ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Wednesday, February 23, 2011

ക്ഷേത്രായനം

('യാത്രകള്‍ ' എന്ന സൈറ്റില്‍ ഈ ലേഖനം ചേര്‍ത്തിട്ടുണ്ട്. അവിടെ വായിക്കാന്‍ ഈ ലിങ്ക് വഴിയെ... ക്ഷേത്രായനം - യാത്രകള്‍  )


          യാത്രകള്‍ എന്നും എനിക്കു പ്രിയമുള്ളതാണ്. നമ്മുടെ യാത്രകളില്‍ പ്രിയപ്പെട്ടവര്‍ കൂടെയുണ്ടെങ്കില്‍ അതു കൂടുതല്‍ മാധുര്യമുള്ളതാകുന്നു. യൗവ്വനദശയില്‍ സുഹൃത്തുക്കളുമായുള്ള ചില യാത്രകളും ജോലിയുടെ ഭാഗമായുള്ള നഗരപ്രയാണങ്ങളുമാണ് എന്‍റെ ജീവിതത്തിലെ എടുത്തു പറയാവുന്ന സഞ്ചാരങ്ങള്‍ .

          13/02/2011 - ഈ ദിവസം കുടുംബവുമൊന്നിച്ചു ഒരു യാത്ര നടത്തി. കര്‍ക്കടക മാസത്തിന്‍റെ ദര്‍ശനപുണ്യം കുംഭമാസത്തിലും ലഭിക്കുമെന്ന വെളിപാട് കൊണ്ടാവാം നാലമ്പല ദര്‍ശനമെന്ന ആശയം ഞങ്ങളുടെ മനസ്സില്‍ ഉയര്‍ന്നു വന്നത്. ഒരു തീര്‍ത്ഥാടനം എന്ന ലേബല്‍ സ്വീകാര്യമെങ്കിലും, എന്നെ സംബന്ധിച്ചിടത്തോളം കുടുംബസമേതം നടത്തിയ യാത്ര എന്ന നിലയിലാണ് ഇത് മനസ്സിലിടം പിടിച്ചത്.

          നാലമ്പലമെന്നത് പേര് സൂചിപ്പിക്കും പോലെ നാലു ക്ഷേത്രങ്ങള്‍ ചേര്‍ന്നതാണ്. രാമായണത്തിലെ രാമ ഭരത ലക്ഷ്മണ ശത്രുഘ്ന സോദരരാണ് ഈ നാലു ക്ഷേത്രങ്ങളിലെ ആരാധനാമൂര്‍ത്തികള്‍ . തൃപ്രയാറില്‍ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രനും, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പാഞ്ചജന്യത്തിന്റെ (വിഷ്ണുവിന്റെ കയ്യിലെ വെണ്‍ശംഖ്) അവതാരമായ ഭരതനും, മൂഴിക്കുളത്ത് ആദിശേഷന്റെ (അനന്തന്‍ എന്ന് മറ്റൊരു പേര്. ക്ഷീരസാഗരത്തില്‍ ഈ സര്‍പ്പത്തിനു മേലാണ് ഭഗവാന്‍ വിഷ്ണുവിന്റെ ശയനം) അവതാരമായ ലക്ഷ്മണപെരുമാളും, പായമ്മലില്‍ സുദര്‍ശനചക്രത്തിന്റെ (മഹാവിഷ്ണുവിന്റെ ആയുധം) അവതാരമായ ശത്രുഘ്നസ്വാമിയുമാണ് യഥാക്രമം വാണരുളുന്നത്.

          ആധികളും വ്യാധികളും പെരുകുന്ന പഞ്ഞ കര്‍ക്കടകത്തില്‍ ഭക്തജനങ്ങള്‍ എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ച് നാമജപകര്‍മ്മങ്ങളുമായി കഴിഞ്ഞു കൂടുന്ന, ആ പഴയ സംസ്കൃതിയുടെയും വിശ്വാസത്തിന്റെയും പിന്‍തുടര്‍ച്ചയെന്നവണ്ണം ഇന്നും രാമായണമാസം പുണ്യമായി ഏവരിലും നിറയുന്നു. അങ്ങനെ ഈ മാസം നാലമ്പലദര്‍ശനം നടത്തുന്നത് ഐശ്വര്യദായകമാണെന്നു ഭക്തര്‍ വിശ്വസിച്ചു പോരുന്നു. പണ്ടു യാത്രാസൗകര്യങ്ങള്‍ അത്രയേറെ ഇല്ലാതിരുന്ന കാലത്ത് 40 കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന ഈ നാലു ക്ഷേത്രങ്ങള്‍ ഒരു പകലിന്റെ ദൈര്‍ഘ്യത്തില്‍ ദര്‍ശനം നടത്തുന്നത് ശ്രമകരമായ ഒന്നായിരുന്നെങ്കില്‍ കൂടിയും, മനസ്സിന്റെ ശക്തിയും തീവ്രമായ ദൈവവിശ്വാസവും ഈ കഠിനപാതകള്‍ താണ്ടാന്‍ ഭക്തര്‍ക്ക്‌ പ്രേരകങ്ങളായിരുന്നു.

