ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Monday, June 20, 2011

ചരിത്രങ്ങള്‍ക്ക് മേലൊരു ഞണ്ടിറുക്കം

          യാളുടെ തലയ്ക്കകത്തു ഒരു യുദ്ധം തുടങ്ങുകയായിരുന്നു. ചരിത്രങ്ങളെ അനുകരിച്ചു കൊണ്ടൊരു വര്‍ണ്ണവിവേചന വിപ്ലവം. മോക്ഷപ്രാപ്തിക്കായ് താളംതെറ്റിയ മനസ്സുകള്‍ നടത്തിയ അവകാശപ്രഖ്യാപനസമരം.


          ചരിത്രസത്യങ്ങളില്‍ നമ്മളറിയും പോലെ എല്ലാ യുദ്ധങ്ങള്‍ക്കും ഒരു മൂലകാരണം അത്യാവശ്യമാണല്ലോ. ഇവിടെയും അങ്ങനെയൊന്ന് നമ്മള്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. കാരണങ്ങള്‍ ഇങ്ങനെ പറഞ്ഞു വെയ്ക്കാം. വെളുത്തവര്‍ കറുത്തവരേക്കാള്‍ ശക്തരായിരുന്നു. അവര്‍ കറുത്തവരെ അടിമകളാക്കി നിത്യവും ജോലിയെടുപ്പിച്ചു; ആജ്ഞാപിച്ചു. വര്‍ഷങ്ങളോളം ഈ സ്ഥിതി തുടര്‍ന്ന് പോന്നൂ. അങ്ങനെയൊരുനാള്‍ ഇരുണ്ടവര്‍ക്കൊരു നേതാവുണ്ടായി. അയാളുടെ പേര് മാര്‍ട്ടിന്‍ എന്ന് തുടങ്ങുന്നു. അയാള്‍ ആ മര്‍ദ്ദിത വര്‍ഗ്ഗത്തോട് അയാളുടെ സ്വപ്നങ്ങളെ പറ്റി പറഞ്ഞു. അങ്ങനെയവര്‍ പുതുലോകത്തിന്‍റെ പ്രതീക്ഷകള്‍ സ്വപ്നം കാണാന്‍ തുടങ്ങി, ചൂഷണങ്ങള്‍ക്കെതിരെ കൂട്ടമായി പ്രതിരോധിച്ചു തുടങ്ങി. നഗരചത്വരങ്ങള്‍ സംഘര്‍ഷഭരിതമായി, തെരുവുകള്‍ രക്തപങ്കിലമായി. എന്നിട്ടും കറുപ്പിയന്നവര്‍ പൊരുതി നിന്നു. മണ്ണില്‍ വീണുറഞ്ഞ രക്തത്തില്‍ നിന്നും ആയിരങ്ങള്‍ പിറന്നു. അവര്‍ വസന്തഗീതികള്‍ പാടി.


          ഇത്രയുമായപ്പോഴേക്കും സംഗതിയുടെ പോക്ക് അപകടത്തിലേക്കാണെന്ന് മനസ്സിലാക്കി അയാള്‍ ഉന്നതസംഘങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേകദൗത്യസംഘങ്ങള്‍ ക്യാമ്പ് ചെയ്തു രംഗം നിരീക്ഷിച്ചു, പുതിയ യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞു. പ്രതിരോധവും പ്രത്യാക്രമണവുമവര്‍ ആയുധമാക്കി.
          ............................................................

          തീയുതിര്‍ക്കാന്‍ സന്നദ്ധരായി ആയിരം പട്ടാളക്കാര്‍ അണിനിരന്നു. ആ പൂന്തോട്ടമൈതാനിയില്‍ സമാധാനപരമായി തടിച്ചു കൂടിയവര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ജനറല്‍ ഡയര്‍ ഉത്തരവിട്ടു. പലയാവര്‍ത്തി തിരകള്‍ ഒഴിഞ്ഞും നിറച്ചും ആ ലേസര്‍ ഖഡ്ഗം അവര്‍ക്ക് നേരേ വീശിയടുത്തു. ചുറ്റും മതില്‍കെട്ടി മറച്ചിരുന്ന ആ ഉദ്യാനത്തില്‍ നിന്നും ആര്‍ക്കും ഓടി മാറുവാന്‍ കഴിഞ്ഞതില്ല. ജീവരക്ഷാര്‍ത്ഥം പലരും അവിടെയുണ്ടായിരുന പൊതുകിണറ്റിലേക്കെടുത്തു ചാടി. മുങ്ങി മരിച്ചവരുടെ ദേഹത്തു ചവിട്ടി നിന്നും, ജീവിതത്തിന്‍റെ വക്കില്‍ അള്ളി പിടിച്ചു നിന്നും ചിലര്‍ പ്രാണന്‍ നിലനിര്‍ത്തി.


