസരണത്തിന്‍ പശ്ചാത്തലത്തില്‍ നിള ഉടലോതുക്കി ദീനയായ്‌ ധ്യാനശീലയായ്‌ ഒഴുക്കുന്നുണ്ടായിരുന്നു.


          ആ ക്ഷണികമായ കൂടികാഴ്ചയില്‍ നിളയുടെ മനസ്സു എന്നോടൊപ്പം കൂടി. അവളുടെ പരിദേവനങ്ങള്‍ എന്നില്‍ ചൊരിഞ്ഞു കൊണ്ടിരുന്നു. സ്വന്തം പ്രണയിനിക്കുമേലുള്ള അന്യാധിനിവേശങ്ങളെ ചെറുക്കാനാവാത്ത ദുര്‍ബലനായ കാമുകനെ പോല്‍ നിസഹായനായ്‌ ഞാനതൊക്കെയും കേട്ടിരുന്നു. എന്‍റെ നിര്‍ജ്ജീവതയെ ഞാനറിയുന്നു.


          ഇന്നലെകളിലെ അവളെ ഞാന്‍ പ്രണയിക്കയായിരുന്നു. അവളില്ലാതാകുന്ന നാളെയും ഞാനവളെ പ്രണയിക്കയാകും. അവളെനിക്ക് പകരം തരുന്ന സ്നേഹം കാലവര്‍ഷങ്ങളില്‍ നിറഞ്ഞു തുളുമ്പുന്ന പുഴപോലെയും.


          നിളേ.. പ്രിയകൂട്ടുകാരി.. നിന്നെ കുറിച്ചെഴുതുമ്പോളെന്‍റെ വാക്കിന്‍റെ ഉറവകള്‍ മനസ്സിന്‍റെ ആഴങ്ങളില്‍ നിന്നോക്കെയും പ്രവഹിക്കുന്നത് ഞാനറിയുന്നു. ഈ സ്നേഹം എന്നില്‍ നിന്നും ഒരിക്കലും വറ്റാതിരിക്കട്ടെ..

15/05/2011

46 comments:

  1. "ഇന്നലെകളിലെ അവളെ ഞാന്‍ പ്രണയിക്കയായിരുന്നു. അവളില്ലാതാകുന്ന നാളെയും ഞാനവളെ പ്രണയിക്കയാകും. അവളെനിക്ക് പകരം തരുന്ന സ്നേഹം കാലവര്‍ഷങ്ങളില്‍ നിറഞ്ഞു തുളുമ്പുന്ന പുഴപോലെയും."
    വളരെ നല്ല വരികള്‍ ഇഷ്ടപ്പെട്ടു... ഞാനും കൂടുന്നു, നാളെ ഇല്ലാതാകുന്ന അവളെ പ്രണയിക്കാന്‍...

    ഒരുപാട് ഇഷ്ട്ടപ്പെട്ട മറ്റൊരു വാക്യം കൂടി പറയെട്ടെ..
    "എന്നോ അരിഞ്ഞു വീഴ്ത്തപ്പെട്ടൊരു ചാവേറിന്‍റെ ആത്മാവ് എന്നില്‍ ആവേശിക്കുമ്പോള്‍, നിലപാടുതറയിലിരിക്കുന്ന സാമൂതിരി തമ്പുരാന്‍റെ കഴുത്തിനു നേരെ വെള്ളിവാള്‍ വീഴ്ത്തുന്നത് പകല്‍ സ്വപ്നങ്ങളില്‍ കണ്ടുകോരിത്തരിച്ചിട്ടുണ്ട്"

    പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു...
    BYB, ക്ലാരയോടാണോ നിളയോടാണോ സന്ദീപിന് കൂടുതല്‍ പ്രണയം?

    ReplyDelete
  2. സന്ദീപ്‌..മഹേഷ്‌ പറഞ്ഞ വരികള്‍ എനിക്കും ഒരുപാട് ഇഷ്ടമായി... പക്ഷെ നിളയെക്കുറിച്ച് ഓര്‍ക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല..