          ഈ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിലും ചില ചിട്ടവട്ടങ്ങളുണ്ട്. വെളുപ്പിന് മൂന്ന് മണിയോടെ തൃപ്രയാറിലെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുത് അതിനു ശേഷം ഇരിങ്ങാലക്കുടയിലെ കൂടല്‍മാണിക്യത്തില്‍ ഉഷപൂജയും, തുടര്‍ന്ന് ഉച്ചപൂജ മൂഴികുളത്തെ ലക്ഷ്മണ ക്ഷേത്രത്തില്‍ നടത്തി ഒടുവില്‍ സന്ധ്യയോടെ പായമ്മല്‍ ക്ഷേത്രത്തിലെ ദീപാരാധന തൊഴുതു മടങ്ങുന്നതോടെ നാലമ്പലദര്‍ശനം സമ്പൂര്‍ണമാകുന്നു.

          നാലമ്പലത്തിന്റെ പിന്നിലെ ഐതിഹ്യത്തിനു പുരാണങ്ങളുടെ പിന്‍ബലമുണ്ട്. ഈ നാലു ക്ഷേത്രത്തിലെയും പ്രതിഷ്ഠാവിഗ്രഹങ്ങള്‍ പണ്ടു ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണനാല്‍ പൂജിച്ചു വന്നിരുന്നതായാണ് വിശ്വാസം. ദ്വാപരയുഗത്തിന്റെ അവസാനത്തോടെ കൃഷ്ണന്റെ ദ്വാരകാപുരി കടലെടുത്തു നശിച്ചെങ്കിലും ഈ വിഗ്രഹങ്ങള്‍ ജലരാശിമേല്‍ കാലങ്ങളോളം ഒഴുകി നടന്ന് കേരളത്തിന്റെ തീരദേശമായ ചേറ്റുവയില്‍ എത്തിച്ചേരുകയുണ്ടായി. പൊന്നാനിയ്ക്കടുത്തു ആയിരൂര്‍ കോവിലകത്തെ വക്കയില്‍ കൈമള്‍ എന്ന പ്രമാണിയ്ക്ക് രാത്രിയില്‍ സ്വപ്നദര്‍ശനമുണ്ടാകുകയും ഈ വിഗ്രഹങ്ങള്‍ യഥാവിധി നാലിടങ്ങളിലായി സ്ഥാപിക്കണമെന്നും അരുളപ്പാടുണ്ടായി. ഇങ്ങനെ ഒരേദിനം പ്രതിഷ്ഠനടത്തിയ ഈ ക്ഷേത്രങ്ങളെ നാലമ്പലമെന്നു കണക്കാക്കുന്നു.

          ഈ ക്ഷേത്രങ്ങളില്‍ എടുത്തു പറയേണ്ട സവിശേഷത ഇവിടത്തെ സമൃദ്ധമായ ചുമര്‍ ചിത്രങ്ങളും വാസ്തു ശൈലികളുമാണ്. അവിടെ എന്‍റെ കണ്ണുകള്‍ പതിഞ്ഞതും ഈ സൃഷ്ടി സൗകുമാര്യത്തിലായിരുന്നു. എന്നോ മണ്മറഞ്ഞു പോയ ആ കലാകാരന്മാരോട് നമുക്ക് നന്ദി പറയാം. അവര്‍ നമുക്കായി പകര്‍ന്നു തന്നത് നമ്മുടെ മഹത്തായ കലാസംസ്കാരവും കേരളത്തിന്റെ തനതു വാസ്തു സമ്പ്രദായമാണ്. ലോകത്തിനു മുന്നില്‍ നമുക്ക് അഭിമാനം കൊള്ളാം ഇതിലൂടെ.. ഇനിയിവിടത്തെ വിശേഷങ്ങളും മറ്റു പ്രത്യേകതകളെ കുറിച്ചും പറയാം.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം


          തൃശ്ശൂരില്‍ നിന്നും ഏകദേശം 22 കിലോമീറ്റര്‍ മാറി ദേശീയപാത 17ല്‍ കൊടുങ്ങല്ലൂരില്‍ നിന്നും ഗുരുവായൂരിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേയാണ് തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാലമ്പല ദര്‍ശനപരമ്പരയില്‍ ആദ്യത്തെ ക്ഷേത്രമാണിത്. ഭൂമി ദേവിയും ശ്രീഭഗവതിയുമാണ് ഇവിടത്തെ ഉപദേവതമാര്‍ . വെടിവഴിപാടും, തട്ടും, മീനൂട്ടുമാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍ . ഇവിടത്തെ പുഴയിലെ മീനുകള്‍ നമ്മുടെ പിതൃക്കളുടെ ആത്മാക്കളാണെന്നും അവയെ ഊട്ടുന്നതിലൂടെ ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കുമെന്നുമാണ് വിശ്വാസം. 