          പുറത്തു, വെടിയേറ്റു വീണവര്‍ പൊലിയും മുന്‍പ് വീറോടെ പാടി - "സര്‍ഫ്‌റോഷ് കീ തമന്ന അബ് ഹമാരെ ദില്‍മേ ഹേ". ജനറല്‍ ഡയറിന്‍റെ സൈന്യം പിന്‍വാങ്ങിയപ്പോഴേക്കും അവിടം ശ്മശാനതുല്യവും അതിലുമേറെ ഭീതിദമായിരുന്നു. പശ്ചാത്തലത്തില്‍ ശോകാന്തരാഗംപോല്‍ പരേതാക്കളില്‍ നിന്നും ഒടുവിലടര്‍ന്ന വിപ്ലവഗാനം, വീര്യമോതുക്കി എങ്ങലടിയുടെ പരിക്ഷീണ താളത്തില്‍ എങ്ങും അലയടിച്ചു കൊണ്ടിരുന്നു.
          .............................................................

          അപ്പോഴുമയാള്‍ ബാഹ്യലോകത്തില്‍ , അധിനിവേശങ്ങളിലും പിടിച്ചടക്കലിലുമായിരുന്നു. പാപങ്ങള്‍ക്ക് മറുപാപങ്ങള്‍ കൊണ്ടയാള്‍  പ്രായശ്ചിത്തം ചെയ്തു കൊണ്ടിരുന്നു. അയാളിലെ കാളിമ ആ കറുത്ത വര്‍ഗ്ഗത്തിന് സദാശക്തിയേകി വന്നു. മിച്ചം വന്നവര്‍ പിന്നെയും സംഘടിതരായി, പത്തു നൂറായി, നൂറു ആയിരമായി, ആയിരം പതിനായിരമായി മാറാന്‍ കറുത്തവര്‍ക്ക് അങ്ങനെ ആര്‍ജ്ജവമുണ്ടായി.


          കാലക്രമേണ അയാളിലെ നന്മയുടെ കോശങ്ങള്‍ ദ്രവിച്ചു ശക്തിശോഷണം സംഭവിക്കുകയും, താളം തെറ്റിയവര്‍ മേല്‍കോയ്മ നേടുകയും ചെയ്തു. പുണ്യപാപങ്ങള്‍ തുലനം ചെയ്തപ്പോള്‍ കര്‍മ്മവഴികളിലയാള്‍ പാപിയെന്നു കണ്ടെത്തി. കറുത്തവര്‍ഗ്ഗക്കാര്‍ക്ക്‌ മുന്നില്‍ വര്‍ണ്ണവിവേചനരഹിതമായ അവരുടെ വാഗ്ദത്ത ഭൂമി തെളിഞ്ഞു വന്നു. നിയതിയുടെ പുസ്തകത്തിലെ അവസാനവരികള്‍ എഴുതി മുഴുമിപ്പിക്കാനാവാതെ അയാള്‍ തോറ്റൊടുങ്ങി.
അപ്പോള്‍ ഭൂമിദേവി മൊഴിഞ്ഞു -  "ഹേ മനുഷ്യാ, നീയെന്നിലെ അര്‍ബുദമാണ്"


19/06/2011

19 comments:

 1. ചരിത്രം രക്തമുറഞ്ഞു കട്ടപിടിച്ചതാണാല്ലോ. ശക്തമായ ഓര്‍മ്മപ്പെടുത്തല്‍. പക്ഷെ ഒരു കഥയായി തോന്നിയില്ല.

  ReplyDelete
 2. ഒരു പാട് കൈവഴികളിലേക്ക് സഞ്ചരിക്കാനുള്ള ദൂരം ഇട്ടു കൊണ്ടാണ് സന്ദീപ്‌ ഈ കഥ (?) എഴുതിരിക്കുന്നത് ..ദൂരം ദൂരം തന്നെയാണല്ലോ ..അങ്ങോട്ടൊക്കെ പോയി ഈ കഥ വായിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ..ശ്രമിക്കുമോ ?