    ReplyDelete
  3. നന്നായിട്ടുണ്ട് സന്ദീപ്ചേട്ടാ
    "ഇന്നലെകളിലെ അവളെ ഞാന്‍ പ്രണയിക്കയായിരുന്നു. അവളില്ലാതാകുന്ന നാളെയും ഞാനവളെ പ്രണയിക്കയാകും. അവളെനിക്ക് പകരം തരുന്ന സ്നേഹം കാലവര്‍ഷങ്ങളില്‍ നിറഞ്ഞു തുളുമ്പുന്ന പുഴപോലെയും."
    ഈ വരികള്‍ എനിക്കിഷ്ടപെട്ടു
    വരി മാത്രമല്ല പോസ്റ്റും നന്നായിട്ടുണ്ട് :)
    എന്റെ ഇഷ്ടപെട്ട പോസ്റ്റുകളില്‍ ഒന്നായി ഇതും
    ഞാന്‍ ആദ്യം നിള കാണുന്നത് ആറാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് പിന്നീട് എം ടിയുടെ കണ്ണാന്തളിപൂക്കളുടെ കാലം വായിച്ചു കുറച്ചു കൂടുതല്‍ അറിഞ്ഞു :) പക്ഷെ ഇന്നുവരെ നിളയെ കണ്ണ്‍കുളിര്‍ക്കെ കാണാനുള്ള അവസരം ഉണ്ടായിട്ടില്ല

    : സന്ദീപ്‌ ചേട്ടന്‍ മഹേഷ്‌വിജയന്‍റെ ചോദ്യത്തിന് എന്തെ ഉത്തരം കൊടുത്തില്ല ?

    ReplyDelete
  4. ഫോട്ടോ മനോഹരം.
    എഴുത്ത് എന്നില്‍ ഒരു പുഴ ഒഴുക്കിയില്ല.
    ഭാവുകങ്ങള്‍

    ReplyDelete
  5. ഈ സ്നേഹം ഒരിക്കലും വറ്റാതിരിക്കട്ടെ..

    ReplyDelete
  6. എം.ടി.യുടെ എഴുത്തുകളില്‍ നിന്നാണ് ഞാന്‍ നിളയെ പ്രണയിച്ചത് , പക്ഷെ നേരില്‍ കാണാന്‍ കൊതിയായിരുന്നു അപ്പോള്‍ , ഒരിക്കലും ഇന്നത്‌ കാണാന്‍ ഇട വരരുതേ എന്ന് പ്രാര്‍ഥിക്കുന്നു . നല്ല എഴുത്ത്

    ReplyDelete
  7. കഴിഞ്ഞ വെക്കേഷന് നാട്ടില്‍ വന്നപ്പോള്‍ കുറ്റിപ്പുറത്തെ കുടുംബ വീട്ടിലും പോയിരുന്നു. തിരിച്ചു വരുന്ന വഴി പാലത്തിനടുത്ത് വണ്ടി പാര്‍ക്ക്‌ ചെയ്ത് കുറച്ചു നേരം നൂല്‍വണ്ണത്തില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന നിളയെ നോക്കി നിന്നു. ഇടശ്ശേരിയുടെ വരികള്‍ ആണ് അപ്പോള്‍ ഓര്‍മവന്നത്.
    "ഇരുപത്തിമൂന്നോളം ലക്ഷമിപ്പോള്‍
    ചെലവാക്കി നിര്‍മ്മിച്ച പാലത്തിന്മേല്‍ അഭിമാനപൂര്‍വ്വം ഞാന്‍ ഏറിനില്‍പ്പാണ്
    അടിയിലെ ശോചിച്ച പേരാറ് നോക്കി"

    അഭിമാനം ആയിരുന്നില്ല, മനസ്സില്‍ വല്ലാത്തൊരു നീറ്റല്‍ ആയിരുന്നു. പൂര്‍വ പുണ്യങ്ങളുടെ കാണാക്കയങ്ങളില്‍ നീരാടിയിരുന്ന പേരാറിപ്പോള്‍ ദയാവധം കാത്തു കിടക്കുന്ന ഒരു വയോവൃദ്ധയെപോലെ...! :(

    ReplyDelete
  8. എഴുത്ത് നന്നായിട്ടുണ്ട് സന്ദീപ്‌..

