ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Saturday, December 31, 2011

നികിതയുടെ ബാല്യത്തിലൂടെ...



          ല്ലാ ഡിസംബര്‍ മാസത്തിലും വായിക്കാന്‍ കൊതിക്കുന്ന ഒരു പുസ്തകമാണ് ഏ. ടോള്‍സ്റ്റോയിയുടെ "നികിതയുടെ ബാല്യം" എന്ന റഷ്യന്‍ ബാലസാഹിത്യം. നന്നേ ചെറുപ്പത്തില്‍ തുടങ്ങി ഞാനീ പുസ്തകം ആവര്‍ത്തിച്ചു വായിക്കുന്നു. ഒറ്റപ്പെടുന്ന ബാല്യങ്ങളുടെ നൊമ്പരങ്ങളും, ബന്ധനങ്ങളില്‍ നിന്നും സ്വതന്ത്രരാവുമ്പോളുണ്ടാവുന്ന ഉത്സാഹവുമെല്ലാം എനിക്ക് ശരിക്കും മനസ്സിലാവുമെന്നതിനാലാവും ഈ കഥ എന്നെ എന്നും ആകര്‍ഷിക്കുന്നത്. ഇതിലെ കേന്ദ്രകഥാപാത്രമായ നികിത എന്ന ബാലന്റെ പ്രായത്തിലാവണം ഞാന്‍ ആദ്യമിതു വായിക്കുന്നത്. ആ പ്രായത്തില്‍ ഞാനനുഭവിച്ചിരുന്ന ഏകാന്തതയും, ഞാന്‍ കൊതിച്ചിരുന്ന സൗഹൃദങ്ങളും ഏതാനും കഥാപാത്രങ്ങളിലൂടെ എന്നിലേക്കെത്തുകയായിരുന്നു. മഞ്ഞുമൂടിയ റഷ്യന്‍ ഭൂപ്രകൃതിയും അവിടത്തെ ജീവിതരീതികളും ഞാന്‍ ഭാവനയില്‍ കണ്ടു. എനിക്ക് ചുറ്റുമുള്ളവരെ ആ കഥാപാത്രങ്ങളുമായി സാദൃശ്യപ്പെടുത്തി. അങ്ങനെ നികിതയ്ക്കും എനിക്കുമിടയിലെ കാതങ്ങളുടെ ദൂരം നേര്‍ത്തു നേര്‍ത്തില്ലാതാവുകയായിരുന്നു. ഇപ്പോഴുമിതു വായിക്കുമ്പോള്‍ ഞാനൊരു പത്തുവയസ്സുകാരന്റെ കുസൃതിയും നനുത്ത സ്വപ്നങ്ങളും അറിയുന്നു. ഈ ഡിസംബറിലും എന്നിലേക്കൊതുങ്ങി നികിതയുടെ ലോകത്തിലേക്ക് അവന്റെ കൈപ്പിടിച്ചു ഞാന്‍ ഇറങ്ങുന്നു. അവനോടൊപ്പം ഞാനീ ക്രിസ്തുമസ്സ് രാവുകള്‍ ആഘോഷിക്കുന്നു.