  ReplyDelete
 3. പരസ്പരബന്ദമില്ലാത്ത ശിഥില ചിത്രങ്ങള്‍ പോലെ തോന്നി.
  മാര്‍ട്ടിനില്‍ നിന്നും ജാലിയന്‍ വാലാബാഗ് വരെ.
  ഒന്നും പിടികിട്ടിയില്ല്.

  ReplyDelete
 4. എനിക്കും ഒരു കഥപോലെ തോന്നിയില്ല. എങ്കിലും ഒരു ഓര്‍മപ്പെടുത്തല്‍ .......
  ആശംസകള്‍
  by Ismail chemmad

  ReplyDelete
 5. ചില കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ തോന്നാറുണ്ട് മനുഷ്യൻ ഭൂമിയുടെ അർബുദം ആണെന്ന്..

  ReplyDelete
 6. കഥ?
  കുറെ കാര്യങ്ങള്‍...
  കഥക്കെന്തിനാ ഇടവഴികള്‍?

  ReplyDelete
 7. എനിക്കും ഒരു കഥയായി തോന്നിയില്ല...

  ReplyDelete
 8. കഥ ആയിട്ട് തോന്നിയില്ല, പക്ഷെ ചിന്താ ശകലങ്ങള്‍ എന്ന നിലയില്‍ കൊള്ളാം.ആസ്വാദ്യം.

  ReplyDelete
 9. ചിന്താശകലങ്ങളായെടുക്കാം അനിയാ..കഥയ്ക്ക് ഇടയ്ക്ക് കൈവഴികൾ വേണമോ...നല്ല ചിന്തകൾ എന്നു പറയാതെ വയ്യ..നല്ല ശൈലിയും...ആശംസകൾ
  ഭൂമിദേവി കേഴണുണ്ടാവും...മനുഷ്യനെന്ന അർബുദത്തെയോർത്ത്

  ReplyDelete
 10. എന്‍റെയീ കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദിയും സന്തോഷവും അറിയിച്ചു കൊള്ളട്ടെ. എങ്കിലും എന്‍റെ വാക്കുകളില്‍ നിന്നും ഇതില്‍ അടങ്ങിയ ആശയങ്ങള്‍ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാതെ പോയതില്‍ ഞാന്‍ ഖേദപൂര്‍വ്വം മാപ്പു ചോദിക്കുന്നു. അതെന്‍റെ മാത്രം വീഴ്ചയായും കഴിവുകേടായും ഞാന്‍ കണക്കിലെടുക്കുന്നു.

  ഒരു കഥയോ കവിതയോ വിശദീകരിച്ചു കൊടുക്കേണ്ടത് എഴുതുന്നവന്‍റെ പണിയല്ലെന്ന് ഞാനിപ്പോഴും കരുതുന്നുവെങ്കിലും ഈ അവസ്ഥയില്‍ എനിക്കത് വെളിപ്പെടുത്താതെ തരമില്ലെന്നു വന്നിരിക്കുന്നു.

  ഇവിടെ ഞാന്‍ പറഞ്ഞ വളരെ ലളിതമായ കഥയിലെ കേന്ദ്രകഥാപാത്രമായ 'അയാള്‍' നന്മ വറ്റിയ ഒരു സമൂഹത്തിന്‍റെ പ്രതിനിധിയാകുന്നു. അയാള്‍ക്ക് ക്യാന്‍സര്‍ പിടിപെടുന്നതും ആ രോഗാവസ്ഥയെയുമാണ് ചരിത്രസംഭവങ്ങളെ താരതമ്യപ്പെടുത്തി ഞാനീ കഥയില്‍ പ്രതിപാദിച്ചിരിക്കുന്നത്. അമേരിക്കയിലെ വര്‍ണ്ണവിവേചവിപ്ലവം ക്യാന്‍സര്‍ എന്ന അസുഖത്തെ സൂചിപ്പിക്കുന്നതിനും ജാലിയന്‍വാലാബാഗ് കൂട്ടകൊല കീമോതെറാപ്പിയെയും സൂചിപ്പിക്കുന്നു. തലകെട്ട് മുതല്‍ ഒടുക്കം വരെ പലയിടങ്ങളില്‍ പലവാക്കുകള്‍ക്കിടയില്‍ ഈ സൂചനകള്‍ കൊടുത്തിട്ടുള്ളത് സസൂക്ഷ്മം നോക്കിയാല്‍ കാണാവുന്നതാണ്. symbolic ശൈലിയിലുള്ള പല പ്രശസ്തകഥകള്‍ ആദ്യവായനയില്‍ മനസ്സിലാകാതെ വീണ്ടും വീണ്ടും വായിച്ചു അതിന്‍റെ അന്തസത്ത കണ്ടെത്തിയിട്ടുള്ള വായനാനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്.