    ReplyDelete
  9. നല്ല എഴുത്ത്. പുഴപോലെ മനോഹരം.

    ReplyDelete
  10. കൊള്ളാം സന്ദീപ്‌, ഈ സ്നേഹം ഒരിക്കലും വറ്റാതിരിക്കട്ടെ...

    ReplyDelete
  11. ഇന്ന് നിള ഇല്ല...
    ഉള്ളത് ഇന്നാട്ടിലെ കള്ളന്മാര്‍ക്കും ജീവിതം ഉത്സവമാക്കുന്ന വേറെ പണി ഒന്നും അറിയാത്ത ചെറുപ്പക്കാര്‍ക്കും പണമുണ്ടാക്കാനുള്ള, ഒരിക്കലും തീരാത്ത അക്ഷയപാത്രമെന്നു അവര്‍ ദിവാസ്വപ്നം നെയ്യുന്ന, വെളുത്ത സ്വര്‍ണം പരന്നുകിടക്കുന്ന, നീളത്തിലുള്ള കുറച്ചു സ്ഥലവും സ്വര്നഖനനം നടത്തിയതിന്റെ ബാക്കിപത്രമായി അതില്‍ അവിടവിടെയായി വെള്ളം കെട്ടി നില്‍ക്കുന്ന കുറെ കുഴികളും മാത്രം.

    ReplyDelete
  12. നിള
    ട്രേയിനിൽ നിന്നു കാണുന്ന മണൽ വഴി
    അഴിഞ്ഞുലഞ്ഞു തിളങ്ങുന്ന ഒരു അരഞ്ഞാണത്തിന്റെ ദൈന്യത
    അകലെയൊരു സൂര്യ ഗോളം

    ReplyDelete
  13. നന്നായി എഴുതി.
    ഒരു നാൾ ആ മണൽത്തിട്ടകൾ ആരോടെന്നില്ലാതെ പറയും, അതു വഴി ഒരു നദി ഒഴുകിയിരുന്ന കഥ

    ReplyDelete
  14. പറഞ്ഞ് കേട്ട ഒരു വരി ഓര്‍ക്കുന്നു

    "എന്റെ നിളയില്‍ കഴുത്തോളം വെള്ളമുണ്ട്
    തലകുത്തനെ നിന്നാല്‍ മാത്രം..!"

    ReplyDelete
  15. "കണ്ണാന്തളികള്‍ വാച്ചുനില്‍ക്കുന്ന പുഴയോരമാണ് കൌമാരങ്ങളില്‍ ഞാന്‍ കണ്ട നിള."
    The Sanskrit name for Kannanthali is 'aakashapushpi' also known as shola. It grows in rocky hills and seldom on river banks. One of MTs memoirs is tittled 'kannanthaalikal pookkunna kaalam'. The hillock around koodallur used to have an abundance of it. It can still be seen in western ghats.

    ReplyDelete
  16. നന്നായിട്ടുണ്ട് സന്ദീപ്... നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമ്പാദ്യങ്ങള്‍...

    ReplyDelete
  17. കൊള്ളാം സന്ദീപ്‌...

    ReplyDelete
  18. nannaayirikkunnu sandeep pinne ee italic word vayikkan entho bhudhi muttullathu pole ennalum vayichu .

    ReplyDelete
  19. നന്നായിരിക്കുന്നു....നദി തടങ്ങളില്‍ സംസ്കാരങ്ങളുടലെടുക്കുന്നു...ജലമില്ലാതെ ജീവിതമില്ലല്ലോ... നമ്മുടെ സ്വാര്‍ത്ഥത നിളയെ...മറ്റ് നദികളെ ഇല്ലാതാക്കുന്നു. സ്നേഹിക്കാം...ഈ സ്നേഹങ്ങളെ...