          അലെക്സേയ് നികോളെവിച്ച് ടോള്‍സ്റ്റോയി / Aleksei Nikolaevich Tolstoi (1883 - 1945 ) തന്റെ ബാല്യകാലസ്മൃതികളിലെ റഷ്യന്‍ ഗ്രാമജീവിതം ഇഴചേര്‍ത്തു എഴുതിയ മനോഹരമായ കഥയാണ്‌ നികിതയുടെ ബാല്യം / Nikita's Childhood (1922). അത്യഗാധമായ ആദരവോടെ സ്വന്തം മകനായ നികിത അലെക്സേവിച്ച് ടോള്‍സ്റ്റോയിയ്ക്ക്‌ സമര്‍പ്പിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ , ആദ്യമെന്റെ മനസ്സുടക്കുന്നത് ഇതിലെ കഥാപാത്രങ്ങളുടെ പേരുകളും കഥ നടക്കുന്ന സ്ഥലത്തെ നാമങ്ങളിലേ വൈചിത്രത്തിലുമാണ്. കഥാകാരന്റെ ബാല്യം ചിലവഴിച്ചിരുന്നത്, സമാറയ്ക്കടുത്തുള്ള സൊസ്റ്റോവ്ക്ക എന്ന സ്ഥലത്തെ ഫാം ഹൗസിലായിരുന്നു. അദ്ദേഹത്തിന്‍റെ അമ്മയുടെ പേരായ ലെക്സാന്‍ദ്ര ലെയോന്തെവ്ന, ഗുരുനാഥനായ ആര്‍ക്കാദിയ് ഇവാനൊവിച്ച്, ആട്ടിടയനായ മിഷ്ക്ക കൊരഷോനൊക്കുമെല്ലാം കഥാകാരന്റെ ജീവിതത്തില്‍ നിന്നും കഥയിലേക്ക്‌ പറിച്ചു നടപ്പെട്ട കഥാപാത്രങ്ങളാണ്. പാറിപ്പറന്ന തലമുടിയും പതിഞ്ഞ മൂക്കും വലിയ വായും മന്ത്രവാദം ചെയ്ത മുഷ്ടിയുമുള്ള നികിതയുടെ ചങ്ങാതി സ്തോപ്ക്ക കര്‍നൌഷ്ക്കിന്‍, അതുപോലെ സ്യോംക, ല്യോന്‍ക, കൊച്ച് അര്‍ത്തമോഷ്ക്ക, നിള്‍ , കരിഞ്ചെവിയന്‍ വാന്‍ക, പെത്രൂഷ തുടങ്ങിയ ജീവിക്കുന്ന കഥാപാത്രങ്ങള്‍ കഥാകാരനിലൂടെ നമ്മോട് നേരിട്ട് സംവദിക്കുകയാണ്.

          ഒരു "തെളിഞ്ഞ പ്രഭാത"ത്തില്‍ തുടങ്ങുന്ന നികിത എന്ന പത്തുവയസ്സുകാരന്റെ സാധാരണ ജീവിതത്തിലെ അസാധാരണകാര്യങ്ങളെ ഹൃദ്യമായി വിവരിക്കുകയാണ്  ടോള്‍സ്റ്റോയി. വീട്ടില്‍ , അവന്റെ അമ്മയില്‍ നിന്നും ഗുരുനാഥനില്‍ നിന്നും അവനു നേരിടേണ്ടി വരുന്ന കാര്‍ക്കശ്യങ്ങളും പുറത്തിറങ്ങിയാല്‍ അവനനുഭവിക്കുന്ന സ്വതന്ത്രത്തിന്റെ അത്ഭുതലോകവും കഥാകാരന്‍ കൊച്ചു കൊച്ചദ്ധ്യായങ്ങളിലൂടെ നമുക്ക് കാണിച്ചു തരികയാണ്. വിരസമായ ഒരു സായാഹ്നത്തിന്റെ അവസാനത്തില്‍ അവരുടെ വീട്ടില്‍ ക്രിസ്തുമസ് ആഘോഷിക്കാനെത്തുന്ന വിരുന്നുകാരില്‍ നിന്നും കഥ മറ്റൊരു മാനം കൈവരിക്കുന്നത് കാണാം. കുറച്ചകലെ സമാറയില്‍ പാര്‍ത്തിരുന്ന, നികിതയുടെ അമ്മയുടെ സുഹൃത്തായ ആന്ന അപ്പൊള്ളോസൊവ്ന ബാബ്കിനയും അവരുടെ മക്കളായ വിക്തൊരും ലീലയുമായിരുന്നു ആ വിശിഷ്ടാതിഥിതികള്‍ . ഏകദേശം നികിതയുടെ സമപ്രായക്കാരായ അവര്‍ രണ്ടു പേരുമായും വേഗത്തിലവന്‍ ചങ്ങാത്തത്തിലാവുന്നു. ആദ്യം അല്‍പ്പം അകലം കാട്ടി നിന്ന ലീലയും പിന്നീടുള്ള ദിവസങ്ങളില്‍ അവന്റെ ഉറ്റതോഴിയായി മാറുന്നു. അങ്ങനെ എല്ലാവരും ചേര്‍ന്നു ആ അവധിക്കാലം ആഘോഷിക്കുകയാണ്. കേക്കും വൈനും ഉണ്ടാക്കുന്നു, ക്രിസ്തുമസ് മരം തയ്യാറാക്കുന്നു. കൊച്ചു കൊച്ചു സമ്മാനപ്പൊതികള്‍ ആ മരത്തില്‍ തൂക്കിയിടുന്നു. അവര്‍ ക്രിസ്തുമസ്സിനായി ഒരുങ്ങുന്നു.

