ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Sunday, February 27, 2011

വാന്‍സ് വില്ലിയിലെ പ്രഹേളിക

          നി.. ഇനിയെന്നാണ് വാന്‍സ് വില്ലിയിലേക്കുള്ള മടങ്ങിപ്പോക്ക്. ജനിച്ചു വളര്‍ന്ന നാട് വിട്ടു പോകുമ്പോഴുണ്ടാകുന്ന നൊമ്പരം ഇന്ന് ഞാന്‍ അനുഭവിക്കുന്നു. ലംബാസി നദിയില്‍ എന്‍റെ മകന്‍ കിറ്റി നീന്തി തുടിക്കുന്നതായി ഞാന്‍ ഇന്നലെയും സ്വപ്നം കണ്ടു.
          ഒരിക്കല്‍ കാസ്കിന്‍ മലനിരകള്‍ കടന്നു ഒരു യോഗിവര്യന്‍ ഞങ്ങളുടെ ഗ്രാമം വഴി സഞ്ചരിക്കുകയുണ്ടായി. പ്രവചനത്തിന്‍റെ മൂര്‍ച്ചയുണ്ടായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്ക്. വരാന്‍ പോകുന്ന വിപത്തുകള്‍ ഗ്രാമ വാസികള്‍ക്ക് മുന്‍പില്‍ സൂചിച്ചപ്പോള്‍, ചിലര്‍ അദ്ദേഹത്തെ പുച്ഛിക്കുകയാണുണ്ടായത്. പോകുന്നതിനു മുന്‍പ് ഞങ്ങളെ ആപത്തില്‍ നിന്നും മോചിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവന്‍ കടലുകള്‍ താണ്ടിയെത്തുമെന്നു കൂടി സൂചിപ്പിച്ചിരുന്നു. നാളുകളേറെ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇതെല്ലം മറക്കുകയും ചെയ്തു.

          മഞ്ഞുകാലം കഴിഞ്ഞു വേനല്‍ തുടങ്ങുന്നതേയുണ്ടായിരുന്നുളളൂ. ഞങ്ങള്‍ കമ്പിളി ഉടുപ്പുകള്‍ അഴിച്ചു മാറ്റി, അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിച്ചു വേനലിനെ വരവേറ്റു. ഒരു ദിവസം എന്‍റെ അയല്‍ക്കാരനാണ് ആ സംശയം പ്രകടിപ്പിച്ചത്. അന്തരീക്ഷം കൊടുങ്കാറ്റിനു മുന്‍പുള്ളത് പോലെ ശാന്തമായിരിക്കുന്നു. വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍. മരങ്ങളിലെ തളിരിലകളില്‍ നിര്‍വികാരത മുറ്റി നില്ക്കുംപോലെ. വേനലിന്‍റെ വരവില്‍ പ്രകൃതി മുന്‍ കരുതലെടുക്കുന്നതായിരിക്കുമെന്ന കുസൃതി കലര്‍ന്ന മറുപടിയാണ് എന്‍റെ ഭാര്യയില്‍ നിന്നു ലഭിച്ചത്.
        
          അതിനിടെ എന്‍റെ മകന്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന നായയെ കാണാതാകുന്നത്. അന്വേഷണത്തില്‍ നിന്നു നായ ഞങ്ങളെ വിട്ടു, ഗ്രാമത്തിനു സമീപമുള്ള റെയില്‍വേ ലൈനും കടന്നു പോയതായി അറിയാന്‍ കഴിഞ്ഞു. ദുരന്തത്തിന്‍റെ സൂചന മൃഗങ്ങള്‍ മുന്‍കൂട്ടി അറിയുന്നുവെന്നു എന്‍റെ അച്ഛന്‍ പറയാറുള്ളത് ഞാനിപ്പോള്‍ ഓര്‍ക്കുന്നു.