    ReplyDelete
  20. നല്ല പോസ്റ്റ് സന്ദീപ്..
    തുഞ്ചൻപറമ്പിലെ മീറ്റിനു വന്നപ്പോൾ നിളയെ ഞാനും കണ്ടു..

    ReplyDelete
  21. സ്വകാര്യമായ ഒരു ആത്മബന്ധം എനിക്ക് നിളാനദിയോടുണ്ട്.തീവ്രമായ ആത്മഹര്‍ഷത്തിന്റയും,ആത്മദുഖത്തിന്റേതുമായ,വിഭിന്ന ദ്രുവങ്ങളിലുള്ള എന്റെ രണ്ട് വൈയക്തികാനുഭവങ്ങളില്‍ നിളാനദി പ്രധാന പങ്കു വഹിക്കുന്നു.ഇപ്പോള്‍ നിളാനദി കാണുമ്പോള്‍ അതിന്റെ ഘടനാപരമായ പ്രത്യേകതകളൊന്നും എന്റെ ബോധതലത്തെ സ്പര്‍ശിക്കാറില്ല.പകരം തീവ്രമായ ആ അനുഭവങ്ങളുടെ ഓര്‍മകള്‍ എന്നെ അസ്വസ്ഥമാക്കും.നിളയെപ്പറ്റിയുള്ള വായനകളായാലും, വെള്ളിവെളിച്ചങ്ങളില്‍,മഹാനടന്മാര്‍ നരസിംഹവേഷം കെട്ടിയാടുന്ന മായക്കാഴ്ചകളായാലും ഏകാഗ്രമായ ആത്മസമര്‍പ്പണത്തോടെ എനിക്കവ ആസ്വദിക്കാന്‍ സാധിക്കാറില്ല.സന്ദീപ് നിള ഒരു ആത്മീയ അനുഭവമായി ഇവിടെ അവതരിപ്പിച്ച പോസ്റ്റ് വായിക്കാന്‍ ശ്രമിച്ചപ്പോഴും ഞാന്‍ ഈ അവസ്ഥ അനുഭവിക്കുകയായിരുന്നു.
    പ്രണയവും,വിരഹവും,വീര്യവും,ചരിത്രവും,ഭക്തിയും,വിഭക്തിയും,മരണവും,ആത്മഹര്‍ഷവും,ആത്മനൊമ്പരങ്ങളും നമുക്ക് ചേര്‍ത്തു വെക്കാവുന്ന മറ്റൊരു നദി ഇല്ല എന്നു അടിവരയിട്ടു പറയാന്‍ തോന്നുന്നു സന്ദീപിന്റെ ഈ പോസ്റ്റ് വായിച്ചപ്പോള്‍

    ReplyDelete
  22. നിള ഒഴുകിയിരുന്ന വഴികള്‍ എന്ന് പറയേണ്ടിയിരിക്കുന്നു..

    ReplyDelete
  23. sandeep nilayepatty ketiteyullu.... kandittilla nilaye... second last paragraph valare nannayi mattonnilum prethyekatha thonneella...

    ReplyDelete
  24. പരാതികളും പരിവേദനവുമില്ലാതെ, മെലിഞ്ഞും തെളിഞ്ഞും നിറഞ്ഞും കലങ്ങിയും ഒഴുകുന്ന നിളപോലെ നീയും നിന്‍റെ എഴുത്തും സ്നേഹവും..



    "പടിഞ്ഞാറു ചാഞ്ഞൊരു പകലിന്‍റെ മഞ്ഞ വിസരണത്തിന്‍ പശ്ചാത്തലത്തില്‍ നിള ഉടലോതുക്കി ദീനയായ്‌ ധ്യാനശീലയായ്‌ ഒഴുക്കുന്നുണ്ടായിരുന്നു."



    ഉഗ്രന്‍ വരികള്‍..

