ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Friday, January 13, 2012

ഐലന്‍റ് എക്സ്പ്രസ്സ്‌

          ര്‍മ്മകളില്‍ ഒരു തീവണ്ടി ചൂളംവിളിച്ചു കൊണ്ട് അഷ്ടമുടിക്കായലിന് മുകളിലൂടെ പായുകയാണ്... ഐലന്‍റ് എക്സ്പ്രസ്സ്‌ !!!
          സംവിധായകന്‍ രഞ്ജിത്തിന്റെ മേല്‍നോട്ടത്തില്‍ രൂപകല്‍പ്പന ചെയ്ത കേരളാ കഫേ (2009) എന്ന സിനിമ ഇറങ്ങിയ സമയത്തു തന്നെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്തു വ്യത്യസ്തകഥകള്‍ , പത്തു സംവിധായകരുടെ ദൃശ്യഭാഷയില്‍ അവതരിപ്പിക്കുകയായിരുന്നു. ഇത്തരത്തിലുള്ള ഒന്ന് മലയാളസിനിമയില്‍ ആദ്യമായിട്ടായിരുന്നു. ആ കഥകളെയോക്കെയും ഒരു ചരടിലെന്ന പോലെ കോര്‍ത്തു മനോഹരമായ ഒരു മാലയാക്കി നമുക്ക് സമ്മാനിക്കുകയായിരുന്നു രഞ്ജിത്ത്. എല്ലാ കഥകളും വന്നു ചേരുന്ന ഏകബിന്ദുവായ്‌ ഇവിടെ കേരളാ കഫേയെന്ന റെയില്‍വേ കാന്റീന്‍ ഉപയോഗിച്ചിരിക്കുകയാണ് രഞ്ജിത്ത് എന്ന പ്രതിഭ.

          അന്നു ഈ സിനിമയില്‍ "മികച്ച കഥ" എന്ന് പ്രേക്ഷകാഭിപ്രായം നേടിയതു "ബ്രിഡ്ജ്" ആയിരുന്നുവെങ്കിലും, എന്റെ ആദ്യ കാഴ്ചയില്‍ തന്നെ മനസ്സില്‍ കയറിക്കൂടിയത് "ഐലന്‍റ് എക്സ്പ്രസ്സ്‌," ആയിരുന്നു. സിനിമയില്‍ രണ്ടാമത്തെ കഥയാണ്‌ ശങ്കര്‍ രാമകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച "ഐലന്‍റ് എക്സ്പ്രസ്സ്‌.," എന്ന ഭാഗം. പ്രിഥ്വിരാജ്, റഹ്മാന്‍, മണിയന്‍പിള്ള രാജു, സുകുമാരി, കണി കുസൃതിയെന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍ . എസ്. കുമാറിന്റെ ചായാഗ്രഹണം കൈയൊതുക്കം വന്നൊരു ചിത്രകാരന്‍ കുറഞ്ഞ നിറങ്ങള്‍ കൊണ്ട് അലസമായി കാന്‍വാസില്‍ വരയുന്ന ചിത്രശകലങ്ങള്‍ പോലെ മനോഹരമായിത്തീര്‍ന്നു.

          ഓരോ വാക്കുകളും ഷോട്ടുകളും മായാതെയന്നു മുതല്‍ കിടപ്പുണ്ടെന്റെ മനസ്സില്‍ . ആവര്‍ത്തിച്ചുള്ള കാഴ്ചയില്‍ തികച്ചും വൈയക്തികമായ ആസ്വാദനം ഈ കഥയില്‍ എനിക്കനുഭവവേദ്യമാവുകയായിരുന്നു. പെരുമണ്‍ ദുരന്തം വരച്ച ജലരേഖ പോലെ ചില ജീവിതങ്ങള്‍ ഇവിടെ മിന്നിമായുന്നു. കഥാനായകന്റെ ആത്മഗതങ്ങള്‍ ഗതികിട്ടാത്ത ശബ്ദാത്മാക്കള്‍ പോലെ ചില രാവുകളിലെന്നെ പിന്തുടര്‍ന്നു മുറിവേല്‍പ്പിച്ചുക്കൊണ്ടിരിക്കുന്നു. ബംഗ്ലൂരില്‍ നിന്നും കന്യാകുമാരിയിലേക്ക് പുറപ്പെട്ടൊരു തീവണ്ടിയുടെ ഇരുമ്പുബോഗിക്കുള്ളിലെ നൂറിലേറെ ജീവനെ, മരണം 'ടൊര്‍ണാഡോ'യെന്ന ചുഴലിക്കാറ്റിന്റെ ഹുങ്കാരത്തില്‍ അഷ്ടമുടിക്കായലിന്റെ അടിത്തട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു 1988 ജൂലൈ എട്ടാം തീയതിയിലെ മദ്ധ്യാഹ്നത്തില്‍ ( IST 1.15 PM) . കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ദുരന്തമായ പെരുമണ്‍ തീവണ്ടിയപകടത്തില്‍ ജീവിതം നഷ്ടപെട്ടവരുടെ സ്മരണകള്‍ നെഞ്ചോടു ചേര്‍ത്തു ജീവിതം തീര്‍ക്കാന്‍ വിധിക്കപ്പെട്ട കഥാപാത്രങ്ങള്‍ , ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ പ്രിയപ്പെട്ടവരുടെ ഓര്‍മ്മദിവസത്തില്‍ കൊല്ലത്തെ പെരിനാടിനു സമീപം, കായല്‍ക്കരയില്‍ നിലകൊള്ളുന്ന സ്മൃതിമണ്ഡപത്തിനരികെ ഒത്തുചേരുന്നതിലാണ് കഥ ചെന്നെത്തുന്നത്. മരണമെന്ന നിത്യസത്യത്തിന്റെആത്മാവില്‍ തൊട്ടറിയുകയും അംഗീകരിക്കുകയും ചെയ്യുകയാണിവിടെയോരോ കഥാപാത്രങ്ങളും.