          ക്രിസ്തുമസ്സ് രാത്രിയില്‍ ഗ്രാമത്തിലെ കുട്ടികള്‍ അവരുടെ വീട്ടില്‍ വരികയും ആഘോഷങ്ങളില്‍ പങ്കുചേരുകയും ചെയ്യുന്നു. അലങ്കരിച്ച ക്രിസ്തുമസ് മരത്തിനു ചുറ്റും അവര്‍ കൈക്കോര്‍ത്തു പിടിച്ചു നൃത്തം ചെയ്യുന്നു. ഗ്രാമത്തിലെ കുട്ടികള്‍ ഉറക്കെ പാടി...

                ഞാന്‍ സ്വര്‍ണ്ണമൊളിച്ചു,
                സ്വര്‍ണ്ണമൊളിച്ചു,
                വെള്ളിയൊളിച്ചു,
                വെള്ളി, വെള്ളി.....

മറ്റുള്ളവരതു ഏറ്റുപാടി ചുവടുവെച്ചു. രാവൊഴിയും വരെയവരുടെയാഘോഷങ്ങള്‍ നീളുന്നു.

          നികിതയും ലീലയും അടുക്കുന്നതും, അവരുടെതു മാത്രമായ കൊച്ചു കൊച്ചു വിശേഷങ്ങളുമൊക്കെ ആസ്വാദ്യകരമാം വിധം അവതരിപ്പിക്കുന്നുണ്ട് ഈ ഭാഗങ്ങളില്‍ . ക്രിസ്തുമസ്സ് അവധിയ്ക്കു ശേഷം അവരുടെ മടക്കം നികിതയെ വീണ്ടും ഏകാകിയാക്കുന്നു. നികിതയുടെ അച്ഛനായ വസീലിയ് നിക്കീത്യെവിച്ച് നാട്ടില്‍ അപ്രതീക്ഷിതമായി തിരിച്ചെത്തുന്നതും അദ്ദേഹത്തിനു യാത്രാമദ്ധ്യേ നേരിടേണ്ടി വന്ന അപകടത്തെക്കുറിച്ചുള്ള വിവരണവും തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ കാണാം. ഈസ്റ്റര്‍ കാലമെത്തുകയും ഈസ്റ്റര്‍ തലേന്നുള്ള പാട്ടുപെരുന്നാളിനു പങ്കെടുക്കാന്‍ അകലെയുള്ള ദേവാലയത്തിലേക്കു നികിതയും കുടുംബവും പോകുന്നു. വസീലിയ് നിക്കീത്യെവിച്ചിന്റെ ഒരു പഴയ സ്നേഹിതനായ പ്യോത്തര്‍ പെത്രോവിച്ച് ദെവ്യാത്തോവിന്റെ വീട്ടില്‍ താമസിക്കുന്നു. അവിടെ വെച്ചു ആന്ന എന്ന പെണ്‍കുട്ടിയ്ക്ക് നികിതയോടു ഒരു പ്രത്യേക അടുപ്പം തോന്നുന്നു. ലീലയോടു നികിതയ്ക്കു തോന്നിയ അതേ വികാരങ്ങളാണ് ആന്നയ്ക്കും തന്നോടെന്ന് നികിതയ്ക്കു മനസ്സിലാകുന്നു. ആ അസാധാരണമായ വാക്കുകളും അര്‍ത്ഥവത്തായ നോട്ടങ്ങളും പുഞ്ചിരികളും ലീലയൊഴിച്ചു മറ്റാരുമായും കൈമാറാന്‍ അവനു സാധ്യമായിരുന്നില്ല. അഥവാ അങ്ങനെ ചെയ്യുന്നത് നിര്‍ലജ്ജമായ വഞ്ചനയാകുമെന്നും അവന്‍ വിശ്വസിച്ചു.