  ബ്ലോഗിലെ തിരക്കിട്ട വായനയില്‍ പുനര്‍വായനയും വരികള്‍ക്കിടയിലെ വായനയും ഇല്ലാതെ പോകുന്നത് ദുരവസ്ഥ ഞാന്‍ വേദനാപൂര്‍വ്വം മനസ്സിലാക്കുന്നു. അതാരുടെയും കുഴപ്പമല്ലെന്നും തിരിച്ചറിയുന്നു. മനസ്സിലെ ആശയങ്ങളെ വാക്കുകളിലൂടെ വായനക്കാരനു പകര്‍ന്നു കൊടുക്കാന്‍ ഞാന്‍ പ്രാപ്തനല്ലായ്കയാല്‍ എഴുത്ത് ഇനി തുടരേണ്ടതില്ലെന്നുള്ള ആലോചനയും നടക്കുന്നു. ഒരിക്കല്‍ കൂടി ഈ കഥ വായിക്കുവാന്‍ വിനീതനായി നിങ്ങളെ ഞാന്‍ ക്ഷണിച്ചുകൊണ്ട്

  നിങ്ങളുടെ സ്വന്തം
  സന്ദീപ്‌

  ReplyDelete
 11. പ്രിയപ്പെട്ട സന്ദീപ്,

  സന്ദീപിന്റെ അവതരണ ശൈലി എനിക്ക് എറേ ഇഷ്ടമാണ്. വായിക്കുന്ന ഏത് സൃഷ്ടിയും രണ്ടാവര്‍ത്തി വായിക്കുന്നത് എന്റെ ശീലമാണ്‌ . വരികളിലെ ശക്തമായ താക്കീത് വായിച്ചപ്പോഴേ എനിക്ക് മനസ്സില്ലായിരുന്നു. പക്ഷെ അതില്‍ ഒളിഞ്ഞിരിക്കുന്ന കഥ എനിക്ക് അവ്യക്തമായി തുടരുന്നു. എന്റെ വായനയുടെ പ്രശ്നമാവാം. എങ്കിലും ഗൌരവമായ വായന പലപ്പോഴും നടക്കാത്ത ബ്ലോഗില്‍ എഴുത്തുമ്പോള്‍ സൂക്ഷിക്കുക.

  വിമര്‍ശനങ്ങളെ ഗൌരവത്തോടെ സമീപിക്കുക. കഴിവുകളെ മിനുക്കിയെടുക്കുക തളരാതിരിക്കുക. വിജയാശംസകള്‍


  സസ്നേഹം

  ബിഗു

  ReplyDelete
 12. ഇന്നലെ മെയില്‍ കിട്ടിയപ്പോള്‍ ഉടനെ തന്നെ വന്ന് വായിച്ചു. ഒന്നും മനസ്സിലായില്ല. പിന്നീട് കുറച്ച് കമന്റ്സ് കൂട്ടി വായിച്ചാല്‍ മനസ്സിലാകുമെന്ന് കരുതി അല്പ്പം കഴിഞ്ഞ് വന്നു. കമന്റ്സിലൂടെയും ഒന്നും മനസ്സിലാക്കാന്‍ പറ്റിയില്ല. ഇന്ന് വീണ്ടും വന്ന് വായിച്ചു. താങ്കളുടെ കമന്റ് വായിച്ചതിന് ശേഷം വായിച്ചപ്പോള്‍ കുറച്ച് എന്തൊക്കെയോ മനസ്സിലായി. എങ്കിലും പൂര്‍ണ്ണമായില്ല.