          ആറു വര്‍ഷം നീണ്ട കലാജീവിതത്തിന്റെ ഉള്ളുരുക്കിച്ചേര്‍ത്തു, തന്റെ ജലസ്മൃതികള്‍ വരച്ചു ചേര്‍ത്ത "leons diary" എന്ന പുസ്തകം, സ്വജീവന്‍ ദാനമായി തന്നു മരണത്തിന്റെ ആഴങ്ങളിലാണ്ടുപോയ "ഓം" എന്ന കൂട്ടുകാരനു സമര്‍പ്പിക്കാനെത്തുന്ന നായകനിലൂടെയാണിവിടെ കഥാഖ്യാനം. അയാളുടെ കൂടെ വരുന്ന പുസ്തകപ്രസാധകയും കാമുകിയുമായവള്‍ , ദുരന്തത്തില്‍ പേരക്കുട്ടികളെയും മകനേയും നഷ്ടപെട്ട വൃദ്ധയും, അവരെ അനുഗമിക്കുന്നൊരു സൈനികനും, ആത്മസഖിയുടെ ഓര്‍മ്മകള്‍ നെരിപ്പോടായ് മനസ്സില്‍ കൊണ്ടു നടക്കുന്ന കായികതാരവും, അപകടത്തില്‍പെട്ട തീവണ്ടി അന്നേ ദിവസം ഓടിച്ചിരുന്ന എന്‍ജിന്‍ ഡ്രൈവറും ആണിതിലെ കഥാപാത്രങ്ങള്‍ . ഇതില്‍ എന്നെ വല്ലാതെ സ്പര്‍ശിച്ചത് എന്‍ജിന്‍ ഡ്രൈവറുടെ ജീവിതമായിരുന്നു. ദുരന്തത്തില്‍ നഷ്ടമായ നൂറ്റഞ്ചു പേരുടെ ജീവന്റെ ഉത്തരവാദിത്വം സ്വയമേറ്റെടുത്തു അതിന്റെ ശിക്ഷയെന്നോണം ഒരു ഒറ്റമുറിയില്‍ സ്വയമൊതുങ്ങി ജീവിച്ചു തീര്‍ക്കുകയായിരുന്നു അയാള്‍ . ആള്‍ക്കൂട്ടങ്ങള്‍ക്കുമകലെ ആ നശിച്ച ദിവസത്തെ ശപിച്ചു കൊണ്ടു ഖേദഭാവത്തോടെ നില്‍ക്കുന്ന അയാളിലേക്കു ഞാന്‍ അറിയാതെ ചേര്‍ന്നു പോകുന്നു. പാത്രസൃഷ്ടിയിലും സംഭാഷണങ്ങളിലും ശങ്കര്‍ രാമകൃഷ്ണന്‍ മികവു പുലര്‍ത്തുന്നതിങ്ങനെയാണ്. വാക്കുകളുടെ ധാരാളിമയില്ലാതെ, അളന്നു മുറിച്ച വാക്കുകള്‍ എന്നു തന്നെ പറയാവുന്നതാണ് ഓരോ ഡയലോഗും. നന്നേ കുറഞ്ഞ ഫ്രെയ്മില്‍ വലിയ ആസ്വാദനമേഖല നമുക്കു മുന്നില്‍ തുറന്നു തരുന്നുണ്ട് തിരക്കഥാകാരന്‍ .