          നടതുറക്കാനായ്‌ കിഴക്കേ നടയില്‍ ഞങ്ങള്‍ കാത്തു നില്‍ക്കുമ്പോള്‍ സോപാനവാദ്യനാദങ്ങളുടെ പതിഞ്ഞ താളം അന്തരീക്ഷത്തെ ഭക്തിസാന്ദ്രമായി. നാറാണത്തുഭ്രാന്തന്‍ മന്ത്രം ചൊല്ലി ഉറപ്പിച്ചതെന്നു പറയുന്ന ആ വലിയ ബലിക്കല്ലില്‍ തൊട്ടുതൊഴുകവേ, മുന്‍പേതോ ഭക്തന്‍ കാത്തു നില്‍പ്പിന്റെ വിരസതയില്‍ കരിങ്കല്ലിന്റെ വിള്ളലിനുള്ളില്‍ തിരുകി വെച്ചൊരു നാണയത്തിന്റെ തിളക്കം, ആ ഉന്മാദിയായ മഹാചിന്തകന്‍ നമുക്ക് പകര്‍ന്നു തന്ന ദാര്‍ശനികതയുടെ വെളിച്ചമാണെന്നെനിക്ക് തോന്നീ വൃഥാ..

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം


          തൃപ്രയാറില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയായാണ് ഈ ഭരതക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ വളരെ ചുരുക്കം വരുന്ന ഭരതക്ഷേത്രങ്ങളില്‍ ഒന്നാണിത് എന്നതും മറ്റു ഉപദേവന്മാരില്ലാത്ത ക്ഷേത്രമെന്നതിലും ശ്രദ്ധേയമാണ് കൂടല്‍മാണിക്യം. പണ്ടിതൊരു ജൈനമത ക്ഷേത്രമായിരുന്നെന്നും കാലക്രമേണ ജൈനന്മാരുടെ എണ്ണം കുറഞ്ഞു വരികയും തദ്ദവസരത്തില്‍ ഹൈന്ദവവിശ്വാസികള്‍ ക്ഷേത്രത്തിന്റെ മേല്‍നോട്ടം ഏറ്റെടുത്തതാണെന്നും അറിയുന്നു. AD പതിനഞ്ചാം നൂറ്റാണ്ടിനും മുന്‍പ് പണി കഴിപ്പിച്ചതെന്നു കരുതപ്പെടുന്ന ഈ ക്ഷേത്രം പൗരാണികതയുടെ എല്ലാ പ്രൌഡിയും ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്.

          ആട്ടകഥയുടെ കുലപതിയായ ഉണ്ണായി വാര്യരുടെ കേളി നിലമെന്ന ഖ്യാതി ഇവിടത്തെ കൂത്തമ്പലത്തിനുണ്ട്. താമരമാല, നെയ്‌ വിളക്ക് മീനൂട്ട് തുടങ്ങിയതാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍ . ദീര്‍ഘചതുരാകൃതിയിലുള്ള വലിയതും തുലോം ആഴമേറിയതുമായ ക്ഷേത്രക്കുളമാണ് എനിക്കിവിടെ ആകര്‍ഷകമായി തോന്നിയത്. ധന്വന്തരി മൂര്‍ത്തിയുടെ അംശാവതാരമെന്നു വിശ്വസിക്കുന്ന ഇവിടത്തെ ദേവനെ പ്രീതപ്പെടുത്തിയാല്‍ രോഗശാന്തി ലഭിക്കുമെന്ന് ഭക്തവിശ്വാസം.

തിരുമൂഴിക്കുളം ലക്ഷ്മണപെരുമാള്‍ ക്ഷേത്രം


          ക്ഷേത്രപരമ്പരയില്‍ മൂന്നാമത്തേതായ ഈ ക്ഷേത്രം മാള അന്നമനടയില്‍ നിന്നും അല്‍പ്പം തെക്ക് മാറി എറണാകുളം ജില്ലയിലെ മൂഴികുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സ്ഥലപേരുമായി ബന്ധപെടുത്തി ഒരു ഐതിഹ്യം കേട്ടുവരുന്നതിങ്ങനെയാണ്. കലിയുഗത്തിന്റെ ആരംഭത്തില്‍ ഹരിതമഹര്‍ഷിയുടെ തപസ്സില്‍ സംപ്രീതനായ മഹാവിഷ്ണു ഇവിടെ പ്രത്യക്ഷനായി കലിയുഗത്തില്‍ അനുവര്‍ത്തിക്കേണ്ട ഉത്തമജീവിതരീതികളെ പറ്റി ഉപദേശം നല്‍ക്കുകയുണ്ടായി. ഭഗവാന്റെ തിരുമൊഴി ലഭിച്ച സ്ഥലം അഥവാ കളം എന്ന് ഇവിടം അറിയപ്പെടുകയും കാലാന്തരം പേരു ലോപിച്ചു രൂപമാറ്റം വന്നു തിരുമൂഴിക്കുളം ആയതെന്നു പണ്ഡിതമതം.

