ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Tuesday, February 22, 2011

തീയില്‍ കുരുത്തവര്‍

( കപ്പലണ്ടി കൊറിച്ചും കൊണ്ട് ബസ്സ്‌ കാത്തു നില്‍ക്കുമ്പോള്‍ മനസ്സില്‍ വന്നത്, കപ്പലണ്ടി പൊതിഞ്ഞ ഉത്തരകടലാസ്സിന്‍റെ മഷി പുരളാത്ത, ഒഴിഞ്ഞ കോണില്‍ കുറിക്കുന്നു..... )

          പ്പലണ്ടിക്കാരന്‍റെ വറവുച്ചട്ടിയില്‍ നിന്നും അയാളുടെ അശ്രദ്ധമൂലം രണ്ടു കപ്പലണ്ടിക്കുരു പുറത്തേക്കു തെറിച്ചു വീണു. സാമാന്യ പരിണാമഗുപ്തിയില്‍ നിന്നും മോക്ഷം ലഭിച്ചവരെന്നവര്‍ സ്വയമേവ വിശ്വസിച്ചു, തമ്മില്‍ വിശ്വസിപ്പിച്ചു. നാളെയുടെ പ്രതീക്ഷകള്‍ പുതുനാമ്പുകളായ്, തങ്ങളിലൂടെ മുളപ്പൊട്ടുമെന്നു  പരസ്പരം പുലമ്പി. തീയില്‍ കുരുത്തവരെന്നു സ്വയം ഊററം കൊണ്ടു.

          നനഞ്ഞ മണ്ണിന്‍റെ ആര്‍ദ്രതയില്‍ , സൂര്യന്റെ കാരുണ്യത്തില്‍ , കാറ്റിന്റെ ലാളനയില്‍ അവര്‍ വളര്‍ന്നു. പടര്‍ന്നു കയറാന്‍ ആകാശം മുട്ടുന്ന മരങ്ങള്‍ തിരഞ്ഞെങ്കിലും ലഭ്യമല്ലായ്കയാല്‍ തത്ക്കാലം ചെമ്മണ്ണില്‍ പടര്‍ന്നു കയറി. വെയിലത്തു വാടില്ലെന്ന പഴയ നിയമം ഉരുവിട്ട് മനസ്സില്‍ ശക്തി പകര്‍ന്നു. തങ്ങളില്‍ വിരിഞ്ഞ മഞ്ഞപ്പൂവുകള്‍ കണ്ടു ആഹ്ലാദം കൊണ്ടു. പിന്നീട് വേരിടത്തില്‍ കായ്കള്‍ പൊട്ടി വളര്‍ന്നപ്പോള്‍ നാളെകളെ കുറിച്ച് സ്വപ്നം കണ്ടു.

          ഏതോ സന്ധ്യയില്‍ മേനോത്തെ ഇന്ദു വളര്‍ത്തിയ ലെസ്ബിയന്‍ ഛായയുള്ള പുള്ളിപ്പശു കയറഴിഞ്ഞു വന്നു വള്ളിപടര്‍പ്പുകളില്‍ മേഞ്ഞപ്പോള്‍ അവര്‍ക്കൊപ്പം കപ്പലണ്ടിക്കുരുവോളം പോന്ന അവരുടെ സ്വപ്നങ്ങളും കരിഞ്ഞു പോയി.

(എഴുതി നിറച്ച കടലാസ്, ഞാന്‍ വൃത്തിയില്‍ മടക്കി വഞ്ചിയുണ്ടാക്കി ഫേസ്ബുക്കിന്‍റെ നീര്‍ച്ചാലില്‍ ഒഴുക്കി വിട്ടപ്പോള്‍ ബാലനായ എന്‍റെ  കണ്ണുകളില്‍ കൗതുകം തിളങ്ങി. ഓളങ്ങളില്‍ തട്ടി മറിയാതെ ബഹുദൂരം പോകട്ടെയെന്‍റെ കടലാസുവഞ്ചി..)

12/02/2011

9 comments:

  1. ഭാവുകങ്ങൾ കടലാസുവഞ്ചിക്ക്

    ReplyDelete
  2. നന്ദി സ്നേഹിതാ...

    ReplyDelete
  3. നന്നായിട്ടുണ്ട്.. മടി പിടിച്ചിരിക്കാതെ ഇനിയുമൊരുപാട് എഴുതണം..

    ReplyDelete
  4. ആ കടലാസുതോണി എനിക്കിഷടമായി

    ReplyDelete
  5. ലെസ്ബിയന്‍ പശു എന്നോരു കഥയുണ്ടല്ലോ. ആരുടേതാണെന്ന് മറന്നു.
    പക്കലണ്ടിച്ചെടി മരത്തില്‍ പടര്‍ന്നു കയറുന്ന ഒരു വള്ളിച്ചെടി ആണോ?
    അല്ലെന്ന് തോന്നുന്നു.
    വഞ്ചി ബഹുദൂരം പോകാന്‍ ആശംസകള്‍

    ReplyDelete
  6. സന്ദീപ് എപ്പോഴും ഭാഷകൊണ്ട് ധീരമായ പരീക്ഷണങ്ങള്‍ നടത്തുന്നു.നല്ലത്.ഈ സ്പാര്‍ക് കീപ് ചെയ്യുക.

    ReplyDelete
  7. @ Fousia R.. ലെസ്ബിയന്‍ പശു ഇന്ദു മേനോന്‍റെ ഒരു കഥയാണ്‌..

    ചേച്ചി ചൂണ്ടി കാണിച്ച തെറ്റ് ഞാന്‍ അംഗീകരിക്കുന്നു... ഏതോ നിമിഷത്തിന്റെ വിചാരഗതിയില്‍ എഴുതപ്പെട്ടതാണീ കഥ.. ആ സമയത്ത് എന്‍റെ ധാരണ കപ്പലണ്ടി ചെടി പയര്‍ പോലെ പടര്‍ന്നു വളരുന്ന ഒന്നാണെന്ന്.. എന്‍റെ അറിവില്ലായ്മ കൊണ്ട് വന്ന തെറ്റിനെ മനസിലാക്കി ഈ കഥ വായിക്കുവാന്‍ അഭ്യര്‍ത്ഥന.. തുടര്‍ന്നും എന്‍റെ തെറ്റുകളെ, എന്‍റെ കഥയുടെ പോരായ്മകളെ ചൂണ്ടികാട്ടുമെന്നു വിശ്വസിക്കുന്നു..

    ReplyDelete