  'ബ്ലോഗിലെ തിരക്കിട്ട വായനയില്‍ പുനര്‍വായനയും വരികള്‍ക്കിടയിലെ വായനയും ഇല്ലാതെ പോകുന്നത് ദുരവസ്ഥ'

  ഈ കമന്റിന് എന്റെ മുന്നില്‍ പ്രസക്തിയില്ല. കാരണം ഞാന്‍ മൂന്ന് പ്രാവശ്യം വായിച്ചുകഴിഞ്ഞു. ഇനി എന്റെ വായനയുടെ കുഴപ്പമാണോ എന്നും അറിയില്ല. ആശംസകള്‍

  ReplyDelete
 13. താങ്കളുടെ കഥ വായിച്ചു...കമന്റും..

  താങ്കളുടെ പല കമന്റുകളും പല ബ്ലോഗുകളിലും കണ്ടിട്ടുണ്ട്. നല്ല രീതിയില്‍ വിമര്‍ശനങ്ങള്‍ നടത്തുന്നത് കണ്ടു സന്തോഷിചിട്ടുമുണ്ട്. എന്നാല്‍ താങ്കളുടെ കഥ മനസ്സിലായില്ല, അഥാവാ
  കഥയായി തോന്നിയില്ല എന്നുള്ള കമന്റുകളോട് ഈ രീതിയില്‍ ഉള്ള >> പുനര്‍വായനയും വരികള്‍ക്കിടയിലെ വായനയും ഇല്ലാതെ പോകുന്നത് ദുരവസ്ഥ' << ഒരു പ്രതികരണം പ്രതീക്ഷിച്ചില്ല.

  ഒരു ബ്ലോഗ്‌ വായിച്ചിട്ട്, ബ്ലോഗറുടെ വിശദീകരണം വായിച്ചു കഥ മനസ്സിലാക്കേണ്ടത് എന്നതാണ് " ദുരവസ്ഥ " എന്ന് തോന്നുന്നു..

  ReplyDelete
 14. For we are like tree trunks in the snow. In appearance they lie sleekly and a little push should be enough to set them rolling. No, it can't be done, for they are firmly wedded to the ground. But see, even that is only appearance.

  മഹാനായ കാഫ്കയുടെ The Trees എന്ന ചെറുകഥയാണിത്.സന്ദീപിന്റെ കഥയും,കമന്റുകളും വായിച്ചപ്പോള്‍ ഇത് ഇവിടെ ഉദ്ധരിക്കണമെന്നു തോന്നി.വിശ്വകഥാസാഹിത്യത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളായ ഇത്തരം നിരവധി സിംബോളിക് കഥകളുണ്ട്.കമന്റ് കോളത്തിന്റെ പരിമിതികൊണ്ടാണ് കൂട്ടത്തിലേക്കും ചെറിയ കഥ തിരഞ്ഞെടുത്തത്.

  ഇത്തരം രചനാസങ്കേതങ്ങളെ പാശ്ചാത്തലത്തില്‍ വെച്ചുകൊണ്ടാണ് സന്ദീപിന്റെ കഥയെ ഞാന്‍ വായിക്കുന്നത്.

  ഒന്ന്:ആരും സഞ്ചരിക്കാത്ത വഴികളിലെ കാടും പടര്‍പ്പും വെട്ടിമാറ്റി മുന്നേറുന്ന ഒരു ഒറ്റയാനെ ഞാന്‍ ഇവിടെ കാണുന്നു.ശ്രദ്ധേയനാവാനുള്ള വ്യഗ്രതയല്ല ഈ ഉദ്യമത്തിനു പിന്നിലുള്ളത്.എഴുത്തിനോടുള്ള ആത്മാര്‍ത്ഥതയും,പരമ്പരാഗത ശൈലികള്‍ വിട്ട് സംവേദനത്തിന്റെ പുതിയ ഒരു രീതിശാസ്ത്രം രൂപപ്പെടുത്താനുള്ള പരിശ്രമവുമാണിത്.അല്പമൊന്ന് ഇടറിയാല്‍ പാളിപ്പോവാന്‍ സാദ്ധ്യതയുള്ളതുകൊണ്ടാണ് ആരും ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തുനിയാത്തത്.അതിന് തയ്യാറായതിന് സഹൃദയലോകം സന്ദീപിനോട് കടപ്പെട്ടിരിക്കുന്നു.

  രണ്ട്:കഥയിലെ കഥാതന്തുവിനേക്കാള്‍ അതു വിനിമയം ചെയ്യുന്ന ഭാഷയും,ശൈലിയും,ഭാവവുമൊക്കെയാണ് അനുവാചകന്റെ ആസ്വാദനതലങ്ങളെ സ്പര്‍ശിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.സന്ദീപിന്റെ കഥ ആ ലക്ഷ്യം സാധിച്ചിട്ടുണ്ട്.