          പണ്ടു കാലത്ത് തിരുമൂഴിക്കുളത്തിന് മറ്റു സമീപക്ഷേത്രങ്ങളെ മേല്‍ അധികാരവും പ്രത്യേകപദവിയുമുണ്ടായിരുന്നു. ചുറ്റുവട്ടമുള്ള ഈ ക്ഷേത്രങ്ങളെ നിയന്ത്രിക്കാനായി 'മൂഴിക്കുളം കച്ച' എന്ന പേരില്‍ ഒരു നിയമസംഹിതയുമുണ്ടായിരുന്നതായി ചരിത്രം പറയുന്നു. ദക്ഷിണാമൂര്‍ത്തി, ഗണപതി, ശ്രീരാമന്‍, സീത, ഹനുമാന്‍, അയ്യപ്പന്‍, ഭഗവതി, ഗോശാല കൃഷ്ണന്‍ എന്നിവയാണിവിടത്തെ ഉപപ്രതിഷ്ഠകള്‍ . ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തൂടെ ഒഴുകുന്ന പുഴയിലേക്ക് ഇറങ്ങുന്ന പടിക്കെട്ടുകളില്‍ അല്‍പ്പനേരമിരുന്നു വിശ്രമിച്ചത് എനിക്ക് നല്ലോരനുഭവമായിരുന്നു.

പായമ്മല്‍ ശത്രുഘ്നസ്വാമി ക്ഷേത്രം
          ഇരിങ്ങാലക്കുടയില്‍ നിന്നും 7കിലോമീറ്റര്‍ അകലെയായി പായമ്മല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. നാലമ്പലങ്ങളില്‍ നാലാമത്തേതും അവസാനത്തേതുമായ ഇവിടത്തെ സന്ദര്‍ശനത്തോടെ രാമായണത്തിന്റെ പുണ്യം തേടിയുള്ളയീ യാത്ര അവസാനിക്കുകയായി. ഗണപതിയാണിവിടത്തെ ഉപപ്രതിഷ്ഠ. ഗണപതി ഹോമവും സുദര്‍ശനചക്ര വഴിപാടുമാണ് പ്രധാന ദേവാര്‍ച്ചനകള്‍ .

          ടിപ്പുവിന്റെ പടയോട്ടകാലത്ത് ഈ ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടാകുകയും കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് ഉത്സാഹികളായ നാട്ടുകാര്‍ ചേര്‍ന്ന് ഈ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുകയും പൂജാകാര്യങ്ങള്‍ മുറതെറ്റാതെ നടത്തി വരികയും ചെയ്യുന്നു. ഈ ഉത്സാഹത്തിന്റെ തുടര്‍ച്ച ഇപ്പോഴും തദ്ദേശവാസികളില്‍ കാണാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അത്താഴപൂജയ്ക്ക് ശേഷം തിരിച്ചു മടങ്ങുമ്പോള്‍ മനസ്സ് ശുഭചിന്തകളാല്‍ ദീപ്തമാകുകയും, ഈ യാത്ര എന്റെ ജീവിതത്തില്‍ പുണ്യമായ്‌ നിറയുന്നതും ഞാനറിഞ്ഞു.

13/02/2011

നാലമ്പലദര്‍ശനത്തിന്റെ യാത്രാവഴികളുടെ രൂപരേഖ :
43 comments:

 1. 13/02/2011ല്‍ "ക്ഷേത്രായനം" എന്ന തലകെട്ടോടെ ഞാന്‍ ഡയറിയില്‍ കുറിച്ച ഏതാനും വരികള്‍ 23/02/20011നു ബ്ലോഗ്ഗില്‍ പോസ്റ്റ്‌ ചെയ്യുകയുണ്ടായി.
  ഇന്ന് കര്‍ക്കടകം ഒന്ന്..
  രാമായണപാരായണത്തിന്റെ ആദ്ധ്യാത്മികതയിലും നാലമ്പലദര്‍ശനത്തിന്റെ പുണ്യത്താലും മറ്റൊരു കര്‍ക്കിടകമാസം ആരംഭിക്കുകയായി. ഫെബ്രുവരിയില്‍ കാലം തെറ്റി നടത്തിയ ആ നാലമ്പലയാത്രയുടെ അനുഭവങ്ങളും അവിടെ നിന്നും ലഭിച്ച അല്‍പം അറിവും പിന്നീട് ഞാന്‍ ശേഖരിച്ച ഐതിഹ്യങ്ങളും സമം ചേര്‍ത്ത് ഈ പോസ്റ്റ്‌ വിപുലവും വിവരണസമ്പുഷ്ടവുമാക്കിയിരിക്കുന്നു. നാലമ്പലത്തെ കുറിച്ച് അറിയാനാഗ്രഹമുള്ളവര്‍ക്കും മറ്റു ഭക്തജനങ്ങള്‍ക്കും എന്റെയീ കുറിപ്പ്‌ ഉപകാരപ്രദമാകുമെന്ന വിശ്വാസത്തോടെ...