    ReplyDelete
  25. @ മഹേഷ്‌ വിജയന്‍.. ക്ലാരയെയും നിളയെയും ഞാന്‍ ഒരുപോലെ പ്രണയിക്കുന്നു.. ഒരു diplomatic ഉത്തരമല്ല.. അതാണ്‌ സത്യം.. ഞാന്‍ എല്ലാവരെയും സ്നേഹിക്കുന്നു.. സ്നേഹിക്കാം മാത്രമേ അറിയൂ..

    @ മഞ്ഞുതുള്ളി (priyadharsini).. പ്രിയ.. എല്ലാം വ്യക്തിപരമായ ഇഷ്ടങ്ങളല്ലേ.. നിളയുടെ ഇന്നത്തെ സ്ഥിതിയെ ഓര്‍ത്തു വിലപിക്കാന്‍ എനിക്കാവില്ല..

    @ അഞ്ജലി അനില്‍കുമാര്‍.. എം.ടി.യുടെ രചനകളിലൂടെയാണ് ഞാനും ആദ്യമായി നിളയെ തൊട്ടറിയുന്നത്.. മഹേഷിനുള്ള മറുപടി ഞാന്‍ അന്ന് തന്നെ ഓണ്‍ലൈന്‍ ചാറ്റ് വഴി കൊടുത്തിരുന്നു..

    @ Fousia R.. നന്ദി.. എഴുത്തിലെ തെറ്റുകള്‍ പോരായ്മകള്‍ കൂടി ചൂണ്ടിക്കാണിക്കണമെന്ന് അഭ്യര്‍ത്ഥന..

    @ praveen m.kumar.. സ്നേഹം എല്ലാവരുടെയും മനസ്സില്‍ വറ്റാതിരിക്കട്ടെ..

    @ ഡി.പി.കെ.. നന്ദി ദീപക്‌..

    @ Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി.. നന്ദി.. ഈ പ്രോത്സാഹനത്തിനും സ്നേഹത്തിനും.. എന്റെ മനസിലെ നില വയോ വൃദ്ധയല്ല.. എന്നും യൌവനം പൂത്തു നില്‍ക്കുന്ന എന്‍റെ പ്രിയ പ്രണയിനിയാണ് നിള..

    @ ഷമീര്‍ തളിക്കുളം.. പുഴ പോലെ സ്നേഹം..

    @ Lipi Ranju.. നന്ദി ചേച്ചി..

    @ ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur.. ഞാനാ അവസ്ഥയെ അറിയുന്നു.. പക്ഷെ നിളയ്ക്ക് മേലുള്ള ചൂഷണത്തെ എതിര്‍ക്കാന്‍ എനിക്കാവുന്നില്ല എന്ന കുറ്റബോധം മനസ്സില്‍ നിറയുന്നു..

    @ ഏ ഹരി ശങ്കർ കർത്ത.. ഹരി.. നിന്‍റെ വാക്കുകളിലെ കവിത ഞാന്‍ തൊട്ടറിയുന്നു.. എങ്കിലും പതിയില്‍ പാടി നിര്‍ത്തിയ നീ പോയതെന്തേ..

    @ Sabu M H.. നിള അവളുടെ കഥ പറഞ്ഞു തന്നു.. ഞാന്‍ കേട്ടിരുന്നു..

    @ കൂതറHashimܓ .. ഹാ.. നിളയിലെ മണല്‍ എടുത്ത കുഴികള്‍ ആളെ കൊല്ലുന്ന ചതി കുഴികളാണെന്ന് അവിടത്തെ ജനങ്ങള്‍ പറഞ്ഞു കേട്ടിട്ടുണ്ട്..