-------------------------------------------------------

ഈ സിനിമയിലെ, എന്റെ പ്രിയപ്പെട്ട സംഭാഷണങ്ങള്‍ :

ലിയോണ്‍ : "ജീസസ്‌, ഫ്രാങ്കസ്റ്റൈന്‍, മംഗലശ്ശേരി നീലകണ്‌ഠന്‍ എന്ന മൂന്നു ഹീറോകളായിരുന്നു ആ കുട്ടിയ്ക്ക്; വിശ്രമമില്ലാത്ത വീരന്മാര്‍ . അവരുടെ പോര്‍നിലങ്ങള്‍ക്കുമപ്പുറം കുട്ടിത്വത്തിന്റെ അച്ചടക്കമില്ലാത്ത നാട്ടുവഴികള്‍ വിട്ട്, കരമണ്ണിനുറപ്പില്ലാത്തൊരു തുറമുഖനഗരത്തിലെ ആര്‍ട്ട് സ്കൂളിന്റെ ജനാലപ്പടിയിലിരുന്നു, കരിപെന്‍സിലിന്റെ അരപ്പിടിച്ചു വരച്ചു തീരത്ത കിതപ്പുകള്‍ അവസാനിക്കുന്നത് ഇന്നാണ്. ഏഴുവര്‍ഷങ്ങളുടെ അടരുകള്‍ അടുക്കിയടുക്കിയൊരുക്കിയ എന്റെ പുസ്തകം ഇറങ്ങുന്ന ദിവസം."

ലിയോണ്‍ : "ഓം" അവനാണീ വിളിക്കുന്നത്‌.; തുരുമ്പിലും ചെളിയിലും നിന്നെന്നെ കൈപ്പിടിച്ചു കയറ്റിയ ദിവസം മുതല്‍ കൈവിടാത്തയെന്റെ കൂട്ടുകാരന്‍ . എനിക്കാ നാട്ടുവഴിയിലേക്ക് തിരിച്ചു പോണം. അവളേം കൊണ്ട്. ZEBA - my editor, my publisher, my bitch."

രഞ്ജി : "അവളെക്കാള്‍ നല്ല പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. അവളോടൊപ്പവും, അല്ലാതെയും. പക്ഷെ ഒരു right match. അതെനിക്കൊരിക്കലും സംഭവിച്ചിട്ടില്ല. I got over her absense eventually. മത്സരങ്ങളുടെ ലഹരി, വാതുവെയ്പ്പിന്റെ ലഹരി."

എന്‍ജിന്‍ ഡ്രൈവര്‍ : "എവിടെയും പോകാറില്ല. എന്‍ജിന്‍ റൂമിന്റെ ഇരമ്പത്തില്‍ നിന്നും ഒരു ഒറ്റമുറിയുടെ ബോഗിയില്‍ ഇരുപത്തൊന്നു വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു."

രഞ്ജി : "അവിടേക്കാണ് ഞാന്‍ പോകുന്നത്. അവളുള്ളിടത്തേക്ക്. അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട red night dressമായി."

ലിയോണ്‍ : "This is what i called a memory with a watermark."

ലിയോണ്‍ : "പ്രിയപ്പെട്ടവരേ.. നിങ്ങളില്‍ പലരേയും ഞാനറിയും. ആറുമാസങ്ങള്‍ക്കിടെ പലപ്പോഴും നമ്മളില്‍ ചിലര്‍ തമ്മിലെങ്കിലും സംസാരിച്ചിട്ടുണ്ട്; കണ്ടിട്ടുണ്ട്. ഈ നിമിഷത്തിനു, കൂടിചേരലിനു ഞാന്‍ നന്ദി പറയുന്നത് ടെക്നോളജിയോടും ദൈവത്തോടുമാണ്; മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കുള്ള അകലം കുറച്ചതിന്. മരണത്തിലേക്ക് ജീവിതം കൈപ്പിടിച്ചു നടത്തിച്ച ഈ തുരുത്തുകള്‍ക്കിടയില്‍ ജലസമാധി കൊള്ളുന്നത്‌ നമ്മുടെയേറ്റവും പ്രിയപ്പെട്ടവരാണ്."


ലിയോണ്‍ : "ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു ജൂലൈ എട്ടാം തീയതി. പെരുമണ്‍ . ജീവിതത്തിന്റെയും ജീവിതസത്യത്തിന്റെയും ഇടയിലുള്ളോരു രാത്രിയില്‍ ആയുസ്സ് ദൈവമെടുക്കുമ്പോള്‍ ശവങ്ങളില്‍ നിന്നും മനുഷ്യന്‍ ധനം കവരുന്നതു കണ്ടു അറപ്പുമാറിയ രാത്രി. തണുപ്പും, തോരാത്ത മഴയും അലറിക്കരച്ചിലും നിശ്ശബ്ദമാക്കിയിരുന്നുവെന്നെ. എന്റെ കൈപ്പാടകലെ, കാലറ്റു പോയൊരമ്മയുടെ മുഖം എന്റെ കണ്ണുകളിലുണ്ട്. ആയമ്മ ഒരിക്കലെഴുതി പിന്നീട്; പേരക്കുട്ടികളുടെ, മകന്റെ ചിരികള്‍ മറഞ്ഞു പോയ ഓര്‍മ്മദിനത്തില്‍ അവരെയൊന്നു തൊട്ടറിയണമെന്ന്."