  സ്നേഹപൂര്‍വ്വം..

  ReplyDelete
 2. ആത്മ നവീകരണത്തിന് യാത്രകളും തീര്‍ഥാട നങ്ങളും നല്ലതാണ് :)

  ReplyDelete
 3. നന്നായിട്ടുണ്ട്, ഈ പോസ്റ്റിലൂടെ കൂടുതൽ വിവരങ്ങളറിയാൻ കഴിഞ്ഞു.

  ReplyDelete
 4. അറിയാത്തവര്‍ക്ക് പകര്‍ന്നു നല്‍കുന്ന പുണ്യം... പോസ്റ്റ്‌ വളരെ നന്നായി.... :)

  ReplyDelete
 5. നാലമ്പലങ്ങളേക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം...:)

  ReplyDelete
 6. വളരെ നന്നായി പറഞ്ഞു തന്നു. അറിവ്‌ പങ്കു വെച്ചതിനു നന്ദി പറയുന്നു.

  ഈ വരികൾ വളരെ ഇഷ്ടമായി.
  "..ആ വലിയ ബലിക്കല്ലില്‍ തൊട്ടുതൊഴുകവേ, മുന്‍പേതോ ഭക്തന്‍ കാത്തു നില്‍പ്പിന്റെ വിരസതയില്‍ കരിങ്കല്ലിന്റെ വിള്ളലിനുള്ളില്‍ തിരുകി വെച്ചൊരു നാണയത്തിന്റെ തിളക്കം, ആ ഉന്മാദിയായ മഹാചിന്തകന്‍ നമുക്ക് പകര്‍ന്നു തന്ന ദാര്‍ശനികതയുടെ വെളിച്ചമാണെന്നെനിക്ക് തോന്നീ വൃഥാ.."

  ReplyDelete
 7. സാബു MH ആണ് ഇങ്ങോട്ട് കൊണ്ട് വന്നത്.
  അവതരണ മികവുകൊണ്ട്, മറ്റു തീര്‍ഥാടന കുറിപ്പുകളില്‍നിന്നും വേറിട്ട്‌ നില്‍ക്കുന്നു ഈ രചന.
  നന്ദിയുണ്ട്, ഈ പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കിയതിനു‍.

  ReplyDelete
 8. ഉഉപകാരപ്രദമായ പോസ്റ്റ് എഴുതിയ സന്ദീപിനും എന്നെ ഇവിടെ എത്തിച്ച സാബു M.H.നും നന്ദി.

  ReplyDelete
 9. നല്ല ഒരു യാത്രാവിവരണം.

  ReplyDelete
 10. നല്ല ചുമര്‍ ചിത്രങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ട് ഒറ്റ ചിത്രം പോലും ഇട്ടില്ല. പുത്തന്‍ അറിവുകള്‍ക് നന്ദി,.........സസ്നേഹം

  ReplyDelete
 11. മൂന്നോ നാലോ പ്രാവശ്യം നാലമ്പലം ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ 
  സന്തോഷമുണ്ട്. പായമ്മേല്‍ ക്ഷേത്രത്തില്‍ നിന്നും പ്രസാദ ഉട്ട് കഴിച്ചതും മറന്നിട്ടില്ല. അതെല്ലാം ഓര്‍മ്മിപ്പിച്ചതിന്ന് നന്ദി.

  ReplyDelete
 12. ഇന്ന് പോസ്റ്റിയത് ഉചിതമായി..നല്ല വിവരണം...

  ReplyDelete
 13. Dear Sandeep,
  Good Morning!
  I'm happy to read your post on Nalamabala Darshanam today,on the auspicious day of Karkkadakam first!
  Very informative and apt for the time!
  I must appreciate your effort to reach the feelings of Divine Darshan to the readers!
  So soothing for soul and photos are really good!
  Wishing you Happy Ramayana Masam,
  Sasneham,
  Anu

  ReplyDelete
 14. വളരെ ഉപയോഗമുള്ള ഒരു പോസ്റ്റ്‌ ..
  നല്ല രിതിയില്‍ അവതരിപ്പിച്ചു
  സാബു ചേട്ടനാണ് വഴി പറഞ്ഞത് ..ഏതായാലും വെറുതെയായില്ല

  ReplyDelete
 15. വായനക്കാരന് പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ വിഷയക്രമീകരണം നടത്തിയ നല്ല ലേഖനം.ആശംസകള്‍

  ReplyDelete
 16. ശരിക്കും ഉപകാരപ്രദമായ ലേഖനം.കൂടല്മാനിക്യക്ഷേത്രത്ത്തില്‍ ഒന്ന് പോകണമേന്ന്‍ കരുതിയിട്ട് നാളുകളേറെയായി.....