    @ raju.. ദയവായി ഈ പോസ്റ്റിനെ ഒരു ലേഖനമായി കാണാതിരിക്കുക.. തികച്ചും കാല്പനികവും കാവ്യാത്മക ബിംബങ്ങളുമാണ് ഞാനിതില്‍ എഴുതിയ ഓരോ വാക്കുകളിലും.. ഒരു പക്ഷെ ഒരു കവിതയുടെ രൂപം എനിക്ക് വശമില്ലാത്തത് കൊണ്ടാണ് ഞാന്‍ ഇത് ഗദ്യരൂപത്തില്‍ എഴുതാന്‍ നിര്‍ബന്ധിതമായത്.. യഥാര്‍ത്ഥത്തില്‍ കണ്ണാന്തളികള്‍ എന്നു ഉദ്ദേശിച്ചത് എം. ടി. സാഹിത്യത്തെയാണ്.. എന്‍റെ കൌമാരങ്ങലിലാണ് ഞാന്‍ അദ്ദേഹത്തിന്റെ കഥകള്‍ വായിക്കുന്നതും നിളയെ അറിയുന്നതും.. അതെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.. വായനക്കാരനു മനസിലാകാന്‍ പാകത്തില്‍ ഞാന്‍ ഒരു സൂചനയും കൊടുത്തില്ല എന്നത് എന്‍റെ ഭാഗത്തെ തെറ്റായി ഞാന്‍ അംഗീകരിക്കുന്നു.. പക്ഷെ ഇതില്‍ കൂടുതല്‍ വിവരിക്കാന്‍ എനിക്കാവില്ല.. അങ്ങനെ വിവരിച്ചാല്‍ അത് വായനക്കാരനു spoon feedingnu തുല്യമായും എനിക്ക് തോന്നുന്നു.. പിന്നെ കണ്ണാന്തളിയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി.. ഞാനിപ്പോള്‍ അതെ പറ്റി കൂടുതല്‍ അറിയാനുള്ള അന്വേഷണത്തിലാണ്..

    @ ഷബീര്‍ (തിരിച്ചിലാന്‍), അരുണോദയം.. നന്ദി..

    @ BIJU KOTTILA.. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.. ഉരുണ്ട മലയാള അക്ഷരങ്ങള്‍ കണ്ടു മടുപ്പ്‌ തോന്നുന്നു.. അത് കൊണ്ടാണ് നീണ്ടു മെലിഞ്ഞ italic ശൈലി തിരഞ്ഞെടുത്തത്.. വ്യത്യസ്തനാണ് ഞാന്‍ എന്നു ഓരോ അണുവിലും എന്‍റെ മനസ്സ് പറയുന്നതാകാം.. ആ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു..

    @ നമോവാകം.. ഇല്ലതാകുമ്പോഴെ ഒന്നിന്‍റെ വില നാം മനസിലാക്കൂ daisy ചേച്ചി..

    @ കണ്ണന്‍ | Kannan.. ബ്ലോഗേഴ്സ് മീറ്റില്‍ പോയപോഴും തിരിച്ചു വന്നപ്പോഴും നേരം ഇരുട്ടിയിരുന്നത് കാരണം നിളയെ വ്യക്തമായി കണ്ടില്ലായിരുന്നു..

    @ Pradeep Kumar.. മാഷേ.. നിളയെ ഞാന്‍ വൈകാരികമായ തലത്തിലാണ് സമീപിച്ചത്.. അതിനെ അതെ രീതിയില്‍ കാണുവാന്‍ ശ്രമിച്ചതിനു നന്ദി പറയട്ടെ ആദ്യം.. ഓരോര്‍ത്തര്‍ക്കും നിള ഓര്‍മ്മകള്‍ വ്യത്യസ്തമാണ്.. ഞാന്‍ എന്‍റെ നിളയെ അവതരിപ്പിച്ചന്നെയുള്ളൂ..

    @ സിദ്ധീക്ക... അതെയിക്കാ.. നമ്മള്‍ കാലത്തോട് കണക്ക് പറയേണ്ടി വരും.. തീര്‍ച്ച..

    @ Neetha.. നന്ദി സുഹൃത്തെ.. ഞാന്‍ ചേര്‍ത്തിട്ടുണ്ട്..

    @ midhun.. നിളയോടുള്ള എന്‍റെ പ്രണയത്തെ കുറിച്ച വരികളായി ഇതിനെ കാണുമെന്ന് വിശ്വസിക്കുന്നു.. നന്ദി..

