ഞാന്‍, ജനിമൃതികൾക്കിടയിലെ ഹ്രസ്വജീവിതത്തിൽ വന്നണഞ്ഞൊരു വഴിയാത്രക്കാരന്‍.. 08089164288

Thursday, April 7, 2011

കാലത്തിന്‍റെ കലിഡോസ്കോപ്പില്‍ തെളിയുന്നത്..

മേളപ്പദം
          രോ മനുഷ്യരും ഓരോ കഥകളാണെന്ന് എനിക്ക് പറഞ്ഞു തന്നത് ഏതു സുഹൃത്താണെന്ന് എനിക്ക് ഓര്‍മ്മയില്ല. ജീവിതത്തിന്‍റെ ഓരോ നിമിഷവും ചോര്‍ന്നു പോകാതെ മനസ്സില്‍ സൂക്ഷിക്കുവാന്‍ എന്നും ശ്രമിക്കാറുള്ള ഞാന്‍ ബോധപൂര്‍വം ഇതിനെക്കുറിച്ച്‌ മറന്നതാകാം. കഥയില്ലാത്തവനെന്നു സ്വയം വിശേഷിപ്പിക്കാറുള്ള ഞാന്‍ ചുറ്റുമുള്ള കഥകള്‍ കാണാന്‍ ശ്രമിക്കാറുണ്ട്. ഓരോരുത്തരുടെയും ജീവിതം ഓരോ കഥകളും അവരുടെ പരിചിതമുഖങ്ങള്‍ ആ കഥയിലെ കളിയാട്ടക്കാരുമാകുന്നു.

തിരനോട്ടം
          ഇന്ന് എന്‍റെ കളിയരങ്ങില്‍ കേളികൊട്ടുയരുമ്പോള്‍ വേഷപകര്‍ച്ചയാര്‍ന്നു മുന്നില്‍ വന്നത് ഒരു ആറു വയസ്സുകാരിയുടെ കുരുന്നു മുഖം. ഒപ്പം കറുത്ത് മെലിച്ച ഒരു കുറുമ്പന്‍റെ രൂപത്തില്‍ എനിക്ക് എന്നെയും കാണാന്‍ കഴിയുന്നു. കഥകളിപടത്തിന്‍റെ വശ്യതാളത്തിനൊപ്പിച്ചു അവര്‍ ചുവടു വെച്ചു; കൈമുദ്രകള്‍ കാട്ടി കഥകള്‍ പറഞ്ഞു.

മിനുക്ക്
          കളികൂട്ടുകാരിയുടെ കൈയില്‍ മുറുകെ പിടിച്ച് വലിച്ചപ്പോള്‍ ഉടഞ്ഞ കുപ്പിവളകള്‍ക്കൊണ്ട് ആവളുടെ ഇളം ചര്‍മ്മം തിണര്‍ത്തു ചോര പൊടിഞ്ഞപ്പോള്‍ എന്‍റെ മനസ്സിലും മുറിവേറ്റിരുന്നു. അതവള്‍ അറിഞ്ഞിരിക്കണമെന്നില്ല. ശുണ്ഠിയോടെ എന്നെ ചേമ്പിലകാട്ടിലേക്ക് തള്ളിയിട്ടു ഓടി മറയുന്ന രൂപം ഇന്ന് ഓര്‍മ്മകളില്‍ മാത്രം. അന്ന് ആ ചുവന്ന വളപ്പൊട്ടുകള്‍ പെറുക്കിയെടുത്ത് കീശയില്‍ നിറയ്ക്കുമ്പോള്‍ എന്‍റെ മനസ്സ് ശൂന്യമായിരുന്നു. പിന്നീടൊരു ദിവസം ഈ വളപ്പൊട്ടുകള്‍ നിറച്ച കലിഡോസ്കോപ്പിലൂടെ വര്‍ണങ്ങളുടെ അത്ഭുതപ്രപഞ്ചം അവളുടെ കണ്ണുകള്‍ക്ക്‌ നല്‍കുമ്പോള്‍ 
അവളെന്‍റെ ഹൃദയത്തോടു ചേര്‍ന്ന് നിന്നു. എന്‍റെ ബാല്യത്തിന്‍റെ നിഷ്കളങ്കത.