          മെയ്‌ 11. നികിതയുടെ പത്താം ജന്മദിനാഘോഷങ്ങള്‍ നികിത കുടുംബത്തോടൊപ്പം ഗംഭീരമായി നടത്തുന്നു. "കൊടിയുയര്‍ത്തല്‍ " എന്ന അദ്ധ്യായത്തില്‍ അത് മനോഹരമായി വിവരിക്കുന്നുണ്ട്. ഒരു ദിവസം നികിതയ്ക്കു മുറ്റത്തു നിന്നും ഒരു *1ഷെള്‍ത്തൂഹിനെ കിട്ടുന്നു. അതിനു കൂടുണ്ടാക്കുകയും തീറ്റ കൊടുക്കുകയും ചെയ്തു നികിത സമയം പോക്കുന്നു. ഷെള്‍ത്തൂഹില്‍ നികിതയോടും വീടുമായും വേഗത്തിലിണങ്ങുന്നു. ആഗസ്റ്റ് മാസത്തില്‍ അതുവഴി വന്നെത്തിയ കാട്ടുമൈനകള്‍ അതിനെ അവരുടെ കൂട്ടത്തിലേക്ക് വശീകരിച്ചെടുക്കുകയും, അങ്ങനെയതു തോട്ടത്തിലെ ഇലപോഴിഞ്ഞു തുടങ്ങിയ ശരല്‍ക്കാലപ്രഭാതത്തില്‍ മറ്റു പക്ഷികളോടൊപ്പം കടല്‍ കടന്നു ആഫ്രിക്കയിലേക്കു പറന്നു പോകുന്നു. നികിത വീണ്ടും ഏകാന്തതയിലേക്കു മടങ്ങുന്നു.

          നികിത കുതിര സവാരി പഠിക്കുന്നതും അവനെ തേടി ലീലയുടെ കത്ത് വരുന്നതുമൊക്കെ പിന്നീടുള്ള അദ്ധ്യായങ്ങളിലെ വിശേഷങ്ങളാണ്. അവസാനഅദ്ധ്യായത്തില്‍ നികിതയും കുടുംബവും സമാറയിലേക്ക്, അവന്റെ അച്ഛന്റെ വ്യാപാരസ്ഥലത്തേക്കു ഗ്രാമജീവിതം ഉപേക്ഷിച്ചു യാത്രയാകുകയാണ്. അവിടെയവനെ വരവേല്‍ക്കുന്നത് ലീലയും കുടുംബവുമായിരുന്നു. അവരുടെ പുനഃസമാഗമത്തിന്റെ സന്തോഷത്തിലും നികിത നാട്ടിന്‍പുറത്തെ സ്വച്ഛജീവിതത്തെ ഓര്‍ക്കുന്നുണ്ട്. കൂട്ടിലെ ഷെള്‍ത്തൂഹിനെ പോലെ അവനും നഗരജീവിതത്തിലൊരു തടവുകാരനായിപ്പോയോയെന്നും സന്ദേഹപ്പെടുന്നുണ്ട്.
*2ജിംനേഷ്യത്തിലെ *3ഒന്നാം തരത്തില്‍ നിന്നും നികിത രണ്ടാം തരത്തിലേക്ക് ജയിക്കുന്നതും, നഗരത്തിലെ പുതിയ ജിംനേഷ്യത്തില്‍ അഡ്മിഷന്‍ ലഭിക്കുന്നതും പറഞ്ഞു കൊണ്ട് മുപ്പത്തിയഞ്ചു അദ്ധ്യാങ്ങള്‍ കടന്ന് കഥ അവസാനിക്കുകയാണ്. 

          ഈ കഥയില്‍ എനിക്കേറ്റവും ഇഷ്ടമുള്ളതും, ഈ ക്രിസ്തുമസ്കാലത്ത് ഗൃഹാതുരതയോടെ ഓര്‍ക്കാനാഗ്രഹിക്കുന്നതുമായ ഭാഗമാണ് ആ ക്രിസ്തുമസ് രാവിനെ കുറിച്ചുള്ള അഞ്ചു അദ്ധ്യായങ്ങള്‍ . നോവലിലുടനീളം റഷ്യന്‍ ഭൂപ്രകൃതിയുടെ വര്‍ണ്ണനകള്‍ ഉള്‍ച്ചേര്‍ക്കാന്‍ കഥാകാരനു കഴിഞ്ഞിട്ടുണ്ട് . ഈ പുസ്തകത്തിന്റെ ആദ്യപേര് "തികച്ചും അസാധാരണകാര്യങ്ങളെക്കുറിച്ചുള്ള ഒരു കഥ" എന്നായിരുന്നു. ബാലനായ നികിതയുടെ ചെറിയ വിശേഷങ്ങള്‍ പോലും അസാമാന്യ മനോഹാരിതയോടെ കഥാകാരന്‍ പറഞ്ഞു വെയ്ക്കുന്നുണ്ട്. "കുഞ്ഞുകാര്യങ്ങളുടെ ഓടേതമ്പുരാ"നെന്നു നികിതയെ വിശേഷിപ്പിക്കാനും എനിക്കിടയ്ക്കു തോന്നാറുണ്ട്. അത്രമേല്‍ ആ കഥാപാത്രം എന്നോടു ചേര്‍ന്നു നില്‍ക്കുന്നതായി ഞാനറിയുന്നു. അപ്പര്‍ പ്രൈമറി മുതല്‍ വയോവൃദ്ധര്‍ക്കു വരെ നികിതയുടെ ബാല്യം ഒരുപോലെ ആസ്വദിക്കാനാകുമെന്നാണെന്റെ അഭിപ്രായം. ഈ ഡിസംബര്‍ നാളില്‍ വായനാ ഓര്‍മ്മയില്‍ തെളിയുന്നത് നികിതയാണ്... നികിതയിലൂടെ വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഞാനെന്ന പത്തുവയസ്സുള്ള ബാലനെയാണ്.