  മൂന്ന്:കഥാശരീരത്തില്‍ വെച്ച ലിങ്കുകള്‍ സംവേദനത്തെ സഹായിക്കുന്നതിനു പകരം വിപരീതഫലമുണ്ടാക്കിയ പോലെ എനിക്കു തോന്നി.വായനയുടെ ഒഴുക്കിന് ഇത് തടസങ്ങളുണ്ടാക്കി.വായനക്കാരന് സ്വപ്നം കാണാനും,സ്വയം പൂരിപ്പിക്കുവാനുമുള്ള അവസരം ഇത് നഷ്ടപ്പെടുത്തി.

  നാല് :'ആശയങ്ങളെ വാക്കുകളിലൂടെ വായനക്കാരനു പകര്‍ന്നു കൊടുക്കാന്‍ ഞാന്‍ പ്രാപ്തനല്ലായ്കയാല്‍ എഴുത്ത് ഇനി തുടരേണ്ടതില്ലെന്നുള്ള ആലോചനയും നടക്കുന്നു' ധീരമായ പരീക്ഷണങ്ങളും അത് ഉത്പാദിപ്പിക്കുന്ന വെല്ലുവിളികളും,പരാജയങ്ങളും, ഏറ്റെടുക്കുവാന്‍ തയ്യാറായ ഒരാളില്‍ നിന്നു വരേണ്ട വാക്കുകളല്ല ഇത്.

  കഥകളെക്കുറിച്ച് വളരെ ശുഷ്കമായ എന്റെ അറിവുവെച്ച് ഇത്രയും പറഞ്ഞു എന്നു മാത്രം.ഇനിയും എഴുതുക.അന്തിമ വിജയം സന്ദീപിന്റേത് തന്നെയാണ്.കാരണം സന്ദീപിന്റെ രചനകളിലെല്ലാം ക്രാഫ്റ്റിനോടുള്ള തികഞ്ഞ ആത്മാര്‍ത്ഥതയുടെ രത്നത്തിളക്കം ഞാന്‍ കാണാറുണ്ട്.

  ReplyDelete
 15. ചരിത്രമുറങ്ങുന്ന വീഥികളിലൂടെ..... നന്നായിട്ടുണ്ട് പോസ്റ്റ്

  ReplyDelete
 16. സന്ദീപ്‌ നീ തുടരുക. വലിയ പറച്ചിലുകള്‍ വശമില്ല.നിന്‍റെ ഭാഷ സുന്ദരമാണെന്നു, പക്ഷേ പറയാതെ വയ്യ. കൂട്ടുകാരാ നിന്‍റെ വഴിയില്‍ നിന്ന് നീ എന്തിനു വ്യതിചലിയ്ക്കുന്നു .

  ReplyDelete
 17. വളരെ പ്രതീക്ഷയോടെ എഴുതിയ ഒന്ന് അംഗീകരികരിക്കപ്പെടാതെ പോയതിന്‍റെ കടുത്ത നിരാശയില്‍ എഴുതിയതാണ് എന്‍റെ ആ വിശദീകരണം.. ഇത്തരം ചെറിയ കാര്യങ്ങളില്‍ അറിയാതെ മനസ്സിടറി പോയി ഞാന്‍.. ക്ഷമിക്കുക.. പിന്നീട് എന്‍റെ പല സുഹൃത്തുകള്‍ മെയില്‍ വഴിയും ഫോണിലൂടെയും എനിക്ക് ശക്തി പകര്‍ന്നു തരികയും തല്‍ഫലം ഞാനെന്‍റെ നഷ്ടപെട്ട ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യുന്നു.. ആ ആശ്വാസവാക്കുകള്‍ക്കു നന്ദി പറയട്ടെ.. ബിഗുവിനോടും രമേശ്‌ചേട്ടനോടും സീതചേച്ചിയോടും ലിപിചേച്ചിയോടും ഫൗസിയത്തയോടും പ്രത്യേകം നന്ദി പറയുന്നു..