ലിയോണ്‍ : "ആ രാത്രി, ജീവന്റെ പാളത്തിലേക്ക് തിരിച്ചു സഞ്ചരിച്ചവരാണ് നമ്മള്‍ , ഓരോരുത്തരും. "ഓം"; തലമുടി തലയില്‍ നിന്നും വേര്‍പ്പെടും വരെ എന്നില്‍ നിന്നും പിടിവിടാതെ എന്നെ ഭൂമിയിലേക്ക്‌ തള്ളിവിട്ടയെന്റെ കൂട്ടുക്കാരന്‍; അവന്റെ ജീവന്റെ കടപ്പാടാണീ പുസ്തകം. അതിനൊരു വിലയൊട്ടിച്ചു ലോകത്തിനു മുന്നില്‍ വില്‍ക്കാന്‍ വെയ്ക്കുമ്പോള്‍ എനിക്കിവിടെ വരാതെ വയ്യ. ഈ ദിവസമെന്നെ വിട്ടു പോയ അച്ഛനെ, അമ്മയെ, ഏട്ടനെ ഓര്‍ക്കാതെ വയ്യ."

ലിയോണ്‍ : "വെയിലിനും നിഴലിനുമിടയ്ക്കു ഇന്നത്തെയീ വൈകുന്നേരം ഒരു സ്വര്‍ണ്ണനിറമുള്ള കാറ്റില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ ഇവിടെയെത്തും, എന്നു ഞാന്‍ ആഗ്രഹിച്ചു പോകുന്നു. ഒരു നിമിഷം, ഒരു ഞൊടി നേരം, നമ്മുടെ ഓരോരുത്തരുടെയും നെറ്റിലോന്നുമ്മ വെച്ചു, ഒന്നു കൂടി പേരു വിളിച്ചു. നൂറിലേറെ ജീവന്റെ ഓര്‍മ്മയ്ക്കും, പിന്നെ ഓര്‍മ്മകളില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട എന്റെ മുന്നില്‍ നില്‍ക്കുന്ന പ്രിയപ്പെട്ടവര്‍ക്കും, ഈ വഴി കടന്നു പോകുന്ന ഓരോ ഐലന്‍റ് എക്സ്പ്രസ്സിനും ഞാനീ ചിത്രകഥ സമര്‍പ്പിക്കുന്നു."

വിശാല്‍ കൃഷ്ണന്‍ : "ഇങ്ങോട്ടു പുറപ്പെടുമ്പോള്‍ മനസ്സു നിറയെ ഡോക്ടറിന്റെ മരണത്തിന്റെ സങ്കടമായിരുന്നു. തിരിച്ചു പോരുമ്പോള്‍ ഒരിടത്തു വെച്ചു പരിചയപ്പെട്ടോരമ്മ അതു തുടച്ചെടുത്തു. മരണത്തിന്റെ മുന്നില്‍ മനസ്സു പതറാതെ മുന്നോട്ടു പോവുന്നതെങ്ങനെയാണെന്ന് അവരോടൊപ്പം സഞ്ചരിച്ച ഒരു ദിവസം അവരെന്നെ പഠിപ്പിച്ചു. ഒരു യാത്രയ്ക്ക് തയ്യാറായി ഈ കേരളാ കഫേയില്‍ ഇരിക്കുമ്പോ, ഇന്ത്യയുടെ കരുത്ത് അമ്മമാരുടെ മനസ്സിലാണെന്ന് തോന്നുന്നു. മക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്ന അമ്മമാരുടെ മനസ്സ്."

==========================================================

"ഐലന്‍റ് എക്സ്പ്രസ്സ്‌ " താഴെ കൊടുത്തിരിക്കുന്ന യൂട്യൂബ് വിന്‍ഡോയില്‍ കാണാം :




Saturday, December 31, 2011

നികിതയുടെ ബാല്യത്തിലൂടെ...