          സംഭവങ്ങളുടെ തുടക്കം ഇങ്ങനെയാണ്. ഞങ്ങളുടെ ഗ്രാമത്തിലെ വീടുകള്‍ വൈദ്യുതവത്കരിച്ചിട്ടുണ്ടായിരുന്നെങ്കിലും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുള്ള വീട്ടുകള്‍ കുറവായിരുന്നു. ടി. വി. യും ഫ്രിഡ്ജ്‌മുളള വീട് ആകെ ഒന്നേയുണ്ടായിരുന്നുള്ളൂ, ഞങ്ങളുടെ ഗ്രാമത്തലവന്‍റെ വീട്ടില്‍ മാത്രം. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ അവ വലിയ ശബ്ദത്തോടും പുകയോടും കൂടി കത്തിപോകുകയാണുണ്ടായത്. ഇതേ അനുഭവം മറ്റു ചിലരുടെ വീടുകളിലും ഉണ്ടായി. റേഡിയോ, തേപ്പു പെട്ടി, കറങ്ങികൊണ്ടിരുന്ന ഫാന്‍ തുടങ്ങിയ വസ്തുക്കളും കരിഞ്ഞവയില്‍ പെടും. ചുരുക്കം ചില വീടുകളില്‍ വൈദ്യുത സംവിധാനം പൂര്‍ണമായി തകരാറിലാവുകയും ചെയ്തു. വാര്‍ത്ത നാടെങ്ങും അതിവേഗം പടര്‍ന്നു പിടിച്ചു. വൈദ്യുത നിയന്ത്രണങ്ങളില്‍ വന്ന പാകപ്പിഴയാവാമെന്നും ഇടിമിന്നലില്‍ കത്തി പോയതാകാമെന്നുമുള്ള ഊഹാപോഹങ്ങള്‍ പരന്നു.

          ഞങ്ങളുടെ വീട്ടിലും ഒരു പഴയ റേഡിയോ ഉണ്ടായിരുന്നു. ഞാന്‍ വാര്‍ത്ത കേള്‍ക്കാനും മകന്‍ പാട്ടു കേള്‍ക്കാനും ഉപയോഗിക്കാറുള്ള, എന്‍റെ അച്ഛന്‍ പണ്ട് നൈറോബിയില്‍ നിന്നും കൊണ്ടു വന്ന ഒന്ന്. അതിനൊന്നും പറ്റിയില്ലലോ എന്നു ഞങ്ങള്‍ സമാധാനിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വീടുകളിലെ യന്ത്രങ്ങള്‍ പ്രവര്‍ത്തനരഹിതമായി. രാത്രികാലങ്ങളില്‍ ഭൗമാന്തര്‍ഭാഗങ്ങളില്‍ നിന്നും മുഴക്കങ്ങള്‍ കേട്ടതായും ചിലര്‍ പറയുകയുണ്ടായി.


          പിന്നീട് പ്രശ്നങ്ങള്‍ മറ്റൊന്നായി. വെള്ളത്തില്‍ തൊടുന്നവര്‍ക്കൊക്കെ വൈദ്യുതാഘാതമേല്‍ക്കുന്നു. ചിലര്‍ അറിയാതെ കുളത്തിലും ലാംബാസി നദിയിലും ഇറങ്ങുകയും മരിക്കുകയും ചെയ്തതോടെയാണ് വിഷയത്തിന്‍റെ സങ്കീര്‍ണത ഞങ്ങള്‍ മനസ്സിലാക്കുന്നത്. ജലാശയങ്ങളിലെ ജീവജാലങ്ങള്‍ ചത്തു പൊങ്ങുകയും മരങ്ങളും ചെടികളും കരിഞ്ഞുണങ്ങുകയും ചെയ്തു.


          ഗായോ ദേവത കോപിച്ചതാണെന്നും പറഞ്ഞു സ്ഥലത്തെ പ്രധാന ദിവ്യന്മാരെല്ലാം ചേര്‍ന്ന് ചില യാഗങ്ങളും പൂജകളും ചെയ്തെങ്കിലും  വൈദ്യുത തരംഗങ്ങളുടെ തീവ്രത കുറഞ്ഞതില്ല.. ഇത്രയുമായപ്പോഴേക്കും ഞങ്ങള്‍ ഗ്രാമവാസികള്‍ ആ യോഗിവര്യനെ തിരഞ്ഞു തുടങ്ങി. നാനാദിക്കിലും അന്വേഷണം പോയി. കാസ്കിന്‍ മലനിരകള്‍ക്കപ്പുറത്തുള്ള പട്ടണത്തിലും അയല്‍ഗ്രാമങ്ങളിലും അന്വേഷിച്ചു. ഒരു സംഘം, അദ്ദേഹം മരിച്ചു പോയെന്നും, മറ്റൊരു സംഘം പറഞ്ഞതനുസരിച്ച് അദ്ദേഹം തെക്കെന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു താബോറ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞു. തുടര്‍ന്നു അന്വേഷിച്ചപ്പോള്‍ അവിടെ നിന്നും അദ്ദേഹം എവിടെ പോയെന്നു അറിയില്ലെന്നുള്ള വിവരമാണ് ലഭിച്ചത്.