------------------------------------------------------------


          ഈ കൃതിയുടെ വിവര്‍ത്തനം ചെയ്തത് ശ്രീ. ഗോപാലകൃഷ്ണനായിരുന്നു. മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ ബൃഹദ്‌രചനകള്‍ , മാക്സിം ഗോര്‍ക്കിയുടെ 'അമ്മ', ലിയോ ടോള്‍സ്റ്റോയിയുടെ 'ഉയിര്‍ത്തെഴുന്നേല്പ്', ദസ്തയോവ്‌സ്‌കിയുടെ 'വെളുത്തരാത്രികള്‍ ' ഗോര്‍ക്കിയുടെ പല നാടകങ്ങളും, ആത്മകഥയും അടങ്ങുന്ന എണ്‍പതോളം രചനകള്‍ ഗോപാലകൃഷ്ണന്‍ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ആലുവ സ്വദേശിയായ അദ്ദേഹവും പത്നി ഓമനയും റഷ്യന്‍ സാഹിത്യം മലയാളത്തിലേക്കു പകര്‍ത്തിയെഴുതാന്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം "മോസ്കോ ഗോപാലകൃഷ്ണന്‍ " എന്നൊരു വിളിപ്പേര് കൂടി അദ്ദേഹത്തിനും സ്വന്തമായിരുന്നു. മോസ്കോയിലെ Progress Publishers ആയിരുന്നു ഈ പുസ്തകത്തിന്റെ പ്രസാധകര്‍ . മലയാളത്തില്‍ ഇതിന്റെ വിതരണം പ്രഭാത്‌ ബുക്ക് ഹൗസിനായിരുന്നു. നിലവില്‍ ഇതിന്റെ കോപ്പി ലഭ്യമല്ലെന്നാണ് തിരുവന്തപുരത്തെ പ്രഭാത് ബുക്ക്‌ ഹൗസില്‍ നിന്നും കിട്ടിയ വിവരം.

==============================================
സൂചനകള്‍ :

*1ഷെള്‍ത്തൂഹില്‍ - ചാരനിറം മാറാത്തൊരു മൈനക്കുഞ്ഞ്
*2ജിംനേഷ്യം - റഷ്യയിലെ സ്കൂള്‍
*3ഒന്നാം തരം - നമ്മുടെ നാട്ടിലെ അഞ്ചാം ക്ലാസിനോട് തുല്യമത്രേ.


29/12/2011

_____________________________________________


ഇത് പുസ്തകവിചാരം എന്ന സൈറ്റിലും വായിക്കാം...



41 comments:

  1. "ഈ ഡിസംബര്‍ നാളില്‍ വായനാ ഓര്‍മ്മയില്‍ തെളിയുന്നത് നികിതയാണ്... നികിതയിലൂടെ വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഞാനെന്ന പത്തുവയസ്സുള്ള ബാലനെയാണ്.
    ഈ ഡിസംബറിലും എന്നിലേക്കൊതുങ്ങി നികിതയുടെ ലോകത്തിലേക്ക് അവന്റെ കൈപ്പിടിച്ചു ഞാന്‍ ഇറങ്ങുന്നു. അവനോടൊപ്പം ഞാന്‍ ക്രിസ്തുമസ് രാവുകള്‍ ആഘോഷിക്കുന്നു."

