കൊടുങ്ങല്ലൂര്‍ നിന്ന് കടത്തു കടന്നു കാല്‍നടയായി, വടക്കു നടവരമ്പിലും ചുട്ടുവട്ടങ്ങളിലും തെക്ക് മാലിപ്പുറം വരെയൊക്കെ പോയി അച്ചാച്ചന്‍ കച്ചവടം ചെയ്തതായി പറഞ്ഞു കേട്ടിട്ടുണ്ട്. ഈ പോകുന്ന പോക്കില്‍ കാണുന്ന കാഴ്ചകള്‍ വീട്ടിലെത്തി മക്കളോടു പൊടിപ്പും തൊങ്ങലും വെച്ച് വിവരിച്ചു കൊടുക്കുമായിരുന്നൂയെന്ന്, കറന്റ് പോയി മറ്റൊന്നും ചെയ്യാനില്ലാത്ത ദിവസങ്ങളില്‍ ഇരുട്ടില്‍ നോക്കി കിടന്നു അച്ഛന്‍ ഞങ്ങളോടു വിചാരപ്പെടാറുണ്ട്. അതു കേള്‍ക്കാന്‍ മാത്രമായി കച്ചവടം കഴിഞ്ഞു പാതിരാവില്‍ കേറി വരുന്ന അച്ചാച്ചനെ നോക്കി അച്ഛന്‍, കുട്ടിക്കാലത്തു ചിമ്മിനി വെട്ടത്തിന്റെ കീഴിലെ നിഴല്‍ പോലെ ഉറക്കമൊഴിഞ്ഞിരുന്നു. അങ്ങനെ കിട്ടിയ അച്ചാച്ചന്റെ കുറെ നുറുങ്ങ് കഥകള്‍ അച്ഛന്‍ പൈതൃകസ്വത്തായി ഞങ്ങള്‍ക്കു പകര്‍ന്നു തന്നിട്ടുണ്ട്. ആ കഥകളിലൂടൊക്കെയും ഞാനാ നര്‍മ്മബോധമുള്ള മനുഷ്യനെ അറിയുകയായിരുന്നു, ഓര്‍മ്മ വെച്ച നാള്‍ മുതല്‍ .
വാക്കുകള്‍ ചേര്‍ത്തു പറയാന്‍ തുടങ്ങിയ കാലത്ത് ഞാന്‍ അച്ചാച്ചനെ 'അജീജന്‍' എന്നു വിളിച്ചിരുന്നത്രേ.. ആ വിളി തെളിച്ചു വിളിക്കാന്‍ എനിക്കോ അതു കേള്‍ക്കാനുള്ള ഭാഗ്യം അച്ചാച്ചനോ ഉണ്ടായില്ലാ... അതിനു മുന്‍പേ പ്രായത്തിന്റെതായ അരിഷ്ടതകളില്‍ ജീര്‍ണിച്ചു അച്ചാച്ചന്‍ മരിച്ചു പോയി.
കിടപ്പിലാവും മുന്നേ അച്ചാച്ചനെന്നെ തോളത്തിരുത്തി അടുത്ത പീടികയില്‍ നിന്നും നിറയെ മുട്ടായിയൊക്കെ വാങ്ങിത്തരുമായിരുന്നു. പല്ലില്ലാത്ത മോണ കൊണ്ട് കടിച്ചു ഞാനെന്റെ സ്നേഹം കാണിച്ചിട്ടുണ്ടാവും അപ്പോളാ കവിളില്‍ ...
ഗുരുവായൂര് കൊണ്ടോയി കുന്നിക്കുരു വാരിച്ചതിന്റെ ദുരന്തഫലമായി കുറുമ്പനായി തീരേണ്ടി വന്ന പാവം ഞാന്‍ എന്തെങ്കിലും വിക്രിയ കാട്ടി കൂട്ടിയതിനു അച്ഛന്‍ വടിയെടുത്താല്‍ മുറ്റത്തെ കയ്യാണി, ഏന്തി വലിഞ്ഞു കടന്നു തറവാട്ടിലേക്ക് ഓടി കേറും. നേരെ അച്ചാച്ചന്റെ അടുത്തു ചെന്ന് പരാതി പറച്ചിലായി പിന്നെ... അടിച്ചില്ലെങ്കിലും അടിച്ചെന്നു വലിയ വായില്‍ അച്ഛനെതിരെ മൊഴി കൊടുക്കും. എല്ലാ പരാതികള്‍ക്കും തീര്‍പ്പു ആ കോടതിയില്‍ ഉണ്ടാവുമെന്നായിരുന്നു ആ കുഞ്ഞിന്റെ മനസ്സിലെ ഒരു വിശ്വാസം.