ലാസ്യം
          മനസ്സില്‍ തരളമോഹങ്ങള്‍ മുളച്ച കാലത്തില്‍ മനസ്സ് അവള്‍ക്കു ചുറ്റും അലയുമ്പോഴും എന്നിലെ അപകര്‍ഷതാബോധം ഏതെങ്കിലും ചുവരിന്‍റെ മറവിലേക്ക് എന്നെ പിടിച്ചു വലിച്ചു കൊണ്ടിരുന്നു. ശരീരത്തിലെ രാസമാറ്റങ്ങള്‍ ഞങ്ങളുടെ മനസ്സിലും വന്നു തുടങ്ങിയിരുന്നു ആ സമയം. അവളിലെ പെണ്ണിനെയും എന്നിലെ ആണിനെയും ഞങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഒരു തീണ്ടാപാടകലം സൂക്ഷിക്കുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി. സമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും ബന്ധനങ്ങളിലാണല്ലോ നമ്മളെന്നും.

പ്രവാസം
          പിന്നീടെപ്പോഴോ വായിച്ച മാര്‍ക്വസ് കഥയിലെ കഥാപാത്രമായി ഞാന്‍ എന്നെ കാണാന്‍ തുടങ്ങിയപ്പോള്‍, ഒരു പ്രണയത്തിന്‍റെ അടിമയാകാനുള്ള മാനസികമായ വിയോജിപ്പു മൂലവും എനിക്കവളെ എന്നന്നേക്കുമായി ഓര്‍മ്മകളുടെ താഴ്വരയില്‍ തനിച്ചാക്കി യാത്രപോകേണ്ടി വന്നു. എന്‍റെ ഏകാന്തതയുടെ രണ്ടു വര്‍ഷങ്ങള്‍.

ആട്ടകലാശം
          ഒരു ഉത്തരേന്ത്യന്‍ നഗരത്തിരക്കില്‍ മഴ നനഞ്ഞു വിറയ്ക്കുന്ന ഒരു രാത്രിയില്‍ ഞാന്‍ കൈപറ്റിയ ഒരു കത്തിലെ അക്ഷരങ്ങള്‍ എന്നോടു പറഞ്ഞു. "ഇനിയവളില്ല". കാലപേമാരിയില്‍ പ്രകൃതിയുടെ അണപൊട്ടിയ സ്നേഹത്തില്‍ അവളും ഒളിച്ചുപോയിരിക്കുന്നു.

ശേഷം
          കുറെ ഓര്‍മ്മകള്‍ ബാക്കിയാക്കി എന്‍റെ കളിക്കൂട്ടുകാരി എന്നെ നരകജീവിതത്തിന്‍റെ ചേമ്പിലകാട്ടിലേക്ക്‌ തള്ളിയിട്ടു ഓടി മറയുന്നു. നിറം മങ്ങിയ ആ ഓര്‍മ്മചിത്രത്തില്‍, ചുവപ്പ് തരിവളകഷ്ണങ്ങള്‍ പെറുക്കി ഞാന്‍ ഹൃദയത്തോട് ചേര്‍ക്കുമ്പോള്‍ എന്‍റെ  മനസ്സ് മുറിവേറ്റു ചോരവാര്‍ക്കുന്നു. ഒരിക്കലും പറയാന്‍ കഴിയാതെ പോയ എന്‍റെ മനസ്സ് നീ എന്നെങ്കിലും അറിഞ്ഞിരുന്നുവോ സഖീ..

15/03/2011

26 comments:

  1. ഭാവന നന്നായിട്ടുണ്ട്. നന്നായി അവതരിപ്പിച്ചു.

    ReplyDelete
  2. നന്നായിട്ടുണ്ട് സന്ദീപ്‌... സമൂഹത്തിന്‍റെയും കുടുംബത്തിന്‍റെയും ബന്ധനങ്ങള്‍.... ഇഷ്ടപ്പെട്ടു... എല്ലാ വിധ ഭാവുകങ്ങളും...

    ReplyDelete
  3. ഹൃദ്യം എന്ന ഒറ്റ വാക്ക് മാത്രം.
    പ്രവാസവും ആട്ടക്കലാശവും ഏറെ ഇഷ്ടമായി.

    ReplyDelete
  4. Aa attakkalasam... nee ennil vallathoru nombaramunarthi..Innu Friday gulfil holiday...needs to be the day to recharge.. Neeyenne vallathe 'mood off' akkiyirikkunnu Sandeep..
    ezhuthu thudarooo...

    ReplyDelete
  5. ആശംസകള്‍ ചൊരിഞ്ഞ എല്ലാവര്‍ക്കും നന്ദി..