    "നികിതയുടെ ബാല്യം" എന്റെ ബാല്യസ്മരണകളില്‍ തുടങ്ങുന്ന ഒരു വായന... അത്രേം ഉള്ളൂ.. :)

    എല്ലാര്‍ക്കും പുതിയ വര്‍ഷത്തിന്റെ നന്മകള്‍ നേരുന്നു... സ്നേഹം......

    ReplyDelete
  2. പഴയ,, വായനാസുഖം തരുന്ന റഷ്യൻകഥകൾ ഓർമ്മിപ്പിച്ചതിന് നന്ദി. പുതുവർഷ ആശംസകൾ നേരുന്നു.

    ReplyDelete
    Replies
    1. നന്ദി മിനി ചേച്ചി... ഈ ആദ്യ വായനയ്ക്ക്....

      Delete
  3. പരിചയപ്പെടുത്തല്‍ നന്നായി. കൂടുതല്‍ വായനാസുഖം നല്‍കുന്ന പുതുവത്സരം ആസംസിക്കുന്നു.

    ReplyDelete
  4. നല്ല വിവരങ്ങള്‍ പങ്കു വെച്ച സുന്ദരന്‍ പോസ്റ്റ്‌...പുതു വത്സരാശംസകള്‍..

    ReplyDelete
  5. നികിതയുടെ ബാല്യം പരിചയപ്പെടുത്തിയതിനു നന്ദി.. ഡിസംബര്‍ കഴിഞ്ഞു പോയി, എങ്കിലും നോക്കട്ടെ പുസ്തകം കിട്ടുമോയെന്ന്.

    ReplyDelete
  6. നല്ല എഴുത്ത്. പുതുവത്സരാശംസകള്‍.

    ReplyDelete
  7. പുസ്തകം വായിച്ചില്ല. ഈ പരിചയപ്പെടുത്തല്‍ നന്നായി സന്ദീപ് .

    ReplyDelete
  8. "നികിതയുടെ ബാല്യം" സന്ദീപിന്റെ ബാല്യസ്മരണകളില്‍ തുടങ്ങുന്ന ഒരു വായന അത് നന്നായി എഴുതി ...ഈ പരിചയപ്പെടുത്തലിന് നന്ദി അതോടൊപ്പം പുതുവത്സരാശംസകളും

    ReplyDelete
  9. nalla ezhuthu.. iniyum vayaikkan agrahikkunnu..

    ReplyDelete
  10. നന്നായിട്ടുണ്ട് സന്ദീപ്. എന്റെ വായനയില്‍ എനിക്കാദ്യത്തെ ഓര്‍മ്മ തീപ്പക്ഷി എന്നൊരു പുസ്തകമാണു. സ്വര്‍ണ്ണ ആപ്പിള്‍ തിന്നാന്‍ വരുന്ന തീപ്പക്ഷിയുടെ കഥ. ആരെഴുതി എന്നൊന്നും ഓര്‍മ്മയിലില്ല. എങ്കിലും തീയിന്റെ നിറമുള്ള ആ പക്ഷിയുടെ ചിത്രം മനസ്സില്‍ ഇപ്പോഴും ഉണ്ട്.
    പുതുവത്സരാശംസകള്‍....

    ReplyDelete
    Replies
    1. ഞാന്‍ വായിച്ചിട്ടില്ല ചേച്ചി ആ തീ പക്ഷിയെ... :(
      ഈ വായനയ്ക്ക് നന്ദി....

      Delete
  11. ഗൃഹാതുരത്വമുണര്‍ത്തുന്ന വായന തന്നു...പുതുവത്സരാശംസകള്‍ ...

    ReplyDelete
  12. സന്ദീപും മനോഹരമായി വിവരിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.

    ReplyDelete
  13. അവതരണ ഭംഗി കൊണ്ട് പോസ്റ്റ്‌ മികച്ചു നില്‍ക്കുന്നു...അഭിനന്ദനങ്ങള്‍.

    ReplyDelete
  14. പുസ്തകം ഉടനെയൊന്നും വായിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
    അവലോകനം പുസ്തകം വായിച്ച പോലെ യായി

    ReplyDelete
  15. എനിക്ക് ഈ പോസ്റ്റ്‌ വളരെ ഇഷ്ടമായി. കാരണം എന്റെ ബാല്യത്തിലെ വായനനുഭവങ്ങളും റഷ്യന്‍ സാഹിത്യത്തോട് ബന്ധപ്പെട്ടിരിക്കുന്നു.