          ല്ലാ ഡിസംബര്‍ മാസത്തിലും വായിക്കാന്‍ കൊതിക്കുന്ന ഒരു പുസ്തകമാണ് ഏ. ടോള്‍സ്റ്റോയിയുടെ "നികിതയുടെ ബാല്യം" എന്ന റഷ്യന്‍ ബാലസാഹിത്യം. നന്നേ ചെറുപ്പത്തില്‍ തുടങ്ങി ഞാനീ പുസ്തകം ആവര്‍ത്തിച്ചു വായിക്കുന്നു. ഒറ്റപ്പെടുന്ന ബാല്യങ്ങളുടെ നൊമ്പരങ്ങളും, ബന്ധനങ്ങളില്‍ നിന്നും സ്വതന്ത്രരാവുമ്പോളുണ്ടാവുന്ന ഉത്സാഹവുമെല്ലാം എനിക്ക് ശരിക്കും മനസ്സിലാവുമെന്നതിനാലാവും ഈ കഥ എന്നെ എന്നും ആകര്‍ഷിക്കുന്നത്. ഇതിലെ കേന്ദ്രകഥാപാത്രമായ നികിത എന്ന ബാലന്റെ പ്രായത്തിലാവണം ഞാന്‍ ആദ്യമിതു വായിക്കുന്നത്. ആ പ്രായത്തില്‍ ഞാനനുഭവിച്ചിരുന്ന ഏകാന്തതയും, ഞാന്‍ കൊതിച്ചിരുന്ന സൗഹൃദങ്ങളും ഏതാനും കഥാപാത്രങ്ങളിലൂടെ എന്നിലേക്കെത്തുകയായിരുന്നു. മഞ്ഞുമൂടിയ റഷ്യന്‍ ഭൂപ്രകൃതിയും അവിടത്തെ ജീവിതരീതികളും ഞാന്‍ ഭാവനയില്‍ കണ്ടു. എനിക്ക് ചുറ്റുമുള്ളവരെ ആ കഥാപാത്രങ്ങളുമായി സാദൃശ്യപ്പെടുത്തി. അങ്ങനെ നികിതയ്ക്കും എനിക്കുമിടയിലെ കാതങ്ങളുടെ ദൂരം നേര്‍ത്തു നേര്‍ത്തില്ലാതാവുകയായിരുന്നു. ഇപ്പോഴുമിതു വായിക്കുമ്പോള്‍ ഞാനൊരു പത്തുവയസ്സുകാരന്റെ കുസൃതിയും നനുത്ത സ്വപ്നങ്ങളും അറിയുന്നു. ഈ ഡിസംബറിലും എന്നിലേക്കൊതുങ്ങി നികിതയുടെ ലോകത്തിലേക്ക് അവന്റെ കൈപ്പിടിച്ചു ഞാന്‍ ഇറങ്ങുന്നു. അവനോടൊപ്പം ഞാനീ ക്രിസ്തുമസ്സ് രാവുകള്‍ ആഘോഷിക്കുന്നു.

          അലെക്സേയ് നികോളെവിച്ച് ടോള്‍സ്റ്റോയി / Aleksei Nikolaevich Tolstoi (1883 - 1945 ) തന്റെ ബാല്യകാലസ്മൃതികളിലെ റഷ്യന്‍ ഗ്രാമജീവിതം ഇഴചേര്‍ത്തു എഴുതിയ മനോഹരമായ കഥയാണ്‌ നികിതയുടെ ബാല്യം / Nikita's Childhood (1922). അത്യഗാധമായ ആദരവോടെ സ്വന്തം മകനായ നികിത അലെക്സേവിച്ച് ടോള്‍സ്റ്റോയിയ്ക്ക്‌ സമര്‍പ്പിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ , ആദ്യമെന്റെ മനസ്സുടക്കുന്നത് ഇതിലെ കഥാപാത്രങ്ങളുടെ പേരുകളും കഥ നടക്കുന്ന സ്ഥലത്തെ നാമങ്ങളിലേ വൈചിത്രത്തിലുമാണ്. കഥാകാരന്റെ ബാല്യം ചിലവഴിച്ചിരുന്നത്, സമാറയ്ക്കടുത്തുള്ള സൊസ്റ്റോവ്ക്ക എന്ന സ്ഥലത്തെ ഫാം ഹൗസിലായിരുന്നു. അദ്ദേഹത്തിന്‍റെ അമ്മയുടെ പേരായ ലെക്സാന്‍ദ്ര ലെയോന്തെവ്ന, ഗുരുനാഥനായ ആര്‍ക്കാദിയ് ഇവാനൊവിച്ച്, ആട്ടിടയനായ മിഷ്ക്ക കൊരഷോനൊക്കുമെല്ലാം കഥാകാരന്റെ ജീവിതത്തില്‍ നിന്നും കഥയിലേക്ക്‌ പറിച്ചു നടപ്പെട്ട കഥാപാത്രങ്ങളാണ്. പാറിപ്പറന്ന തലമുടിയും പതിഞ്ഞ മൂക്കും വലിയ വായും മന്ത്രവാദം ചെയ്ത മുഷ്ടിയുമുള്ള നികിതയുടെ ചങ്ങാതി സ്തോപ്ക്ക കര്‍നൌഷ്ക്കിന്‍, അതുപോലെ സ്യോംക, ല്യോന്‍ക, കൊച്ച് അര്‍ത്തമോഷ്ക്ക, നിള്‍ , കരിഞ്ചെവിയന്‍ വാന്‍ക, പെത്രൂഷ തുടങ്ങിയ ജീവിക്കുന്ന കഥാപാത്രങ്ങള്‍ കഥാകാരനിലൂടെ നമ്മോട് നേരിട്ട് സംവദിക്കുകയാണ്.