"അച്ഛനെ വെളിച്ചത്തു ചോറ് കൊടുത്ത് ഇരുട്ടത്ത് കിടത്താ...." ന്നൊക്കെ പറഞ്ഞു മുറ്റത്തെടുത്തു നടന്നും ഓര്‍മ്മകളില്‍ നിന്നു പോലും തിരികെ പിടിക്കാനാവാത്ത നാടന്‍ ശീലില്‍ തെയ്യന്നം പാടിയും അമ്പിളിയുടെ നിലാവെട്ടത്തില്‍ തോളിലിട്ടുറക്കിയും അച്ചാച്ചന്‍ പരാതിക്കാരനെ ഒതുക്കിയിരുന്നു. പ്രതിയായ സ്വന്തം മകനെ രക്ഷിക്കാനുള്ള അച്ചാച്ചന്‍ കോടതിയുടെ കുതന്ത്രങ്ങള്‍ ... ഞാന്‍ പാവം കുഞ്ഞ് !! ഇതുവല്ലതും അറിവതുണ്ടോ അന്ന്.... ഹും..
എനിക്ക് ഓര്‍മ്മ വെയ്ക്കുമ്പോള്‍ അച്ചാച്ചന്‍ അവശേഷിപ്പിച്ചു പോയ, സദാ ടൈഗര്‍ ബാം മണക്കുന്ന ഒരു വലിയ കറുത്ത ബാഗ് തറവാട്ടില്‍ ഉണ്ടായിരുന്നു. ഇടയ്ക്കൊക്കെ ബാല്യത്തിന്റെ കൗതുകത്തില്‍ അതിലുള്ള വസ്തുക്കള്‍ എടുത്തു പരിശോധിക്കുക പതിവായിരുന്നു. അതിന്റെ പേരില്‍ അമ്മൂമ്മയില്‍ നിന്നും വയറു നിറയെ വഴക്കും കേട്ടിരുന്നു.
എങ്കിലും ജനിതകരേഖകളില്‍ നിന്നും നീളുന്ന ഒരു ബന്ധനം എന്നെ ആ പുരാതനദ്രവ്യങ്ങളിലേക്ക് ചേര്‍ത്തു നിര്‍ത്തി. സോവിയറ്റ് റഷ്യയില്‍ നിന്നുമുള്ള ഇംഗ്ലീഷ് ജേണലുകളും ആ നാടിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളും ബാഗിന്റെ ഒരു കള്ളിയില്‍ കിടപ്പുണ്ടായിരുന്നു. അതു അച്ചാച്ചന്‍ എന്തിനു സൂക്ഷിച്ചു വെച്ചുവെന്നോ അതെവിടെ നിന്നു കിട്ടിയെന്നോ അറിവില്ലാ.. പണ്ടെപ്പോഴോ ബര്‍മ്മയിലോ സിലോണിലോ പോയിട്ടുണ്ടെന്നു തോന്നുന്നു. അങ്ങനെ വല്ല വഴിയ്ക്കും കിട്ടിയതാവും.
അതില്‍ ഉണ്ടായിരുന്ന മറ്റു സ്ഥാവരവസ്തുക്കള്‍ ...... കീ കൊടുത്താല്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പഴയ HMT വാച്ചും എന്റെ അശ്രദ്ധ കൊണ്ടെപ്പോഴോ താഴെ വീണുടഞ്ഞ ചില്ലോടു കൂടിയ കറുത്ത ഫ്രെയിം കണ്ണടയും.. പിന്നെ തുകല്‍ ബാഗിന്റെ മറ്റൊരു അറയില്‍ ഒരു പിച്ചള വെറ്റിലചെല്ലത്തില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന നൂറു ഒറ്റരൂപാ നോട്ടുകള്‍ ... അത് അങ്ങനെ ഇളം വയലറ്റ് നിറത്തില്‍ ഒരു കെട്ടായി കാണുന്നതും അതില്‍ എണ്ണം പഠിക്കുന്നതും ബാല്യത്തിലെ ഏകാന്തവിനോദമായിരുന്നു. പഴകിയ മഷിമണം, നോട്ടില്‍ പറ്റിപ്പിടിച്ച പൊടിയോടു കൂടി മണത്തെടുത്തു തുമ്മി തുടങ്ങും ഞാന്‍ .. ഹാ....