    @joseph.. വേദനിപ്പിച്ചുവെങ്കില്‍ മാപ്പ്.. എന്‍റെ വേദനകള്‍ അറിയാതെ എഴുത്തിലും വന്നു പോയതാണ്..

    ReplyDelete
  6. നല്ലത്.ഈ ബ്ലോഗ് കാണാന്‍ വൈകിപ്പോയി.ഇനി മുതല്‍ ഞാന്‍ ഇവിടുത്തെ പോസ്റ്റുകള്‍ ശ്രദ്ധിക്കും.കാരണം അവ ശ്രദ്ധേയമായവ തന്നെയാണ്.

    ReplyDelete
  7. ശ്രദ്ധിക്കപ്പെടേണ്ട പോസ്റ്റുകളാണല്ലോ! പുതിയവ ചേര്‍ക്കുമ്പോള്‍ ഒന്നറിയിക്കുക
    sidheek@sidheekthozhiyoor.com

    ReplyDelete
  8. കൊള്ളാംട്ടോ... ഇഷ്ടായി...

    ReplyDelete
  9. @ ടി പി മാര്‍ക്കോസ് ഡിസാഡി.. :)

    @ Pradeep Kumar.. വളരെ നന്ദി...

    @ സിദ്ധീക്ക് തൊഴിയൂര്‍... തീര്‍ച്ചയായും അറിയിക്കും.. :)

    @ Lipi Ranju.. നന്ദി..

    ReplyDelete
  10. വളരെ നന്നായി....കുറച്ചു നേരം വായിച്ചെങ്കിലേ നന്നായി മനസ്സിലാവൂ.

    ReplyDelete
  11. ഡെയ്സി ചേച്ചി പറയുന്നത് എന്‍റെ മനസിലുള്ള കഥ വായനക്കാരനിലേക്ക് എത്തുന്നില്ലന്നോ.. എങ്കില്‍ അത് ഒരു പക്ഷെ എന്‍റെ പരാജയമാകം.. ഇനിയുള്ള രചനകളില്‍ സൂക്ഷിച്ചുകൊളാം

    ReplyDelete
  12. ശരിക്കും മനോഹരമായ എഴുത്ത്.ഞാനുമിനിയിവിടത്തെ സ്ഥിരസന്ദര്‍ശകനായിരിക്കും

    ReplyDelete
  13. നല്ല ഭാവന .മനോഹരമായ എഴുത്ത് ആശ്മാസകള്‍

    ReplyDelete
  14. "ഒരിക്കലും പറയാന്‍ കഴിയാതെ പോയ എന്‍റെ മനസ്സ് നീ എന്നെങ്കിലും അറിഞ്ഞിരുന്നുവോ സഖീ...." അതോ അറിഞ്ഞിട്ടും അറിഞ്ഞില്ലന്ന് നടിച്ചതോ?

    ReplyDelete
  15. അറിയില്ല സുഹൃത്തേ.. കഥ പറഞ്ഞു പിരിഞ്ഞു പോകുന്ന എല്ലാ കഥാപാത്രങ്ങളെ പോലെ അവളും പോയിരിക്കുന്നു.. കാലപേമാരിയില്‍ പ്രകൃതിയുടെ അണപൊട്ടിയ സ്നേഹത്തില്‍ അവളും ഒളിച്ചുപോയിരിക്കുന്നു... ഇനി ആരോട് ചോദിക്കാന്‍..

    ReplyDelete
  16. എനിക്കും ഇഷ്ടായി..ആശംസകള്‍..

    ReplyDelete
  17. അല്ലെങ്കിലും ഏറെയും നഷ്ട്ടക്കച്ചോടമല്ലേ ഈ ജീവിതം?അവതരണം നന്നായി...ആശംസകള്‍!

    ReplyDelete
  18. അല്ല സന്ദീപ്‌- ബിംബങ്ങളില്‍...ആട്ടത്തിന്റെ ഭാഷയില്‍ പറഞ്ഞത് ... ഈ അവതരണം വ്യത്യസ്തതയുള്ളതാണ്. വളരെ നന്നായിരിക്കുന്നു.

    ReplyDelete
  19. നന്നായിട്ടുണ്ട്..

    ReplyDelete
  20. കളിക്കൂട്ടുകാരിയെ പലപല ക്യാരികേച്ചറുകളിലൂടെ മനോഹരമായി വരച്ചിട്ടിരിക്കുന്നൂ...

    ReplyDelete
  21. നന്നായിരിക്കുന്നു സന്ദീപ്...

    ReplyDelete