          ഒരു "തെളിഞ്ഞ പ്രഭാത"ത്തില്‍ തുടങ്ങുന്ന നികിത എന്ന പത്തുവയസ്സുകാരന്റെ സാധാരണ ജീവിതത്തിലെ അസാധാരണകാര്യങ്ങളെ ഹൃദ്യമായി വിവരിക്കുകയാണ്  ടോള്‍സ്റ്റോയി. വീട്ടില്‍ , അവന്റെ അമ്മയില്‍ നിന്നും ഗുരുനാഥനില്‍ നിന്നും അവനു നേരിടേണ്ടി വരുന്ന കാര്‍ക്കശ്യങ്ങളും പുറത്തിറങ്ങിയാല്‍ അവനനുഭവിക്കുന്ന സ്വതന്ത്രത്തിന്റെ അത്ഭുതലോകവും കഥാകാരന്‍ കൊച്ചു കൊച്ചദ്ധ്യായങ്ങളിലൂടെ നമുക്ക് കാണിച്ചു തരികയാണ്. വിരസമായ ഒരു സായാഹ്നത്തിന്റെ അവസാനത്തില്‍ അവരുടെ വീട്ടില്‍ ക്രിസ്തുമസ് ആഘോഷിക്കാനെത്തുന്ന വിരുന്നുകാരില്‍ നിന്നും കഥ മറ്റൊരു മാനം കൈവരിക്കുന്നത് കാണാം. കുറച്ചകലെ സമാറയില്‍ പാര്‍ത്തിരുന്ന, നികിതയുടെ അമ്മയുടെ സുഹൃത്തായ ആന്ന അപ്പൊള്ളോസൊവ്ന ബാബ്കിനയും അവരുടെ മക്കളായ വിക്തൊരും ലീലയുമായിരുന്നു ആ വിശിഷ്ടാതിഥിതികള്‍ . ഏകദേശം നികിതയുടെ സമപ്രായക്കാരായ അവര്‍ രണ്ടു പേരുമായും വേഗത്തിലവന്‍ ചങ്ങാത്തത്തിലാവുന്നു. ആദ്യം അല്‍പ്പം അകലം കാട്ടി നിന്ന ലീലയും പിന്നീടുള്ള ദിവസങ്ങളില്‍ അവന്റെ ഉറ്റതോഴിയായി മാറുന്നു. അങ്ങനെ എല്ലാവരും ചേര്‍ന്നു ആ അവധിക്കാലം ആഘോഷിക്കുകയാണ്. കേക്കും വൈനും ഉണ്ടാക്കുന്നു, ക്രിസ്തുമസ് മരം തയ്യാറാക്കുന്നു. കൊച്ചു കൊച്ചു സമ്മാനപ്പൊതികള്‍ ആ മരത്തില്‍ തൂക്കിയിടുന്നു. അവര്‍ ക്രിസ്തുമസ്സിനായി ഒരുങ്ങുന്നു.

          ക്രിസ്തുമസ്സ് രാത്രിയില്‍ ഗ്രാമത്തിലെ കുട്ടികള്‍ അവരുടെ വീട്ടില്‍ വരികയും ആഘോഷങ്ങളില്‍ പങ്കുചേരുകയും ചെയ്യുന്നു. അലങ്കരിച്ച ക്രിസ്തുമസ് മരത്തിനു ചുറ്റും അവര്‍ കൈക്കോര്‍ത്തു പിടിച്ചു നൃത്തം ചെയ്യുന്നു. ഗ്രാമത്തിലെ കുട്ടികള്‍ ഉറക്കെ പാടി...

                ഞാന്‍ സ്വര്‍ണ്ണമൊളിച്ചു,
                സ്വര്‍ണ്ണമൊളിച്ചു,
                വെള്ളിയൊളിച്ചു,
                വെള്ളി, വെള്ളി.....

മറ്റുള്ളവരതു ഏറ്റുപാടി ചുവടുവെച്ചു. രാവൊഴിയും വരെയവരുടെയാഘോഷങ്ങള്‍ നീളുന്നു.