    @ ഫെമിന ഫറൂഖ്.. കൂട്ടുകാരി.. ബ്ലോഗ്‌ തുടങ്ങിയ നാള്‍ മുതല്‍ നീ തരുന്ന ഈ സ്നേഹവും പ്രോത്സാഹനവുമാണ് എന്‍റെ എഴുത്തിന്‍റെ പ്രചോദനം.. തുടര്‍ന്നും അത് ഉണ്ടാവാന്‍ പ്രാര്‍ത്ഥനകളോടെ..

    ReplyDelete
  26. അലസം ഒഴുകാനാവാതെ നൊമ്പരം കെട്ടിക്കിടക്കുന്ന പുഴയെ അറിഞ്ഞ, സ്നേഹിച്ച, സന്ദീപ്‌ ആ നിളയുടെ വേദനകളെ ഞങ്ങളുടെ മനസ്സിലേക്ക് ഒഴുക്കിവിട്ടു..
    ഒരുപാട് ഇഷ്ടമായി...

    ReplyDelete
  27. സന്ദീപിന്റെ നിളയോടുള്ള സ്നേഹവും വായനക്കാരുടെ നിളയുടെ ഇന്നത്തെ അവസ്ഥയിലുള്ള വേദനയും അറിഞ്ഞു. ഞാനും കണ്ടിട്ടുണ്ട് എം. ടി ക്കു ഏറെ പ്രിയങ്കരിയായ നിളയെ......സസ്നേഹം

    ReplyDelete
  28. പ്രകൃതിയുടെ വേദനകളെ കുറിച്ചുള്ള ഒര്മാപെടുതലുകള്‍ നല്ലതാണു, എല്ലാം നഷ്ടപെടുത്തി എന്തൊക്കെയോ നേടി എന്നാ നമ്മുടെ അഹമ്ഗാരം ശമിപ്പിക്കാന്‍ കുറച്ചെങ്കിലും ഇത് ഉപകരിക്കും.

    എഴുത്തിനു എല്ലാ ആശംസകളും.

    ReplyDelete
  29. നിള ദൂരത്തെ ങ്ങോ ഉള്ള ഒരു തറവാട്ടില്‍ ജീവിക്കുന്ന ഒരു കെട്ടിലമ്മ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ..അയിത്ത ഭാവത്തോടെ ദൂരെ നിന്ന് കണ്ടിട്ടേ ഉള്ളൂ ..എന്റെ അമ്മയുടെ പേര് കൈതപ്പുഴ എന്നാണു ...വേമ്പനാടിന്റെ മകള്‍ ...ഈ ആത്മ ബന്ധം ഇങ്ങനെ തുടരാം നമുക്കെല്ലാം

    ReplyDelete
  30. എഴുത്ത് നന്നായിട്ടുണ്ട്. ചിത്രവും കേമം.അഭിനന്ദനങ്ങൾ

    ReplyDelete
  31. നിലയോടുള്ള പ്രണയം മനോഹരമായി എഴുതിയിരിക്കുന്നു.സന്ദീപ്‌...
    വരികളില്‍ കാല്പനികത മനോഹരമായി നിര്‍ത്തം ചെയ്യുന്നു..
    എല്ലാ ആശംസകളും ..

    ReplyDelete
  32. ക്ര്‌തഘ്നനായ മനുഷ്യന്റെ ഭ്രാന്തൻ ചെയ്തികളാൽ നിള നിലയ്ക്കാതിരിക്കാൻ പ്രാർത്ഥനകൾ...

    നിളയെ ഹ്ര്‌ദയംകൊണ്ടറിഞ്ഞെഴുതിയ വരികളിലെ ആർദ്രഭാവം ഇഷ്ടമായി.

    നന്ദി.

    ReplyDelete
  33. ഇതാണല്ലേ ആ പോസ്റ്റ്!!! നന്നായിരിക്കുന്നു.. ശക്തമായ വാക്കുകൾ.. തുളച്ചുകയറുന്ന വരികൾ

    ReplyDelete
  34. നന്നായിരിക്കുന്നു സന്ദീപ്‌ ഭായ്. സ്നേഹത്തിന്റെ നിള ഇനിയും ഒഴുകട്ടെ..