വയ്യാതാവും മുന്‍പേ, പായക്കച്ചോടം നിര്‍ത്തും മുന്‍പേ, അച്ചാച്ചന്‍ ഏതോ ദിവസം പകലലച്ചില്‍ കഴിഞ്ഞു വീട്ടിലേക്കു മുഷിഞ്ഞു കേറി വന്നപ്പോള്‍ അമ്മൂമ്മയെ ഏല്‍പ്പിച്ചതായിരുന്നു ആ ഒരു കെട്ടു പുത്തന്‍ നോട്ടുകള്‍ . അതില്‍ അച്ചാച്ചന്റെ വിയപ്പിന്റെ ഉപ്പു പുരണ്ടിരുന്നു. അപ്പോഴേക്കും മക്കളൊക്കെ ഒരു നിലയില്‍ എത്തിയതു കൊണ്ട് വീട്ടാവശ്യങ്ങള്‍ക്കായി ഈ രൂപ എടുക്കേണ്ടതില്ലായിരുന്നു. മരണമെന്ന സത്യത്തെ മുന്നില്‍ കാണും പോലെ അന്നച്ചാച്ചന്‍ അമ്മൂമ്മയോടു പറഞ്ഞത്രേ..
"ഈ കാശ് സൂക്ഷിച്ചു വെച്ചോ... ന്റെ ചാവിന്റെ ആവശ്യങ്ങള്‍ക്ക് എടുക്കാ..."
അച്ചാച്ചന്‍ ഏറെ നാള്‍ കിടന്നു നരകിച്ചു മരിച്ച നേരത്തു ആരും ഈ വാക്കു ഓര്‍ത്തില്ലാ... അതിനുള്ള മനസ്സൊതുക്കം മക്കളില്‍ ആര്‍ക്കും ഉണ്ടായില്ലായിരിക്കും.. നെഞ്ചുരുകി കരഞ്ഞു കലങ്ങിയ അമ്മൂമ്മയ്ക്കും...
വര്‍ഷങ്ങള്‍ക്കപ്പുറം, തറവാടു പാര്‍ട്ടീഷന്‍ സമയത്ത് അച്ചാച്ചന്റെ ശേഷിപ്പായ ഈ പണം എന്തു ചെയ്യണം എന്നൊരു ആലോചന വന്നു. തല മുതിര്‍ന്നവര്‍ തമ്മില്‍ പറഞ്ഞു -
" അത് അച്ചാച്ചന്റെ ഒന്‍പതു മക്കള്‍ക്കായ് വീതിച്ചു കൊടുക്കണമെന്ന് ".
അന്നു ഏതോ വിചാരത്തില്‍ ഞാനാ സദസ്സിലെന്റെ അഭിപ്രായം കേറി പറഞ്ഞു....
"ആ നോട്ടിന് വെറും നൂറു രൂപയുടെ വിലയല്ല. അതില്‍ അച്ചാച്ചനുണ്ട്. ഒന്‍പതു മക്കളെ ചേര്‍ത്തു നിര്‍ത്തുന്ന അച്ചാച്ചന്റെ ഓര്‍മ്മച്ചെപ്പാണതു വീതം വെച്ചു കൊടുക്കാതെ ഒരുമിച്ചു സൂക്ഷിക്കണം.. ".
പ്രായം നന്നേ കുറയുമെങ്കിലും എന്റെ ഉറച്ച അഭിപ്രായത്തെ അന്ന് അച്ഛനും കുഞ്ഞച്ചനും ശരി വെച്ചു. ഞാന്‍ ആ പറഞ്ഞത്, അച്ചാച്ചന്റെ ഹിതമായിരുന്നുവെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു.....
അങ്ങനെ അതിപ്പോഴും തറവാട്ടില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഓര്‍മ്മകള്‍ തുന്നി ചേര്‍ത്ത സ്റ്റാപ്ലര്‍ , കാലത്തോടു പ്രതിപ്രവര്‍ത്തിച്ച് തുരുമ്പു പടര്‍ന്നു കേറി മുകള്‍വശത്തെ ഏതാനും നോട്ടുകള്‍ നിറംമങ്ങി മുഷിഞ്ഞു തുടങ്ങിയിട്ടുണ്ടതില്‍ . മക്കളൊക്കെ ഇന്ന് വിലമതിക്കാനാവാത്ത ആ നോട്ടുകള്‍ മറന്നു കഴിഞ്ഞു... അച്ചാച്ചനെയവര്‍ മറന്നതു പോലെ മറന്നു കഴിഞ്ഞു.......