          നികിതയും ലീലയും അടുക്കുന്നതും, അവരുടെതു മാത്രമായ കൊച്ചു കൊച്ചു വിശേഷങ്ങളുമൊക്കെ ആസ്വാദ്യകരമാം വിധം അവതരിപ്പിക്കുന്നുണ്ട് ഈ ഭാഗങ്ങളില്‍ . ക്രിസ്തുമസ്സ് അവധിയ്ക്കു ശേഷം അവരുടെ മടക്കം നികിതയെ വീണ്ടും ഏകാകിയാക്കുന്നു. നികിതയുടെ അച്ഛനായ വസീലിയ് നിക്കീത്യെവിച്ച് നാട്ടില്‍ അപ്രതീക്ഷിതമായി തിരിച്ചെത്തുന്നതും അദ്ദേഹത്തിനു യാത്രാമദ്ധ്യേ നേരിടേണ്ടി വന്ന അപകടത്തെക്കുറിച്ചുള്ള വിവരണവും തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ കാണാം. ഈസ്റ്റര്‍ കാലമെത്തുകയും ഈസ്റ്റര്‍ തലേന്നുള്ള പാട്ടുപെരുന്നാളിനു പങ്കെടുക്കാന്‍ അകലെയുള്ള ദേവാലയത്തിലേക്കു നികിതയും കുടുംബവും പോകുന്നു. വസീലിയ് നിക്കീത്യെവിച്ചിന്റെ ഒരു പഴയ സ്നേഹിതനായ പ്യോത്തര്‍ പെത്രോവിച്ച് ദെവ്യാത്തോവിന്റെ വീട്ടില്‍ താമസിക്കുന്നു. അവിടെ വെച്ചു ആന്ന എന്ന പെണ്‍കുട്ടിയ്ക്ക് നികിതയോടു ഒരു പ്രത്യേക അടുപ്പം തോന്നുന്നു. ലീലയോടു നികിതയ്ക്കു തോന്നിയ അതേ വികാരങ്ങളാണ് ആന്നയ്ക്കും തന്നോടെന്ന് നികിതയ്ക്കു മനസ്സിലാകുന്നു. ആ അസാധാരണമായ വാക്കുകളും അര്‍ത്ഥവത്തായ നോട്ടങ്ങളും പുഞ്ചിരികളും ലീലയൊഴിച്ചു മറ്റാരുമായും കൈമാറാന്‍ അവനു സാധ്യമായിരുന്നില്ല. അഥവാ അങ്ങനെ ചെയ്യുന്നത് നിര്‍ലജ്ജമായ വഞ്ചനയാകുമെന്നും അവന്‍ വിശ്വസിച്ചു.

          മെയ്‌ 11. നികിതയുടെ പത്താം ജന്മദിനാഘോഷങ്ങള്‍ നികിത കുടുംബത്തോടൊപ്പം ഗംഭീരമായി നടത്തുന്നു. "കൊടിയുയര്‍ത്തല്‍ " എന്ന അദ്ധ്യായത്തില്‍ അത് മനോഹരമായി വിവരിക്കുന്നുണ്ട്. ഒരു ദിവസം നികിതയ്ക്കു മുറ്റത്തു നിന്നും ഒരു *1ഷെള്‍ത്തൂഹിനെ കിട്ടുന്നു. അതിനു കൂടുണ്ടാക്കുകയും തീറ്റ കൊടുക്കുകയും ചെയ്തു നികിത സമയം പോക്കുന്നു. ഷെള്‍ത്തൂഹില്‍ നികിതയോടും വീടുമായും വേഗത്തിലിണങ്ങുന്നു. ആഗസ്റ്റ് മാസത്തില്‍ അതുവഴി വന്നെത്തിയ കാട്ടുമൈനകള്‍ അതിനെ അവരുടെ കൂട്ടത്തിലേക്ക് വശീകരിച്ചെടുക്കുകയും, അങ്ങനെയതു തോട്ടത്തിലെ ഇലപോഴിഞ്ഞു തുടങ്ങിയ ശരല്‍ക്കാലപ്രഭാതത്തില്‍ മറ്റു പക്ഷികളോടൊപ്പം കടല്‍ കടന്നു ആഫ്രിക്കയിലേക്കു പറന്നു പോകുന്നു. നികിത വീണ്ടും ഏകാന്തതയിലേക്കു മടങ്ങുന്നു.

          നികിത കുതിര സവാരി പഠിക്കുന്നതും അവനെ തേടി ലീലയുടെ കത്ത് വരുന്നതുമൊക്കെ പിന്നീടുള്ള അദ്ധ്യായങ്ങളിലെ വിശേഷങ്ങളാണ്. അവസാനഅദ്ധ്യായത്തില്‍ നികിതയും കുടുംബവും സമാറയിലേക്ക്, അവന്റെ അച്ഛന്റെ വ്യാപാരസ്ഥലത്തേക്കു ഗ്രാമജീവിതം ഉപേക്ഷിച്ചു യാത്രയാകുകയാണ്. അവിടെയവനെ വരവേല്‍ക്കുന്നത് ലീലയും കുടുംബവുമായിരുന്നു. അവരുടെ പുനഃസമാഗമത്തിന്റെ സന്തോഷത്തിലും നികിത നാട്ടിന്‍പുറത്തെ സ്വച്ഛജീവിതത്തെ ഓര്‍ക്കുന്നുണ്ട്. കൂട്ടിലെ ഷെള്‍ത്തൂഹിനെ പോലെ അവനും നഗരജീവിതത്തിലൊരു തടവുകാരനായിപ്പോയോയെന്നും സന്ദേഹപ്പെടുന്നുണ്ട്.
*2ജിംനേഷ്യത്തിലെ *3ഒന്നാം തരത്തില്‍ നിന്നും നികിത രണ്ടാം തരത്തിലേക്ക് ജയിക്കുന്നതും, നഗരത്തിലെ പുതിയ ജിംനേഷ്യത്തില്‍ അഡ്മിഷന്‍ ലഭിക്കുന്നതും പറഞ്ഞു കൊണ്ട് മുപ്പത്തിയഞ്ചു അദ്ധ്യാങ്ങള്‍ കടന്ന് കഥ അവസാനിക്കുകയാണ്. 