  @ ഷബീര്‍ (തിരിച്ചിലാന്‍).. ആരെയും കുറ്റപ്പെടുത്തുവാന്‍ വേണ്ടിയല്ല ഞാനിത് പറഞ്ഞത്.. എല്ലാ തെറ്റുകളും ഞാന്‍ സ്വയം ഏറ്റുകൊണ്ടാണ് ഞാനാ കുറിപ്പെഴുതിയത്.. മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നു..

  @ Villagemaan.. കഥയ്ക്ക് വിശദീകരണം കൊടുക്കുന്നത് ദുരവസ്ഥയാണെന്ന് എനിക്കറിയാം കൂട്ടുകാരാ.. ഞാനത് നേരത്തെ പറയുകയും ചെയ്തതാണ്.. വിവാദങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഞാന്‍ അത് ചെയ്തതെങ്കില്‍ ഇപ്പോള്‍ അത് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതില്‍ ഖേദിക്കുന്നു.. എന്‍റെ വാക്കുകളില്‍ എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഒരു അനിയന്‍റെ വിവരമില്ലായ്മയായി കരുതി സദയം ക്ഷമിക്കുമല്ലോ..

  @ Pradeep Kumar.. മാഷേ.. കഥയിലെ പാളിച്ചകള്‍ സൂക്ഷ്മമായി കണ്ടെത്തി പറഞ്ഞു തന്നതിനും അതിലുമേറെ എന്നെ തളരാന്‍ വിടാതെ താങ്ങി നിര്‍ത്തിയതിനും ഞാന്‍ നന്ദി പറയുന്നു..

  @ കിങ്ങിണിക്കുട്ടി.. നന്ദി കുട്ടി..


  എന്ന് സ്വന്തം..

  ReplyDelete
 18. Sri Pradeep kumar ന്റെ അഭിപ്രായത്തില്‍ മൂന്നാമത് പറഞ്ഞതിനോട് തീര്‍ത്തും ആദ്യമേ യോജിക്കുന്നു എന്നതിനാല്‍ത്തന്നെ ഞാനേതൊരു ലിങ്ക് വഴിയും പോയില്ല തന്നെ. അത്തരം സങ്കേതങ്ങളോട് യോജിപ്പില്ലെങ്കിലും അവീടെ * കൊടുത്ത് എന്താണെന്ന് ഒരു കുറിപ്പ് കൊടുക്കാവുന്നതേയുള്ളൂ, കഥയ്ക്കവസാനം.

  “ഒരു കഥയോ കവിതയോ വിശദീകരിച്ചു കൊടുക്കേണ്ടത് എഴുതുന്നവന്‍റെ പണിയല്ലെന്ന് ഞാനിപ്പോഴും കരുതുന്നുവെങ്കിലും ഈ അവസ്ഥയില്‍ എനിക്കത് വെളിപ്പെടുത്താതെ തരമില്ലെന്നു വന്നിരിക്കുന്നു.”
  (ഇങ്ങനെ ചിന്തിക്കന്നവരോട് ഒറ്റവാക്ക്-എല്ലാവരുടേയും ബൗദ്ധികനിലവാരം ഒരേപോലെയാകണമെന്നത് മഠയത്തരമെന്നേ പറയാനുള്ളൂ, ലോകോത്തരമായ പല രചനകളും വായനക്കാരുമായ് സംവേദിക്കപ്പെട്ടിട്ടുള്ളത് അവയ്ക്കെഴുതപ്പെട്ടിട്ടുള്ള വിമര്‍ശന-വിശദീകരണ-ചര്‍ച്ചാ സങ്കേതങ്ങളിലൂടെത്തന്നെയാണ്.)

  കഥയെപ്പറ്റി
  നല്ല വായനാനുഭമേകുന്നുണ്ട്, രചന.
  പിന്നെ ഉദ്ദേശ്യശുദ്ധി കമന്റുമായ് കൂട്ടിച്ചേര്‍ത്തപ്പോഴേ മനസ്സിലായുള്ളു-എന്റെ നിലവാരം അത്രേയുള്ളൂ എന്നര്‍ത്ഥം.
  തുടരുക, ആശംസകളോടെ..

  ReplyDelete
 19. രചനയിലെ ഇത്തരം പുതുവഴികൾ തീർച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാൽ ബിംബകല്പനയിലെ ചില കുസൃതികൾ വായനക്കാരെ വഴിതെറ്റിക്കുന്നുണ്ടോ എന്നൊരു സംശയം.

  ReplyDelete