    ReplyDelete
  16. പരിചയ്പ്പെടുത്തലിനു നന്ദി. പ്രഭാത് ബുക് ഹൗസ് പ്രസിദ്ധീകരിച്ച റഷ്യൻ പുസ്തകങ്ങളെല്ലാം തന്നെ ബാല്യ, കൗമാര സ്മരണകളുണർത്തുന്നു..

    ReplyDelete
  17. പരിചയപ്പെടുത്തലിന് നന്ദി, അഭിനന്ദനങ്ങള്‍....
    പുതുവത്സരാശംസകള്‍ ...

    ReplyDelete
  18. സന്ദീപ്.. നന്നായിരിക്കുന്നു ആസ്വാദനം.. പുതുവത്സരാശംസകള്‍ ...

    ReplyDelete
  19. പരിചയപ്പെടുത്തലിന് നന്ദി, പുതുവത്സരാശംസകള്‍ ..

    ReplyDelete
  20. നന്നായി പരിചയപ്പെടുത്തി സന്ദീപ്.. പുസ്തകത്തെ ഒട്ടേറെ അറിഞ്ഞുള്ള പരിചയപ്പെടുത്തലിന് നന്ദി..

    ReplyDelete
  21. ഈ വിവരണം നന്നായി സന്ദീപ്‌.......

    ReplyDelete
  22. അവലോകനം നന്നായി സന്ദീപ്.. ഒപ്പം പുതു വൽസര ആശംസകളും..!!

    ReplyDelete
  23. ഒരു പരിചയ പുതുക്കലിന്‍ നന്ദി സന്ദീപ്...
    ഒന്ന് തിരിഞ്ഞോടി പെറുക്കി എടുത്ത് വായിയ്ക്കാന്‍ തോന്നിപ്പിയ്ക്കും വിധം ഭംഗിയായി പറഞ്ഞു, സന്തോഷായി ട്ടൊ..!
    കൂടെ ന്റ്റെ പുതുവത്സരാശംസകളും...സന്തോഷായിട്ടിരിയ്ക്കു ട്ടൊ..ഇപ്പഴും, എപ്പഴും, എല്ലായ്പ്പൊഴും... :)

    ReplyDelete
  24. പുസ്തകം വായിച്ച പോലെ തന്നെ തോന്നി. അത്ര നന്നായി എഴുതി.
    സന്ദീപിന് എന്റെയും നവ വല്സരാശംസകള്‍..

    ReplyDelete
  25. ടോള്‍സ്റ്റോയിയെക്കുറിച്ചും അദ്ദേഹത്തിന്റെ പുസ്തകത്തെക്കുറിച്ചും എഴുതിയതിനു നന്ദി. ഒതുക്കമുള്ള ലേഖനം.

    ReplyDelete
  26. അഭിനന്ദനങ്ങൾ!

    ReplyDelete
  27. It was totally new for me. Maybe the ways of me and Nikita could be cross in the future that too in a December... Thank you for introducing this book.

    ReplyDelete
  28. നന്നായി പരിചയപ്പെടുത്തി.....................
    അഭിനന്ദനങ്ങൾ..............

    ReplyDelete
  29. നല്ല വിവരണം അനിയങ്കുട്ടാ...നേരത്തെ വന്നു വായിച്ചിരുന്നു കമെന്റാൻ പറ്റിയില്യാ...നല്ലൊരു പരിചയപ്പെടുത്തൽ..എഴുത്തിന്റെ ആത്മാവുൾക്കൊണ്ട്...

    നന്മയുടേയും ഐശ്വര്യത്തിന്റേയും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പുതുവർഷമാകട്ടെ ന്റെ കുട്ടിക്ക്...

    സ്നേഹത്തോടെ..സ്വന്തം ഓപ്പോൾ

    ReplyDelete
  30. കൊതിപ്പിച്ചല്ലോ ഈ എഴുത്ത്.ഈ ബുക്ക്‌ എങ്ങനെയും സംഘടിപ്പിക്കണം.റഷ്യയിലെ ക്രിസ്തുമസ് ശരിക്കും മനസ്സില്‍ തെളിയുന്നു

    ReplyDelete
  31. ഡിസംബറില്‍ ഓര്‍ക്കാന്‍ പറ്റിയത് തന്നെ ഇത്.
    നികിതയുടെ ബാല്യം കിട്ടുമോ എന്നു നോക്കട്ടെ.
    "കാര്‍ക്കശ്യം" എന്നു തിരുത്തുമല്ലോ.
    പുതുവത്സരാശംസകളോടെ...