    ReplyDelete
  35. അതെ അങ്ങനെയാകണം.... ചവിട്ടിനിന്ന തറയെ പ്രാണനെപോലെ സ്നേഹിക്കണം .ഈ കാണുന്നതൊക്കെ നിന്റെ വളർച്ചയുടെ ഭാഗങ്ങളാണു

    ReplyDelete
  36. ഇരുമ്പഴികള്‍ കുറുകെ വരയുന്ന
    കാഴ്ച ....
    പലപ്പോഴും എനിക്കും അങ്ങനെ
    ആണ്‌ ...വളരെ വേദനിപ്പിച്ചു
    ഈ എഴുത്ത് ....

    ReplyDelete
  37. നദീതടസംസ്കാരം............ നല്ല വരികളിൽ കോറിയിട്ട നല്ല ച്ന്തകൾ... നല്ല ഭാഷ...ഈ ആഖ്യാനത്തിന് എല്ലാ ഭാവുകങ്ങളും

    ReplyDelete
  38. എനിക്ക് എംടിയോടൊപ്പമേ എന്നും നിളയെ സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. വല്ലാത്ത ഒരു ഭാവമാണ് നിളക്ക് എം.ടിക്കഥകളില്‍. പോസ്റ്റ് നന്നായി.

    ReplyDelete
  39. നല്ല പോസ്റ്റ്‌, പുഴകള്‍ താമസിയാതെ പറമ്പആവും

    ReplyDelete
  40. നല്ല ഭാഷ, മനോഹരമായിട്ടെഴുതി.
    ആശംസകള്‍

    ReplyDelete
  41. ഒരിക്കലും വറ്റാതിരിക്കട്ടെ..

    ReplyDelete
  42. മരിച്ച് കൊണ്ടിരിക്കുന്ന നിളക്ക് സമർപ്പിക്കപ്പെട്ട ഈ പോസ്റ്റ് നന്നായിട്ടുണ്ട്..ഇത് പോലെ ആത്മാർത്ഥമായി പ്രണയിക്കാൻ ആരൊക്കെയോ ഉള്ള നിള ഭാഗ്യവതി...നിള മരിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം,..

    ReplyDelete
  43. മനസ്സിലൊരു നിള ഒഴുകുന്നു...

    ReplyDelete
  44. മനോഹരമായിട്ടെഴുതി. ആശംസകള്‍

    കഴിഞ്ഞ വെക്കേഷനിൽ ഞാൻ കണ്ടു, ജിവനുവേണ്ടി കേഴുന്ന നിള.

    ReplyDelete
  45. കല്‍മണ്ഡപങ്ങളുടെ തൂണുപിളര്‍ത്തു വന്ന അമൂര്‍ത്തസങ്കല്‍പ്പങ്ങള്‍ ഹിരണ്യകശിപുമാരുടെ മാറുകീറുന്ന ബീഭത്സകാഴ്ചകളില്‍ മനസ്സു തിളച്ചു മറിഞ്ഞു.

    നല്ല എഴുത്ത്. പക്ഷെ എന്റെ മനസ്സിൽ ഒരു പ്രണയപ്പുഴ ഒഴുക്കാൻ പര്യാപ്തമല്ലാത്ത വിധം എന്തോ അടിഞ്ഞു കിടക്കുന്നു. അതൊരിക്കലും ഈ എഴുത്തിന്റെ ന്യൂനതയല്ല,ആ പ്രണയപരവശയായ നിള ഇന്നെവിടെ ? ആ നിളയെക്കുറിച്ചുള്ള ഒരുപാട് ചിന്തകൾ എന്നിലുണ്ടാക്കാൻ ഈ എഴുത്തിനായി. അപ്പോൾ ഒരിക്കലും എന്നിലാ പ്രണയം ഉത്ഭവിക്കാൻ സാധ്യതയില്ല. കാരണം ഇന്നത്തെ നിള അങ്ങനല്ലല്ലോ ?
    ആശംസകൾ.

    ReplyDelete