          ഈ കഥയില്‍ എനിക്കേറ്റവും ഇഷ്ടമുള്ളതും, ഈ ക്രിസ്തുമസ്കാലത്ത് ഗൃഹാതുരതയോടെ ഓര്‍ക്കാനാഗ്രഹിക്കുന്നതുമായ ഭാഗമാണ് ആ ക്രിസ്തുമസ് രാവിനെ കുറിച്ചുള്ള അഞ്ചു അദ്ധ്യായങ്ങള്‍ . നോവലിലുടനീളം റഷ്യന്‍ ഭൂപ്രകൃതിയുടെ വര്‍ണ്ണനകള്‍ ഉള്‍ച്ചേര്‍ക്കാന്‍ കഥാകാരനു കഴിഞ്ഞിട്ടുണ്ട് . ഈ പുസ്തകത്തിന്റെ ആദ്യപേര് "തികച്ചും അസാധാരണകാര്യങ്ങളെക്കുറിച്ചുള്ള ഒരു കഥ" എന്നായിരുന്നു. ബാലനായ നികിതയുടെ ചെറിയ വിശേഷങ്ങള്‍ പോലും അസാമാന്യ മനോഹാരിതയോടെ കഥാകാരന്‍ പറഞ്ഞു വെയ്ക്കുന്നുണ്ട്. "കുഞ്ഞുകാര്യങ്ങളുടെ ഓടേതമ്പുരാ"നെന്നു നികിതയെ വിശേഷിപ്പിക്കാനും എനിക്കിടയ്ക്കു തോന്നാറുണ്ട്. അത്രമേല്‍ ആ കഥാപാത്രം എന്നോടു ചേര്‍ന്നു നില്‍ക്കുന്നതായി ഞാനറിയുന്നു. അപ്പര്‍ പ്രൈമറി മുതല്‍ വയോവൃദ്ധര്‍ക്കു വരെ നികിതയുടെ ബാല്യം ഒരുപോലെ ആസ്വദിക്കാനാകുമെന്നാണെന്റെ അഭിപ്രായം. ഈ ഡിസംബര്‍ നാളില്‍ വായനാ ഓര്‍മ്മയില്‍ തെളിയുന്നത് നികിതയാണ്... നികിതയിലൂടെ വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഞാനെന്ന പത്തുവയസ്സുള്ള ബാലനെയാണ്.

------------------------------------------------------------


          ഈ കൃതിയുടെ വിവര്‍ത്തനം ചെയ്തത് ശ്രീ. ഗോപാലകൃഷ്ണനായിരുന്നു. മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ ബൃഹദ്‌രചനകള്‍ , മാക്സിം ഗോര്‍ക്കിയുടെ 'അമ്മ', ലിയോ ടോള്‍സ്റ്റോയിയുടെ 'ഉയിര്‍ത്തെഴുന്നേല്പ്', ദസ്തയോവ്‌സ്‌കിയുടെ 'വെളുത്തരാത്രികള്‍ ' ഗോര്‍ക്കിയുടെ പല നാടകങ്ങളും, ആത്മകഥയും അടങ്ങുന്ന എണ്‍പതോളം രചനകള്‍ ഗോപാലകൃഷ്ണന്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ആലുവ സ്വദേശിയായ അദ്ദേഹവും പത്നി ഓമനയും റഷ്യന്‍ സാഹിത്യം മലയാളത്തിലേക്കു പകര്‍ത്തിയെഴുതാന്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം "മോസ്കോ ഗോപാലകൃഷ്ണന്‍ " എന്നൊരു വിളിപ്പേര് കൂടി അദ്ദേഹത്തിനും സ്വന്തമായിരുന്നു. മോസ്കോയിലെ Progress Publishers ആയിരുന്നു ഈ പുസ്തകത്തിന്റെ പ്രസാധകര്‍ . മലയാളത്തില്‍ ഇതിന്റെ വിതരണം പ്രഭാത്‌ ബുക്ക് ഹൗസിനായിരുന്നു. നിലവില്‍ ഇതിന്റെ കോപ്പി ലഭ്യമല്ലെന്നാണ് തിരുവന്തപുരത്തെ പ്രഭാത് ബുക്ക്‌ ഹൗസില്‍ നിന്നും കിട്ടിയ വിവരം.

==============================================
സൂചനകള്‍ :

*1ഷെള്‍ത്തൂഹില്‍ - ചാരനിറം മാറാത്തൊരു മൈനക്കുഞ്ഞ്
*2ജിംനേഷ്യം - റഷ്യയിലെ സ്കൂള്‍
*3ഒന്നാം തരം - നമ്മുടെ നാട്ടിലെ അഞ്ചാം ക്ലാസിനോട് തുല്യമത്രേ.


29/12/2011

_____________________________________________


ഇത് പുസ്തകവിചാരം എന്ന സൈറ്റിലും വായിക്കാം...