  ReplyDelete
 17. നല്ല അറിവ് നല്‍കി സന്ദീപ്‌.. ഇത് പോലെ നല്ല പോസ്റ്റുകള്‍ ഇനിയും പോരട്ടെ. നാലമ്പലങ്ങള്‍ ഒരുമിച്ചുള്ള ഒരു സ്ഥലമുണ്ട് ഞങ്ങളുടെ നാടിനദുത്തും.മലപ്പുറത്ത്‌ നിന്നും പെരിന്തല്‍മന്നയിലേക്ക് പോകുന്ന വഴിയില്‍ രാമപുരം എന്ന ഒരു സ്ഥലം ഉണ്ട്. അവിടെ നാല് സഹോദരന്മാരുടെയും പ്രതിഷ്ട്ടയുള്ള അമ്പലങ്ങള്‍ ഉണ്ട്. കര്‍ക്കിടക സമയത്ത് അവിടെയാണ് സാധാരണ നാട്ടുകാരെല്ലാം പോകാറുള്ളത്.

  ReplyDelete
 18. '''പഠനാര്‍ഹം''''

  ReplyDelete
 19. പുണ്യയാത്ര
  അവതരണ മികവുകൊണ്ട് ശ്രദ്ദേയമായ പോസ്റ്റ്‌

  ReplyDelete
 20. തീർത്ഥാടനങ്ങൾ കൊണ്ട് മനസ്സ് ധന്യമാകട്ടെ!

  ReplyDelete
 21. നാലമ്പല ദര്‍ശനം എന്നൊക്കെ വായിച്ചിട്ടുണ്ട് ..പക്ഷെ ഇത് ഈ നാല്പതു കിലോമീറ്ററിനു ഉള്ളില്‍ ആയി കിടക്കുന്നതും ..രാവിലെ മുതല്‍ വേണം എന്നൊക്കെ പുതിയ അറിവാണ് ..നന്നായി

  ReplyDelete
 22. രാമായണ മാസാരംഭത്തില്‍ ഇത്തരം ഒരു പോസ്റ്റ്‌ ഇട്ടത് നന്നായി. തൃപ്രയാറും, കൂടല്‍മാണിക്യവും എല്ലാം മുന്‍പ്‌ പോയിട്ടുണ്ട്. ഈ പോസ്റ്റ്‌ ക്ഷേത്ര വിശ്വാസികള്‍ക്ക്‌ കൂടുതല്‍ ഉപകാരപ്രദമാകും..

  ReplyDelete
 23. നല്ല പോസ്റ്റ് സന്ദീപ്... ഉപകാരപ്രദം..

  ReplyDelete
 24. എന്‍റെ വീടിനു ഇത്ര അടുത്തു ആയിട്ട് പോള് ഇവിടെ ഒക്കെ പോകാത്ത എന്നെ എന്ത് വിളിക്കണം ?

  ReplyDelete
 25. നല്ല പോസ്റ്റ്.നല്ലവിവരണം.

  ReplyDelete
 26. @ രമേശ്‌ അരൂര്‍.. രമേശേട്ടന്‍ പറഞ്ഞത് ശരിയാണ്.. ആത്മീയയാത്രകള്‍പോലെ ഉല്ലാസയാത്രകളും മനസ്സിനെ ശുദ്ധികരിക്കുകയും പോസിറ്റീവ് എനര്‍ജി നിറയ്ക്കുകയും ചെയ്യുന്നുന്നു എന്നാണു എന്റെയും അനുഭവം.. അത് കൊണ്ട് തന്നെയാ യാത്രകള്‍ ഇത്രമേല്‍ പ്രിയമാകുന്നത്..

  @ Sabu M H.. ക്ഷേത്രായനം ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.. മറ്റു സുഹൃത്തുക്കളെ എന്റെ ബ്ലോഗിലേ വായനക്കായി ക്ഷണിച്ചതില്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു..

  @ anupama.. thnx anu dear... and wish u a holy and prosperous karkidakam masam.. tc :)


  @ Pradeep paima.. ഈ സന്ദര്‍ശനത്തില്‍ സന്തോഷം.. നന്ദി.. വീണ്ടും വരിക..

  @ ഒരു യാത്രികന്‍.. ക്ഷമിക്കുക.. ക്ഷേത്രാങ്കണത്തിലെ ഫോട്ടോഗ്രാഫിയിലെ അനൗചിത്യത്തെ കുറിച്ച് ഞാന്‍ പറയാതെ കൂടി മനസ്സിലാകുമെന്ന് വിശ്വസിക്കുന്നു.. പിന്നെ പലവട്ടം ഞാന്‍ ചുമര്‍ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടും തൃപ്തിയായിട്ടില്ല.. ഫോട്ടോയില്‍ അത് നേരില്‍ കാണുന്നത്ര ഭംഗിയുണ്ടാവില്ലെന്നാണ് എന്റെ അഭിപ്രായം..

  @ keraladasanunni.. പായമ്മേല്‍ ക്ഷേത്രത്തിലെ ആതിഥേയത്വം അത്രയും ഹൃദ്യമായിരുന്നു.. ഓര്‍മ്മകളില്‍ എന്നും നിറയുന്നൊരു യാത്രനുഭാവമാണ്..