    ReplyDelete
  32. പുതുവാത്സരാഘോഷത്തിരക്കുകള്‍ക്കിടയിലും ഇവിടെ എത്തി നോക്കാന്‍ സമയം കണ്ടെത്തിയ എന്റെ പ്രിയപ്പെട്ട കൂട്ടുകാരോട് ഹൃദയം നിറയെ സ്നേഹം അറിയിക്കുന്നു... നന്ദി...

    പുസ്തകം സങ്കടിപ്പിച്ചു വായിക്കാന്‍ ശ്രമിക്കൂ എല്ലാവരും... ഹൃദ്യമായ ഒരു വായനാനുഭവമാണ് ഇത് നമുക്ക് തരുന്നത്...

    ഫൗസു ചേച്ചി ചൂണ്ടിക്കാട്ടിയ തെറ്റ് തിരുത്തിയിട്ടുണ്ട്... ടൈപ്പിംഗില്‍ ശ്രദ്ധിക്കാതെ പോയ പിഴവാണ്.. ശ്രദ്ധയില്‍ പെടുത്തിയതില്‍ നന്ദി...

    പ്രദീപ്‌ മാഷ്‌ പറഞ്ഞത് ശരിയാണ്... ചില പുസ്തകങ്ങള്‍ വായനയ്ക്കുമപ്പുറം നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നു.. എന്റെ വായനയുടെ ഗൃഹാതുരമായ ചില ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍ ആണ് ഞാനിവിടെ ശ്രമിച്ചത്.. അനുബന്ധചിന്തകള്‍ പങ്കുവെച്ചത് നന്നായി മാഷേ... സ്നേഹം...
    എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നല്ലൊരു വര്‍ഷം ആശംസിക്കുന്നു...

    ReplyDelete
  33. മുഴുവന്‍ വായിച്ച പ്രതീതി...

    പുതു വത്സര ആശംസകള്‍ സന്ദീപ്‌ .

    ReplyDelete
  34. വായിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഈ പരിച്ചയപെടുതലിനു നന്ദി...

    സ്നേഹാശംസകള്‍..

    ReplyDelete
  35. സന്ദീപ്‌ ഈ പുസ്തക പരിചയപ്പെടുത്തല്‍ നന്നായി. വളരെ തന്‍മയത്തത്തോടെ ആസ്വാദകരുടെ മനം കവരുന്ന രീതിയില്‍ തന്നെ വിവരിച്ചു. സമയം പോലെ മറ്റ്‌ രചനകളെല്ലാം വായിക്കാം. ! ആശംസകള്‍

    ReplyDelete
  36. Vaakkukalkkum mele...!

    Manoharam.. Ashamsakal....!!!

    ReplyDelete
  37. നന്നായി.
    പുസ്തകം എവിടെ കിട്ടുമെന്നറിഞ്ഞാല്‍ പറഞ്ഞു തരണം ട്ടോ

    ReplyDelete
    Replies
    1. വിഷ്ണു...
      ഞാന്‍ തിരുവന്തപുരത്തെ പ്രഭാതിന്റെ മെയിന്‍ സ്റ്റോറില്‍ അന്വേഷിച്ചപ്പോള്‍ ഇത്തരം പഴയ റഷ്യന്‍ കൃതികള്‍ നിലവില്‍ റീ പ്രിന്റ്‌ ചെയ്യുന്നില്ല എന്നാണു അറിഞ്ഞത്... ഏതെന്കിലും പഴയ ലൈബ്രറിയില്‍ തിരഞ്ഞാല്‍ കിട്ടിയേക്കും... ആ വഴിയ്ക്ക് ഒന്ന് തിരഞ്ഞു നോക്കൂ...

      Delete
  38. അടുത്തിടെയാണ് ഞാന്‍ എന്റെ മോനു വേണ്ടി ഈ പുസ്തകം എടുത്തത്‌, അവനോടൊപ്പം ഞാനും വീണ്ടും വായിച്ചു... പുസ്തകാവതരണം ഇഷ്ടായിട്ടോ... ഇടയ്ക്കു വന്നു മറ്റു പോസ്റ്റുകള്‍ വായിക്കാം...

    ReplyDelete