          നാളുകള്‍ കഴിയുന്തോറും മരണസംഖൃ വര്‍ദ്ധിക്കുകയും, നാട്ടുകാര്‍ ഭയചിത്തരാകുകയും ചെയ്തു. അപ്പോഴേക്കും വാര്‍ത്ത പത്രമാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ വ്യാപിക്കുകയും വിവിധ രാജ്യങ്ങളില്‍ നിന്നും ജിയൊളജിസ്റ്റുകള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ എത്തുകയും ചെയ്തു.


          ഞങ്ങളുടെ ഗ്രാമം ഭൂമദ്ധൃരേഖയ്ക്കടുത്താണു സ്ഥിതി ചെയ്യുന്നത്. ധാരാളം ഇരുമ്പയിര് കലര്‍ന്ന മണ്ണുള്ളതുമാണ്. ഭൂമിക്കടിയിലെ ചില പ്രവര്‍ത്തനത്തിന്‍റെ ഫലമായുണ്ടാകുന്ന വൈദ്യുതി ഭൂമിയുടെ മുകള്‍ തട്ടിലേക്ക് പ്രവഹിക്കുന്നതാണെന്നും, ഗ്രാമത്തിന്‍റെ അതിരെന്ന പോലെ തെക്ക്- വടക്ക് നീളത്തില്‍ പോകുന്ന റയില്‍വേ ലൈനില്‍ നിന്നും ഭൂമിയിലേക്ക്‌ പ്രവഹിക്കുന്ന അധിക വൈദ്യുതിയാണ് വില്ലനെന്നും ഊഹങ്ങളുണ്ടായി. ഇങ്ങനെ പോകുന്ന കുറെ സംശയങ്ങള്‍ നിറഞ്ഞതായിരുന്നു അവരുടെ റിപ്പോര്‍ട്ട്‌.


          ഈ ഘനന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തന്നെ ഞങ്ങളുടെ ഗ്രാമത്തില്‍ ശേഷിക്കുന്ന എണ്‍പതോളം കുടുംബങ്ങളെ വിവിധ ഗ്രാമങ്ങളിലായി പുനരതിവസിപ്പിക്കാന്‍ ഗവര്‍ണ്‍മെന്‍റ് മുന്‍കൈയെടുക്കുകയും ചെയ്തു. അങ്ങനെ എന്‍റെ കുടുംബത്തിനു തെക്കന്‍ ഗ്രാമമായ കസായിലാണ് താമസസൗകര്യം ലഭിച്ചത്. ഞങ്ങളുടെ ഗ്രാമത്തിന്‍റെ രക്ഷകന്‍ കടലുകള്‍ താണ്ടി വരുന്നത് കാത്തു ഞങ്ങള്‍ ഇവിടെ കഴിയുന്നു.


          മഞ്ഞും വേനലും മഴയും പലവട്ടം വന്നുപോയി. എന്നിട്ടും പ്രതിവിധികളില്ലാതെ, യഥാര്‍ത്ഥ കാരണം അവ്യക്തമായി ഞങ്ങളുടെ ഗ്രാമം ഏറെ നിഗൂഢതകളുളവാക്കി ഇന്നും..


17/08/2004

11 comments:

 1. ഇതെന്താണ്? വല്ല വിവര്‍ത്തനവും?

  ReplyDelete
 2. അല്ല ശ്രീ.. 2004ല്‍ വന്ന ഒരു പത്രവാര്‍ത്തയില്‍ നിന്നും ഉടലെടുത്ത ഒരു എളിയ ഭാവന.. നന്ദി സ്നേഹിതാ..

  ReplyDelete
 3. @ ഫെമിന.. നന്ദി പ്രിയകൂട്ടുകാരി..

  ReplyDelete
 4. ചില പത്ര താളുകളില്‍ വരുന്ന,
  പ്രഹേളികകള്‍ എന്നെയും നോക്കി ചിരിക്കാറുണ്ട്.
  sandeep...അത് കഥയാക്കിയിരിക്കുന്നു,കൊള്ളാം .