  @ Ashraf Ambalathu.. സന്തോഷം.. നന്ദി.. വീണ്ടും വരിക

  @ ശ്രീക്കുട്ടന്‍.. അനന്തപുരിയിലുള്ള ശ്രീകുട്ടനു കൂടല്‍മാണിക്യത്തില്‍ വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത് ഏറെ സന്തോഷമുണ്ട്.. സ്വാഗതം.. കര്‍ക്കിടമാസത്തിലും മറ്റു വിശേഷദിനങ്ങളിലും മാത്രമേ തിരക്കേറെയുള്ളൂ.. മറ്റു ദിനങ്ങളില്‍ തികച്ചും ശാന്തമായ പ്രാര്‍ത്ഥന അന്തരീക്ഷമാണ് ഇവിടെ..

  @ mad|മാഡ്.. ഈ വിവരങ്ങള്‍ക്ക് നന്ദി.. ഞാനും കേട്ടിട്ടുണ്ട് പെരുന്തല്‍മണ്ണയ്ക്കടുത്തുള്ള ഈ നാലമ്പലത്തെ കുറിച്ച്.. കേരളത്തില്‍ എന്റെ അറിവില്‍ നാലിടങ്ങളില്‍ ഇത്തരം നാലമ്പലം ഉണ്ട്.. മേല്‍ പറഞ്ഞ തൃശൂര്‍ ജില്ലയിലും എറണാകുളം ജില്ലയിലുമായി ഒന്നാമത്തേത്.. പിന്നെ എറണാകുളം കോട്ടയം ജില്ലകളിലായി മറ്റൊന്ന്.. കോട്ടയം ജില്ലയില്‍ മാത്രമായി വേറൊരു സെറ്റ്‌ നാലമ്പലം.. പിന്നെ പെരുന്തല്‍മണ്ണയ്ക്കടുത്തുള്ള താങ്കള്‍ പറഞ്ഞ ഈ നാലമ്പലവും.. ഈ പോസ്റ്റിന്റെ ദൈര്‍ഘ്യം ഇപ്പോള്‍ തന്നെ കൂടിയെന്ന് തോന്നിയതിനാല്‍ ക്ഷേത്രസംബന്ധിയായ പല വിവരങ്ങളും ഐതീഹ്യങ്ങളും ഒഴിവാക്കേണ്ടി വന്നതില്‍ ക്ഷമിക്കുക..

  @ subanvengara-സുബാന്‍വേങ്ങര.. എന്നില്‍ കൌതുകമുണര്‍ത്തിയ എന്റെ യാത്രാനുഭവവും വിശേഷങ്ങളും വാക്കുകളില്‍ കുറിച്ചെന്നെയുള്ളൂ..

  @ അലി.. തീര്‍ച്ചയായും അങ്ങനെയാവട്ടെ എന്ന് ഞാനും ആശംസിക്കുന്നു..

  @ ശ്രീജിത് കൊണ്ടോട്ടി.. ഫെബ്രുവരിയില്‍ ഇട്ട പോസ്റ്റ്‌ ഇപ്പോള്‍ കുറച്ചു വിവരങ്ങള്‍ ചേര്‍ത്ത് പുതുക്കി പോസ്റ്റ്‌ ചെയ്തതാണ്.. കര്‍ക്കടകമാസം സ്പെഷ്യല്‍.. :)

  @ ആചാര്യന്‍.. ആചാര്യോ നമ..

  @ കണ്ണന്‍ | Kannan.. കൃഷ്ണഭക്തനായ കണ്ണാ.. ഒരിക്കല്‍ ഈ ശ്രീരാമ സോദരരുടെ നാലമ്പലത്തില്‍ പോകാന്‍ ശ്രമിക്കുക

  @ mottamanoj.. തീര്‍ച്ചയായും പോകാന്‍ ശ്രമിക്കൂ മനോജ്‌.. ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാകും.. അത് കൊണ്ടാണ് 5 മാസങ്ങള്‍ കഴിഞ്ഞു എനിക്കീ പോസ്റ്റ്‌ തിരുത്തിയെഴുതാന്‍ സാധിച്ചത്...

  @ Shukoor, പരിണീത മേനോന്‍, moideen angadimugar, മേല്‍പ്പത്തൂരാന്‍, ജയിംസ് സണ്ണി പാറ്റൂര്‍, ponmalakkaran | പൊന്മളക്കാരന്‍, mini//മിനി, അനശ്വര, ആറങ്ങോട്ടുകര മുഹമ്മദ്‌., കെ.എം. റഷീദ്, Manoraj, റോസാപൂക്കള്‍...... എനിക്കറിയാവുന്ന എനിക്ക് കൌതുകങ്ങളായി തോന്നിയ കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാന്‍ സാധിച്ചതില്‍ സന്തോഷം.. എന്റെ വിവരണങ്ങള്‍ നിങ്ങള്‍ക്കെല്ലാം ഇഷ്ടാമെന്നറിഞ്ഞതിലും ബഹുസന്തോഷം.. ഈ പോസ്റ്റ്‌ കൊണ്ട് ആരെങ്കിലും നാലമ്പലദര്‍ശനത്തിനു നടത്താന്‍ തിരുമാനിച്ചുവെങ്കില്‍ ഈ പോസ്റ്റ്‌ വിജയമായി എന്ന് കരുതുന്നു.. പോകാന്‍ കഴിയുന്നവര്‍ തീര്‍ച്ചയായും ഒരുവട്ടമെങ്കിലും പോകാണമെന്നു പറയെട്ടെ.. എല്ലാവര്‍ക്കും പുണ്യമാസത്തിന്റെ ശുഭാശംസകള്‍ നേര്‍ന്നു കൊണ്ട്..

  സ്നേഹപൂര്‍വ്വം..

  ReplyDelete
 27. ആറേഴു കിലോമീറ്റര്‍ ചുറ്റളവില്‍
  നാലമ്പലം ഉണ്ട് .എന്‍റെ നാട്ടില്‍ .
  രണ്ടു മണിക്കൂര്‍ കൊണ്ടു ശ്രീരാമന്റെ
  അമ്പലത്തില്‍ തുടങ്ങി ഉച്ച പൂജക്ക്‌
  മുമ്പ് തിരികെ അവിടെ എത്താന്‍ ഉള്ള
  ദൂരം മാത്രം.


  രാമപുരം ..

  'MAD ' പറഞ്ഞ രാമപുരം
  അല്ല .ഇത് കോട്ടയം ജില്ലയില്‍ ഉഴവൂര്‍
  (മുന്‍ പ്രസിഡന്റ്‌ K .R .നാരായണന്റെ
  ഗ്രാമം) അടുത്ത്.

  രാമപുരം ശ്രീ രാമന്‍, കൂടപുലം-ലക്ഷ്മണ,
  സ്വാമി, അമനകര-ഭരതന്‍, മേതിരി - ശത്രുഘ്നന്.‍

  aashamsakal sandeep....

  ReplyDelete
 28. അറിവുകള്‍ പകര്‍ന്നു തന്ന ഈ സദുദ്യമത്തിന് നന്ദി.

  ReplyDelete
 29. നല്ല പോസ്റ്റ്‌ , നന്ദി സന്ദീപ്‌ ...

  ReplyDelete
 30. യാത്രയെയും ആത്മീയതയെയും ഒരു പോലെ സ്നേഹിക്കുന്നവര്‍ക്ക് വളരെ ഉപകാരപ്രദമായ പോസ്റ്റ്

  അഭിനന്ദനങ്ങള്‍ 

  ReplyDelete
 31. ഈ കള്ളക്കരിക്കാടി മാസത്തിൽ, ഉമ്മറത്ത് ക്ത്തിച്ച് വച്ച നിലവിളക്കിന് മുമ്പിലിരുന്ന് 80 വയസ്സായ എന്റെ അമ്മ... വായിക്കുന്ന രാമായണത്തിന്റെ കഥയിലൂടെ മനസ്സ് ഒഴുകി നടക്കുന്ന അവസ്ത്ഥപോലെ...ഈ മനോഹരമായ ലേഖനം വായിച്ചപ്പോൾ...ആ കഥകളിലൂടെയും....കഥയിലെ കാർണവന്മാർ ഇപ്പോഴും വാണരുളുന്ന ക്ഷേത്രങ്ങളിലൂടെ യാനം ചെയ്ത പ്രതീതി.... പ്രീയ സന്ദീപ് ഈ വായനക്ക് കാരണമായ താങ്കൾക്ക് എല്ലാ നന്മകളൂം നേരുന്നൂ

  ReplyDelete
 32. വളരെ നല്ല പോസ്റ്റ്‌.... ഇത്രവിശദമായി എനിക്കറിയില്ലായിരുന്നു.... :)

  ReplyDelete
 33. നല്ല പോസ്റ്റ് സന്ദീപ്...ആത്മനിർവൃതി പകർന്നൊരു തീർത്ഥാടനം നടത്തിയ പ്രതീതി...അമ്പലങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും നന്നായി...കർക്കിടകത്തിന്റെ പാപക്കറ കളഞ്ഞ് രാമായണത്തിലൂടെ യാത്ര ചെയ്ത നിറവ്...നന്ദി...ആശംസകൾ..ചിത്രങ്ങളും നന്നായിട്ടാ...ചുമർചിത്രങ്ങൾ എടുക്കാൻ പറ്റാത്തതിന്റെ കാരണം ഉൾക്കൊണ്ട് അത് കാണാനുള്ള ആഗ്രഹത്തെ അടക്കുന്നു..

  ReplyDelete
 34. ബൂലോഗത്തിൽ കൂടി നല്ലൊരു നാലമ്പല ദർശനം സാധിച്ചു കെട്ടൊ സന്ദീപ്

  ReplyDelete