  ReplyDelete
 5. തികച്ചും അപരിചിതമായ പശ്ചാത്തലത്തില്‍ കണ്ടെത്തിയ ഭാവനയ്ക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
 6. അറിയാത്ത സമുദ്രങ്ങളേക്കാള്‍ എനിക്കിഷ്ടം അറിയുന്ന നിളയാണെന്ന് എം.ടി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.അത് എം.ടി യുടെ കാര്യം.കാലത്തോട് കലഹിക്കുകയും സന്ധിചെയ്യാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുന്ന എഴുത്തുകാരന്‍ സമുദ്രതരണം ചെയ്തെന്നിരിക്കും.സ്കാന്‍ഡിനേവിയന്‍ മലനിരകളിലോ ലാറ്റിനമേരിക്കന്‍ തീരദേശങ്ങളിലോ ഒക്കെ തന്റെ എഴുത്തിന്റെ തട്ടകം കണ്ടെത്തിയെന്നിരിക്കും. വള്ളുവനാടന്‍ ഗ്രാമഭംഗിയും മുറപ്പെണ്ണിന്റെ മുടിയിലെ കാച്ചെണ്ണയുടെ മണവും വിട്ട് ഗ്രാമകവാടം കടന്ന് പലായനം ചെയ്യുന്ന ചരാചരങ്ങളെക്കുറിച്ചു പറയും.ഭൌമതാളത്തിലെ പാകപ്പിഴകളെക്കുറിച്ചു പറയും.തെക്കെന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു താബോറ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തിയിയ യോഗിവര്യനെക്കുറിച്ചു പറയും.ആരും സഞ്ചരിക്കാത്ത വഴികളിലൂടെ യാത്രചെയ്യും. ഏഴു വര്‍ഷം മുമ്പ് സന്ദീപ് എഴുതിയ ഈ കഥയെക്കുറിച്ച് ഇങ്ങിനെ പറയാനാണ് എനിക്കു തോന്നുന്നത്.അതിനു ശേഷം ലംബാസി നദിയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയിരിക്കുമല്ലോ.

  ReplyDelete
 7. ഒന്നും നമ്മുടെ കൈകളില്‍ അല്ല മാഷേ... എല്ലാം സംഭവിച്ചു പോകുന്നതാണ്.. നമ്മള്‍ക്ക് അതില്‍ ഒരു വേഷം മാത്രമാകാന്‍ പറ്റൂ.. ഞാന്‍ എഴുതുന്ന കഥകളിലും എന്‍റെ വേഷം അത്രയുമേ ഉള്ളൂ..

  ReplyDelete
 8. കഥയില്‍ യഥാര്‍ത്ഥ കാരണം അവ്യക്തമായിരുന്നതുകൊണ്ട്...
  അല്ലേ... ഇതുപോലെ ജീവിതത്തില്‍ എന്തൊക്കെ നടക്കുന്നു ... കാരണം വ്യക്തമായി അറിഞ്ഞിട്ടും ഒരു നടപടിയും ഇല്ലാതെ....
  നല്ല ഭാവന... നന്നായി പറഞ്ഞു... ആശംസകള്‍.

  ReplyDelete
 9. ഭാവനകളിങ്ങനെ ആയിക്കൊള്ളട്ടെ.
  സാരമില്ല.
  പക്ഷേ....

  ReplyDelete
 10. ഞാന്‍ ധരിച്ചു, ഇതു പണ്ട് കുടുംബസമേതം പിതാവിന്റെ കൂടെ അന്യ നാട്ടിലെവിടെയോ താമസിച്ചപ്പോള്‍ സംഭവിച്ച ചിലത് ഡയരിക്കുറിപ്പില്‍നിന്നും പകര്‍ത്തി എഴുതിയതാണ് എന്ന്.! (അത് ഒരു ഊഹം മാത്രമാണ് സന്ദീപ്. :))

  വിശ്വസനീയമായി തോന്നുന്ന എഴുത്ത്. കിണറുകള്‍ താഴ്ന്നു പോകുന്നതും, ഭൂകമ്പവും, സുനാമിയും കടന്നുപോയത് നമ്മുടെ കണ്മുന്പിലൂടെയല്ലേ!

  ഭൂമിയില്‍ ചെയിയോര്‍ത്തു നാലുകാലുകള്‍ സ്പര്‍ശിച്ചു നില്‍ക്കുന്നതിനാല്‍ ഒക്കെ മൃഗങ്ങള്‍ക്ക് മുന്‍കൂട്ടിയറിയാം. ചില നിമിത്തങ്ങള്‍ പ്രകൃതി ചലനങ്ങളുമായി ബന്ധപ്പെട്ടു മനുഷ്യനും തിരിച്ചറിയുന്നു.

  ആശംസകള്‍!

  ReplyDelete